അമ്മയുടെ തറവാടുവീടിന്റെ അടുത്താണ് പ്രതിമയുണ്ടാക്കുന്ന സ്ഥലം. ഇച്ചായന്മാര്‍ അവിടേക്ക് ആരെയും കയറ്റിവിടില്ല. ഒരു ദിവസം അവിടെപ്പോയപ്പോള്‍ എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഐവാന്‍ അവിടെ കയറി നോക്കി.
ഹോ, എന്തോരം രൂപങ്ങള്‍! നീലയുടുപ്പിട്ടു നില്‍ക്കുന്ന ഉണ്ണീശോയെ നല്ല ഇഷ്ടമായി, അതില്‍ ഒന്നു തൊട്ടപ്പോള്‍ പിറകില്‍നിന്നു വിളിയുണ്ടായി:
''ഐവാനേ, അതില്‍ തൊടരുത്, രണ്ടു ദിവസം കഴിഞ്ഞു കൊടുക്കാനുള്ളതാണ്.'' മൂത്ത അമ്മാച്ചന്‍ ജോസിച്ചായനെ ഉള്ളില്‍ കുറച്ചു പേടിയുളളതുകൊണ്ട് ഒന്നും മിണ്ടാതെ, കുറച്ചു സങ്കടപ്പെട്ടിട്ടാണെങ്കിലും പുറത്തേക്കുപോന്നു.
ജോസിയും ബെന്നിയും ഷാജിയും ഡ്രൈവറും ചേര്‍ന്ന് ഒരു രൂപം എടുത്തു തിണ്ണയിലേക്കു കൊണ്ടുവന്നു.
നന്നായി പ്ലാസ്റ്റിക്കിട്ടു പൊതിഞ്ഞ ആ രൂപത്തിന് നല്ല വലുപ്പമുണ്ടായിരുന്നു. വണ്ടിയില്‍ നിന്നു പിന്നെയും നാലു രൂപങ്ങള്‍കൂടി എടുത്തുകൊണ്ടുവന്നു.
അതില്‍ ആരുടെയൊക്കെ രൂപമായിരിക്കും?
അകത്തുകയറി സംഭാരവും കുടിച്ചിട്ട്, അമ്മയോടായി ബെന്നിച്ചയാന്‍ പറഞ്ഞു:
''ആശാമ്മ ഇത് ഇവിടെ കൊണ്ടുവയ്ക്കാന്‍ പറഞ്ഞത് നന്നായി. ഈ രൂപങ്ങള്‍ ഉണ്ടാക്കിവച്ചിട്ട് ഒരു മാസമായി, ഓര്‍ഡര്‍ തന്ന പള്ളി അങ്ങ് വയനാടാണ്. വിചാരിച്ച നേരത്തു പള്ളിയുടെ പണി തീര്‍ന്നില്ല. അവരുടെ കുറ്റമല്ല, ഓരോന്നു ചെയ്തുവന്നപ്പോള്‍ പൈസ അങ്ങു തീര്‍ന്നു.''
''അവരിത് എടുക്കില്ലേ?''
''ഇതിന്റെ പൈസ പകുതി തന്നു, ബാക്കി അവിടെ എത്തിക്കുമ്പോള്‍. അതൊന്നുമല്ല കുഴപ്പം വന്നത്, നമുക്കു കുറച്ചു പുതിയ ഓര്‍ഡറുകള്‍ വന്നു, വര്‍ക്ക്‌ഷോപ്പില്‍ സ്ഥലമില്ല, ഇതുംകൂടി വെക്കാന്‍. ഇതാരെങ്കിലും തട്ടിയും മുട്ടിയും നശിപ്പിക്കുമോ എന്നും പേടിയാണ്.''
''ഇവിടെ ആര് തട്ടാനും മുട്ടാനും? എടാ, പിങ്ക്‌ളാങ്കീ, ബെന്നിച്ചയാന്‍ പറഞ്ഞതു കേട്ടല്ലോ, ഇത് പള്ളിയില്‍ കൊടുക്കാനുള്ളതാണ്, തൊട്ടുപോകരുത്.''
അമ്മ ഇങ്ങനെയാണ്, ആങ്ങളമാരെ കാണുമ്പോള്‍ നമ്മുടെ മുമ്പില്‍ കുറച്ചു ഗമ കാണിക്കും. പപ്പയും അതു പറയും. അത്ര കണിശമായി പറഞ്ഞത് ഐവാനെ കുറച്ചു സങ്കടപ്പെടുത്തി.
സിസിലിയാന്റി മുറി വൃത്തിയാക്കിയെന്നു പറഞ്ഞതും അമ്മാച്ചന്മാര്‍ എഴുന്നേറ്റു പൊതിഞ്ഞുവച്ച രൂപങ്ങള്‍ ഓരോന്നെടുത്തു മുറിയിലേക്കു പോയി, വളരെ ശ്രദ്ധിച്ച് അവിടെയതു വച്ചു.
തന്നോടു കൂടുതല്‍ സ്‌നേഹം കാണിക്കുന്ന ഇളയ അമ്മാച്ചന്‍ ഷാജിച്ചായനോടു പിങ്ക്‌ളാങ്കി ചോദിച്ചു:
''ആരുടെ പ്രതിമയാണത്?''
''പ്രതിമ എന്നു പറയാതെ രൂപം എന്നു പറയെടാ...''
''ആ രൂപം, അതാണ് ഞാന്‍ ഉദേശിച്ചത്.''
''അതേ, അഞ്ചു മാലാഖമാരുടേതാണ്.''
''ആരാണ് മാലാഖമാര്‍?''
''നീ കാവല്‍മാലാഖ എന്നു കേട്ടിട്ടില്ലേ?''
''ഉം...''
''അവരില്‍ പ്രധാന അഞ്ചുപേര്‍. മിഖായേല്‍, ഗബ്രിയേല്‍, റഫായേല്‍, ജോഫിയേല്‍ പിന്നെ ഏരിയല്‍.''
''വേദപാഠക്ലാസ്സില്‍ മിഖായേല്‍, ഗബ്രിയേല്‍, റഫായേല്‍ എന്നിവരെക്കുറിച്ച് ഒരു ദിവസം ടീച്ചര്‍ പറഞ്ഞുതന്നു. ജോഫിയേലും ഏരിയലും കേട്ടിട്ടില്ല.''
''സൗന്ദര്യത്തിന്റെ മാലാഖയായിട്ടാണ് ജോഫിയേല്‍ അറിയപ്പെടുന്നത്. നമ്മുടെ വീട്ടുകാരെ സഹായിക്കുന്നതും പിന്നെ പ്രശസ്തരാക്കിയതും ഈ മാലാഖയാണ്. അതായത്, സര്‍ഗശക്തിയുടെ മാലാഖ.''
''സര്‍ഗശക്തി എന്നു പറഞ്ഞാല്‍?''
''പടം വരയ്ക്കുന്നവര്‍, പാട്ടും കഥയുമൊക്കെ എഴുതുന്നവര്‍, ഉദാഹരണത്തിന് നമ്മുടെ പണിയെന്താ, രൂപം ഉണ്ടാക്കുന്നതല്ലേ? അങ്ങനെയുള്ളവരെ സഹായിക്കുന്ന മാലാഖ.''
''അപ്പോള്‍ ഏരിയലോ?''
''ആ മാലാഖ നമ്മുടെ പ്രകൃതിയെ സഹായിക്കുന്ന, മൃഗങ്ങളെ സംരക്ഷിക്കുന്ന മാലാഖയാണ്. ഒരു കാര്യം പറഞ്ഞേക്കാം, ആ പൊതിഞ്ഞുവച്ചിരിക്കുന്നതൊന്നും തുറന്നു നോക്കരുത്, നിനക്ക് ജോസിച്ചായന്റെ സ്വഭാവം അറിയാമല്ലോ, ദേഷ്യം വരും.'' ഇല്ലെന്നു തലയാട്ടിയെങ്കിലും അവന്റെ മുഖം പറഞ്ഞു, ഞാന്‍ ഇതു തുറക്കുമെന്ന്.
(തുടരും)