•  27 Feb 2025
  •  ദീപം 57
  •  നാളം 50
വചനനാളം

ആരാധന ദൈവത്തിനുമാത്രം

മാര്‍ച്ച് 2 നോമ്പുകാലം ഒന്നാം ഞായര്‍

പുറ 34:27-35  ഏശ 58:1-10
എഫേ 4:17-24 മത്താ 4:1-11

  അമ്പതുനോമ്പ് ഈശോമിശിഹായുടെ സഹനത്തിനും പീഡകള്‍ക്കും പിന്നാലെ സഭാസമൂഹം സഞ്ചരിക്കുന്ന സമയമാണ്. ഈശോമിശിഹാ സ്വന്തനന്മയ്ക്കുവേണ്ടിയല്ല പീഡകള്‍ സഹിച്ചത്. മറ്റുള്ളവരെ രക്ഷിക്കാന്‍ പീഡകള്‍ക്കു സ്വയം വിധേയനാകുന്നവന്‍ രക്ഷയും രക്ഷകനുമാണ്. പാപമില്ലാത്ത മിശിഹാ ലോകത്തിന്റെ വിശുദ്ധീകരണത്തിനായി സ്വയം സമര്‍പ്പിച്ചു. പാപികളും ബലഹീനരുമായ നമ്മള്‍ നമ്മുടെയും മറ്റുള്ളവരുടെയും  വിശുദ്ധീകരണത്തിനും രക്ഷയ്ക്കുംവേണ്ടി മിശിഹായുടെ ത്യാഗത്തിന്റെ വഴികളോടു ചേര്‍ക്കപ്പെടുന്ന അവസരമാണ് അമ്പതുനോമ്പ്. അമ്പതുനോമ്പിന്റെ ചൈതന്യം പരിഹാരവും പരിത്യാഗവുമാണ്. അത് ഉത്തമക്രൈസ്തവജീവിതത്തിന്റെ ഭാഗമാണ്.   
   ആധ്യാത്മികതയും ഭൗതികതയും കലര്‍ന്നതാണ് മനുഷ്യജീവിതം. ഭൗതികതയെ വിജയിച്ച് നന്മയില്‍ അടിയുറയ്ക്കുന്നതിനുള്ള പരിശ്രമമാണ് നോമ്പും ഉപവാസവും. ദൈവവചനം ജീവിതപോഷണമാക്കുന്നതും ദൈവത്തെ അംഗീകരിക്കുന്നതും ദൈവത്തിനു വിധേയപ്പെടുന്നതുമാണ് ഭൗതികമോഹങ്ങളുടെമേലുള്ള വിജയം. വചനം മാംസം ധരിച്ചവനും പ്രലോഭനങ്ങള്‍ അഭിമുഖീകരിച്ചു. എന്നാല്‍, പാപത്തിനു വിധേയപ്പെട്ടില്ല. കാരണം, അവന്‍ പൂര്‍ണമായും ദൈവവചനമായിരുന്നു. എത്രമാത്രം അളവില്‍ നാം വചനത്തെ, മിശിഹായെ ധരിക്കുന്നുവോ അത്രയ്ക്ക് പ്രലോഭനങ്ങളെ വിജയിക്കാന്‍ സാധിക്കും.
ഇന്നത്തെ ദൈവവചനപ്രഘോഷണങ്ങളെല്ലാം ഉപവാസത്തിലേക്കും പ്രാര്‍ഥനകളിലേക്കും നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നതാണ്. പുറപ്പാടുപുസ്തകത്തില്‍നിന്നുള്ള ഒന്നാമത്തെ പ്രഘോഷണത്തില്‍ ശ്രവിക്കുന്നത് കല്പനകള്‍ സ്വീകരിക്കുന്നതിനുമുമ്പ് നാല്പതുദിനരാത്രങ്ങള്‍ ഉപവാസവും പ്രാര്‍ഥനയുമായി മൂശെ സീനായ്മലമുകളില്‍ കഴിയുന്നതാണ്. 
  ഏശയ്യാപ്രവാചകന്റെ പുസ്തകത്തില്‍നിന്നുള്ള രണ്ടാമത്തെ പ്രഘോഷണത്തില്‍ ഉപവാസത്തിന്റെയും പ്രാര്‍ഥനയുടെയും യഥാര്‍ഥചൈതന്യം എന്താണ് എന്ന് പ്രവാചകന്‍ പങ്കുവയ്ക്കുന്നു. ദുഷ്ടതയുടെ മാര്‍ഗത്തില്‍നിന്നു പിന്മാറുന്നതും വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുന്നതും നഗ്നനെ ഉടുപ്പിക്കുന്നതും ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കുന്നതുമാണ് യഥാര്‍ഥ ഉപവാസം. ഉപവാസം എന്നത് ദൈവത്തോടുകൂടെയായിരിക്കുന്നതും മനുഷ്യനു നന്മചെയ്യുന്നതും തിന്മയുടെ പ്രവൃത്തികള്‍ ഉപേക്ഷിക്കുന്നതുമാണ് എന്ന് പഴയനിയമത്തില്‍ നിന്നുള്ള ദൈവവചനപ്രഘോഷണങ്ങള്‍ ഓര്‍മപ്പെടുത്തുന്നു.  
   ഉപവാസത്തിലൂടെയും പ്രാര്‍ഥനയിലൂടെയും ദുഷ്ടതയുടെ പ്രവര്‍ത്തനങ്ങളില്‍നിന്നു മാറി മിശിഹായില്‍നിന്നു ശ്രവിച്ചതനുസരിച്ചു പ്രവര്‍ത്തിക്കാനാണ് എഫേസോസുകാര്‍ക്കുള്ള ലേഖനത്തിലൂടെ പൗലോസ് ശ്ലീഹാ പ്രബോധിപ്പിക്കുന്നത്. പഴയമനുഷ്യനെ ഉരിഞ്ഞുമാറ്റി മിശിഹായെ ധരിക്കുന്നവരായി മാറണം എന്ന് ശ്ലീഹാ പഠിപ്പിക്കുന്നു. തിന്മയുടെ ശക്തിയെ, പ്രലോഭകനെ എപ്രകാരം പരാജയപ്പെടുത്തണമെന്ന കാര്യമാണ് സുവിശേഷത്തില്‍നിന്നു ശ്രവിക്കുന്നത്.    
പ്രലോഭകന്‍, സാത്താന്‍ അഥവാ പിശാച് ഒരു ഭയാനകസത്വമല്ല, ആകര്‍ഷകവസ്തുവാണ്. ഭൗതികാകര്‍ഷണങ്ങളാണ്, ആന്തരികാഭിനിവേശങ്ങളാണ് അവന്‍ നല്കുന്നത്. സ്വയം സംതൃപ്തിക്കുവേണ്ടിയും പ്രദര്‍ശനത്തിനുവേണ്ടിയും ആധിപത്യത്തിനുവേണ്ടിയും പ്രലോഭനങ്ങള്‍ നിരന്തരം ഉണ്ടാകും. അവയുടെ പരിത്യജിക്കലാണ് തിന്മയുടെമേലുള്ള വിജയം.
  ജീവിതത്തിന്റെ മരുഭൂമി അനുഭവങ്ങളില്‍ പിശാചു കടന്നുവരും. അവന്റെ പ്രലോഭനങ്ങള്‍ക്കും കുറവുണ്ടാവുകയില്ല. മരുഭൂമിയനുഭവങ്ങളില്‍ ദൈവവചനത്തിന്റെ സ്വരം ശ്രവിക്കാനും വചനത്തിന്റെ ശക്തിയാല്‍ തിന്മയെ കീഴ്‌പ്പെടുത്താനുമുള്ള സന്ദേശമാണ് നോമ്പുകാലം നല്കുന്നത്. മരുഭൂമിയിലെ ഈശോയുടെ പ്രലോഭനമാണ് സുവിശേഷത്തില്‍നിന്നു നാം ധ്യാനിക്കുന്നത്.
  മരുഭൂമി : ഭൂമിശാസ്ത്രപരമായി യൂദയാമരുഭൂമിയെയാണ് ഇവിടെ സൂചിപ്പിക്കുന്നതെങ്കിലും മരുഭൂമിയില്‍വച്ച് ഇസ്രയേല്‍ജനം പരീക്ഷിക്കപ്പെട്ടുവെന്ന ചിന്തയിലേക്കാണ് ഈ പദം വായനക്കാരനെ നയിക്കുന്നത് (നിയമാ 8:2). മരുഭൂമി എന്ന് അര്‍ഥം വരുന്ന രൃലാീ െഎന്ന ഗ്രീക്കുപദം 4:1 ല്‍ സൂചിപ്പിക്കുന്നത് വാസയോഗ്യമല്ലാത്ത, അപകടങ്ങളും പരുക്കന്‍യാഥാര്‍ഥ്യങ്ങളും നിറഞ്ഞ വിജനമായ ഊഷരഭൂമിയെയാണ്.
  പരീക്ഷ: ദൈവവുമായി നടത്തിയ ഉടമ്പടിയോട് ഇസ്രയേല്‍ജനത എപ്രകാരം വിശ്വസ്തത കാണിച്ചു എന്നതിനോടു ബന്ധപ്പെടുത്തിയാണ് പരീക്ഷ എന്ന പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇവിടെ നടക്കുന്ന പരീക്ഷയില്‍ ദൈവപുത്രനായ ഈശോ വിശ്വസ്തത കാണിക്കുന്നുവെന്നു വചനം സൂചിപ്പിക്കുന്നു. 
പിശാച്: റശമയീഹീ െഎന്ന ഗ്രീക്കു പദത്തിന്റെ സാധാരണ അര്‍ഥം പിശാച് എന്നാണ്. ഇവിടെ ഈ പദം അര്‍ഥമാക്കുന്നത് പ്രലോഭകന്‍ എന്നാണ്. ആ അര്‍ഥത്തില്‍ പ്രലോഭകന്‍ എന്ന വാക്കാണ് ഇവിടെ കൂടുതല്‍ ഉചിതമായിട്ടുള്ളത്. 
   നാല്പതു രാവും നാല്പതു പകലും: ഇസ്രയേല്‍ ജനത്തിന്റെ നാല്പതുവര്‍ഷത്തെ മരുഭൂമി വാസവും അതിനിടയിലുണ്ടായ പരീക്ഷണങ്ങളെയും ധ്വനിപ്പിക്കുന്നു.
അപ്പംകൊണ്ടുമാത്രമല്ല: നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകളോട് അപ്പമാകാന്‍ പറയുക (4:3) എന്ന പ്രലോഭകന്റെ വാക്കുകളോടുള്ള ഈശോയുടെ പ്രതികരണം നിയമാവര്‍ത്തനം 8:3 നെ അടിസ്ഥാനമാക്കിയുള്ളതാണ്. ദൈവത്തിന്റെ അധരങ്ങളില്‍നിന്നു വരുന്ന വാക്കുകൊണ്ട്, അതായത്, ദൈവവചനംകൊണ്ടാണ് മനുഷ്യന്‍ ജീവിക്കുന്നതെന്ന്. ദൈവവചനമാണ് യഥാര്‍ഥഭക്ഷണമെന്ന് ഇതു സൂചിപ്പിക്കുന്നു. 
   ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത്: വിശുദ്ധ നഗരത്തിലേക്ക് ഈശോയെ കൂട്ടിക്കൊണ്ടുപോകുന്ന പ്രലോഭകന്റെ രണ്ടാമത്തെ പരീക്ഷ ദൈവാലയ അഗ്രത്തുനിന്ന് ഈശോ താഴേക്കു ചാടുക (4:6) എന്നതാണ്. ഈ പരീക്ഷണത്തിന് ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത് എന്ന ഈശോയുടെ മറുപടി നിയമാവര്‍ത്തനം 6:16-നെ ധ്വനിപ്പിക്കുന്നു. പ്രലോഭകനെ താണുവീണ് വണങ്ങാമെങ്കില്‍ ലോകവും അതിന്റെ മഹത്ത്വവും ഈശോയ്ക്കു നല്കാമെന്നാണ് പ്രലോഭകന്റെ മൂന്നാമത്തെ പരീക്ഷണം. നിയമാവര്‍ത്തനം 6:13-നെ അടിസ്ഥാനമാക്കി നിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം എന്നാണ് ഈ പ്രലോഭനത്തിന് ഈശോ നല്കുന്ന മറുപടി.
   പ്രലോഭകന്റെ ചോദ്യങ്ങള്‍ക്കുള്ള ഈശോയുടെ മൂന്നു മറുപടികളും സൂചിപ്പിക്കുന്നത് ഈശോയുടെ ദൗത്യം പ്രലോഭകശക്തികളെ പരാജയപ്പെടുത്തുകയാണെന്നും ഈശോ ദൈവപുത്രനാണെന്ന യാഥാര്‍ഥ്യം വ്യക്തമാക്കുക എന്നതുമാണ്. എല്ലാ അര്‍ഥത്തിലും മനുഷ്യനെപ്പോലെ പരീക്ഷിക്കപ്പെടുന്നുവെങ്കിലും ഈശോയില്‍ പാപത്തിന്റെ കളങ്കമില്ലെന്ന് ഇതു വ്യക്തമാക്കുന്നു (ഹെബ്രാ 4:15). 
   1. ജീവിതത്തിന്റെ മരുഭൂമി അനുഭവങ്ങളില്‍ ദൈവസാന്നിധ്യം: പ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയും പ്രലോഭനങ്ങളുടെയും വേളകളില്‍ ദൈവസാന്നിധ്യമുണ്ട്. ഇസ്രയേല്‍ജനത്തിന്റെ ജീവിതം നമുക്ക് ഉദാഹരണമാണ്. നാല്പതു വര്‍ഷം നീണ്ടുനിന്ന അവളുടെ മരുഭൂമിവാസത്തില്‍ പകല്‍ മേഘത്തിന്റെ രൂപത്തിലും രാത്രി അഗ്നിസ്തംഭത്തിന്റെ രൂപത്തിലും ദൈവം അവിടുത്തെ സാന്നിധ്യം ഇസ്രയേല്‍ജനത്തിനു പ്രദാനം ചെയ്തു. മത്താ 4:1 ല്‍ നാം ഇപ്രകാരം വായിക്കുന്നു: അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവ് മരുഭൂമിയിലേക്കു നയിച്ചു. പരീക്ഷണവേളയിലും ഈശോയുടെ കൂടെയുള്ളത് ദൈവാത്മാവാണ്. ജീവിതങ്ങളിലും ദൈവാത്മാവിന്റെ സാന്നിധ്യമുണ്ടെന്ന് മറക്കാതിരിക്കുക. പ്രലോഭകന്റെ വാക്കുകള്‍ക്കു ചെവികൊടുക്കാതെ ദൈവാത്മാവിന്റെ നിമന്ത്രണങ്ങള്‍ക്കു കാതോര്‍ക്കുക, അതുവഴി പ്രലോഭകശക്തികളുടെമേല്‍ മഹത്ത്വമാര്‍ന്ന വിജയം കൈവരിക്കുക.
2. ഉപവാസം പ്രലോഭനത്തില്‍നിന്നു വിടുതല്‍ നേടാന്‍ കാരണമാകുന്നു: ഈശോ ദൈവത്തിന്റെ പുത്രനാണെങ്കിലും മനുഷ്യപുത്രനായ അവിടുന്നു പൈശാചികശക്തികളെ നേരിട്ടത് ഉപവാസവും പ്രാര്‍ഥനയുംകൊണ്ടാണ്. ദൈവത്തോടുകൂടെ വസിക്കുന്നവര്‍(ഉപവാസം)ക്കാണ് പ്രലോഭകശക്തികളെ പരാജയപ്പെടുത്താന്‍ സാധിക്കുന്നത്. നാല്പതു ദിനരാത്രങ്ങളിലെ ഈശോയുടെ ഉപവാസമാണ് അവിടുത്തെ ധൈര്യപ്പെടുത്തിയത്. പിശാചു ബാധിച്ച മനുഷ്യനെ സുഖപ്പെടുത്താന്‍ ശിഷ്യന്മാര്‍ക്കു സാധിക്കാതെവന്നപ്പോള്‍ ഈശോ നല്കുന്ന മറുപടി ശ്രദ്ധേയമാണ്: പ്രാര്‍ഥനകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വര്‍ഗം പുറത്തുപോകുകയില്ല (മര്‍ക്കോ. 9:29).
3. ഉപവാസം വിഷാദഭാവത്തില്‍ നിറഞ്ഞതായിരിക്കരുത്: ഉപവസിക്കുന്ന വ്യക്തി ആഹാരപദാര്‍ഥങ്ങള്‍ വര്‍ജിക്കുന്നു. ഈ വര്‍ജനം സ്വര്‍ഗീയദര്‍ശനം ലഭിക്കുന്നതിനുള്ള ഒരുക്കമാണ്. അക്കാരണത്താല്‍ ഉപവസിക്കുന്നവര്‍ സന്തോഷചിത്തരായിരിക്കണം. മത്താ. 6:16-18 ല്‍ ഈശോ ഓര്‍മിപ്പിക്കുന്നു: നിങ്ങള്‍ ഉപവസിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്... നീ ഉപവസിക്കുന്നത് അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിനു ശിരസ്സില്‍ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക.
4. ആരാധന നല്‌കേണ്ടത് ദൈവത്തിനുമാത്രമാണ്: നിയമാവര്‍ത്തനം 6 ല്‍ ഇസ്രയേല്‍ജനത്തിനു നല്കപ്പെടുന്ന ദൈവികകല്പന ഇപ്രകാരമാണ്: നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണശക്തിയോടുംകൂടെ സ്‌നേഹിക്കണം... നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ സേവിക്കുകയും ചെയ്യണം (നിയമ. 6:5,13). അന്യവസ്തുക്കളോടുള്ള ഭ്രമം ഒരു വ്യക്തിയെ ദൈവത്തില്‍നിന്ന് അകറ്റുന്നു. ആ അകല്‍ച്ചവഴി അവന്‍ ദൈവികമല്ലാത്ത വസ്തുക്കളോട് ആരാധന നടത്തുന്നു. ദൈവത്തെ ത്യജിച്ചുകൊണ്ടുള്ള ജീവിതം ഒരുവന്റെ പതനത്തിനു കാരണമാകുകയും ചെയ്യും.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)