•  27 Feb 2025
  •  ദീപം 57
  •  നാളം 50
നേര്‍മൊഴി

സ്വകാര്യസര്‍വകലാശാല കേരളത്തില്‍ വിജയിക്കുമോ?

    നേരത്തേ ചെയ്യേണ്ടിയിരുന്ന ഒരു നല്ല കാര്യം വൈകി ചെയ്യുന്നതിനെയാണു വൈകിയുദിച്ച വിവേകമെന്നു പറയുന്നത്. സ്വകാര്യസര്‍വകലാശാലയെക്കുറിച്ചുള്ള ചിന്തകള്‍ ആരംഭിച്ചത് 2011 ല്‍ യുഡിഎഫിന്റെ ഭരണകാലത്താണ്. ഒന്നരപ്പതിറ്റാണ്ടിനുശേഷം ഇപ്പോഴാണ് അതു യാഥാര്‍ഥ്യമാകുന്നതിനെക്കുറിച്ചു ഗൗരവമായി ചിന്തിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിനുള്ള കരടുബില്‍ മന്ത്രിസഭ അംഗീകരിച്ചുകഴിഞ്ഞു. ഭരണകക്ഷിയായ സിപിഎമ്മിന്റെ ഘടകകക്ഷിയായ സിപിഐ നിര്‍ദേശിച്ച ഏതാനും ഭേദഗതികളോടെയാണ് കരടുബില്‍ നിയമസഭയുടെ നടപ്പുസമ്മേളനത്തില്‍ത്തന്നെ പാസ്സാക്കാന്‍ ശ്രമിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച ഒരു പദ്ധതി എന്ന നിലയില്‍ ഇപ്പോള്‍ പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസിന് തത്ത്വത്തില്‍ ഈ ബില്ലിനെ എതിര്‍ക്കാനാവില്ല. എതിര്‍ത്താല്‍ രാഷ്ട്രീയമായ തിരിച്ചടികള്‍ക്ക് അതു കാരണമാകുമെന്നതിനാല്‍ ഭേദഗതികള്‍ നിര്‍ദേശിക്കാനാണു സാധ്യത. നിരുപാധികമായ പിന്തുണ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഒരു വിഷയത്തിലും പ്രതീക്ഷിക്കാനാവില്ല.

നാടിന്റെ വികസനത്തിനുതകുന്ന ഏതു പരിപാടി ആരു കൊണ്ടുവന്നാലും അതിനെ അന്ധമായി എതിര്‍ത്ത് വികസനം തടയേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നു വിശ്വസിക്കുന്ന വികസനവിരോധികളായ വിഡ്ഢികള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. അവരാണ് ജനാധിപത്യത്തിന്റെ യഥാര്‍ഥ ശത്രുക്കള്‍. ഇത്തരം വികസനവിരോധികള്‍ എല്ലാ രാഷ്ട്രീയമുന്നണികളിലുമുണ്ടെങ്കിലും എണ്ണത്തിലും വീര്യത്തിലും കൂടുതല്‍ ഇടതുപക്ഷമുന്നണിയില്‍ത്തന്നെ. ഒരു പദ്ധതി മുടങ്ങുമ്പോള്‍ അതുവഴി ജനത്തിനുണ്ടാകുന്ന നഷ്ടത്തെക്കുറിച്ചു സമരക്കാര്‍ ചിന്തിക്കുന്നതേയില്ല. ജനത്തിനുവേണ്ടി എന്നു പറഞ്ഞു നടത്തുന്ന സമരങ്ങളെല്ലാം ജനവിരുദ്ധമായി മാറുന്നുവെന്നതാണു വാസ്തവം.
സ്വകാര്യസര്‍വകലാശാല ആരംഭിക്കാനുള്ള സാധ്യതാപഠനം എന്ന നിലയില്‍ 2016 ല്‍ കോവളത്തുവച്ചു നടന്ന ആഗോളവിദ്യാഭ്യാസസംഗമത്തില്‍ അതിന്റെ ചുമതലക്കാരില്‍ ഒരാളായിരുന്ന ഉന്നതവിദ്യാഭ്യാസവൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസനെ ഇടതുപോഷകസംഘടനയുടെ സഖാക്കള്‍ തലയ്ക്കടിച്ചു നിലത്തിട്ടു. അറിയപ്പെടുന്ന വിദ്യാഭ്യാസപ്രവര്‍ത്തകനും നയതന്ത്രവിദഗ്ധനുമായ അദ്ദേഹത്തിന്റെ ശരീരത്തിന്റെ വേദന മാറിയിട്ടുണ്ടെങ്കിലും, ഉണ്ടായ മാനസികാഘാതവും അപമാനഭാരവും വിട്ടുമാറിയിട്ടില്ലെന്ന് ഈ വിഷയത്തില്‍ അദ്ദേഹം അടുത്തകാലത്തു നടത്തിയ പ്രതികരണത്തില്‍നിന്നു വ്യക്തമാണ്. കലാലയങ്ങളിലെ രാഷ്ട്രീയ ഇടപെടലുകളുടെയും വിദ്യാര്‍ഥിപ്രസ്ഥാനങ്ങളിലെ ഗുണ്ടകളുടെ നശീകരണപ്രവര്‍ത്തനങ്ങളുടെയും ഫലമായി വിദ്യാഭ്യാസമേഖലയില്‍ കേരളം എത്രയോ ദൂരമാണ് പിന്നിലായത്! സ്വാശ്രയവിദ്യാഭ്യാസപ്രവര്‍ത്തനങ്ങളുടെ കാര്യവും ഇവിടെ ഓര്‍മിക്കേണ്ടതായിട്ടുണ്ട്.  ഇടതു-വലതു വ്യത്യാസമില്ലാതെ സ്വാശ്രയവിദ്യാഭ്യാസത്തെ എതിര്‍ത്തവരാണ് അവിടെത്തന്നെ അഡ്മിഷനായി പിന്നീടു കാത്തുനിന്നത്. ചെയ്തുകൂട്ടിയ മണ്ടത്തരങ്ങളും അല്പത്തരങ്ങളും യാതൊരുളുപ്പുമില്ലാതെ തരംപോലെ മറക്കുന്ന രാഷ്ട്രീയനേതൃത്വത്തെ നല്ലവരില്‍ നല്ലവരായ മനുഷ്യര്‍ക്കുപോലും ബഹുമാനിക്കാന്‍ തോന്നാതിരിക്കുന്നതു സ്വാഭാവികംമാത്രമാണ്.
എന്തുകൊണ്ട് സ്വാശ്രയവിദ്യാഭ്യാസസ്ഥാപനങ്ങളും സ്വകാര്യസര്‍വകലാശാലകളും ആവശ്യമായി വരുന്നു? ഒന്നാമത്തെ കാരണം, ഒരു സര്‍ക്കാരിനും അതിനുള്ള പണമില്ലെന്നുള്ളതാണ്. രണ്ട്, സര്‍ക്കാര്‍ ഏറ്റവും നല്ല വിദ്യാഭ്യാസ ഏജന്‍സിയല്ല. വിദ്യാഭ്യാസപാരമ്പര്യമോ പരിചയമോ ഒരു സര്‍ക്കാരിനുമില്ല. സര്‍വാധികാരവും കൈയാളുന്ന അതിശക്തമായ ഒരു സംവിധാനമെന്ന നിലയില്‍ നേരിട്ടിടപെടാതെതന്നെ നയങ്ങളിലൂടെ സ്വകാര്യവിദ്യാഭ്യാസസ്ഥാപനങ്ങളെയും സര്‍വകലാശാലകളെയും സര്‍ക്കാരിനു നിയന്ത്രിക്കാനാകും.
4. കാലത്തിന് അനുസൃതമായ കോഴ്‌സുകള്‍ വേഗത്തില്‍ ആരംഭിച്ചു നടപ്പാക്കാന്‍ ഒരു സര്‍ക്കാരിനും സാധിക്കില്ല. പാര്‍ട്ടി ഏതായാലും അവര്‍ക്ക് ചില വിദ്യാഭ്യാസവീക്ഷണങ്ങളുണ്ടാകും. അതു കാലത്തിനാവശ്യമായ വിദ്യാഭ്യാസവുമായി ചേര്‍ന്നുപോകണമെന്നില്ല.
5. വോട്ടുബാങ്കു ലക്ഷ്യംവച്ച് വിദ്യാഭ്യാസനയം രൂപീകരിക്കുമ്പോള്‍, സാമൂഹികനീതിയുടെയും സമത്വത്തിന്റെയും സംവരണത്തിന്റെയുമൊക്കെ ചുവടുപിടിച്ച് നിയമങ്ങള്‍ കൊണ്ടുവരുമ്പോള്‍ പ്രതിഭാശാലികളായ വിദ്യാര്‍ഥികളെ കിട്ടാതാകും. മെരിറ്റു കുറഞ്ഞവരായിരിക്കും വിദ്യാര്‍ഥികളില്‍ അധികവും. അവര്‍ക്കുവേണ്ടി വരുമാനത്തിന്റെ വലിയൊരു ഓഹരി മുടക്കുമ്പോള്‍ രാജ്യപുരോഗതിയെ സഹായിച്ചേക്കാവുന്ന പ്രതിഭാശാലികള്‍ പുറംതള്ളപ്പെടുകയാണെന്ന സത്യം പരിഗണിക്കാതിരുന്നുകൂടാ.
സ്വകാര്യസര്‍വകലാശാല കൊണ്ടുള്ള നേട്ടങ്ങളെന്തൊക്കെയാണ്? 
1) ഏറ്റവും പ്രഗല്ഭരായ വിദ്യാര്‍ഥികള്‍ കേരളത്തില്‍ പഠിക്കും. വിദേശത്തേക്കുള്ള ഒഴുക്കു കുറയാന്‍ അതു കാരണമാകും. വിദ്യാര്‍ഥികള്‍മാത്രമല്ല, പഠനാവശ്യത്തിനു കോടിക്കണക്കിനു പണംകൂടിയാണ് അവര്‍ക്കു മുമ്പേ വിദേശരാജ്യങ്ങളിലേക്ക് ഒഴുകുന്നത്.
കരടുബില്ലനുസരിച്ച് സംവരണമുള്‍പ്പെടെ 40 ശതമാനം അഡ്മിഷനാണ് സംസ്ഥാനത്തിനുള്ളത്. ബാക്കി മറ്റു സംസ്ഥാനക്കാരും വിദേശികളുമായിരിക്കും.
2) ലോകോത്തരനിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാകും.
3) രാജ്യത്തെ ഏറ്റവും മികച്ച അധ്യാപകരെ കിട്ടാനുള്ള സാധ്യതയുണ്ടാകും.
4) ലോകനിലവാരത്തിലുള്ളവരോടു മത്സരിച്ചുപഠിക്കാനുള്ള അവസരമുണ്ടാകും.
430 സ്വകാര്യസര്‍വകലാശാലകള്‍ ഇപ്പോള്‍ രാജ്യത്തുണ്ട്. കേരളത്തില്‍ ഒന്നുണ്ടായാല്‍ അതു ഗതിപിടിക്കണമെങ്കില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പൂര്‍ണമായും ഒഴിവാക്കണം. സര്‍വകലാശാലയ്ക്ക് സ്വതന്ത്രമായ പ്രവര്‍ത്തനാനുമതി നല്‍കണം. അതേസമയം, നിലവിലുള്ള പൊതുസര്‍വകലാശാലകളെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിക്കാനുള്ള ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുകയും വേണം. 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)