•  10 Jul 2025
  •  ദീപം 58
  •  നാളം 18
നേര്‍മൊഴി

കേരളം വിവാദങ്ങളുടെ ലോകവിപണി

    വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിലും കൊഴുപ്പിക്കുന്നതിലും കേരളത്തിലെ നേതാക്കന്മാരും മാധ്യമങ്ങളും തമ്മില്‍ മത്സരിക്കുകയാണ്. വിവാദങ്ങളുടെ ലോകവിപണിയാണ് കേരളം. അടുത്തയിടെയുണ്ടായ വിവാദങ്ങളുടെ വിഷയം എന്തായിരുന്നാലും അതിലെ ഒരു കക്ഷി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിതന്നെയാണ്. ഏതു വിവാദത്തിന്റെയും ഭാഗമാകാനുള്ള ഭാഗ്യവും യോഗ്യതയും അദ്ദേഹത്തിനുണ്ട്. 
കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ കത്തോലിക്കാവൈദികരുടെയും സിസ്റ്റേഴ്‌സിന്റെയും പ്രത്യേക കണക്കെടുപ്പിനുള്ള ഒരു സര്‍ക്കുലര്‍ വിദ്യാഭ്യാസവകുപ്പില്‍നിന്നു പുറത്തിറക്കുകയുണ്ടായി. വിദ്യാഭ്യാസമന്ത്രിയുടെ അറിവോ അനുമതിയോ കൂടാതെ, അത്തരം നയപരമായ രേഖകള്‍ വെളിച്ചം കാണുകയില്ല. കാരണം, അത് കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഒരു രേഖയാണ്. ക്രൈസ്തവവിദ്യാഭ്യാസ ഏജന്‍സിയോടു ചോദിക്കുകപോലും ചെയ്യാതെയാണ് പൊതുസമൂഹത്തിനു മുന്നില്‍ കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസഏജന്‍സിയായ ക്രൈസ്തവസഭയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത്. വിവരാവകാശരേഖകളുടെ ശേഖരണം തൊഴിലാക്കിയ ഏതോ ഒരു സാമൂഹികവിരുദ്ധന്റെ ആവശ്യപ്രകാരമാണ് ഈ നടപടിയെന്നറിയുന്നു. ഇയാള്‍ ഇത്തരത്തിലുള്ള വിവരങ്ങള്‍ തേടുന്നത് ആദ്യമായിട്ടല്ല. അയാളുടെ ഉദ്ദേശ്യവും രാഷ്ട്രീയലക്ഷ്യവും അറിയാമായിരുന്നിട്ടും ക്രൈസ്തവസഭയേക്കാള്‍ അയാളെ വിശ്വാസത്തിലെടുത്ത ബഹു. മന്ത്രി സംസ്ഥാനത്തിനു മുതല്‍ക്കൂട്ടുതന്നെയാണ്. 
    നികുതിയടയ്ക്കാതെ ക്രൈസ്തവപുരോഹിതരും സന്ന്യാസിനിമാരും കോടിക്കണക്കിനു രൂപ ശമ്പളമിനത്തില്‍ സമ്പാദിക്കുന്നുവെന്നതാണ് വിവരാവകാശക്കാരന്റെ വാദം. കേരളത്തില്‍ എയ്ഡഡ് മേഖലയിലെ കോളജുകള്‍ സര്‍ക്കാര്‍ അംഗീകാരത്തിലും നിയന്ത്രണത്തിലും പ്രവര്‍ത്തിക്കുന്നവയാണ്. ആ സ്ഥാപനങ്ങളൊന്നും കരിമ്പട്ടികയില്‍ ഉള്‍പ്പെടുന്നവയല്ല. അവിടത്തെ അധ്യാപകര്‍ മതിയായ യോഗ്യതകളുള്ളവരും സര്‍ക്കാര്‍ പ്രതിനിധി ഉള്‍പ്പെടെയുള്ള ഇന്റര്‍വ്യൂ ബോര്‍ഡിനു മുമ്പില്‍ യോഗ്യത തെളിയിച്ചിട്ടുള്ളവരുമാണ്. ഈ വിവരങ്ങളൊന്നും മന്ത്രിക്ക് അറിവില്ലെന്നു കരുതാനാവില്ല. മന്ത്രിയെ മുഖ്യമന്ത്രി തിരുത്തുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ടത് ആവശ്യമാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരോടു പിണക്കം ഭാവിച്ചിട്ടു കാര്യമില്ല. 
    മന്ത്രിയുമായി ബന്ധപ്പെട്ട രണ്ടാമത്തെ വിവാദം കാവിക്കൊടിയേന്തിയ ഭാരതാംബയുമായി ബന്ധപ്പെട്ടാണ്. വായനദിനത്തോടനുബന്ധിച്ച് രാജ്ഭവനില്‍ സംഘടിപ്പിച്ച വിദ്യാര്‍ഥികളുടെ ഒരു ചടങ്ങില്‍നിന്ന്  മന്ത്രി തന്റെ പ്രസംഗം കഴിഞ്ഞശേഷം ഇറങ്ങിപ്പോയത് വിവാദമായി. അത് പ്രോട്ടോകോള്‍ ലംഘനമാണെന്ന് രാജ്ഭവന്‍ പ്രതികരിച്ചു. അതിവിശിഷ്ട വ്യക്തികളും വിശിഷ്ടവ്യക്തികളും അവര്‍ പ്രോട്ടോക്കോള്‍ ഉള്ളവരാണെങ്കില്‍ പങ്കെടുക്കുന ചടങ്ങുകളില്‍  പാലിക്കപ്പെടേണ്ട അടിസ്ഥാനമര്യാദകളാണ് പ്രോട്ടോക്കോള്‍. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രോട്ടോക്കോള്‍ രാഷ്ട്രപതിക്കാണ്. ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും കഴിഞ്ഞാല്‍ അടുത്ത സ്ഥാനത്തുള്ളത് ഗവര്‍ണര്‍മാരാണ്. ഇത്തരം ഉയര്‍ന്ന പ്രോട്ടോക്കോള്‍ ഉള്ളവര്‍ സ്റ്റേജില്‍ വരുന്നതിനു മുമ്പേ അതില്‍ പങ്കെടുക്കാനുള്ളവര്‍ എത്തിയിരിക്കണം. അവര്‍ വേദിവിട്ട് ഇറങ്ങിയശേഷം മാത്രമാണ് മറ്റുള്ളവര്‍ പുറത്തേക്കിറങ്ങുക. വായനദിനച്ചടങ്ങില്‍നിന്ന് മന്ത്രി തന്റെ അതൃപ്തി പ്രകടിപ്പിച്ചശേഷം പ്രതിഷേധസൂചകമായിട്ടാണ് ഇറങ്ങിപ്പോയത്. ഗവര്‍ണറോടുള്ള ബഹുമാനക്കുറവും വിദ്യാര്‍ഥികളോടുള്ള അവഗണനയും ദുര്‍മാതൃകയുമൊക്കെയായി മന്ത്രിയുടെ നടപടി വ്യാഖ്യാനിക്കപ്പെട്ടു.
    മൂന്നാമത്തെ സന്ദര്‍ഭം സുംബാഡാന്‍സുമായി ബന്ധപ്പെട്ടതാണ്. നൃത്തവും സംഗീതവും ചേര്‍ത്ത് വ്യായാമത്തെ ആഘോഷമാക്കി മാറ്റുന്നതാണ് സുംബ ഡാന്‍സിന്റെ സവിശേഷത. ഡാന്‍സ് അറിയാത്തവര്‍ക്കും ഈ വ്യായാമമുറ പരിശീലിക്കാം. ശരീരത്തിനും മനസ്സിനും അത് ഊര്‍ജവും ആഹ്ലാദവും നല്‍കുന്നു. സംഗീതമയമായതുകൊണ്ട് മടുപ്പ് ഉളവാക്കാത്തതും ആനന്ദകരവുമായ ഒര പരിശീലനമുറയാണത്. ഫിറ്റ്‌നസ് നിലനിര്‍ത്താനും മാനസികാരോഗ്യം വളര്‍ത്താനും മാനസികസമ്മര്‍ദ്ദം കുറയ്ക്കാനുമെല്ലാം സഹായകമായ ~ഒരു വ്യായാമമുറയാണത്. ശാരീരികക്ഷമത വര്‍ദ്ധിപ്പിക്കാനും ഹൃദയാരോഗ്യം കൂട്ടാനും, ജീവിതശൈലീരോഗങ്ങളില്‍നിന്നു മോചനം കിട്ടാനും ഈ വ്യായാമമുറ സഹായിക്കുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സ്‌കൂള്‍ കുട്ടികള്‍ ക്ലാസിലെ അവസാനസമയത്ത് പൊതുവായി ഇതു പരിശീലിക്കണമെന്നു നിര്‍ദേശിച്ചത്.
   സുംബാഡാന്‍സ് ലോകമെമ്പാടും പരിശീലിപ്പിക്കുന്ന ഒരു ആരോഗ്യസംരക്ഷണവ്യായാമമുറയാണ്. അതിന്റെ ഉപജ്ഞാതാവ് കൊളംബിയന്‍ ഡാന്‍സറും കൊറിയോഗ്രാഫറുമായ അല്‍ബെര്‍ട്ടോ ബൈഭ്‌ഭോ പെരെസ് ആണ്.
    എല്ലാറ്റിലും മതവും രാഷ്ട്രീയവും കലര്‍ത്തി അതില്‍ ആനന്ദിക്കുന്ന ചിലര്‍ ഈ ഡാന്‍സ് ധാര്‍മികതയ്ക്കു നിരക്കാത്തതാണ്, മതത്തിനു ചേരാത്തതാണ് എന്നൊക്കെയുള്ള പതിവുപരാതികളുമായി രംഗത്തുവന്നു. അവരെ പേടിച്ച് നല്ല കാര്യങ്ങള്‍ ഒഴിവാക്കുന്നതിനുപകരം ആരെയും ഇതിനു നിര്‍ബന്ധിക്കാതിരിക്കുക എന്ന നിലപാടാണ് കൂടുതല്‍ അഭികാമ്യം. ഇതിനു പകരം മറ്റൊന്നു നിര്‍ദേശിക്കാം. വ്യായാമം ഒഴിവാക്കരുത്. ഒഴിവാക്കേണ്ടത് വിവാദമാണ്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)