ജനാധിപത്യഭരണക്രമത്തില്‍ തിരഞ്ഞെടുപ്പിനുള്ള സ്ഥാനം എല്ലാര്‍ക്കുമറിയാം. ഇലക്ഷന്‍ കാലമാണെങ്കില്‍ പറയാനുമില്ല. എവിടെയും പ്രചാരണകോലാഹലം! അതിന്റെ ഭാഗമായി എഴുതുന്ന ചുവരുകളിലും പോസ്റ്ററുകളിലും മറ്റും തിരഞ്ഞെടുപ്പ് എന്ന പദം പലവിധത്തില്‍ കാണാറുണ്ട്. ചിലര്‍ക്ക് തിരഞ്ഞെടുപ്പാണെങ്കില്‍ വേറേ ചിലര്‍ക്ക് തെരഞ്ഞെടുപ്പാണ്. ഇനിയൊരു കൂട്ടര്‍ക്കാകട്ടെ തിരിഞ്ഞെടുപ്പും. ഇവയില്‍ ഏതാണ് ശുദ്ധരൂപം? ന്യായമായും ഈ സംശയം ഉണ്ടാകാം.
തിര എന്നും തിരി എന്നുമുള്ള രണ്ടു ധാതുക്കളില്‍നിന്നു രൂപപ്പെട്ടവയാണ് തിരഞ്ഞെടുപ്പും തിരിഞ്ഞെടുപ്പും. തിര എന്ന ധാതുവിന് അന്വേഷിക്കുക എന്നര്‍ത്ഥം. തിരയുന്നു, തിരഞ്ഞു, തിരയും എന്നിങ്ങനെ ക്രിയാരൂപങ്ങളും. ഇവയുടെ അര്‍ത്ഥങ്ങള്‍ക്കു തമ്മില്‍ നേരിയ വ്യത്യാസമുണ്ട്. തിരഞ്ഞെടുപ്പിന് ഇലക്ഷന്‍ എന്നും തിരിഞ്ഞെടുപ്പിന് സിലക്ഷന്‍ എന്നുമാണര്‍ത്ഥം. രണ്ടിന്റെയും രൂപഭേദം മാത്രമാണ് തെരഞ്ഞെടുപ്പ്. അതായത് വാമൊഴിയില്‍ വരുന്ന മാറ്റം. ഇല-എല, കുട-കൊട, വില-വെല, വിറക്-വെറക് എന്നിങ്ങനെ എഴുത്തിലും ഉച്ചാരണത്തിലും വരുന്ന ഭേദം നമുക്ക് പരിചിതമാണുതാനും. ഉദാസീനതകൊണ്ട് സംഭവിക്കുന്ന വര്‍ണ്ണവികാരമായി ഇവയെ കേരളപാണിനി പരിഗണിച്ചിട്ടുമുണ്ട്.
'പത്താംവാര്‍ഡില്‍നിന്ന് ശ്രീമതി രാജമ്മയെ തിരഞ്ഞെടുത്തു.' 'എനിക്കിഷ്ടപ്പെട്ട രണ്ടു പുസ്തകം തിരിഞ്ഞെടുത്തു' എന്നിങ്ങനെ തിരഞ്ഞെടുപ്പും തിരിഞ്ഞെടുപ്പും തമ്മിലുള്ള രൂപഭേദവും അര്‍ത്ഥഭേദവും പ്രഫ. പന്മന രാമചന്ദ്രന്‍നായര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.* ''എഴുത്തിലെ മാനകരൂപം തിര, തിരഞ്ഞെടുപ്പ് എന്നിവയാണ്. അതിനാല്‍ എഴുതുന്നത് തിരഞ്ഞെടുപ്പ് എന്നുതന്നെ വേണം.'' **തിരഞ്ഞെടുപ്പ് എന്ന പദം ഇലക്ഷന്‍ എന്നതിന്റെയും സിലക്ഷന്‍ എന്നതിന്റെയും അര്‍ത്ഥം ഉള്‍ക്കൊള്ളുന്നതിനാല്‍ രണ്ടും സൂചിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് എന്ന വാക്ക് സ്വീകരിച്ചാല്‍ മതിയാകുമെന്നാണ് എന്റെ പക്ഷം. സങ്കീര്‍ണ്ണതയില്‍നിന്ന് ലാളിത്യത്തിലേക്കു സഞ്ചരിക്കുമ്പോഴാണല്ലോ ജീവല്‍ഭാഷ കൂടുതല്‍ ജനകീയമാകുന്നത്.
*രാമചന്ദ്രന്‍ നായര്‍, പന്മന, പ്രൊഫ., നല്ല ഭാഷ, ഡി.സി. ബുക്‌സ്, കോട്ടയം, 2014, പുറം- 462
**പ്രബോധചന്ദ്രന്‍ നായര്‍, വി.ആര്‍., ഡോ., എഴുത്തു നന്നാവാന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം, 2015 പുറം-73