•  27 Nov 2025
  •  ദീപം 58
  •  നാളം 38
ലേഖനം

തേടാനും നേടാനും

    നഷ്ടമാകുന്നവയെ തേടാനും, തേടുന്നവയെ നേടാനും വിണ്ണുവിട്ട് മണ്ണില്‍ വന്നവന്‍ മനുഷ്യപുത്രന്‍. ക്രിസ്തുമസ് ക്രിസ്തു എന്ന ആദ്യന്തം അന്വേഷണപ്രിയനായ അവന്റെ അവതാരത്തിരുനാള്‍. കാലിത്തൊഴുത്തില്‍ തുടങ്ങി കാല്‍വരിയില്‍വരെ അവന്‍ തന്റെ തിരുക്കരങ്ങള്‍ വിരിച്ചുപിടിച്ചത് നഷ്ടങ്ങളെയൊക്കെ നേടാന്‍തന്നെ. ഒത്തിരിയില്‍നിന്നും ഒന്നു നഷ്ടപ്പെട്ടപ്പോള്‍ ഒട്ടും ആലോചിക്കാതെ, അല്പവും അമാന്തിക്കാതെ ഓടിനടന്ന് അന്വേഷിച്ചുവീണ്ടെടുക്കുന്ന ഇടയന്റെയും, വീടാകെ അടിച്ചുവാരി കാണാതായ നാണയത്തുട്ട് കണ്ടെത്തുന്ന സ്ത്രീയുടെയും മുഖങ്ങളിലും, അവരുടെ ആനന്ദഭാവങ്ങളിലും ആഘോഷകര്‍മങ്ങളിലും ഒരുപോലെ തെളിയുന്നത് തേടുന്നതില്‍ തിടുക്കവും താത്പര്യവുംകാട്ടുന്ന കര്‍ത്താവിന്റെ കമനീയരൂപംതന്നെ. കടലിലെ ഓരോ ജലകണികയ്ക്കും, തീരത്തെ ഓരോ മണല്‍ത്തരിക്കും, തലയിലെ ഓരോ മുടിനാരിനും തുല്യവിലയും തൂക്കവും കരുതലും നല്കുന്നവന്റെ വിളിപ്പേരാണ് നസ്രായന്‍. 
   പുകഞ്ഞ പാഴ്‌കൊള്ളിയോ, അടഞ്ഞ അധ്യായമോ, കരിഞ്ഞ കൊമ്പോ, പൊഴിഞ്ഞ പൂവോ, പൊടിഞ്ഞ പാത്രമോ ആയി ആരെയും അവന്‍ കണ്ടില്ല. സകലതിനെയും അവയുടെ ആദിസൗന്ദര്യത്തിലേക്കും സൗരഭ്യത്തിലേക്കും സംശുദ്ധിയിലേക്കും തിരികെക്കൊണ്ടുവരിക എന്നതായിരുന്നു അവന്റെ ആഗമനദൗത്യം. നഷ്ടങ്ങള്‍ അവന്റെ നയനങ്ങള്‍ നനച്ചു, നാഡിയിടിപ്പു കൂട്ടി. മുടന്തനെയും മുറിവേറ്റവനെയും, കുരുടനെയും കുഷ്ഠരോഗിയെയും, ചെകിടനെയും ചുങ്കക്കാരനെയും, പാപികളെയും പിശാചുബാധിതരെയും, മൂകനെയും മൃതരെയുമൊക്കെ അവന്റെ മിഴിയിണ തേടിനടന്നു. പതിക്കുന്നവയെ പിടിച്ചെഴുന്നേല്പിക്കാനും, തളരുന്നവയെ താങ്ങാനും, മുങ്ങിത്താഴുന്നവയെ മുകളിലേക്കുയര്‍ത്താനും അവന്റെ കരവല്ലരികള്‍ നിരന്തരം നീണ്ടുചെന്നു. അതുകൊണ്ടുതന്നെ തനിക്കു കിട്ടിയതൊന്നും കളഞ്ഞുപോയില്ലെന്ന് അവസാനം അവന് അവകാശപ്പെടാന്‍ കഴിഞ്ഞു.
   കാലം ക്രിസ്തുവിനെ കണ്ടുപഠിക്കണം. തിരഞ്ഞലഞ്ഞ് പാദങ്ങള്‍ തേഞ്ഞ ആ മനുഷ്യസ്‌നേഹിയെ മാതൃകയാക്കണം. ദൈവം മനുഷ്യനു കല്പിക്കുന്ന സ്ഥാനവും മാനവും മനസ്സിലാക്കണം. പോയതു പോകട്ടെ എന്ന ഉപേക്ഷാമനോഭാവമല്ല, പോയതും വരട്ടെ എന്ന പ്രതീക്ഷാമനോഭാവമാണ് അവന്‍ മനുഷ്യനെ പരിശീലിപ്പിക്കുന്നത്. നഷ്ടങ്ങള്‍ നോവിക്കാത്ത, ഉറ്റവരെയും ഉടയവരെയും ഉപേക്ഷിക്കാന്‍ ഉളുപ്പില്ലാത്ത, കൊല്ലാനും കൊള്ളിവയ്ക്കാനും അറപ്പില്ലാത്ത ആധുനികമനുഷ്യന്‍ അവനെ നോക്കി ലജ്ജിക്കണം. അകന്നുപോയവരെയും അകറ്റിവിട്ടവരെയും, അനാഥരാക്കിയവരെയും ആട്ടിപ്പായിച്ചവരെയും അന്വേഷിച്ചിറങ്ങാനും, അറ്റുപോയ വ്യക്തിബന്ധങ്ങളും രക്തബന്ധങ്ങളും കോര്‍ത്തിണക്കാനും, അകലങ്ങളെ അടുപ്പിക്കാനുമൊക്കെ നഷ്ടമായവയെ തേടിനടന്ന് നേടാന്‍ കൊതിപ്പിച്ച ക്രിസ്തു കൃപ തരട്ടെ. ക്രിസ്തുമസ് കടന്നുപോകുന്ന ഒരു അനുസ്മരണംമാത്രമാകാതെ കണ്ടെത്തലുകളുടെ അവസരവും അനുഭവവുമായി സദാ കൂടെയുണ്ടാകട്ടെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)