•  21 Nov 2024
  •  ദീപം 57
  •  നാളം 37
വചനനാളം

സ്‌നേഹത്തില്‍ വസിക്കുന്ന രാജാവ്

നവംബര്‍ 22
പള്ളിക്കൂദാശക്കാലം നാലാം ഞായര്‍
1 രാജാ 6:11-19
എസെ 43:1-7 ഹെബ്രാ 9:16-28     മത്താ 22: 41-46


വിശ്വാസിസമൂഹം ആരാധനക്രമവത്സരത്തിലെ അവസാനത്തെ ഞായറാഴ്ച ആചരിക്കുകയാണ്. മിശിഹാ വീണ്ടെടുത്ത മനുഷ്യകുലത്തെ പിതാവിന്റെ സന്നിധിയില്‍ സമര്‍പ്പിക്കുന്നതിനെയും മിശിഹായോടൊപ്പം സ്വര്‍ഗീയഭവനത്തിലുള്ള നിത്യവാസത്തെയുമാണ് ഈ അവസരത്തില്‍ സഭാമക്കള്‍ ധ്യാനിക്കുന്നത്. മിശിഹാ നിത്യം രാജാവായി വാഴുന്നതും അവിടുത്തെ രാജത്വത്തിന്റെ മഹത്ത്വവുമെല്ലാം ഇവിടെ ധ്യാനവിഷയമാകുന്നുണ്ട്. അതിനാല്‍ത്തന്നെ ആണ്ടുവട്ടത്തിലെ ഈ അവസാനഞായര്‍ മിശിഹായുടെ രാജത്വത്തിരുനാളായും, പ്രത്യേകിച്ച് പാശ്ചാത്യസഭകളില്‍ ആചരിക്കുന്നുണ്ട്. 
കര്‍ത്താവിന്റെ സാന്നിധ്യം ഇസ്രായേല്‍മക്കള്‍ക്കിടയില്‍ ഉണ്ടായിരിക്കുവാന്‍വേണ്ടി ദൈവാലയം പണിയുന്ന സോളമനോട് കര്‍ത്താവ് പറയുന്ന വാക്കുകളാണ് രാജാക്കന്മാരുടെ പുസ്തകത്തില്‍നിന്ന് നാം ശ്രവിക്കുന്നത്. അവിടന്ന് പറയുന്നു: നീ എനിക്കു ദൈവാലയം പണിയുകയാണല്ലോ, എന്റെ ചട്ടങ്ങള്‍ ആചരിച്ചും, അനുശാസനങ്ങള്‍ അനുസരിച്ചും, എന്റെ കല്പനകള്‍ പാലിച്ചും നടന്നാല്‍ ദാവീദിനോടു ചെയ്ത വാഗ്ദാനം നിന്നില്‍ നിറവേറ്റും. ഞാന്‍ ഇസ്രായേലിന്റെ മധ്യേ വസിക്കും. ഇസ്രായേലിന്റെ മധ്യേ അവിടന്നു വസിക്കുന്നത് വലിയ ദൈവാലയം പണിതതുകൊണ്ടല്ല; മറിച്ച്, അവിടത്തെ മാര്‍ഗത്തില്‍ ജനം ചരിക്കുന്നതുകൊണ്ടാണ് എന്ന് വചനം ഓര്‍മിപ്പിക്കുന്നു. 
എസെക്കിയേല്‍പ്രവാചകനുണ്ടായ ദൈവാലയദര്‍ശനമാണ് പ്രവാചകഗ്രന്ഥത്തില്‍ നിന്നു ശ്രവിക്കുന്നത്. ഇസ്രായേല്‍ജനം ദൈവത്തില്‍നിന്ന്അകന്നുപോയപ്പോള്‍, അവിടത്തെ ചട്ടങ്ങള്‍ പാലിക്കാതെയും കല്പനകള്‍ അനുസരിക്കാതെയും കഴിഞ്ഞപ്പോള്‍ ദൈവമഹത്ത്വം ദൈവാലയത്തില്‍നിന്നു പുറപ്പെട്ടുപോയിരുന്നു (എസെ 10). എന്നാല്‍, അടിമത്തത്തിലേക്കുപോയ ഇസ്രായേല്‍ജനം അനുതപിച്ച് കര്‍ത്താവിന്റെ മാര്‍ഗ്ഗത്തിലേക്കു തിരിച്ചുവരുമ്പോള്‍ കര്‍ത്താവിന്റെ മഹത്ത്വം തിരിച്ചുവരും എന്നതാണ് 43-ാം അധ്യായത്തില്‍ വിവരിക്കുന്ന ദര്‍ശനത്തില്‍ കാണുന്നത്. ഈ ഭൂമിയില്‍ ദൈവത്തിന്റെ വാസസ്ഥലങ്ങളായി വര്‍ത്തിക്കുന്നത് ദൈവാലയങ്ങളാണെങ്കിലും ദൈവാലയങ്ങളില്‍ ദൈവസാന്നിധ്യം നല്കുന്നത് ജനത്തിന്റെ സ്‌നേഹക്കൂട്ടായ്മയാലാണ്. തങ്ങളുടെ പ്രവൃത്തികള്‍ കര്‍ത്താവിനെതിരാവുകയും സഹോദരസ്‌നേഹം നഷ്ടപ്പെടുകയും ചെയ്യുമ്പോള്‍ ദൈവം ദൈവാലയങ്ങളില്‍നിന്ന് അകലുന്നു. 
ഹെബ്രായര്‍ക്കെഴുതപ്പെട്ട ലേഖനത്തില്‍ മിശിഹായുടെ ബലിയുടെ അനന്യതയാണ് എടുത്തുപറയുന്നത്. ആദ്യത്തെ ഉടമ്പടി ഉറപ്പിക്കുന്നതിന് മൃഗങ്ങളുടെ ബലിയര്‍പ്പണത്താലുള്ള രക്തം ഉണ്ടായിരുന്നു. അത് സ്വര്‍ഗീയകാര്യങ്ങളുടെ പ്രതിരൂപങ്ങളായവയെ വിശുദ്ധീകരിക്കുന്നതിന് ഇടയാക്കി. എന്നാല്‍, മിശിഹായുടെ കുരിശിലെ ബലിയാലുള്ള തിരുരക്തത്താല്‍ സകലരെയും സ്വര്‍ഗ്ഗപ്രവേശനത്തിനു യോഗ്യമാംവിധം വിശുദ്ധീകരിച്ചുകൊണ്ട് പുതിയ ഉടമ്പടി മുദ്രവച്ച് എന്നേക്കുമായുള്ള ഏകബലിയര്‍പ്പിക്കപ്പെട്ടു.
ഫരിസേയരും ഈശോയും തമ്മിലള്ള  സംഭാഷണമാണ് വിശുദ്ധ സുവിശേഷത്തില്‍നിന്ന് ശ്രവിക്കുന്നത്. സദുക്കായരും ഫരിസേയരും ഈശോയോടു ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടും ഈശോയുടെമേല്‍ കുറ്റമാരോപിക്കുന്നതിന് തക്കം പാര്‍ത്തുകൊണ്ടും ഈശോയോടൊപ്പം നിരന്തരം ഉണ്ടായിരുന്നു. ഇന്നത്തെ സുവിശേഷഭാഗത്തിനു തൊട്ടുമുകളില്‍ വിവരിക്കുന്നത് സദുക്കായരെ ഈശോ വാക്കുമുട്ടിച്ചെന്നു കേട്ട് ഫരിസേയര്‍ ഏറ്റവും പ്രധാന കല്പന ഏത് എന്ന ചോദ്യവുമായി ഈശോയെ സമീപിക്കുന്നതാണ്. തുടര്‍ന്നുവരുന്ന ഭാഗത്ത് ഈശോ ഫരിസേയരോടു ചോദിക്കുന്ന ചോദ്യവും അവരുടെ മറുപടിയുമാണ് വിവരിക്കുന്നത്. ഈശോ ഫരിസേയരോടു ചോദിക്കുന്നത് നിങ്ങള്‍ മിശിഹായെക്കുറിച്ച് എന്തു വിചാരിക്കുന്നു? അവന്‍ ആരുടെ പുത്രനാണ്? എന്നാണ്. യഹൂദന്മാരുടെ ഇടയില്‍ വരാനിരിക്കുന്ന മിശിഹായെക്കുറിച്ചു പ്രതീക്ഷയുണ്ടായിരുന്നു. ഫരിസേയരുടെ മിശിഹാ പ്രതീക്ഷ എന്താണ് എന്നാണ് ഈശോ ചോദിക്കുന്നത്.  
ഏശയ്യ 11,1-9; ജറെമിയ 23,5; എസക്കിയേല്‍ 34,23 എന്ന വചനങ്ങളുടെ വെളിച്ചത്തിലായിരിക്കണം, ഫരിസേയര്‍ മറുപടി പറയുന്നു: ദാവീദിന്റെ പുത്രന്‍. ഇസ്രായേലിന്റെ വിമോചകനായ മിശിഹാ ദാവീദിന്റെ വംശത്തില്‍ വരും എന്നത് യഹൂദരുടെ വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും ഭാഗമായിരുന്നു. ബാബിലോണിയന്‍ അടിമത്തത്തിനുശേഷം ഇസ്രായേലിനു സ്വന്തമായ രാജാക്കന്മാര്‍ ഇല്ലാതിരുന്ന അവസരത്തില്‍ യഹൂദര്‍ സങ്കീര്‍ത്തനപ്പുസ്തകത്തിലെ രാജകീയസിംഹാസനങ്ങളോടനുബന്ധിച്ചുള്ള സങ്കീര്‍ത്തനങ്ങളെല്ലാം വരാനിരിക്കുന്ന മിശിഹായുമായി ബന്ധപ്പെടുത്തിക്കാണാനും വ്യാഖ്യാനിക്കാനും പ്രാര്‍ഥിക്കാനും തുടങ്ങിയിരുന്നു. 
110-ാം സങ്കീര്‍ത്തനത്തില്‍ 'കര്‍ത്താവ് എന്റെ കര്‍ത്താവിനോടു പറഞ്ഞു' എന്ന വചനം (110,1) മിശിഹായും കര്‍ത്താവും (യാഹ്‌വേയും) തമ്മിലുള്ള സംഭാഷണത്തിന്റെ ഭാഗമായി കരുതിയിരുന്നു. സങ്കീര്‍ത്തനകര്‍ത്താവ് ദാവീദ് രാജാവായതുകൊണ്ട് ആ സങ്കീര്‍ത്തനത്തില്‍ കര്‍ത്താവ് എന്റെ കര്‍ത്താവിനോട് എന്ന പ്രയോഗത്തില്‍ മിശിഹായെ സങ്കീര്‍ത്തകന്‍ എന്റെ കര്‍ത്താവ് എന്ന് വിളിക്കുകയാണ്. അപ്രകാരം ദാവീദ് മിശിഹായെ കര്‍ത്താവ് എന്ന് വിളിക്കുന്നതിലൂടെ മിശിഹാ ദാവീദിനെക്കാള്‍ വലിയവന്‍ ആണെന്നു പ്രഖ്യാപിക്കുകയാണ്. അതായത്, ദാവീദിന്റെ വംശത്തില്‍ പിറക്കുമെങ്കിലും അവന്റെ രാജത്വം ദാവീദില്‍നിന്നല്ല മറിച്ച് അവിടുന്ന് ദൈവത്തിന്റെ അഭിഷിക്തനാണ്. മിശിഹായുടെ രാജത്വത്തിന്റെ പ്രതിരൂപം മാത്രമായിരുന്നു ദാവീദില്‍ കാണപ്പെട്ടത്. ഇസ്രായേല്‍ പ്രതീക്ഷിച്ചിരുന്നതും നിത്യമായി നിലനില്ക്കുന്നതുമായ രാജത്വം മിശിഹായുടെ രാജത്വമായിരുന്നു.  പള്ളിക്കൂദാശക്കാലത്ത് തിരുസഭ അനുസ്മരിക്കുന്നത് മിശിഹായുടെ നിത്യമായ ആ രാജത്വത്തിന്റെ പ്രഘോഷണമാണ്. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)