ഫെബ്രുവരി 23
ദനഹാക്കാലം എട്ടാം ഞായര്‍
പുറ 15:22-26 ഏശ 44:23-28
എഫേ 1:15-23 മര്‍ക്കോ 1:7-11
നമ്മുടെ കര്‍ത്താവിന്റെ മാമ്മോദീസായെ അനുസ്മരിക്കുന്ന ദനഹാത്തിരുനാളില്‍ ആരംഭിച്ച ആരാധനക്രമകാലത്തിന്റെ അവസാന ആഴ്ചയിലേക്കു പ്രവേശിക്കുകയാണ്. ഈ വര്‍ഷം നോമ്പുകാലം താമസിച്ച് ആരംഭിക്കുന്നതിനാല്‍ ദനഹാക്കാലത്ത് എട്ട് ആഴ്ചകള്‍ ഉണ്ട് (കഴിഞ്ഞവര്‍ഷം അഞ്ച് ആഴ്ചകള്‍മാത്രമേ ദനഹാക്കാലത്ത് ഉണ്ടായിരുന്നുള്ളൂ). ഈശോയുടെ മാമ്മോദീസായെ അനുസ്മരിച്ചുകൊണ്ട് ആരംഭിച്ച ദനഹാക്കാലം അവസാനിക്കുന്നതും ഈശോയുടെ മാമ്മോദീസായെക്കുറിച്ചുള്ള സുവിശേഷഭാഗത്തോടെയാണ്. ഈശോയിലൂടെ പൂര്‍ത്തിയായ ദൈവികമഹത്ത്വത്തിന്റെ വെളിപ്പെടുത്തലുകളാണ് ഈ ആരാധനക്രമകാലത്തിലെ പ്രധാന ധ്യാനവിഷയം. മിശിഹായുടെ ദൈവത്വത്തിന്റെ സ്വര്‍ഗീയസാക്ഷ്യമായിരുന്നു അവിടുത്തെ മാമ്മോദീസായുടെ സമയത്തു ശ്രവിച്ച സ്വരം. ഈശോയുടെ മാമ്മോദീസായെക്കുറിച്ചുള്ള വിവരണമാണ് ഇന്ന് സുവിശേഷത്തില്‍നിന്നു ശ്രവിക്കുന്നത്. ദൈവമഹത്ത്വത്തിന്റെ പ്രകാശനമാണ് ഇന്നത്തെ ദൈവവചനപ്രഘോഷണങ്ങളിലെല്ലാം നിഴലിച്ചുനില്ക്കുന്നത്.
പുറപ്പാടുപുസ്തകത്തില്‍നിന്നുള്ള ഒന്നാമത്തെ പ്രഘോഷണത്തില്‍ ഫറവോയുടെ ഭരണത്തിന്‍കീഴിലായിരുന്ന ഇസ്രയേലിനെ കര്‍ത്താവിന്റെ ശക്തമായ കരങ്ങളാല്‍ വിമോചിപ്പിച്ചു ചെങ്കടല്‍ കടത്തി മരുഭൂമിയിലൂടെ നയിക്കുന്ന കാര്യമാണു ശ്രവിക്കുന്നത്. മരുഭൂമിയില്‍ ജലത്തെ മധുരിതമാക്കാന്‍ ദൈവം ഒരു തടിക്കഷണം നല്കി. കയ്‌പ്പേറിയ ജലത്തെ മധുരിതമാക്കിയ തടിക്കഷണം സ്ലീവായുടെ പ്രതിരൂപമാണ്. മാറായിലെ ജലത്തെ തടിക്കഷണം മധുരിതമാക്കിയതുപോലെ ജോര്‍ദാനിലെ ജലത്തെ മിശിഹാ വിശുദ്ധീകരിച്ചു. ജലത്താല്‍ നല്കിയിരുന്ന മാമ്മോദീസാ അരൂപിയുടെ ആവാസമുള്ളതാക്കി അവിടന്നു മാറ്റി. മാറായില്‍ കര്‍ത്താവ് നല്കിയ നിയമം: നീ നിന്റെ ദൈവമായ കര്‍ത്താവിന്റെ സ്വരം ശ്രവിക്കുകയും അവന്റെ ദൃഷ്ടിയില്‍ ശരിയായതു പ്രവര്‍ത്തിക്കുകയും കല്പനകള്‍ അനുസരിക്കുകയും ചട്ടങ്ങള്‍ പാലിക്കുകയും ചെയ്താല്‍ മഹാമാരികള്‍ ഒന്നും നിന്നെ ബാധിക്കുകയില്ല. ഞാന്‍ നിന്നെ സുഖപ്പെടുത്തുന്ന കര്‍ത്താവാണ് എന്ന് അവിടുന്നു പ്രഖ്യാപിക്കുന്നു. വിമോചകനും പരിപാലകനും സംരക്ഷകനും സൗഖ്യദാതാവുമായ കര്‍ത്താവിന്റെ മഹത്ത്വമാണ് ഇവിടെ ദര്‍ശിക്കുന്നത്.
ഇസ്രായേലിന്റെ രക്ഷകനായ കര്‍ത്താവിന്റെ മഹത്ത്വം പ്രകീര്‍ത്തിക്കുകയാണ് ഏശയ്യാപ്രവാചകന്റെ പുസ്തകത്തില്‍നിന്നുള്ള വചനഭാഗം. ഇസ്രായേല്‍ കര്‍ത്താവിന്റെ സ്വരം കേള്‍ക്കാതെയും അവിടുത്തെ ചട്ടങ്ങളും കല്പനകളും പാലിക്കാതെയുമിരുന്നതിനാല്‍ കര്‍ത്താവ് അവരെ അന്യജനതകളുടെ അടിമത്തത്തിനു വിട്ടിരുന്നു. ബാബിലോണിയന്‍ അടിമത്തത്തില്‍നിന്ന് ഇസ്രായേലിനു ദൈവം നല്കുന്ന രക്ഷയുടെ പ്രഘോഷണമാണ് ഏശയ്യായുടെ വാക്കുകളില്‍ ശ്രവിക്കുന്നത്. വിമോചനം നല്കുന്നതിന് ഇസ്രയേലിന്റെ ഇടയനായി സൈറസിനെ നിയോഗിക്കുകയും അവനിലൂടെ കര്‍ത്താവ് പ്രവര്‍ത്തിക്കുകയുമാണു ചെയ്യുന്നത്. ആ കര്‍ത്താവിനു സ്തുതി പാടാനും കര്‍ത്താവിന്റെ മഹത്ത്വം പ്രകീര്‍ത്തിക്കാനുമാണ് ഏശയ്യാപ്രവാചകന്‍ പറയുന്നത്.
പൗലോസ്ശ്ലീഹാ എഫേസോസിലെ സഭയ്‌ക്കെഴുതിയ ലേഖനത്തില്‍നിന്നുള്ള വചനഭാഗം പ്രഘോഷിക്കുന്നതും കര്‍ത്താവിന്റെ മഹത്ത്വമാണ്. നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ ദൈവത്തെ മഹത്ത്വത്തിന്റെ പിതാവ് എന്നാണ് ശ്ലീഹാ പറയുന്നത്. അവിടുന്ന് ഈശോമിശിഹായിലൂടെ തന്റെ മഹത്ത്വം വെളിപ്പെടുത്തി. എല്ലാ നാമങ്ങളെക്കാളും ഉപരിയായ നാമം കര്‍ത്താവ് അവനു നല്കി. മിശിഹായിലൂടെ ദൈവികവെളിപാടെല്ലാം അതിന്റെ പൂര്‍ണതയില്‍ നല്കി എന്ന കാര്യം പൗലോസ്ശ്ലീഹാ എടുത്തുപറയുന്നു. എല്ലാ ആധിപത്യങ്ങള്‍ക്കും അധികാരങ്ങള്‍ക്കും ശക്തികള്‍ക്കും പ്രഭുത്വങ്ങള്‍ക്കും ഈ യുഗത്തില്‍മാത്രമല്ല, വരാനിരിക്കുന്നതിലും അറിയപ്പെടുന്ന എല്ലാ നാമങ്ങള്‍ക്കും ഉപരിയാണ് അവിടുന്ന്.
കര്‍ത്താവിന്റെ ആ മഹത്ത്വത്തിന്റെ വെളിപ്പെടുത്തലാണ് ഈശോയുടെ മാമ്മോദീസാവേളയില്‍ നടക്കുന്നത്. സ്‌നാപകയോഹന്നാന്റെ വാക്കുകളിലും സ്വര്‍ഗത്തില്‍നിന്നുള്ള സാക്ഷ്യത്തിലും മിശിഹായുടെ മഹത്ത്വമാണു പ്രകീര്‍ത്തിക്കുന്നത്. സ്‌നാപകന്‍ പറയുന്നു: എന്നെക്കാള്‍ ശക്തനായവന്‍ എന്റെ പിന്നാലെ വരുന്നു. കുനിഞ്ഞ് ചെരുപ്പിന്റെ വള്ളി അഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല. ചെരുപ്പിന്റെ വള്ളി അഴിക്കുകയും അതു വഹിക്കുകയും ചെയ്യുക എന്നത് അടിമയുടെ ജോലിയായിരുന്നു. ഈശോയുടെ മുമ്പില്‍ അടിമയുടെ ജോലിചെയ്യുന്നതിനുപോലും ഞാന്‍ യോഗ്യനല്ല എന്നാണ് യോഹന്നാന്‍ പറയുന്നത്.
ഈശോ സ്‌നാനം സ്വീകരിച്ചപ്പോള്‍ ആകാശം പിളര്‍ന്നു, പരിശുദ്ധാരൂപി പ്രാവ് ഇറങ്ങിവരുന്നതുപോലെ ഇറങ്ങിവന്നു. സ്വര്‍ഗത്തില്‍നിന്നു സ്വരം ശ്രവിച്ചു. മിശിഹായുടെ മാമ്മോദീസായിലൂടെ പ്രകാശിതമായ ത്രിതൈ്വകദൈവികരഹസ്യമാണു ഇവിടെ പ്രഖ്യാപിക്കപ്പെടുന്നത്. സ്വര്‍ഗം പിളര്‍ന്നു എന്നു പറയാന്‍ ഉപയോഗിച്ചിരിക്കുന്നത് സ്‌കിറ്റ്‌സോ എന്ന ഗ്രീക്കുപദമാണ്. ഈശോയുടെ മരണസമയത്ത് ദൈവാലയത്തിലെ തിരശ്ശീല പിളര്‍ന്നു എന്നു പറയാനും ഇതേ ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. മിശിഹായുടെ കുരിശുമരണത്തിലൂടെയാണ് പാപംമൂലം മനുഷ്യകുലം നഷ്ടമാക്കിയ സ്വര്‍ഗം തുറക്കപ്പെട്ടത്. സ്വര്‍ഗം തുറന്നതിന്റെ അടയാളമായാണ് ദൈവാലയത്തിന്റെ തിരശ്ശീല മിശിഹായുടെ മരണസമയത്തു പിളര്‍ക്കപ്പെടുന്ന കാര്യം വിശുദ്ധഗ്രന്ഥകര്‍ത്താവ് അവതരിപ്പിക്കുന്നത്. മിശിഹാ സ്വീകരിച്ച യഥാര്‍ഥ മാമ്മോദീസാ അവിടുത്തെ കുരിശുമരണമായിരുന്നു. മിശിഹായുടെ മഹത്ത്വത്തിന്റെ പൂര്‍ണത വെളിപ്പെടുത്തപ്പെട്ടതും കുരിശുമരണത്തിലും ഉത്ഥാനത്തിലുമായിരുന്നു. അവിടുത്തെ മരണവും ഉത്ഥാനവുമായിരുന്നു അവിടുന്ന് മുങ്ങാനിരുന്ന മാമ്മോദീസാ (ലൂക്ക 12:50).
ഈശോയില്‍ മാമ്മോദീസാ മുങ്ങുന്ന എല്ലാവരും അവിടുത്തെ മരണത്തിലും ഉത്ഥാനത്തിലുമാണു പങ്കാളികളാകുന്നത് എന്ന് പൗലോസ്ശ്ലീഹാ പഠിപ്പിക്കുന്നുണ്ട്. മാമ്മോദീസായിലൂടെ ഓരോ വിശ്വാസിയും മിശിഹായുടെ മഹത്ത്വത്തില്‍ പങ്കാളിയാവുകയാണു ചെയ്യുന്നത്. മിശിഹായിലൂടെ വെളിവാക്കപ്പെട്ട ദൈവികമഹത്ത്വത്തില്‍ പങ്കാളിയായി വിശ്വാസജീവിതം നയിക്കാനുള്ള ആഹ്വാനമാണ് ദനഹാക്കാലം നല്കുന്നത്.