•  1 May 2025
  •  ദീപം 58
  •  നാളം 8
ബാലനോവല്‍

കൊട്ടാരക്കെട്ടിലെ ഉറങ്ങാത്ത രാവുകള്‍

   എല്ലാ മിഴികളും അത്യന്തം ആകാംക്ഷയോടെ തടവറയുടെ സമീപം തറച്ചുനിന്നു. ആരോ ഒരാള്‍ തടവറയുടെ സമീപത്തേക്കു മെല്ലെ നടന്നടുക്കുകയാണ്. മരണത്തിലേക്കുള്ള ദൂരം ഓരോ നിമിഷവും കുറഞ്ഞുകുറഞ്ഞുവരുന്ന അവരെ കാണാന്‍ ആരായിരിക്കും ആഗതനാകുന്നത്? 
തടവറയില്‍ കിടന്നു നോക്കുമ്പോള്‍ നടന്നടുക്കുന്ന ആ മനുഷ്യനെ അവരും കണ്ടു.
ആ രൂപം കണ്ട് സകലരും ഞെട്ടിപ്പോയി. ആരാണിയാള്‍? ജനത്തിന്റെ ചുണ്ടുകളില്‍നിന്നു  മര്‍മരം ഉയര്‍ന്നു. കാര്യമറിയാതെ അവര്‍ അന്യോന്യം പകച്ചുനോക്കി. 
നീണ്ട താടിയും മുടിയും വളര്‍ത്തിയ മനുഷ്യന്‍. മുഖത്തെ രോമങ്ങള്‍ വെള്ളിനൂലുകള്‍ പോലെ നരച്ചിരിക്കുന്നു. ആറടിയോളം ഉയരം. അതിനൊത്ത വണ്ണം.
അയാള്‍ എന്തിനാണ് ആ തടവറയിലേക്കു നടക്കുന്നത്? മന്ത്രവാദിയുടെ സഹോദരന്മാര്‍ വല്ലവരുമായിരിക്കുമോ? അതുമല്ലെങ്കില്‍ ഇരുവരെയും രക്ഷിക്കുവാന്‍ ആരെങ്കിലും എത്തുന്നതായിരിക്കുമോ? രാജഭടന്മാര്‍ വാളുകളുമായി കാവല്‍ നില്‍ക്കുന്ന തടവറയില്‍നിന്ന് അവരെ ആര്‍ക്കും രക്ഷിക്കാനാവില്ല. പിന്നെന്തിനാണ് അയാള്‍ ആ തടവറയിലേക്കു നടക്കുന്നത്? 
ആ രൂപം മെല്ലെ നടന്ന് തടവറയ്ക്കു മുമ്പിലെത്തി. പിന്നെ അകത്തേക്കു സൂക്ഷിച്ചുനോക്കി.
അയാളെ കണ്ടതേ ദേവദത്തന്‍ ശാന്തനായി.
ഇരുവരും തികച്ചും അപരിചതരെപ്പോലെ ഒരു നിമിഷം അന്യോന്യം നോക്കിനിന്നു.
പെട്ടെന്ന് ദേവദത്തന് ആളെ മനസ്സിലായി.
സര്‍പ്പകാലന്‍! 
അടുത്തനിമിഷം ദേവദത്തന്റെ വലിയൊരു അലര്‍ച്ച തടവറയില്‍നിന്നു മുഴങ്ങി. അയാള്‍ ഒരു ഭ്രാന്തനെപ്പോലെ തടവറയുടെ ഭിത്തിയില്‍ ആഞ്ഞടിക്കുകയും തൊഴിക്കുകയും ചെയ്തു. അതു കണ്ട മന്ത്രവാദിയും സമനില തെറ്റിയവനെപ്പോലെ അലറി.
മരണത്തിന് ഇനി ഏതാനും മണിക്കൂറുകള്‍മാത്രം. തെല്ലകലെ തങ്ങള്‍ക്കുവേണ്ടി ഒരുങ്ങുന്ന കഴുകുമരം കണ്ടു. ഇരുവരും ഭയന്നു വിറച്ചു.
അപ്പോഴും സര്‍പ്പകാലന്‍ അവരെത്തന്നെ നോക്കി അക്ഷോഭ്യനായി, നിശ്ചലനായി നിന്നു.
സര്‍പ്പകാലന്‍ ഒരക്ഷരംപോലും ശബ്ദിക്കുന്നില്ല. 
ജനം ഒന്നടങ്കം ആകാംക്ഷയോടെ മുള്‍മുനയില്‍ തരിച്ചു നില്‍ക്കുകയാണ്.
പെട്ടെന്ന് അവര്‍ ഇരുവരും ശാന്തരായി. ദേവദത്തന്റെ ഓര്‍മകളില്‍ എവിടെനിന്നോ ആ വാക്കുകള്‍ വീണ്ടും ശ്രവിക്കുന്നതുപോലെ തോന്നി.
''അധികം താമസിയാതെ ഈ സര്‍പ്പവുമായി നാം വീണ്ടും ഇവിടെ എത്തും.'' ദേവദത്തന് തന്റെ ശരീരത്തില്‍നിന്ന് അപ്പോള്‍ത്തന്നെ പ്രാണന്‍ പറന്നകലുന്നതായി തോന്നി.
സര്‍പ്പകാലന്‍! ആ മനുഷ്യന്‍ ദേവദത്തന്റെ സമീപം വന്നുനിന്നു. ഭയന്നുവിറച്ച് തലതാഴ്ത്തി ദേവദത്തന്‍ നിന്നു. അയാള്‍ പറഞ്ഞു: ''നീ എന്നെ വഞ്ചിച്ചു.'' അലറുന്ന സ്വരത്തില്‍ വീണ്ടും പറഞ്ഞു: ''അതിന്റെ ശിക്ഷ നിനക്കു നല്‍കാനാണ് നാം വന്നിരിക്കുന്നത്.''
സര്‍പ്പകാലന്‍ തിരിഞ്ഞു കൊട്ടാരത്തിലേക്കു നടന്നു. അപ്പോഴാണ് ചുറ്റും നിന്നവര്‍ ആ മനുഷ്യനെ തിരിച്ചറിഞ്ഞത്. അയാളെ അവര്‍ തലകുനിച്ച് എതിരേറ്റു.
ജനം പകച്ചുനിന്നു. ഈ സമയത്ത് എന്തിനായിരിക്കും സര്‍പ്പകാലന്‍ എത്തിയത്? ഇപ്പോള്‍ അദ്ദേഹത്തിന്റെ ഒരാവശ്യവും ആദിത്യപുരംസാമ്രാജ്യത്തിനില്ല. രാജ്യത്ത് ഒരിടത്തും ദുഷ്ടസര്‍പ്പങ്ങളുടെ ഉപദ്രവമില്ല. പിന്നെന്തിനാണ് സര്‍പ്പകാലന്‍ ആഗതനായത്? അതും ദേവദത്തന്റെയും മന്ത്രവാദിയുടെയും ശിക്ഷ നടപ്പാക്കുന്ന ആ ദിനം തന്നെ. അതാണ് വാസ്തവത്തില്‍ ജനത്തെ അമ്പരപ്പിച്ചുകളഞ്ഞത്.  
സര്‍പ്പകാലന്‍ മെല്ലെ രാജകൊട്ടാരത്തിലെത്തി. ആ മനുഷ്യനെ കണ്ടതേ കാര്‍ഫിയൂസ് മഹാരാജാവും മറ്റു കൊട്ടാരവാസികളും എണീറ്റ് തലകുനിച്ച് സര്‍പ്പകാലനെ വണങ്ങി.
പിന്നെ അയാളെ സ്വീകരിച്ചാനയിച്ച് സ്വര്‍ണം പതിച്ച ഒരു പീഠത്തില്‍ ഇരുത്തി.
പെട്ടെന്ന് തടിച്ചുകൂടിയ പ്രജകളുടെ സംശയനിവാരണത്തിനായി സോയൂസ് വിളംബരം ചെയ്തു: ''പ്രിയപ്പെട്ട ആദിത്യപുരം രാജ്യനിവാസികളേ, നാം ഒരു വലിയ ചതിയുടെ കഥയാണു പറയാന്‍ പോകുന്നത്. ദേവദത്തന്‍ സര്‍പ്പകാലനില്‍നിന്നു വിലകൊടുത്തു വാങ്ങിയ കൊടുംസര്‍പ്പമാണ് മഹാരാജാവ് തിരുമനസ്സിനെ ദംശിച്ചു കൊന്നത്. കാഴ്ചബംഗ്ലാവില്‍ വളര്‍ത്താനാണെന്നു പറഞ്ഞാണ് സര്‍പ്പകാലനോടു കുമാരനും മന്ത്രവാദിയും ചേര്‍ന്ന് സര്‍പ്പത്തെ വാങ്ങിയത്. അങ്ങനെ ഇരുവരും സര്‍പ്പകാലനെ കൊടുംചതിയില്‍പ്പെടുത്തി.''
സോയൂസ് ഒന്നു നിറുത്തി. ജനം അതുകേട്ട് നിശ്ചലരായി നിന്നുപോയി.
സോയൂസ് വീണ്ടും തുടര്‍ന്നു: ''അതിനാല്‍ ആ കൊടുംസര്‍പ്പത്തെക്കൊണ്ടുതന്നെ ദംശിപ്പിച്ചാണ് ദേവദത്തനെ വധിക്കുന്നത്. വിഷമേറ്റു പിടഞ്ഞുമരിക്കുന്ന ദേവദത്തനെ നിങ്ങള്‍ക്കു സ്വന്തം കണ്ണുകള്‍കൊണ്ടു കാണാന്‍ സാധിക്കും. കൂടാതെ, കഴുകുമരത്തില്‍ക്കിടന്ന് ആടുന്ന മന്ത്രവാദിയുടെ മൃതദേഹവും നിങ്ങള്‍ക്കു കാണാം. ദംശനം നടത്താനാണ് സര്‍പ്പകാലന്‍ ഇവിടെയെത്തിയത്.'' 
അതുകേട്ട് ജനം ആഹ്ലാദഭരിതരായി. അവര്‍ പാട്ടുപാടുകയും നൃത്തം ചവിട്ടുകയും ചെയ്തു. 
സോയൂസ് വീണ്ടും പറഞ്ഞു: ''ആദ്യം വധിക്കുന്നത് മന്ത്രവാദിയെയാണ്. അയാളെ കൊണ്ടുവരൂ.''
ഭടന്മാര്‍ മന്ത്രവാദിയെ കൈകള്‍ പിന്നില്‍ക്കെട്ടി, കണ്ണുകള്‍ മൂടിക്കെട്ടി കഴുകുമരത്തിന്റെ ചുവട്ടില്‍ നിറുത്തി. പിന്നെ കഴുത്തില്‍ കുരുക്കിട്ടതും കാര്‍ഫിയൂസ് ഓടിയെത്തിയതും ഒന്നിച്ചു കഴിഞ്ഞു.
''നിര്‍ത്തൂ!'' കാര്‍ഫിയൂസ് അലറുന്ന സ്വരത്തില്‍ പറഞ്ഞു. ''ഇയാളെ വധിക്കണ്ട. ജീവന്‍ ദൈവത്തിന്റെ   ദാനമാണ്. അതെടുക്കാന്‍ മനുഷ്യന് അവകാശമില്ല.'' ജനം അതുകേട്ട് സ്തംഭിച്ചു നിന്നു.
അടുത്ത നിമിഷം ദേവദത്തനെ തടവറയില്‍നിന്നിറക്കി വലിയൊരു ഓക്കുമരത്തിന്റെ ചുവട്ടില്‍ കൈകാലുകള്‍ ബന്ധിച്ചു നിറുത്തി. 
ചുറ്റും ജനം ആകാംക്ഷയോടെ നിന്നു.
സര്‍പ്പകാലന്‍ മരച്ചുവട്ടിലെത്തി. അയാള്‍ തന്റെ മാന്ത്രികവടി നിലത്തടിച്ചതും മരത്തിനു മുകളില്‍നിന്നു രാജാവിനെ ദംശിച്ച അതേ സര്‍പ്പം വായ്പിളര്‍ന്ന് മരത്തിലൂടെ താഴേക്കിറങ്ങി. അതുകണ്ട് ദേവദത്തന്‍ അലറിക്കരഞ്ഞു. ''രക്ഷിക്കണേ!'' കാര്‍ഫിയൂസിനെ നോക്കി ദയനീയമായി നിലവിളിച്ചു.
''ചേട്ടാ, എന്നെ രക്ഷിക്കണം. എനിക്കു തെറ്റുപറ്റി.''
കാര്‍ഫിയൂസ് അനുജന്റെ സമീപമെത്തി. പിന്നെ സര്‍പ്പകാലനെ നോക്കി പറഞ്ഞു: ''വേണ്ട, ഇയാളെ വധിക്കണ്ട. പകരം സ്വന്തം പിതാവിന്റെ ശവക്കല്ലറയ്ക്കരുകില്‍ മരണം വരെ ചങ്ങലയ്ക്കിട്ടാല്‍ മതി.''
അതുകേട്ട് സര്‍പ്പകാലന്‍ തന്റെ കൈയിലിരുന്ന മാന്ത്രികവടി ആകാശത്തേക്കു വീശി. തല്‍ക്ഷണം ആ കുറ്റന്‍സര്‍പ്പം അപ്രത്യക്ഷമായി.
''മഹാരാജാവ് നീണാള്‍ വാഴട്ടെ.''
ജനം ഒന്നടങ്കം കാര്‍ഫിയൂസിനെ വാഴ്ത്തിപ്പാടിക്കൊണ്ട് പിരിഞ്ഞുപോയി.

(അവസാനിച്ചു)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)