അപകടമരണങ്ങള്‍, ആത്മഹത്യകള്‍, കൊലപാതകങ്ങള്‍, കൂട്ടക്കൊലപാതകങ്ങള്‍-ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചുവരുന്നു. അതില്‍ അവസാനത്തേത് വെഞ്ഞാറമ്മൂട്ടില്‍ അരങ്ങേറിയ മൃഗീയകൊലപാതകങ്ങളാണ്. 23 വയസ്സുള്ള ഒരു യുവാവ് ആറു മണിക്കൂറിനുള്ളില്‍ മൂന്നു വീടുകളിലായി അഞ്ചുപേരെ കൊലപ്പെടുത്തി. ആറാമത്തെയാളും മരിച്ചുവെന്നാണു കരുതിയത്. അതു സ്വന്തം അമ്മയായിരുന്നു. അമ്മൂമ്മയെയും അനുജനെയും ഇഷ്ടത്തിലായിരുന്നുവെന്നു പറയപ്പെടുന്ന പെണ്‍കുട്ടിയെയും പിതൃസഹോദരനെയും അയാളുടെ ഭാര്യയെയുമാണ് അയാള്‍ ചുറ്റികകൊണ്ട് അടിച്ചു മൃഗീയമായി കൊലപ്പെടുത്തിയത്. ഇരുപതുമുതല്‍ ഇരുപത്തിയേഴു പ്രാവശ്യമാണ് ഓരോരുത്തരെയും ചുറ്റികകൊണ്ട് അടിച്ചത്. അതിനുശേഷം കുളിച്ചു വസ്ത്രം മാറി യാതൊന്നും സംഭവിച്ചില്ലെന്ന സ്വാഭാവികതയോടെ പൊലീസ് സ്റ്റേഷനിലെത്തി കൊലപാതകവിവരം അറിയിക്കുകയായിരുന്നു. അവിശ്വസനീയമെന്നു തോന്നിയെങ്കിലും പൊലീസ് അന്വേഷിച്ചുചെന്നപ്പോള്‍ ഇയാള്‍ പറഞ്ഞതു ശരിയാണെന്നു ബോധ്യപ്പെട്ടു. ഇതിനിടയില്‍ പൊലീസ്‌സ്റ്റേഷനില്‍വച്ചുതന്നെ കൈയില്‍ കരുതിയിരുന്ന എലിവിഷം കഴിക്കുകയും അതു പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയും പൊലീസ് അയാളെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. സിനിമയിലോ കഥയിലോപോലും കാണാനാവാത്ത അത്യപൂര്‍വവും അസ്വാസ്ഥ്യജനകവുമായ കാര്യങ്ങളാണിവയൊക്കെയും.
വെഞ്ഞാറമ്മൂട്ടിലെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്നു പറഞ്ഞ് സമാധാനിക്കാന്‍ ആരും തയ്യാറല്ല. ഇത് അവസാനത്തേതാണെന്ന ചിന്തയും ആര്‍ക്കുമില്ല. എന്തുകൊണ്ട് ഇത്തരം ക്രൂരതകള്‍ ഉണ്ടാകുന്നുവെന്നതിനെക്കുറിച്ചു കൃത്യമായി പറയാന്‍ പൊലീസുകാര്‍ക്കോ മനഃശാസ്ത്രവിദഗ്ധര്‍ക്കോ ആരോഗ്യപ്രവര്‍ത്തകര്‍ക്കോ പൊതുപ്രവര്‍ത്തകര്‍ക്കോ ആകുന്നില്ല. കാരണം വ്യക്തമാക്കാന്‍ കഴിയുന്ന രണ്ടുപേരില്‍ ഒരാള്‍ ജീവനുവേണ്ടി പോരാടുന്ന പരിക്കേറ്റ അമ്മയും മറ്റേയാള്‍ പ്രതിയുമാണ്. പൊലീസ് അന്വേഷണത്തില്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നു പ്രതീക്ഷിക്കാം.
ഇതെഴുതുമ്പോള്‍ അഭ്യൂഹങ്ങള്‍മാത്രമാണു ലഭിക്കുന്നത്. പിതാവിന്റെ സാമ്പത്തികബാധ്യത, പണം ചോദിച്ചിട്ടു നല്‍കാത്തതിന്റെ പ്രതികാരം, വിവാഹാഭ്യര്‍ഥനയുമായി ബന്ധപ്പെട്ട മോഹഭംഗങ്ങള്‍, പ്രതിയുടെ മനോനിലയിലെ വ്യതിയാനങ്ങള്‍, ലഹരിയുടെ ഉപയോഗം - ഇങ്ങനെ പല കാര്യങ്ങള്‍ കൊലപാതകത്തിനു കാരണമായി കരുതപ്പെടുന്നു. സാമ്പത്തികപ്രതിസന്ധിക്കു പരിഹാരം കൊലപാതകമല്ലെന്നിരിക്കേ, എന്തുകൊണ്ട് ഉറ്റവരെയും ഉടയവരെയും കൊലപ്പെടുത്തി? പതിനൊന്നു വയസ്സിന്റെ വ്യത്യാസമുള്ള അനുജനെ കരുതലോടെ കാത്തിരുന്നവനാണ് പ്രതിയെന്നും പറയപ്പെടുന്നു. അതുകൊണ്ടും ഈ അരുംകൊലയുടെ യഥാര്‍ഥകാരണം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.
പ്രതി ഏതെങ്കിലുംതരത്തിലുള്ള ലഹരി ഉപയോഗിച്ചിട്ടുണ്ടാകാമെന്ന പ്രാഥമികസൂചനകള്‍ പൊലീസിന്റെ ഭാഗത്തുനിന്നു ലഭിക്കുന്നുണ്ട്. രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നാണു വിവരം. സിന്തെറ്റിക് ലഹരിപദാര്‍ഥങ്ങള്‍ മദ്യത്തെക്കാള്‍ അപകടകാരികളാണ്. മൂന്നുതരത്തിലാണ് അതു മനുഷ്യനില്‍ പ്രവര്‍ത്തിക്കുക. ചിലരെ അത് അക്രമാസക്തരാക്കും. ചിലരെ വിഷാദത്തിലേക്കു തള്ളിയിടും. ചിലരെ സ്വപ്‌നലോകത്തിലേക്കു നയിക്കും. ഇതില്‍ ഏതവസ്ഥയിലേക്കു കടന്നാലും അവര്‍ക്കു യാഥാര്‍ഥ്യബോധം നഷ്ടപ്പെടും. സ്വന്തവും ബന്ധവും തിരിച്ചറിയാനാവില്ല. ഇല്ലാത്ത ധൈര്യം ലഭിക്കും. ഭയം അപ്രത്യക്ഷമാകും. ചെയ്യുന്നതിന്റെ ശരിതെറ്റുകളെക്കുറിച്ചുള്ള വിവേചനം നഷ്ടപ്പെടും. വരുംവരായ്കകളെക്കുറിച്ചു ചിന്തയില്ലാതെ എന്തും പ്രവര്‍ത്തിക്കും.
ലഹരിയുടെ അടിമയാകാന്‍ അധികസമയം വേണ്ട. പെട്ടെന്ന് ആസക്തി സൃഷ്ടിക്കാന്‍ കഴിയുന്ന മയക്കുമരുന്നുപദാര്‍ഥങ്ങള്‍ ഇന്നു വിപണിയിലുണ്ട്. ആസക്തിയുള്ളവരെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും എളുപ്പമല്ല. വാങ്ങാന്‍ പണമില്ലെങ്കില്‍ മോഷ്ടിക്കും. ചോദിച്ചിട്ടു കിട്ടുന്നില്ലെങ്കില്‍ ഉപദ്രവിക്കും. പണമില്ലാത്തവരെ വിപണനക്കാരാക്കി മാറ്റാനുള്ള തന്ത്രങ്ങളാണ് ലഹരിമാഫിയ പ്രയോഗിക്കുന്നത്. ചുരുക്കത്തില്‍, ഇന്നു കേരളത്തില്‍ സംഭവിക്കുന്ന ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങളും ആത്മഹത്യകളും അപകടമരണങ്ങളും ലഹരിയുമായി ബന്ധപ്പെട്ടവയത്രേ.
എന്താണ് ഇതിനൊരു പരിഹാരം? ആദ്യത്തെ ഉത്തരം ബോധവത്കരണമെന്നാണ്. എത്രയോ കാലമായി ബോധവത്കരിച്ചുകൊണ്ടിരിക്കുന്നു! പ്രശ്‌നം ഗുരുതരമാകുന്നതല്ലാതെ കുറയുന്നുണ്ടോ? ഉപദേശിച്ചാല്‍ ആരെങ്കിലും നന്നാകുമോ? നല്ല പരിഹാരം ജാഗ്രതയാണെന്നു തോന്നുന്നു. വീട്ടിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും പൊതുവിടങ്ങളിലും മാതാപിതാക്കളും പൊലീസും സ്ഥാപനാധികാരികളും സമുദായനേതാക്കന്മാരും രാഷ്ട്രീയപ്രവര്‍ത്തകരും ജാഗ്രതയോടെ വര്‍ത്തിക്കണം. ആര്‍ക്കും തനിച്ച് ഈ വിപത്തിനെ നേരിടാനാവില്ല. എന്നാല്‍, എല്ലാവര്‍ക്കുമൊന്നിച്ച് നേരിടാനാവാത്ത ഒരു ശത്രുവുമില്ല. ലഹരിയെന്ന ശത്രുവിന്റെ പാളയത്തില്‍ച്ചെന്ന് യുദ്ധം ചെയ്യാന്‍ കേരളീയര്‍ കൈകോര്‍ക്കണം.