കാര്‍ഫിയൂസും സംഘവും ആ കാഴ്ച കണ്ട് ഞെട്ടിയിരുന്നുപോയി. കണ്ണുകള്‍ക്കു വല്ല തകരാറും സംഭവിച്ചോ എന്നുപോലും ഭയന്നു.
എല്ലാവരുടെയും ഹൃദയത്തുടിപ്പുകള്‍ക്കു വേഗമേറി. കൈകള്‍ വിറയ്ക്കുന്നതുപോലെ. ശരീരം തളരുന്നതുപോലെ.
ഭടന്മാരുടെ തലവനും അതീവധൈര്യശാലിയുമായ സോയൂസുപോലും തെല്ലൊന്നു ഭയന്നു.
ഏതാനും മണിക്കൂറുകള്‍ക്കുമുമ്പ് കല്ലുരുട്ടാന്‍ ശ്രമിക്കുന്നതിനിടയില്‍ അമ്പേറ്റു പിടഞ്ഞുമരിച്ച ഭടന്‍. അതേ രൂപം. അതേ മുഖം. ശരീരമാസകലം രക്തത്തില്‍ നനഞ്ഞിരിക്കുന്നു. എങ്കിലും ആ നടത്തത്തിനു യാതൊരു മാറ്റവുമില്ല. ശരീരത്തില്‍നിന്നു ലിറ്റര്‍ കണക്കിന് രക്തം വാര്‍ന്നുപോയിട്ടും യാതൊരു ക്ഷീണവുമില്ല. പഴയതിലും ഊര്‍ജസ്വലനായി ഇതാ വീണ്ടും വന്നിരിക്കുന്നു. ഭയാനകമായ ഒരു രൂപവുമായി.
ആ മനുഷ്യരൂപത്തെ ഭടന്മാരും സോയൂസുമെല്ലാം വ്യക്തമായിക്കണ്ടു. എല്ലാ കണ്ണുകളിലും ഭീതി നിറഞ്ഞു.
''സോയൂസേ, നാമെന്താണീ കാണുന്നത്?'' വിറയ്ക്കുന്ന സ്വരത്തോടെ മേഘനാദന്‍ ചോദിച്ചു.
മേഘനാദന്റെ ബുദ്ധിക്കും അതീതമായ ഒരു രംഗം. മേഘനാദന്‍ മെല്ലെ പറഞ്ഞു:
''ഇത് അമ്പേറ്റു മരിച്ചെന്നു കരുതിയ മനുഷ്യന്‍തന്നെയാണ്. എനിക്ക് എന്തോ ഒരു ഭയം തോന്നുന്നു. ഇനി ഇയാള്‍ വല്ല പ്രേതവുമാണോ?''
പ്രേതമെന്നു കേട്ടപ്പോള്‍ എല്ലാവര്‍ക്കും ഭയമായി. പിടഞ്ഞു മരിക്കുന്ന രംഗം എല്ലാവരും സ്വന്തം കണ്ണുകള്‍കൊണ്ടു കണ്ടതാണ്. ചോരവാര്‍ന്ന് നിശ്ചലമായിക്കിടക്കുന്ന ജഡം വളരെനേരം കഴിഞ്ഞാണ് മറ്റൊരു ഭടന്‍ തോളിലിട്ടു നടന്നത്. അപ്പോള്‍ ആ ശരീരം വാടിയ വള്ളിപോലെ തളര്‍ന്നാണു കിടന്നത്. പിന്നെങ്ങനെ അയാള്‍ ഇത്ര ആരോഗ്യവാനായി കടന്നുവരുന്നു? അമ്പേറ്റ ഭാഗത്തെ ദ്വാരംപോലും കാണാം. എല്ലാവരും ഭയത്തോടെ ശ്വാസമടക്കി അയാളെത്തന്നെ നോക്കിക്കൊണ്ടിരുന്നു.
മെല്ലെ പാറക്കല്ലിനു സമീപത്തേക്ക് അയാള്‍ നടന്നടുക്കുകയാണ്. ഇടയ്ക്കിടെ ചുറ്റും നോക്കുന്നു. ആരെയോ തിരയുന്നതുപോലെ...
കല്ലിനു സമീപം വന്നുനിന്ന് നിലത്തുകിടന്ന കൂറ്റന്‍ ഇരുമ്പുകമ്പി വീണ്ടും കൈയിലെടുത്തു. കുറേനേരം ആ കമ്പിയിലേക്കു തന്നെ നോക്കിനിന്നു. പെട്ടെന്ന് ആ കണ്ണുകള്‍ ബീഭത്സമായി. മുഖത്തെ പേശികള്‍ വലിഞ്ഞുമുറുകി. പല്ലുകള്‍ ഞെരിയുന്ന സ്വരം കാര്‍ഫിയൂസിനെയും ഭടന്മാരെയും ഭയാക്രാന്തരാക്കി.
സോയൂസുപോലും ഭയംകൊണ്ടു വിറച്ചു. ഏതു ധൈര്യശാലിയെയും പേടിത്തൊണ്ടനാക്കുന്ന രംഗം.
അയാള്‍ കമ്പി കല്ലിനിടയിലേക്കു കുത്തിക്കയറ്റിയശേഷം കമ്പിയില്‍ പിടിച്ച് ആഞ്ഞൊരു തള്ള്. വലിയ ഹുങ്കാരവത്തോടെ കൂറ്റന്‍ പാറക്കല്ല് മണ്‍തിട്ടകളെ ഇടിച്ച് മരങ്ങളെ കടപുഴക്കി താഴേക്കു പാഞ്ഞു. അവസാനം അത് നദിയില്‍ വലിയൊരു ശബ്ദത്തോടെ വന്നുവീണു. രാത്രിയുടെ നിശ്ശബ്ദയാമങ്ങള്‍പോലും ആ സ്വരം കേട്ട് ഞെട്ടിവിറച്ചു. ഇനി എന്തു ചെയ്യണമെന്നറിയാതെ സോയൂസും മേഘനാദനും തരിച്ചിരുന്നു.
എന്താണ് ഇനി അവിടെ നടക്കുന്നതെന്ന് അവര്‍ ശ്രദ്ധാപൂര്‍വം വീക്ഷിച്ചു. അയാളുടെ അടുത്ത ലക്ഷ്യമെന്താണ്? കൂറ്റന്‍കല്ല് ഉരുട്ടിയിട്ട് അതീവക്രുദ്ധനായി തീ പാറുന്ന കണ്ണുകളോടെ നില്‍ക്കുകയാണ്.
അടുത്തനിമിഷം അയാള്‍ അത്യുച്ചത്തില്‍ ആര്‍ത്തട്ടഹസിച്ചു. വന്യമായ, കിരാതമായ ഒരു പൊട്ടിച്ചിരി.
അതിനവസാനം അയാള്‍ അലറുന്ന സ്വരത്തില്‍ അന്തരീക്ഷത്തിലേക്കു നോക്കി വെല്ലുവിളിച്ചു: ''ആര്‍ക്കെങ്കിലും ധൈര്യമുണ്ടെങ്കില്‍ എന്നെ അമ്പെയ്തു കൊല്ലൂ... ഹാ... ഹാ...'' അയാള്‍ വീണ്ടും അലറിച്ചിരിച്ചു. ''വരിനെടാ വരിന്‍. ധൈര്യമുള്ളവരുണ്ടെങ്കില്‍ വരിന്‍. എല്ലാറ്റിനെയും കൊന്നു കൊക്കയിലെറിയും. ഇതു ഞാനാടാ ഞാന്‍.'' അയാള്‍ വീണ്ടും പൊട്ടിച്ചിരിച്ചു. രാത്രിയുടെ വിജനതയില്‍ അതൊരു ഇടിമുഴക്കമായി.
സോയൂസ് മെല്ലെ മേഘനാദന്റെ കാതില്‍ മന്ത്രിച്ചു:
''ഇതു മരിച്ച മനുഷ്യനാണോയെന്നു സംശയമുണ്ട്. ഒരുപക്ഷേ, നമ്മളെ ഭയപ്പെടുത്താന്‍ ആരെങ്കിലും വേഷം മാറി വന്നതാണോയെന്നും സംശയമുണ്ട്. ഒരു അമ്പ് എയ്തുനോക്ക്.''
മേഘനാദന്‍ ഒരു വില്ലെടുത്തു. പിന്നെ ഒരു അമ്പ് ആ മനുഷ്യരൂപത്തിനു നേര്‍ക്കു പാഞ്ഞു ചെന്നു. അതിശക്തിയോടെ അമ്പ് ആ ശരീരത്തില്‍ പതിച്ചതും വലിയൊരു ശബ്ദത്തോടെ അതു തെറിച്ചു നിലത്തേക്കു വീണു.
''ഹാ... ഹാ...'' അയാള്‍ പൂര്‍വാധികം ശക്തിയോടെ അലറിച്ചിരിച്ചു പറഞ്ഞു. ''ഇനിയും എയ്യടാ പട്ടീ.''
ഭയാനകമായ ആ ചിരിയുടെ അലകള്‍ കൂറ്റന്‍ മലനിരകളില്‍ത്തട്ടി പ്രതിധ്വനിച്ചു.
''അയാള്‍ ഇരുമ്പുകവചം ധരിച്ചിരിക്കുകയാണ്. അതാണ് അമ്പേല്‍ക്കാത്തത്.'' സോയൂസ് പറഞ്ഞു.
''നമുക്ക് ഒരു നിമിഷംകൊണ്ട് അയാളെ കടന്നുപിടിച്ച് കീഴ്‌പ്പെടുത്തി ജീവനോടെ കൊണ്ടുപോകണം.''
ഭടന്മാര്‍ ഒന്നടങ്കം ആ ഇരുമ്പു മനുഷ്യന്റെമേല്‍ ചാടിവീണു. അയാള്‍ കുന്നിനു താഴേക്ക് ഓടി. പിന്നാലെ ഭടന്മാരും.
(തുടരും)