ജനാധിപത്യം ജനങ്ങളാല്‍, ജനങ്ങള്‍ക്കായി, ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭരണരീതിയെന്നതാണ് പൊതുവായ വ്യാഖ്യാനം. അതിന്റെ ആത്മാവില്‍ എല്ലാ പൗരന്മാര്‍ക്കും തുല്യാവകാശവും അവസരസമത്വവും ഉറപ്പാക്കണമെന്നത് പ്രധാന തത്ത്വമായുണ്ട്. എന്നാല്‍, ഇന്ന് ജനാധിപത്യവ്യവസ്ഥയിലായിട്ടും അനേകര്‍ സമത്വത്തിന്റെ അന്തിമഫലം അനുഭവിക്കാതെ നിലനില്‍ക്കുന്നുവെന്നത് ദൗര്‍ഭാഗ്യകരമായ യാഥാര്‍ഥ്യമാണ്.
സാമൂഹികാനീതികള്‍, സാമ്പത്തിക അസമത്വം, വിദ്യാഭ്യാസത്തിന്റെ അഭാവം, വിഭാഗീയത എന്നിവ ഇപ്പോഴും പൗരത്വത്തിന്റെ സമഗ്രതയെ ബാധിക്കുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ രേഖകളില്‍ മാത്രമായി അവശേഷിക്കുന്നതും, സാമൂഹികജീവിതത്തില്‍ പ്രായോഗികമല്ലാതാകുന്നതും ജനാധിപത്യത്തിന്റെ നിലനില്പിനുതന്നെ വെല്ലുവിളിയാകുന്നു.
തഴയപ്പെടുന്ന പൗരന്‍ എന്നത് നിയമപരമായി അവകാശങ്ങള്‍ ഉണ്ടായിട്ടും സാമൂഹികസാമ്പത്തികപ്രതിസന്ധികളുടെ പേരില്‍ അവ പ്രയോഗിക്കാനാകാതെ പോകുന്ന വ്യക്തിയെയാണ് സൂചിപ്പിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ ദരിദ്രര്‍ക്കും ആദിവാസിസമൂഹങ്ങള്‍ക്കും തൊഴില്‍രഹിതര്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കുമൊക്കെ ഈ അവസ്ഥ അനുഭവിക്കേണ്ടിവരുന്നു.
ഒരു ഗവണ്‍മെന്റുദ്യോഗസ്ഥന്‍ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ 'ഗാന്ധിയുടെ ചിത്രമുള്ള കടലാസിനുവേണ്ടി' മാത്രം പ്രവര്‍ത്തിക്കുമ്പോള്‍ അങ്ങനെയുള്ള ഉദ്യോഗസ്ഥനെ ഗ്രേഡ് നല്‍കി വിലയിരുത്താനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടാവണം. അതുപ്രകാരം കുറഞ്ഞ ഗ്രേഡ് കിട്ടുന്നവര്‍ക്ക് ശമ്പളം കുറച്ചു നല്‍കണം. ദുഷ്പ്രവണതകള്‍ ആ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചാല്‍ അങ്ങനെയുള്ളവരെ അഭിപ്രായസര്‍വേയിലൂടെ പിരിച്ചുവിടാനുള്ള സംവിധാനമുണ്ടാവണം.
ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന മന്ത്രിമാര്‍, അധികാരത്തിനുവേണ്ടി കടിപിടി കൂടുമ്പോള്‍, ജനങ്ങളെ സേവിക്കുക എന്നത് അവരുടെ ഉത്തരവാദിത്വമാണ് എന്ന ബോധം, അല്ലെങ്കില്‍ അവര്‍ സന്നദ്ധപ്രവര്‍ത്തകരാണ് എന്ന ബോധം അവര്‍ക്കുണ്ടാക്കിക്കൊടുക്കണം. ഞാന്‍ എന്ന പൗരന് നിയമസഭയില്‍ പോയിരുന്നു പ്രവൃത്തിയെടുക്കാന്‍ കഴിയാത്തതുകൊണ്ട്, സമയമില്ലാത്തതുകൊണ്ട്, എന്റെ നോമിനിയായി അയാള്‍ പ്രവര്‍ത്തിക്കുന്നുവെന്നതു രണ്ടുകൂട്ടര്‍ക്കും ബോധ്യമാകണം. ബഹുമാനം, അര്‍ഹിക്കുന്നവര്‍ക്കു മാത്രം കൊടുക്കേണ്ടതാണ്. മന്ത്രിമാരെ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും ഗ്രേഡ് ചെയ്യാനുള്ള അവകാശം പൗരനുണ്ടാവണം. മൂന്നുവട്ടം ആവര്‍ത്തിച്ച് മോശം ഗ്രേഡ് മേടിക്കുന്ന മന്ത്രിമാരെ സ്ഥാനത്തുനിന്നു നീക്കം ചെയ്യണം.
ഗവണ്‍മെന്റ് സ്ഥാപനങ്ങളിലും മറ്റും പൊതുജനങ്ങള്‍ അപേക്ഷയല്ല കൊടുക്കേണ്ടത്, അവകാശപത്രമാണ്. ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് നേടാനുള്ള അവകാശം, ഡെത്ത് സര്‍ട്ടിഫിക്കറ്റ് നേടാനുള്ള അവകാശം, ഭൂമി പോക്കുവരവിനുള്ള അവകാശം. അല്ലാതെ അത് അപേക്ഷയല്ല.
യഥാര്‍ഥ ജനാധിപത്യം ഉറപ്പുവരുത്താന്‍ ജനകീയബോധവത്കരണവും, വിദ്യാഭ്യാസവികസനവും അടിയന്തരമായ ആവശ്യമാണ്. സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും സംയുക്തഉത്തരവാദിത്വമാകണം ഓരോ പൗരനെയും അവകാശങ്ങളുടെ പരിധിയിലേക്കു കൊണ്ടുവരിക എന്നത്. ഓരോ വ്യക്തിക്കും സുരക്ഷിതനായും, സ്വതന്ത്രനായും, ആത്മഗൗരവത്തോടെയും ജീവിക്കാന്‍ സാധിക്കുമ്പോഴാണ് ജനാധിപത്യം അതിന്റെ ലക്ഷ്യം കൈവരിക്കുന്നത്. ഗാന്ധിജിയുടെ സ്വപ്നങ്ങളിലെ ഇന്ത്യ ഇനിയെങ്കിലും സാധ്യമാകണമെങ്കില്‍ ഓരോ പൗരനും അവനവന്റെ കടമയും അവകാശവും പൂര്‍ണമായും മനസ്സിലാക്കുകയും ഉപയോഗിക്കുകയും വേണം.
ഡോ.അരുണ്‍കുമാര്‍ എസ് ഹരിപ്പാട്
