•  27 Feb 2025
  •  ദീപം 57
  •  നാളം 50
ബാലനോവല്‍

കൊട്ടാരക്കെട്ടിലെ ഉറങ്ങാത്ത രാവുകള്‍

   ''ന്റെമ്മോ എന്റെ ചെവി പോയേ. ഞാനിപ്പം മരിക്കുവേ... ഓടിവായോ'' ഭടന്‍ വേദനയേറ്റു പുളയുന്നതിനിടയിലും അലറിക്കരഞ്ഞു.
പെട്ടെന്ന് എല്ലാവരും അവിടേക്ക് ഓടിയെത്തി. 
അവര്‍ നോക്കുമ്പോള്‍ ഭടന്റെ ഒരു കാതു കാണാനില്ല. പകരം ചെവിയില്‍നിന്നു ശരീരത്തിലൂടെ രക്തം ഒഴുകുകയാണ്.
''ദൈവമേ, ഇത്തവണയും ഭാഗ്യം നമ്മളെ തുണച്ചു.'' കാര്‍ഫിയൂസ് പറഞ്ഞു. അല്ലായിരുന്നെങ്കില്‍ ആ അമ്പ് കഴുത്തില്‍ വന്നു തറച്ചേനെ.'' 
മുറിഞ്ഞ കാത് എല്ലാവരും ചേര്‍ന്ന് ഒരുതരം പച്ചമരുന്നു വച്ചു മുറുക്കിക്കെട്ടി. പിന്നെ മരച്ചുവട്ടിലെ പുല്‍ത്തകിടിയില്‍ ഇരുത്തി.
''ഇത് എന്തോ കൊടുംചതിയുടെ ആരംഭമാണ്. നമ്മുടെ അന്ത്യം കുറിക്കാന്‍ ആരോ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്.'' മേഘനാദന്‍ പറഞ്ഞു.
''സമയം വല്ലാതെ അതിക്രമിച്ചിരിക്കുന്നു. നാം ഉടന്‍ എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു. സോയൂസിന്റെയും എന്റെയും സംശയങ്ങളെല്ലാം ഒന്നൊന്നായി ശരിയായിക്കൊണ്ടിരിക്കുകയാണ്. നമ്മളിപ്പോള്‍ കൊടിയ ശത്രുക്കളുടെ വലയത്തില്‍ അകപ്പെട്ടിരിക്കുകയാണ്.  ഏതു സമയത്തും നമ്മുടെയെല്ലാം ജീവന്‍ അപകടത്തില്‍പ്പെടാം.''
അതുകേട്ടു സോയൂസ് പറഞ്ഞു: ''അങ്ങു പറഞ്ഞതെല്ലാം  ശരിയാണ്. നമ്മെ ആരോ മനഃപൂര്‍വം ചതിയില്‍പ്പെടുത്തുകയായിരുന്നു.''
''രാജാവിന്റെ കബറടക്കം സ്വന്തം രാജ്യത്തുനിന്നു മാറ്റാന്‍ പറഞ്ഞപ്പോള്‍ത്തന്നെ ആ മന്ത്രവാദിയെ അടിയന് ഒരു സംശയമായിരുന്നു.'' ഭടന്‍ പറഞ്ഞു.
''ഇപ്പോള്‍ സംശയം ശരിയായിരിക്കുന്നു. കാര്‍ഫിയൂസ് രാജകുമാരന്റെ സ്ഥാനം തട്ടിയെടുക്കാന്‍ ആരോ  ശ്രമിക്കുന്നുണ്ട്.'' 
അതുകേട്ട് കാര്‍ഫിയൂസ് പറഞ്ഞു:
''എന്നാല്‍ എനിക്കിതു വിശ്വസിക്കാന്‍ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. എന്റെ അനുജന്‍ വളരെ സ്‌നേഹമുള്ളവനാണ്. അവന്‍ ഒരിക്കലും ഇങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തില്‍പോലും വിശ്വസിക്കാനാവുന്നില്ല. ജ്യേഷ്ഠനെന്നുവച്ചാല്‍ ജീവന്റെ ജീവനാണ്. രാജാവ് നാടുനീങ്ങിയതറിഞ്ഞ് ഏതെങ്കിലും കൊള്ളക്കാര്‍ ചെയ്യുന്ന ദുഷ്പ്രവൃത്തിയാണോയെന്ന് എനിക്കൊരു സംശയമുണ്ട്.''
''കുമാരാ, അങ്ങനെയെങ്കില്‍ സ്വപിതാവിന്റെ സംസ്‌കാരത്തിനു വന്ന നമ്മെ എന്തിനാണ് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത്. നമ്മുടെ കൈയില്‍ പൊന്നും പണവും ഒന്നുമില്ലെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്.'' മേഘനാദന്‍ അത്രയും പറഞ്ഞുനിറുത്തി. വീണ്ടും തുടര്‍ന്നു:
''അങ്ങനെയെങ്കില്‍ അവര്‍ രാജകൊട്ടാരമല്ലേ കൊള്ളയടിക്കേണ്ടത്.'' അതുകേട്ട് ഒരു ഭടന്‍ പറഞ്ഞു: ''രാജകുമാരാ, ഇത് കൊടുംചതിയാണ്. കുമാരന്റെ അഭാവത്തില്‍ രാജ്യം സ്വന്തം കൈപ്പിടിയില്‍ ഒതുക്കാനും മൂത്തവനായ കുമാരനെ വകവരുത്താനുമുള്ള നീചശ്രമമാണ് ഇവിടെ നടക്കുന്നത്.'' 
''ഞാനും അങ്ങനെതന്നെ വിശ്വസിക്കുന്നു.'' സോയൂസും ഉറച്ചസ്വരത്തില്‍ പറഞ്ഞു: നമ്മള്‍  എത്രയും പെട്ടെന്ന് യുദ്ധസജ്ജരാകണം. വേഗം കൈവശമുള്ള വാളുകളും അമ്പുകളും പുറത്തെടുക്കണം. ഉള്ളതുവച്ച് നാം സധൈര്യം അടരാടണം. എന്തു ത്യാഗം സഹിച്ചാണെങ്കിലും ഞങ്ങള്‍ കുമാരന്റെ ജീവന്‍ രക്ഷിക്കും. അതിനുവേണ്ടി സ്വന്തം ജീവന്‍പോലും വെടിയാന്‍ അടിയങ്ങള്‍ മടിക്കില്ല. ഏതൊരു ചതിപ്രയോഗത്തെയും ഞങ്ങള്‍ സധൈര്യം നേരിടും. 
''എനിക്കിതു കേട്ടാല്‍ മതി. ഞാന്‍ അതീവ സന്തുഷ്ടനാണ്.'' നിങ്ങളുടെ സ്‌നേഹവും ആത്മവിശ്വാസവും മാത്രം നമുക്കു മതി. 
കാര്‍ഫിയൂസ് പറഞ്ഞു.
ഏതാനും നിമിഷങ്ങള്‍ ആരും ഒന്നും ശബ്ദിക്കാതെ കടന്നുപോയി.
''നമ്മുടെ ശത്രുക്കളെ ഏതു രീതിയിലും തകര്‍ക്കാന്‍ നാം നിങ്ങള്‍ക്ക് അനുവാദം തന്നിരിക്കുന്നു.''
''കുമാരാ, ഞങ്ങള്‍ അങ്ങയുടെ കല്പന ഏറ്റെടുത്തിരിക്കുന്നു.''
എല്ലാവരും ഒരേ സ്വരത്തില്‍ ഏറ്റുപറഞ്ഞു.
പെട്ടെന്ന് സോയൂസ് എണീറ്റുനിന്നു പറഞ്ഞു:
''എന്റെ മനസ്സില്‍ പുതിയൊരാശയം തോന്നുന്നു. അതു ശരിയാണോയെന്നും കുമാരന്‍ പറയണം.''
''താങ്കള്‍ എല്ലാം നമ്മെ ഉണര്‍ത്തിച്ചാലും.'' കാര്‍ഫിയൂസ് പറഞ്ഞു.
''നമ്മള്‍ ഇന്നുരാത്രി കുന്നിന്‍ചെരുവിലൂടെ കൂറ്റന്‍ പാറക്കെട്ടുകളുടെ മറപറ്റി ഒളിപ്പോരാളികളായി നീങ്ങണം. കുന്നിന്റെ തെക്കുപുറത്തെ ചെരുവിലൂടെ പമ്മിപ്പമ്മി മലകയറണം. എത്രയുംവേഗം നമ്മള്‍ ഇവിടംവിടണം. ശത്രുക്കള്‍ ഈ പ്രദേശത്ത് എവിടെയോ ഉണ്ട്.''
''കൊള്ളാം. ഒന്നാംതരം ആശയം.'' കുമാരന്‍ പറഞ്ഞു.
''ശരി. ഈ ബുദ്ധി അപാരംതന്നെ.''
മേഘനാദനും പിന്താങ്ങി. അമ്പ് എയ്യുന്നവരെയും കല്ല് ഉരുട്ടുന്നവരെയും നാം കണ്ടുപിടിക്കണം. എന്നിട്ട് അമ്പുകൊണ്ടു നേരിടണം. ഒരാളെയെങ്കിലും ജീവനോടെ കിട്ടിയാല്‍ ഇതിനുപിന്നില്‍ ആരാണെന്നും കണ്ടുപിടിക്കാം. ഈ ചതിക്കു നാം പ്രതികാരം ചെയ്യണം'' 
ക്രമേണ സൂര്യന്‍ അസ്തമിച്ചു. കുന്നിന്‍ചെരുവിനെ ഒന്നാകെ ഇരുള്‍ കരിമ്പടം പുതപ്പിച്ചു. അല്പംകഴിഞ്ഞപ്പോള്‍ കിഴക്കു ചന്ദ്രന്‍ ഉദിച്ചു. നേരിയ നിലാവിലൂടെ കാര്‍ഫിയൂസിന്റെ നേതൃത്വത്തില്‍ അമ്പുംവില്ലുമായി അവര്‍ കുന്നിന്‍മുകളിലേക്കു മെല്ലെ നീങ്ങി. എവിടെയോനിന്നും രാപ്പക്ഷികളുടെ ചിറകടിസ്വരം ഉയര്‍ന്നു.
പൊടുന്നനവെ മലമുകളില്‍നിന്നു വലിയൊരു ശബ്ദം ഉയര്‍ന്നു. അവര്‍ ഞെട്ടിപ്പോയി. ഭയത്തോടെ മുകളിലേക്കു നോക്കുമ്പോള്‍ തങ്ങളുടെ നേര്‍ക്ക് വലിയൊരു പാറക്കൂട്ടം ഒന്നാകെ പാഞ്ഞുവരുന്നു.
അവര്‍ വേഗം പാറ വരുന്ന വഴിയില്‍നിന്ന് ഒഴിഞ്ഞുമാറി. കല്ല് വലിയൊരു ശബ്ദത്തോടെ നദിയില്‍ പതിച്ചു. 
സോയൂസ് അതുകണ്ടു പറഞ്ഞു: 
''നമ്മള്‍ താവളം മാറിയ വിവരവും ശത്രുക്കള്‍ മണത്തറിഞ്ഞിരിക്കുന്നു. നാം വളരെയേറെ ശ്രദ്ധിക്കണം. ഇനി ചിലപ്പോള്‍ പാഞ്ഞുവരുന്നത് അമ്പുകളായിരിക്കാം.''
അകലെ ഒരു കൂറ്റന്‍പാറക്കെട്ടിന്റെ അടിയിലൂടെ ഒരു മനുഷ്യരൂപം ചലിക്കുന്നത് ഭടന്മാര്‍ കണ്ടു. പിന്നെ സോയൂസും കണ്ടു. അവര്‍ മെല്ലെ അയാളെ അനുധാവനം ചെയ്തു. ആ രൂപത്തിന്റെ കൈയില്‍ വലിയൊരു ഇരുമ്പുകമ്പിയുണ്ട്. ചെരിഞ്ഞിരിക്കുന്ന വലിയൊരു കല്ല് കമ്പികൊണ്ട് ഇളക്കി താഴേക്കിടാന്‍ ആരംഭിച്ചതും മേഘനാദന്റെ വില്ലില്‍നിന്നും ഒരു അമ്പ് ആ രൂപത്തെ  ലക്ഷ്യമാക്കി പാഞ്ഞു.
പിന്നെ അവിടെനിന്നും ദിഗന്തങ്ങള്‍ നടുങ്ങുമാറുച്ചത്തില്‍ ഒരു നിലവിളി ഉയര്‍ന്നു.

(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)