•  27 Nov 2025
  •  ദീപം 58
  •  നാളം 38
ലേഖനം

ഓര്‍മകളുണ്ടായിരിക്കണം

   മാസങ്ങളെ പല പേരിലാണു നാം വിളിക്കുന്നത്. ചില മാസങ്ങള്‍ നമുക്കു സന്തോഷം ജനിപ്പിക്കും. ഉദാഹരണമായി നമ്മുടെ ജന്മദിനം, കൊച്ചുമക്കളുടെ ജന്മദിനം, നമ്മുടെ വിവാഹം നടന്ന മാസം ഇതെല്ലാം ആഘോഷമാക്കാന്‍ ആ മാസങ്ങളില്‍ നമ്മള്‍ ശ്രമിക്കാറുണ്ട്.
നവംബര്‍മാസത്തെപ്പറ്റി പറഞ്ഞാല്‍ എനിക്കു ദുഃഖവും സന്തോഷവും നിറഞ്ഞ മാസമാണ്. നവംബര്‍ ഒന്നാംതീയതി സകല വിശുദ്ധരുടെയും ദിനമായി നാം ആഘോഷിക്കുന്നു. ഒന്നാം തീയതിയാണ് എന്റെ ഇളയസഹോദരി മരിച്ചത്. എന്നാലും അവളും  വിശുദ്ധരുടെ ഗണത്തിലുണ്ടെന്നാണ് എന്റെ വിശ്വാസം. ഞങ്ങളുടെ ജീവിതത്തിന് താങ്ങുംതണലുമായിരുന്ന എന്റെ വല്യമ്മച്ചി സ്വര്‍ഗപ്രാപ്തയായത് നവംബര്‍ ഇരുപത്തിയെട്ടാം തീയതിയും. ദുഃഖങ്ങളോടൊപ്പം  സന്തോഷവും എനിക്ക് ഈ മാസത്തിലുണ്ട്. എന്റെ കൊച്ചുമകന്‍ ജനിച്ചത് നവംബറിലാണ്.
നവംബര്‍ മാസത്തെപ്പറ്റി പറയുമ്പോള്‍ ഞങ്ങളെ ചെറുപ്പത്തില്‍ പഠിപ്പിച്ച സിസ്റ്റേഴ്‌സിനെയും അധ്യാപികമാരെയും ഓര്‍ക്കാതെപോകാന്‍ സാധിക്കില്ല. ഒക്‌ടോബര്‍ അവസാനത്തെ ആഴ്ചയില്‍ത്തന്നെ ക്ലാസ് ടീച്ചര്‍മാര്‍ പറയുമായിരുന്നു നവംബര്‍ ഒന്നാം തീയതി ക്ലാസില്‍ വരുമ്പോള്‍ ഏതെങ്കിലും ഒരു വിശുദ്ധനെപ്പറ്റിയോ, വിശുദ്ധയെപ്പറ്റിയോ പഠിച്ചുകൊണ്ടു വരണമെന്ന്, അതിനാവശ്യമായ പുസ്തകങ്ങള്‍ മേശപ്പുറത്തു കൊണ്ടുവന്നു വയ്ക്കുമായിരുന്നു. ജാതിമതഭേദമെന്യേ ഞങ്ങള്‍, ഓരോ പുസ്തകങ്ങളെടുത്തു വായിച്ച് ചുരുക്കം എഴുതി ക്ലാസ്സില്‍ കൊണ്ടുവന്നു വായിച്ചിരുന്നു. ഇന്നായിരുന്നെങ്കില്‍ മതപരിവര്‍ത്തനത്തിനായി ചെയ്യിക്കുന്നതാണെന്നു പരാതിവരുമായിരുന്നു. എന്തായാലും എന്റെ കൂട്ടുകാരി ഹിന്ദുസമുദായത്തില്‍പ്പെട്ട 'ശാന്ത' വിശുദ്ധ കൊച്ചുത്രേസ്യായെപ്പറ്റി  എഴുതി വായിച്ചതുകേട്ട് ഞങ്ങളില്‍ പലരും കരഞ്ഞതും ഞാന്‍ ഓര്‍മിക്കുകയാണ്. ശാന്തയും നിത്യതയിലേക്കു മടങ്ങി.
    നവംബര്‍ രണ്ടാം തീയതി സകല മരിച്ചവരുടെയും തിരുനാളാണ്. എന്റെ ചെറുപ്പത്തില്‍ എനിക്കു കിട്ടിയ ട്രെയിനിങ് കൊണ്ടായിരിക്കാം, നവംബര്‍ രണ്ടാം തീയതി വെളുപ്പിനെ എഴുന്നേറ്റ് പള്ളിയില്‍ പോയി പ്രാര്‍ഥിച്ചു. എന്റെ കൊച്ചുമക്കള്‍ക്കൊന്നും ഈ ദിവസങ്ങളുടെ പ്രാധാന്യത്തെപ്പറ്റിയൊന്നും അറിവില്ല. ഇപ്പോഴത്തെ മാതാപിതാക്കള്‍ക്ക് ഇതൊന്നും പറഞ്ഞുകൊടുക്കാന്‍ സമയവുമില്ല. മക്കളും കൊച്ചുമക്കളുമെല്ലാം ഫോണിന്റെ വലയത്തിലാണ്. അതുകൊണ്ട് മൂല്യങ്ങളെപ്പറ്റി ഗ്രഹിക്കുന്നില്ല. ജീവിതത്തിന് അര്‍ഥവും സാഫല്യവുമൊക്കെ  ലഭിക്കണമെങ്കില്‍ നമ്മള്‍ ജീവിതത്തില്‍ സമയം കണ്ടെത്തണം. അത്യാവശ്യകാര്യങ്ങള്‍ മക്കളെ പറഞ്ഞുപഠിപ്പിക്കണം. മാതാപിതാക്കള്‍ ചെയ്തുകാണിക്കുകയും വേണം. ജീവിതമൂല്യങ്ങളെ സൂക്ഷിക്കാത്തവരാണ് പെട്ടെന്നു കോപത്തിനും നിരാശയ്ക്കുമൊക്കെ അടിമകളായി നാശത്തിലേക്കു പതിക്കുന്നത്. ഒരുപാടു ചെറുപ്പക്കാരുടെ അധഃപതനങ്ങളെപ്പറ്റി  നമ്മള്‍ ദിവസേന പത്രങ്ങളിലൂടെ വായിക്കാറുമുണ്ട്. ബൈക്കപകടമില്ലാത്ത ഒരു ദിവസംപോലുമില്ലാത്ത സ്ഥിതിയിലാണ്. പ്രായമായ മാതാപിതാക്കളെ മാറ്റിനിര്‍ത്തുക, കൊച്ചുമക്കളെ അവരുടെയടുത്ത് അടുപ്പിക്കാതിരിക്കുക, ഇതെല്ലാം ഈ കാലഘട്ടത്തിന്റെമാത്രം പ്രത്യേകതകളാണ്. ഞങ്ങളുടെയൊക്കെ ചെറുപ്പത്തില്‍ പ്രായമായ മാതാപിതാക്കളോട് എത്ര ബഹുമാനത്തോടെയും സ്‌നേഹത്തോടെയുമാണ് പെരുമാറിയിരുന്നത്! ആയതിനാല്‍ അവരുടെ അനുഗ്രഹവും നന്നായി ലഭിച്ചിരുന്നു. ഗുരുത്വമുള്ളവരായി ജീവിക്കാന്‍ സാധിക്കുന്നത് പ്രായമായവരുടെ അനുഗ്രഹംകൊണ്ടു കൂടിയാണെന്നു നാം മനസ്സിലാക്കണം.
    വില കൂടിയ വസ്ത്രം ധരിച്ചതുകൊണ്ടോ, വലിയ വീട്ടില്‍ താമസിച്ചതുകൊണ്ടോ, നാം വലിയവരാകുകയില്ല. നമ്മുടെ ചുറ്റുപാടും താമസിക്കുന്നവരോടു സ്‌നേഹത്തോടും ബഹുമാനത്തോടുംകൂടി സംസാരിക്കുകയും അവരുടെ ആവശ്യങ്ങളില്‍ നമ്മളാല്‍ കഴിയുംവിധം സഹായിക്കുകയും ചെയ്താല്‍ നമ്മളെ ഓര്‍മിക്കുന്നവരുണ്ടാകും. അന്ത്യയാത്രാസമയത്തെങ്കിലും 'അവര് നല്ലവരായിരുന്നു'വെന്നു ചുറ്റുമുള്ളവര്‍ പറയണമെങ്കില്‍, നമ്മുടെ പ്രവൃത്തികളെ ഇന്നേ വിലയിരുത്തുക.
    നവംബര്‍മാസം മുഴുവന്‍ മരിച്ചവരെയോര്‍ത്തു പ്രാര്‍ഥിക്കണമെന്നു പണ്ടു പഠിപ്പിച്ചതാണ്. ഇങ്ങനെയുള്ള നമ്മുടെ പാരമ്പര്യങ്ങള്‍ നഷ്ടപ്പെട്ടുപോകാതെ തലമുറകളിലേക്കു കൈമാറ്റപ്പെടണം. സകല മരിച്ചവരുടെയും വണക്കമാസംവായന നമ്മുടെയൊക്കെ വീടുകളില്‍  നിര്‍ത്തിക്കാണും. ടിവിയുടെ അതിപ്രസരം പല തടസ്സങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഏതു സഭാവിഭാഗമാണെങ്കിലും  അവരവരുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും മറന്നുപോകാതെ, യുവതലമുറയിലേക്കു കൈമാറുകയെന്നത്  മാതാപിതാക്കളുടെ ഉത്തരവാദിത്വമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അനാവശ്യമായ ഭാരങ്ങള്‍ കുഞ്ഞുങ്ങളുടെ തലയില്‍വച്ച്, 'അതായാലേ പറ്റൂ'വെന്നു പറയാതെ, ഞങ്ങളുടെയൊക്കെ  പഠിത്തം മതി, നിങ്ങള്‍ നല്ല മനുഷ്യരായി ജീവിച്ചാല്‍ മതിയെന്നു പറയാന്‍ എത്ര മാതാപിതാക്കള്‍ തയ്യാറാകും? അങ്ങനെയായാല്‍ നമ്മുടെ  സമൂഹം നന്നാകുമെന്നാണ് എന്റെയൊരു വിശ്വാസം. യുവതലമുറയെ രൂപപ്പെടുത്തുന്ന ഉത്തരവാദിത്വം  എല്ലാവര്‍ക്കുമുണ്ട്. ഒരുകാലത്ത് അങ്ങനെയായിരുന്നു. കുട്ടികളുടെ ഭാഗത്തു തെറ്റുകണ്ടാല്‍ ശാസിക്കാന്‍ മുതിര്‍ന്നവര്‍ക്കെല്ലാം  അവകാശമുണ്ടായിരുന്നു. എന്തായാലും കേരളത്തിന്റെ സംസ്‌കാരം നാം മുറുകെപ്പിടിക്കണം. നമ്മുടെ നാടിന്റെ നന്മയ്ക്കുവേണ്ടി! തലമുറകളുടെ ക്ഷേമത്തിനുവേണ്ടി!

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)