ആര്‍ഷഭാരതം ദൈവഭയമുള്ളവരുടെയും ഗുരുഭക്തിയുള്ളവരുടെയും ഏകോദരസഹോദരചിന്തയുള്ളവരുടെയും എല്ലാവരെയും ഉള്‍ക്കൊള്ളുന്നവരുടെയും നാടാണ്. ആര്‍ഷസംസ്‌കാരം സര്‍വാദരണീയമാകാന്‍ കാരണം ഈ നന്മകളാണ്. എന്നാല്‍, മാറ്റത്തിന്റെ കുത്തൊഴുക്കില്‍ പൂര്‍വികര്‍ കാത്തുവച്ച പല നന്മകളും നമുക്കു കൈമോശം വന്നിരിക്കുന്നു. പരസ്പരസഹായവും ബഹുമാനവും അപ്രത്യക്ഷമായിരിക്കുന്നു. പരസ്പരവിശ്വാസവും സഹകരണവും സാക്ഷാത്കരിക്കാനാവാത്ത സ്വപ്നംപോലെ അകന്നുനില്‍ക്കുന്നു. സൗഹൃദത്തിന്റെ നാദം നിലച്ചു; കാരുണ്യത്തിന്റെ ഉറവകള്‍ വറ്റി, ഐക്യത്തിന്റെ കണ്ണികള്‍ പൊട്ടി. അതിന്റെ പ്രതിഫലനങ്ങള്‍ പൊതുസമൂഹത്തില്‍ വ്യക്തമാണ്. നേതാക്കന്മാര്‍ തമ്മില്‍ കൊലവിളിയും കയ്യാങ്കളിയും. ക്വട്ടേഷന്‍ സംഘങ്ങളുടെ ഭീഷണിപ്പെടുത്തുന്ന വിളയാട്ടം. നേതാക്കന്മാര്‍ക്കും സെലിബ്രിറ്റികള്‍ക്കും പ്രത്യേകം പ്രത്യേകം സൈബര്‍ സേനകള്‍. സൈബര്‍ഗുണ്ടായിസത്തിനു വിധേയരാകുന്നവരുടെ ദീനവിലാപങ്ങള്‍. അഴിഞ്ഞാട്ടക്കാരെയും നിയമം കൈയിലെടുക്കുന്നവരെയും നിയന്ത്രിക്കാന്‍ മടിക്കുന്ന ഭരണനേതൃത്വം. ഇതിനെല്ലാമിടയില്‍ വേനല്‍മഴപോലെ കഴിഞ്ഞദിവസം ഒരു ആശ്വാസവാര്‍ത്ത പുറത്തുവന്നു. മലയാളത്തിലെ ഒരു നടിയുടെ പരാതിയില്‍ സോഷ്യല്‍ മീഡിയായില്‍ തരംഗവും സ്വര്‍ണക്കച്ചവടക്കാരനുമായ ഒരു മാന്യദേഹത്തെ പൊലീസ് അറസ്റ്റു ചെയ്തു. കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
പൊലീസിന്റെയും കോടതിയുടെയും ഈ നടപടി സാധാരണക്കാരില്‍ പ്രതീക്ഷ ജനിപ്പിച്ചിട്ടുണ്ട്. വലിയ സമ്പന്നരും പൊതുസമൂഹത്തില്‍ അറിയപ്പെടുന്നവനും ഫാന്‍സ് അസോസിയേഷനുകളും മറ്റ് അനുബന്ധസ്വാധീനശേഷികളുമുള്ള ഒരാളെ വഴിയില്‍ തടഞ്ഞിട്ട് അറസ്റ്റു ചെയ്യാനും ജാമ്യമില്ലാവകുപ്പുകള്‍ ചേര്‍ത്തു കോടതിയില്‍ സമര്‍പ്പിക്കാനും പൊലീസ് കാണിച്ച ആര്‍ജവം പ്രശംസനീയമത്രേ. മുഖ്യമന്ത്രി അത് ആഗ്രഹിച്ചിരുന്നെന്നുവേണം കരുതാന്‍. അല്ലെങ്കില്‍ ഇത്രയും പെട്ടെന്ന് ഒരു നീക്കം പൊലീസിന്റെ പക്കല്‍നിന്നുണ്ടാവുകയില്ല. സൈബര്‍ ആക്രമണവും ഭീഷണിയും മറ്റ് അപകടസാധ്യതകളും ഉണ്ടാകാനിടയുണ്ടെന്നറിഞ്ഞിട്ടും കേസുകൊടുക്കാന്‍ മടികാണിക്കാതിരുന്ന നടിയുടെ ധൈര്യവും അംഗീകരിച്ചുകൊടുക്കേണ്ടതുതന്നെ. അവരുടെ രണ്ടും കല്പിച്ചുള്ള നടപടി കേരളത്തിലെ സാധാരണക്കാരായ സ്ത്രീകള്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും നല്‍കുന്നതാണ്.
അറസ്റ്റു ചെയ്യപ്പെട്ട സ്വര്‍ണക്കച്ചവടക്കാരന്റെമേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ നിസ്സാരമല്ല. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയുള്ള ദ്വയാര്‍ഥപ്രയോഗങ്ങള്‍, തെറ്റായ ഉദ്ദേശ്യത്തോടെയുള്ള സ്പര്‍ശനങ്ങള്‍, സൈബര്‍ ആക്രമണം തുടങ്ങിയ ഗൗരവതരമായ കുറ്റങ്ങളില്‍നിന്നു പണത്തിനോ സ്വാധീനത്തിനോ കുറ്റവാളിയെ മാന്യതയുടെ കുപ്പായമണിയിക്കാനാവുകയില്ല. പൊലീസ് പിടിയിലായപ്പോള്‍പ്പോലും യാതൊരു കൂസലുമില്ലാതെയാണ് അയാള്‍ പ്രതികരിച്ചത്. വാക്കുകളില്‍ ധിക്കാരവും ശരീരഭാഷയില്‍ പൊലീസും നിയമവും പൊതുസമൂഹവും തനിക്ക് ഒരു ചുക്കുമില്ലെന്ന ഭാവവുമുണ്ടായിരുന്നു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. കുറ്റബോധം തെല്ലുമില്ല എന്നൊക്കെ സ്വയം നീതീകരിച്ചത് അതിന്റെ തെളിവാണ്. പ്രഗല്ഭനായ വക്കീലിന്റെ സഹായമുണ്ടായിട്ടും ജാമ്യം നിഷേധിക്കപ്പെട്ടപ്പോള്‍ കളി മാറിയെന്നതാണു സത്യം. കോടതി മുറിയില്‍ തലകറങ്ങി ഇരുന്നു എന്നാണ് തത്സമയറിപ്പോര്‍ട്ട്. വാഷ്‌റൂമില്‍ പോയി എന്നും വാര്‍ത്തയുണ്ടായി. ഇതൊക്കെ സൂചിപ്പിക്കുന്നത് പുറമേ പ്രകടിപ്പിച്ച കരുത്ത് അകത്തുണ്ടായിരുന്നില്ലെന്നാണ്.
അറസ്റ്റിനു വിധേയനായ മാന്യന്‍ ആദ്യമായിട്ടല്ല ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത്. സ്വര്‍ണക്കച്ചവടത്തിനുവേണ്ടി സെലിബ്രിറ്റികളെയും സിനിമാനടിമാരെയും അവതരിപ്പിച്ച് വലിയ ജനക്കൂട്ടം സൃഷ്ടിക്കുന്നതില്‍ അയാള്‍ വിജയിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ ഇതിഹാസം മറഡോണയെകൊണ്ടുവന്ന് കേരളത്തില്‍ തരംഗം സൃഷ്ടിച്ചു. കൂട്ടയോട്ടങ്ങള്‍ നടത്തി ശ്രദ്ധനേടി. അതിനുശേഷമാണ് നടിമാരിലേക്കു തിരിഞ്ഞത്. അഭിനയശേഷിയെക്കാള്‍ അയാള്‍ വിലമതിച്ചത് അംഗവടിവാണെന്നുമാത്രം. അങ്ങനെ ഒന്നിലധികം ചടങ്ങുകളില്‍ മുഖ്യതാരമായി പങ്കെടുത്ത നടിതന്നെ പരാതിയുമായി രംഗത്തുവന്നത്. സ്ഥാനത്തും അസ്ഥാനത്തും ദ്വയാര്‍ഥപ്രയോഗങ്ങള്‍ നടത്തുന്ന മാന്യന്‍ സംസ്‌കാരമുള്ളവര്‍ പുച്ഛത്തോടെ കണ്ടിരുന്ന വ്യക്തിയാണ്. ഇന്റവ്യൂകളിലും ചായക്കടസംഭാഷണങ്ങളിലുംപോലും ദ്വയാര്‍ഥപ്രയോഗങ്ങളും ആഭാസധ്വനിയുള്ള അംഗവിക്ഷേപങ്ങളും നടത്തി സ്വന്തം വലുപ്പം കുറച്ച നിര്‍ഭാഗ്യവാനാണയാള്‍. തെരുവിലെ സംസാരരീതിയും പ്രവര്‍ത്തശൈലിയുമല്ല, സമ്പത്തും പൊതുജനസമ്പര്‍ക്കവുമുള്ളവരില്‍നിന്നു പ്രതീക്ഷിക്കുക. പ്രതീക്ഷയുടെ ഒരു ചില്ലുകൊട്ടാരമാണ് ആ മനുഷ്യന്‍ തച്ചുടച്ചത്.
സമൂഹത്തില്‍ കേമനായി കണക്കാക്കപ്പെട്ടിരുന്ന ഒരു മനുഷ്യനെതിരേ മുഖം നോക്കാതെ മാതൃകാപരമായ ശിക്ഷണനടപടികള്‍ സ്വീകരിച്ച കോടതി സമൂഹത്തെ നേര്‍വഴിയിലേക്കു നയിക്കുന്ന ഒരു ഗുരുവായി മാറുകയായിരുന്നു. സാമൂഹികമുന്നേറ്റത്തിനും നവോത്ഥാനത്തിനും കോടതികള്‍ മുന്‍കൈയെടുക്കുന്നത് ആശാവഹമാണ്. കേരളത്തിന്റെ സാംസ്‌കാരികപരിസരത്തെ മാലിന്യങ്ങളെ ആരെങ്കിലും നീക്കംചെയ്‌തേ മതിയാവൂ. വോട്ടുതേടുന്ന നേതാക്കന്മാര്‍ക്കോ സ്വന്തം കാര്യംമാത്രം നോക്കുന്ന ബുദ്ധിജീവികള്‍ക്കോ അതു സാധ്യമല്ല. ആരെയും ഭയപ്പെടാനില്ലാത്ത കോടതികള്‍ക്കാണ് അതു സാധിക്കുന്നത്. പൊതുസമൂഹത്തില്‍നിന്നു വലിയ പിന്തുണയാണ് കോടതിക്കു ലഭിക്കേണ്ടത്. വഷളന്മാരെ അഴിഞ്ഞാടാന്‍ അനുവദിച്ചൂകൂടാ.