സെക്യുലര്‍ (Secular) എന്ന ഇംഗ്ലീഷ്‌വാക്കിന്റെ പരിഭാഷയായി മലയാളത്തില്‍ മതേതരം എന്നുപയോഗിക്കുന്നു. മതേതരം എന്ന പദം പ്രചാരത്തിലായിട്ട് അരനൂറ്റാണ്ടിലധികമായിട്ടില്ല. ഏറെ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടിട്ടുള്ള ഈ പദത്തിന്റെ നിരുക്തിയും പൊരുളും അന്വേഷിക്കേണ്ടിയിരിക്കുന്നു.
മത+ഇതരം സന്ധി ചെയ്താല്‍ മതേതരം (അ+ഇ=ഏ) എന്നാകും; സംസ്‌കൃതപ്രത്യയമായ ''ത്വം'' ചേര്‍ത്താല്‍ മതേതരത്വം എന്നും. ''സംഹിതയില്‍ അ, ആ എന്നിവയ്ക്കുശേഷം സ്വരം വന്നാല്‍ പൂര്‍വ്വപരങ്ങള്‍ക്ക് ഗുണം ഏകാദേശമായ് വരും. പൂര്‍വ്വപരങ്ങള്‍ രണ്ടും പോയി തല്‍സ്ഥാനത്ത് ഒരു വര്‍ണ്ണം വരുന്നത് ഏകാദേശം. അ, ഏ, ഓ എന്നീ സ്വരങ്ങള്‍ക്ക് ഗുണം എന്നു പേര്‍'' * അങ്ങനെ മത+ഇതരം=മതേതരം എന്നാകുന്നു. ഗണ+ഈശന്‍=ഗണേശന്‍, ഉപ+ഇന്ദ്രന്‍=ഉപേന്ദ്രന്‍, ദേവ+ ഇന്ദ്രന്‍=ദേവേന്ദ്രന്‍ എന്നിങ്ങനെ മറ്റുദാഹരണങ്ങള്‍.
മതേതരം എന്ന ശബ്ദത്തിന് മതബദ്ധമല്ലാത്ത, ഒരു മതവുമായി ബന്ധപ്പെടാത്ത തുടങ്ങിയ അര്‍ത്ഥങ്ങളാണ് നിഘണ്ടുക്കള്‍ നല്‍കിയിരിക്കുന്നത്. ''അതിന്റെ ഭാവം'' എന്നര്‍ത്ഥം വരുന്ന 'ത്വം' ചേരുമ്പോള്‍ രൂപം മതേതരത്വം (മത+ഇതര+ത്വം) എന്നാകുന്നു. മതേതരത്വത്തിനു പകരം മതനിരപേക്ഷം എന്നു മാത്രമേയാകാവൂ എന്ന്, കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് നിഷ്‌കര്‍ഷിച്ചിരുന്നതായി കേട്ടിട്ടുണ്ട്. മതനിരപേക്ഷയ്ക്ക് മതം ഏതെന്നു കണക്കാക്കാതെ എല്ലാ പൗരന്മാര്‍ക്കും തുല്യമായ പരിഗണന നല്‍കുന്ന നയം എന്നാണര്‍ത്ഥം. അതല്ലല്ലോ യഥാര്‍ത്ഥത്തില്‍ മതേതരത്വം.
മതേതരരാഷ്ട്രത്തെ ഡോ. എം.എന്‍. കാരശ്ശേരി ഇങ്ങനെ നോക്കിക്കാണുന്നു: ''അത് മതാധിഷ്ഠിതമല്ല, മതാതീതമല്ല, മതവിരുദ്ധമല്ല. അത് സ്വന്തമെന്ന് ഒരു മതത്തെയും കണക്കാക്കാത്തതിനാല്‍ മതാധിഷ്ഠിതമല്ല; അത് ദേശസംസ്‌കാരത്തിന്റെ ഭാഗമായ വിവിധ മതപാരമ്പര്യങ്ങളെ ആദരിക്കുന്നതിനാല്‍ മതാതീതമല്ല; അത് ഏതു മതം വിശ്വസിക്കാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും പൗരന്മാര്‍ക്കു സ്വാതന്ത്ര്യം നല്‍കുന്നതിനാല്‍ മതവിരുദ്ധവുമല്ല... പൗരാവകാശം, വ്യക്തിസ്വാതന്ത്ര്യം, യുക്തിചിന്ത മുതലായ ജനാധിപത്യമൂല്യങ്ങളോടു നിരന്നുപോകുന്ന വിധം മതാനുഷ്ഠാനങ്ങളും ജാത്യാചാരങ്ങളും പരിഷ്‌കരിച്ചു മുന്നോട്ടുപോകുന്ന ഏര്‍പ്പാടാണ് മതേതരരാഷ്ട്രം'' **
* രാമചന്ദ്രപൈ, കെ.വി.; പ്രഫ, വ്യാകരണപഠനങ്ങള്‍, ലില്ലി പബ്ലിഷിങ് ഹൗസ്, ചങ്ങനാശേരി, 2009 പുറം:71
** കാരശ്ശേരി, എം.എന്‍, മൊഴിയും വഴിയും, മാതൃഭൂമി ദിനപത്രം, 2020 ജനുവരി 29 ബുധന്‍.