നവംബര്‍ 29
മംഗലവാര്‍ത്തക്കാലം ഒന്നാം ഞായര്‍
ഉത്പ 17:15-22
ഏശ43:1-7,10-11 എഫേ 5:21-6:4 ലൂക്കാ 1: 5-25
മംഗളവാര്‍ത്തക്കാലം
സുറിയാനിഭാഷയില്‍ ''സുബാറ'' എന്നറിയപ്പെടുന്ന മംഗളവാര്‍ത്തക്കാലത്തോടെയാണ് മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ ആരാധനക്രമകാലം ആരംഭിക്കുക. മംഗളകരമായ വാര്‍ത്തകളുടെയും മംഗളകരമായ സംഭവങ്ങളുടെയും അനുസ്മരണമാണീ ആരാധനക്രമകാലഘട്ടം. മംഗളകരമായ കാര്യങ്ങള്‍ പറയാനും ചെയ്യാനുമുള്ള കാലം. മംഗളവാര്‍ത്തകളുടെ സന്ദേശവാഹകനായ ഗബ്രിയേല്‍, സഖറിയ - എലിസബത്ത് ഇവര്‍ക്കു നല്‍കുന്ന സ്‌നാപകജനനത്തെക്കുറിച്ചുള്ള മംഗളവാര്‍ത്തയാണ് ആദ്യത്തേത്. നസ്രസിലെ ഒരു വിനീതകന്യകയായ മറിയത്തിന് ഗബ്രിയേല്‍ നല്‍കുന്ന മംഗളവാര്‍ത്തയാണ് രണ്ടാമത്. സ്‌നാപകന്റെ പിറവിയാണ് തുടര്‍ന്നുള്ള മംഗളകരമായ സംഭവം. യേശുവിന്റെ തിരുപ്പിറവിയാണ് തുടര്‍ന്നുള്ള എറ്റവും മനോഹരമായ മംഗളസംഭവം. 'ക്രിസ്തുസംഭവ'ത്തില്‍ പ്രഥമം.
അബ്രാഹമായ 'അബ്രാം' സാറായായ 'സാറായി'
അബ്രാഹത്തിനും സാറായ്ക്കും ലഭിക്കുന്ന മംഗളവാര്‍ത്തയാണ് ഒന്നാംവായന. നവതി കഴിഞ്ഞ് ഒമ്പതു വര്‍ഷം കഴിഞ്ഞപ്പോള്‍ അബ്രാഹത്തിന് കര്‍ത്താവ് പ്രത്യക്ഷനായി. കര്‍ത്താവ് അബ്രാഹത്തോടു പറഞ്ഞത് രണ്ടു കാര്യങ്ങളാണ്: (1) എന്റെ മുമ്പില്‍ വ്യാപരിക്കുക (2) കുറ്റമറ്റവനായി ജീവിക്കുക. ഒരു ഉടമ്പടിയും ഒപ്പം എണ്ണമറ്റ സന്താനസൗഭാഗ്യവും ദൈവം വാഗ്ദാനം ചെയ്തു. അബ്രാഹം ഇതുകേട്ട് കമിഴ്ന്നുവീണു ചിരിച്ചു. സാറായും ചിരിച്ചു. ഇവരുടെ ചിരിയില്‍ വിരിഞ്ഞത് ഒരു സംശയമായിരുന്നു: ''നൂറുവയസ്സു തികഞ്ഞവനു കുഞ്ഞു ജനിക്കുമോ? തൊണ്ണൂറ് എത്തിയ സാറാ ഇനി പ്രസവിക്കുമോ?'' നാം ദൈവത്തിനു പ്രിയപ്പെട്ടവരാകുമ്പോള്‍ പ്രായം പ്രയാസങ്ങളെ മറികടക്കും എന്നുള്ള വലിയ ബോദ്ധ്യം കര്‍ത്താവ് തരുന്നു. ദൈവത്തിന് ഒന്നും അസാദ്ധ്യമല്ല എന്ന വലിയ തിരിച്ചറിവും ദൈവം അവര്‍ക്കും നമുക്കും തരുന്നു. ഉശമെുുീശിാേലിെേന്റ സമയം ദൈവവുമായുള്ള അുുീശിാേ ലിെേന്റ സമയമാണ്. അതോടൊപ്പം ദൈവം അവരുടെ പേരില്‍ ഒരു പരിഷ്‌കാരം വരുത്തുകയും ചെയ്തു. ജനതകളുടെ പിതാവും ജനതകളുടെ മാതാവുമായി മാറേണ്ടവരെ ദൈവം എഡിറ്റ് ചെയ്ത് മാറ്റിയെടുക്കുന്ന അപൂര്‍വ്വസുന്ദരമായ കാഴ്ച. കൂടുതല്‍ ഫലം പുറപ്പെടുവിക്കുവാന്‍ പ്രൂണ്‍ ചെയ്യുന്നതുപോലെ!
'ഭയപ്പെടേണ്ട'
തിരിച്ചുവരുന്ന ഇസ്രായേലിന് കര്‍ത്താവ് നല്‍കുന്ന മംഗളവാര്‍ത്തയാണ് രണ്ടാംവായന: ''ഭയപ്പെടേണ്ട, ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്റേതാണ്'' (ഏശ. 43:1). കരുണയുടെ വര്‍ഷം ഫ്രാന്‍സീസ് പാപ്പാ എഴുതിയ ഒരു ഗ്രന്ഥത്തിന്റെ പേരുതന്നെ ''നീ എനിക്ക് വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ട് നിനക്കു പകരമായി മനുഷ്യരെയും നിന്റെ ജീവനു പകരമായി ജനതകളെയും ഞാന്‍ നല്‍കുന്നു'' (ഏശ. 43:4). 'ഭയപ്പെടേണ്ട' എന്ന പദം ബൈബിളില്‍ 365 വട്ടം ആവര്‍ത്തിക്കുന്നതായി പറയുന്നു. ഒരുവര്‍ഷം 365 ദിനങ്ങളാണ്. ഓരോ ദിവസവും തമ്പുരാന്‍ തന്റെ മക്കള്‍ക്കു തരുന്ന മംഗളവാര്‍ത്തയാണ് ഈ പദം - 'ഭയപ്പെടേണ്ട'.
ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും മക്കള്‍ക്കുമുള്ള മംഗളവാര്‍ത്ത!
എഫേസോസ് ലേഖനം അഞ്ചും ആറും അദ്ധ്യായങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും മക്കള്‍ക്കുമുള്ള മംഗളവാര്‍ത്തയാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് നല്ല നടപ്പിനുള്ള മംഗളവാര്‍ത്ത, മക്കള്‍ക്ക് ദീര്‍ഘായുസ്സിനുള്ള മംഗളവാര്‍ത്ത.
ദൈവത്തിന് നന്ദി പറഞ്ഞ് ജീവിക്കുക.
പരസ്പരം വിധേയരായിരിക്കുക.
ഭാര്യ ഭര്‍ത്താവിനു വിധേയയായിരിക്കണം. ഭര്‍ത്താവിനെ ബഹുമാനിക്കണം.
ഭര്‍ത്താവ് ഭാര്യയെ സ്‌നേഹിക്കണം, സ്വന്തം ശരീരത്തെ എന്നപോലെ.
മക്കളെ കയറൂരി വിടരുത്. ശിക്ഷണത്തിലും ഉപദേശത്തിലും വളര്‍ത്തണം.
കുട്ടികള്‍ മാതാപിതാക്കന്മാരെ അനുസരിക്കണം, ജോസഫിനും, മേരിക്കും വിധേയനായി ജീവിച്ച യേശുവിനെപ്പോലെ.
നീതിനിഷ്ഠരും കുറ്റമറ്റവരും!
പുരോഹിതനായ സഖറിയായ്ക്കും ഭാര്യ എലിസബത്തിനുമുള്ള മംഗളവാര്‍ത്തയാണ് ഇന്നത്തെ സുവിശേഷവായന.
സഖറിയായുടെയും എലിസബത്തിന്റെയും മനോഹരവ്യക്തിത്വം വെളിപ്പെടുത്തുന്ന വചനവുമായാണ് ഇന്നത്തെ സുവിശേഷവായന ആരംഭിക്കുന്നത്: ''അവര്‍ ദൈവത്തിന്റെ മുമ്പില്‍ നീതിനിഷ്ഠരും കര്‍ത്താവിന്റെ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു.''
അബ്രാഹത്തില്‍നിന്ന് ദൈവം ആവശ്യപ്പെട്ടതും ഇതു രണ്ടുമാണ് (ഒന്നാം വായന).
''ദൈവത്തിന്റെ മുമ്പില്‍ നടക്കുക'', അതായത് നീതിനിഷ്ഠ.
രണ്ടാമത് കുറ്റമറ്റവനായിരിക്കുക.
ദൈവാനുഗ്രഹത്തിനുള്ള പുരാതനവും ഒപ്പം നവീനവുമായ രണ്ടു വഴികള്‍. നീതിനിഷ്ഠരും കുറ്റമറ്റ ജീവിതം നയിക്കുന്നവരുമായ അപ്പനമ്മമാര്‍ക്കാണ് കുറ്റമറ്റവിധം കുഞ്ഞുങ്ങളെ വളര്‍ത്താനാവുക, തിരുത്താനാവുക, നയിക്കാനാവുക.
വി. ചാവറയച്ചന്‍ തന്റെ 'ആത്മാനുതാപം' എന്ന കൃതിയില്‍ സ്വന്തം അപ്പനമ്മമാരെപ്പറ്റി ഇപ്രകാരം എഴുതിയിട്ടുണ്ട്:
''വിശ്വാസികളും കാരണവന്മാരില്‍ വിശ്വാസിയായി എന്നെയും തീര്‍ത്തു നീ.''
അമ്മിഞ്ഞപ്പാലിനോടൊപ്പം ആത്മീയസുകൃതങ്ങള്‍ ചാലിച്ചു നല്‍കുകയും വടിയെടുക്കാതെ കണ്ണുകള്‍കൊണ്ട് ശിക്ഷണം നല്‍കുകയും ചെയ്ത തന്റെ അമ്മയെക്കുറിച്ചും വിശുദ്ധചാവറയച്ചന്‍ 'ആത്മാനുതാപ'ത്തില്‍ എഴുതിയിട്ടുണ്ട്.
'ഞാന്‍ വായിച്ച ഏറ്റവും നല്ല ഗ്രന്ഥം എന്റെ അമ്മയുടെ ജീവിതമായിരുന്നു' എന്ന അബ്രാഹം ലിങ്കന്റെ വാക്കുകളും സ്മരിക്കേണ്ടതാണ്. പോപ്പായപ്പോള്‍ മോതിരം മുത്തുവാന്‍ ചെന്ന തന്റെ അമ്മയുടെ വിവാഹമോതിരം മുത്തിക്കൊണ്ട് വി. പത്താംപീയൂസ് പറഞ്ഞു: ''വര്‍ഷങ്ങള്‍ക്കുമുമ്പ് അമ്മ ഈ വിവാഹമോതിരം ധരിച്ചതുകൊണ്ടാണല്ലോ ഇന്ന് ഞാന്‍ ഈ മോതിരം ധരിക്കാന്‍ ഇടയായത്.''
പിറക്കാന്‍ പോകുന്ന ശിശുവിന്റെ ഒരു വലിയ പ്രത്യേകത ഇതാണ്:
''അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ അവന്‍ പരിശുദ്ധാത്മാവിനാല്‍ നിറയും.''
ഗര്‍ഭപാത്രങ്ങള്‍ അഭിഷേകനിറവിന്റെ അനുഗ്രഹപാത്രങ്ങളാകണം. ശവക്കല്ലറകളാകരുത്! ഗര്‍ഭാവസ്ഥയുടെ പരമപ്രാധാന്യം ന്യായാധിപന്മാരുടെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. അത് സാംസന്റെ ജനനത്തെക്കുറിച്ചുള്ള അവതരണമാണ്. മനോവയുടെ വന്ധ്യയായ ഭാര്യയ്ക്ക് കര്‍ത്താവിന്റെ ദൂതന്‍ പ്രത്യക്ഷനായി പറഞ്ഞു:
''നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അതുകൊണ്ട് നീ സൂക്ഷിക്കണം. വീഞ്ഞോ വീര്യമുള്ള പാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കരുത്. അവന്‍ ജനനംമുതല്‍ ദൈവത്തിനു നാസീര്‍വ്രതക്കാരനായിരിക്കും'' (ന്യായാ.13: 3-5). പിറക്കാന്‍ പോകുന്ന ശിശുവിനുവേണ്ടി ഒരുങ്ങുകയും ശിശുവിന്റെ ജീവിതചര്യ എങ്ങനെയായിരിക്കണമെന്ന് ദൈവത്തോട് ആലോചന ചോദിക്കുകയും ചെയ്യുന്നു മനോവയും ഭാര്യയും.
ഗര്‍ഭം ധരിച്ച് അഞ്ചുമാസത്തോളം ആരുടെയും മുമ്പില്‍ പ്രത്യക്ഷപ്പെടാതെ പ്രാര്‍ത്ഥനയുടെയും തപസിന്റെയും സ്വകാര്യതയില്‍ കഴിയുകയാണ് സഖറിയായുടെ ഭാര്യയായ എലിസബത്ത് ചെയ്തത്. അതിനുശേഷം അപമാനം വരുത്താത്ത, അപമാനം തുടച്ചുനീക്കുന്ന നല്ല ദൈവത്തിന് നന്ദിയും സ്തുതിയുമായി അവള്‍ പ്രത്യക്ഷപ്പെട്ടു.
''മനുഷ്യരുടെയിടയില്‍ എനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയാന്‍ കര്‍ത്താവ് എന്നെ കടാക്ഷിച്ച് എനിക്ക് ഇതുചെയ്തുതന്നിരിക്കുന്നു'' (ലൂക്കാ. 1:25).
പേരും പൊരുളും
'സഖറിയാ' എന്ന പദത്തിന്റെ അര്‍ത്ഥം 'ദൈവം എന്നെ സ്മരിച്ചു' എന്നാണ്. 'എലിസബത്ത്' എന്ന വാക്കിന്റെ അര്‍ത്ഥം 'എന്റെ ദൈവത്തിന്റെ ഭവനം' എന്നാണ്. 'യോഹന്നാന്‍' എന്ന നാമത്തിന്റെ അര്‍ത്ഥം 'യഹോവ കരുണ കാണിക്കും' എന്നാണ്. ദൈവം തന്റെ മക്കളെ ഓര്‍ക്കുന്നവനും സാന്നിദ്ധ്യംകൊണ്ട് വസതിയാക്കി ഭവനത്തില്‍ വസന്തം നിറയ്ക്കുന്നവനും കരുണ നിറഞ്ഞവനുമാണ്. നല്ല ദൈവത്തിന്റെ മൂന്നു നന്മകളായി ഈ പേരുകളെ കാണാം. ബൈബിളിലെ ഈ പേരുകളെല്ലാം അര്‍ത്ഥസമ്പുഷ്ടമാണ്.