വിവാഹാനന്തരം പാരിഷ് ഹാളില്‍ വിഭവസമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു. ക്ഷണിക്കപ്പെട്ടു വന്നവരെല്ലാം ഭക്ഷണം കഴിച്ചു സന്തോഷത്തോടെയാണു മടങ്ങിയത്. മനുവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും സ്റ്റേജിലേക്കു കയറിവന്ന് വധൂവരന്മാര്‍ക്കു ഷേക്ക് ഹാന്‍ഡ് നല്‍കി. ഒപ്പംനിന്ന് ഫോട്ടോ എടുത്തു സന്തോഷം പങ്കുവച്ച് മടങ്ങി.
ആശംസകള്‍ നേരാന്‍ സൂസമ്മയും ജോസും ജയേഷും വര്‍ഷയും സ്റ്റേജിലേക്കു കയറി വന്നു. എല്‍സ അവരെ ഭര്‍ത്താവിനു പരിചയപ്പെടുത്തി. ജോസ് മനുവിന് ഷേക്ഹാന്‍ഡ് നല്‍കി ആശംസകള്‍ നേര്‍ന്നിട്ടു പറഞ്ഞു:
''രണ്ടുപേരുംകൂടി ഒരു ദിവസം വീട്ടിലേക്കു വരണേ...''
''ഒഫ് കോഴ്‌സ്.'' മനു ഉറപ്പുകൊടുത്തു.
''മോളേ... വരണേ...''
സൂസമ്മ എല്‍സയെ നോക്കി പറഞ്ഞു.
''വരാം ആന്റീ...''
''ഞങ്ങള്‍ ഉടനെ മടങ്ങ്വാ. ഇപ്പം പോയില്ലെങ്കില്‍ വീട്ടില്‍ എത്തുമ്പം രാത്രി വൈകും.''
''ആയിക്കോട്ടെ ആന്റീ.'' എല്‍സ ചിരിച്ചുകൊണ്ടു തലകുലുക്കി.
ഒപ്പംനിന്നു ഫോട്ടോ എടുത്തിട്ടാണ് നാലുപേരും സ്റ്റേജുവിട്ട് ഇറങ്ങിയത്.
ഓഡിറ്റോറിയത്തിലെ തിരക്കൊഴിഞ്ഞപ്പോള്‍ മണി മൂന്നര. വീട്ടിലേക്കു പോകാനുള്ള നേരമായി.
ഡോക്ടര്‍ മനുവിന്റെ പിന്നാലെ എല്‍സ സ്റ്റേജില്‍നിന്നിറങ്ങി ഹാളിന്റെ വെളിയിലേക്കു നടന്നു. അലങ്കരിച്ച കാറില്‍ കയറി രണ്ടുപേരും വീട്ടിലേക്കു യാത്രയായി.
മനുവിന്റെ അമ്മ തെരേസ എല്‍സയുടെ നെറ്റിയില്‍ കുരിശുവരച്ചിട്ട്, കൈപിടിച്ച് അവളെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. മുമ്പ് അതിഥിയായി വന്നു താമസിച്ച വീട്ടില്‍ കുടുംബിനിയായി വന്നുകയറിയപ്പോഴുള്ള എല്‍സയുടെ സന്തോഷം ഒന്നു വേറെയായിരുന്നു.
മനുവിന്റെ സ്വന്തക്കാരും ബന്ധുക്കളുമായി ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു വീട്ടില്‍. ചിലരൊക്കെ വന്നു സ്വയം പരിചയപ്പെടുത്തി സ്‌നേഹം പങ്കുവച്ചു. മുമ്പ് രണ്ടുദിവസം വന്നു താമസിച്ചിട്ടുണ്ടായിരുന്നതിനാല്‍ വീടിനോട് അപരിചിതത്വം തോന്നിയില്ല എല്‍സയ്ക്ക്. മനുവിന്റെ സഹോദരി നിഖിലയുടെ സ്‌നേഹവും അവള്‍ അനുഭവിച്ചറിഞ്ഞതാണല്ലോ!
കാപ്പികുടി കഴിഞ്ഞ് ടെസിയും ഭര്‍ത്താവ് ജോണിയും മടങ്ങാനുള്ള തയ്യാറെടുപ്പായി. ടെസി അനിയത്തിയെ അടുത്തേക്കു വിളിച്ച്, ആ കൈപിടിച്ചു യാത്ര ചോദിച്ചു. ജോണി മുറ്റത്ത് ആരോടോ സംസാരിച്ചുനില്‍ക്കുകയായിരുന്നു ആ സമയം.
''പോട്ടെ മോളേ?'' യാത്ര ചോദിക്കുമ്പോള്‍ ടെസിയുടെ കണ്ണുകള്‍ നിറഞ്ഞു. അതു കണ്ടപ്പോള്‍ എല്‍സയ്ക്കും സങ്കടം വന്നു.
''ഇടയ്ക്കു വരണം കേട്ടോ ചേച്ചീ.''
''ചേട്ടന്‍ വിട്ടാല്‍ വരാം. നിനക്കറിയാല്ലോ ചേട്ടന്റെ സ്വഭാവം.'' ഒന്നു നെടുവീര്‍പ്പിട്ടിട്ട് ടെസി തുടര്‍ന്നു.
''എന്റെ ജീവിതം ഇങ്ങനായിപ്പോയി. നിനക്കെങ്കിലും ഒരു നല്ലകാലം വന്നല്ലോ. ആ ഒരു സന്തോഷം മതി എനിക്ക്.''
''ഞാന്‍ എന്നും പ്രാര്‍ഥിക്കുന്നുണ്ട് ചേച്ചി; ചേട്ടന്റെ സ്വഭാവം മാറ്റിത്തരണേയെന്ന്.''
''ഓ... ഇനി എന്നാ മാറാനാ! മാറിയിട്ടെന്നാ കാര്യം? ഞാന്‍ പ്രാര്‍ഥിക്കുന്നത് മരിച്ചു സ്വര്‍ഗത്തില്‍ ചെല്ലുമ്പോഴെങ്കിലും എനിക്കു സന്തോഷകരമായ ഒരു ജീവിതം തരണേന്നാ.''
സങ്കടത്തോടെ നോക്കിനിന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല എല്‍സ.
''പപ്പയും അമ്മയും ഉണ്ടായിരുന്നെങ്കില്‍ അവരെ കാണാന്‍ വീട്ടില്‍ വരുമ്പഴെങ്കിലും ഒരു സന്തോഷമുണ്ടായിരുന്നു. അതും നഷ്ടമായില്ലേ!''
''ചേച്ചിക്ക് കാശിനാവശ്യം വന്നാല്‍ എന്നോടു ചോദിക്കാന്‍ മടിക്കരുത് കേട്ടോ.''
''ഒന്നും വേണ്ട മോളെ. നിന്റെ ഈ സ്‌നേഹംമാത്രം മതി.''
അവര്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ തെരേസ അങ്ങോട്ടു വന്നു.
''അമ്മേ... ചേച്ചി പോകാന്‍ തുടങ്ങ്വാ.'' എല്‍സ തെരേസയെ നോക്കി പറഞ്ഞു.
''ആണോ?'' തെരേസ ടെസിയുടെ നേരേ തിരിഞ്ഞിട്ടു ആ കരം പിടിച്ചു തുടര്‍ന്നു:
''ഇടയ്ക്കിടെ വരണം കേട്ടോ മോളേ. എല്‍സയ്ക്ക് ചേച്ചീന്നു വച്ചാല്‍ ജീവനാ. ഇന്നാളു വന്നപ്പോള്‍ ഇവള്‍ എല്ലാ കാര്യങ്ങളും എന്നോടു പറഞ്ഞു.
''വരാം അമ്മേ...'' ടെസി തലകുലുക്കി.
മനുവിനോടും മനുവിന്റെ പപ്പയോടും അനിയത്തിയോടുമെല്ലാം യാത്ര പറഞ്ഞിട്ട് ടെസി പുറത്തേക്കിറങ്ങി.
ജോണി പുറത്തു കാത്തുനില്പുണ്ടായിരുന്നു. അയാള്‍ ആരോടും യാത്രപറയാന്‍ പോയില്ല. ടെസി നിര്‍ബന്ധിച്ചെങ്കിലും പോകാന്‍ കൂട്ടാക്കിയില്ല. എന്തൊരു സ്വഭാവമാണ് ഈ മനുഷ്യന്റേതെന്ന് അവളോര്‍ത്തു.
ബൈക്കില്‍, ജോണിയുടെ പിന്നില്‍ കയറി ഇരുന്നിട്ട് ടെസി തിരിഞ്ഞുനോക്കി. സിറ്റൗട്ടില്‍ എല്‍സ നോക്കിനില്പുണ്ടായിരുന്നു. അവള്‍ കൈവീശി റ്റാറ്റ പറഞ്ഞു. ടെസിയും കൈവീശി. ചേച്ചി കണ്ണില്‍നിന്നു മറഞ്ഞപ്പോള്‍ ഒന്നു നെടുവീര്‍പ്പിട്ടിട്ട് എല്‍സ തിരികെ മുറിയിലേക്കു കയറി.
സന്ധ്യയായപ്പോഴേക്കും വീട്ടിലെ തിരക്കൊഴിഞ്ഞു. ബന്ധുക്കള്‍ അപ്പോഴേക്കും യാത്ര പറഞ്ഞു പിരിഞ്ഞിരുന്നു.
ഏഴുമണിക്ക് എല്ലാവരും ഒരുമിച്ചിരുന്ന് പ്രാര്‍ഥന ചൊല്ലി. അതുകഴിഞ്ഞ് അത്താഴം. എല്ലാവരും ഒരുമിച്ചിരുന്ന് വര്‍ത്തമാനം പറഞ്ഞാണ് അത്താഴം കഴിച്ചത്.
തെരേസ ഏറെനേരം എല്‍സയോടു വര്‍ത്തമാനം പറഞ്ഞ് ഡൈനിങ് റൂമിലിരുന്നു. ഉറക്കം വരുന്നെന്നു പറഞ്ഞ് മനു നേരത്തേ കിടപ്പുമുറിയിലേക്കുപോയി.
മുകളിലത്തെ നിലയിലാണ് മണിയറ ഒരുക്കിയിരുന്നത്. എല്‍സ കോട്ടുവാ വിടുന്നതു കണ്ടപ്പോള്‍ സംസാരം നിറുത്തി തെരേസ അവളെ മണിയറയിലേക്ക് ആനയിച്ചു.
മുറിയിലേക്കു കയറി വാതിലടച്ചു തഴുതിട്ടിട്ട് എല്‍സ നോക്കി. മനോഹരമായി അലങ്കരിച്ചിരിക്കുന്നു മുറിയും കട്ടിലും. കട്ടിലിനു ചുറ്റും മുല്ലപ്പൂകൊണ്ട് തോരണം. മുറിയിലാകെ മുല്ലപ്പൂവിന്റെ സുഗന്ധം.
നോക്കിയപ്പോള്‍ മനു കട്ടിലില്‍ നീണ്ടുനിവര്‍ന്നു കിടന്ന് ഉറങ്ങുകയാണ്. മെല്ലെ അവള്‍ കട്ടിലിനരികിലേക്കു നടന്നു. പാല്‍ നിറച്ച ഗ്ലാസ് ടീപ്പോയില്‍വച്ചിട്ട് അവള്‍ കട്ടിലിന്റെ ഓരത്ത് ഇരുന്നു. പതുപതുത്ത ഫോംബെഡ് താഴ്ന്നുപോയി. മനുവിന്റെ മുഖത്തേക്കു നോക്കി തെല്ലുനേരം അവളിരുന്നു.
എല്‍സ ഓര്‍ക്കുകയായിരുന്നു. ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍വച്ച് പരിചയപ്പെട്ട്, പിന്നീട് കുടുംബസുഹൃത്തായി മാറിയ ആള്‍ തന്റെ ജീവിതപങ്കാളിയായി വരുമെന്ന് ഒരിക്കലെങ്കിലും താന്‍ പ്രതീക്ഷിച്ചിരുന്നോ? ഇല്ല. എല്ലാം ദൈവത്തിന്റെ ഇഷ്ടം! വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു എന്നു പറയുന്നത് എത്രയോ ശരിയാണ്!
വലതുകൈ ഉയര്‍ത്തി അവള്‍ മനുവിന്റെ ദേഹത്തുതൊട്ടിട്ട് മൃദുസ്വരത്തില്‍ വിളിച്ചു:
''മനുവേട്ടാ...''
ഞെട്ടി കണ്ണുതുറന്നു മനു. എല്‍സയെ കണ്ടതും കട്ടിലില്‍ എണീറ്റിരുന്നു.
''ക്ഷീണംകൊണ്ട് ഒന്നു മയങ്ങിപ്പോയി. പകലു മുഴുവന്‍ തിരക്കല്ലായിരുന്നോ.''
മനു എണീറ്റ് വാഷ്‌ബേസിനില്‍ പോയി കണ്ണും മുഖവും കഴുകി തുടച്ചിട്ട് വന്നു കട്ടിലില്‍ ഇരുന്നു.
''അമ്മ ഒരുപാടുനേരം കത്തിവച്ചോ.''
''ഏയ്... കത്തിയായിട്ടൊന്നും എനിക്കു തോന്നിയില്ല. അമ്മയുടെ വീട്ടുകാരെപ്പറ്റിയൊക്കെ ഓരോന്നു പറഞ്ഞോണ്ടിരിക്ക്വായിരുന്നു.''
''അമ്മ അങ്ങനാ. മനസ്സില്‍ പിടിച്ച ഒരാളെ കിട്ടിയാല്‍ മണിക്കൂറുകളോളം വര്‍ത്തമാനം പറഞ്ഞിരിക്കും.''
''എന്നെ അത്രയ്ക്കങ്ങിഷ്ടപ്പെട്ടോ അമ്മയ്ക്ക്?''
''പിന്നില്ലേ. അമ്മ പച്ചക്കൊടി കാണിച്ചതുകൊണ്ടല്ലേ ഈ കല്യാണം നടന്നത്.''
''ഞാന്‍ കോട്ടുവാ വിടുന്നതു കണ്ടപ്പഴാ നിറുത്തീത്.''
''അതു നന്നായി. ഇല്ലെങ്കില്‍ വെളുക്കുന്നതുവരെ ചരിത്രം കേട്ടിരിക്കേണ്ടിവന്നേനെ.''
എല്‍സ ചിരിച്ചതേയുള്ളൂ.
ടീപ്പോയില്‍നിന്ന് പാല്‍ നിറച്ച ഗ്ലാസ് എടുത്ത് അവള്‍ മനുവിനു നീട്ടി. പാതി കുടിച്ചിട്ട് മനു ഗ്ലാസ് എല്‍സയ്ക്കു കൈമാറി. ഒറ്റവലിക്ക് ഗ്ലാസ് കാലിയാക്കിയിട്ട് ടീപ്പോയിലേക്കു വച്ചു.
എല്‍സയെ ചേര്‍ത്തുപിടിച്ച് കവിളില്‍ തലോടിക്കൊണ്ട് മനു ചോദിച്ചു:
''എന്നെ ഒരു ഹസ്ബന്റിന്റെ സ്ഥാനത്ത് എന്നെങ്കിലും മനസ്സില്‍ സങ്കല്പിച്ചിട്ടുണ്ടായിരുന്നോ?''
''മുമ്പ് ഇവിടെ വന്നു താമസിച്ചപ്പോള്‍, അമ്മയുടെയും അനിയത്തിയുടെയുമൊക്കെ സ്‌നേഹം കണ്ടപ്പോള്‍ അങ്ങനൊന്നു മനസ്സിലോര്‍ത്തിരുന്നു. പക്ഷേ, ആഗ്രഹിച്ചിട്ടില്ല. ആഗ്രഹിക്കാനുള്ള യോഗ്യത എനിക്കുണ്ടായിരുന്നില്ലല്ലോ!''
''ഓപ്പറേഷന്‍ തിയേറ്ററില്‍വച്ച് എല്‍സയെ കണ്ടപ്പോള്‍ത്തന്നെ എനിക്കൊരു പ്രത്യേക സ്‌നേഹം തോന്നിയിരുന്നു. പക്ഷേ, ജീവിതപങ്കാളിയാക്കണമെന്ന് ആഗ്രഹം തോന്നിയത് എല്‍സയെപ്പറ്റി കുരിശിങ്കലച്ചന്‍ പറഞ്ഞതിനുശേഷമാ. ഒരു ഇടവകവികാരിക്ക് കൃത്യമായി അറിയാല്ലോ തന്റെ ഇടവകയിലെ ഓരോ അംഗത്തിന്റെയും സ്വഭാവവും കാര്യങ്ങളും. അമ്മ സമ്മതിക്കുമോന്നായിരുന്നു എന്റെ സംശയം. പക്ഷേ, എല്‍സ ഇവിടെ വന്നു താമസിച്ചപ്പോള്‍ അമ്മയ്ക്കു മനസ്സിലായി എന്റെ സെലക്ഷന്‍ ഒട്ടും മോശമായില്ല എന്ന്.''
''എന്റെ ഭാഗ്യം.'' എല്‍സ പറഞ്ഞു.
അവള്‍ മനുവിനെ ചേര്‍ത്തുപിടിച്ച് ആ നെഞ്ചില്‍ ശിരസ്സ് ചേര്‍ത്തു.
മനു അവളെ ആലിംഗനം ചെയ്തിട്ട് റോസാദളങ്ങള്‍പോലുള്ള അവളുടെ ചുണ്ടുകളില്‍ ഒരു മധുരചുംബനം നല്‍കി. എല്‍സ കോരിത്തരിച്ചുപോയി. * * *
പുലര്‍ച്ചെ എണീറ്റ് കുളിച്ചു ഫ്രഷായി എല്‍സ. എന്നിട്ടു വന്നു ഭര്‍ത്താവിനെ വിളിച്ചെഴുന്നേല്പിച്ചു.
''പുതിയൊരു ജീവിതം തുടങ്ങ്വല്ലേ. പള്ളിയില്‍പോയി കുര്‍ബാന കണ്ടിട്ടു വരാം മനുവേട്ടാ.''
''ഇതു ഞാനങ്ങോട്ടു പറയാന്‍ തുടങ്ങ്വായിരുന്നു.''
മനു എണീറ്റുപോയി കുളിച്ചിട്ടു വന്നു വേഷം മാറി. രണ്ടുപേരും കാറില്‍ പള്ളിയിലേക്കു പുറപ്പെട്ടു. നല്ലൊരു ഭര്‍ത്താവിനെ കൂട്ടായി തന്നതിന് ദൈവത്തിന് എല്‍സ നന്ദി പറഞ്ഞു.
കുര്‍ബാന കഴിഞ്ഞു മടങ്ങുമ്പോള്‍ എല്‍സ പറഞ്ഞു:
''വൈകാതെ നമുക്ക് ടെസിച്ചേച്ചിയുടെ വീട്ടിലൊന്നു പോകണം. പിന്നെ സൂസമ്മയാന്റിയുടെ വീട്ടിലും.''
''പോകാം.''
ഓരോന്നു സംസാരിച്ച് അവര്‍ വീട്ടിലെത്തി. പ്രഭാതഭക്ഷണം കഴിഞ്ഞ് എല്‍സ മനുവിനോടൊപ്പം പറമ്പൊക്കെ ചുറ്റി നടന്നു കണ്ടു. വിസ്തൃതമായ പറമ്പില്‍ എല്ലാത്തരം കൃഷികളുമുണ്ടായിരുന്നു. തെങ്ങും വാഴയും റമ്പൂട്ടാനുമൊക്കെ വളര്‍ന്നു കുടചൂടി നില്‍ക്കുന്ന കാഴ്ച മനോഹരമായിരുന്നു. ഒരു പൂന്തോട്ടത്തിലൂടെ നടന്നുപോകുന്ന പ്രതീതിയായിരുന്നു. മനുവിന്റെ പപ്പ നല്ലൊരു കൃഷിക്കാരനാണെന്ന് എല്‍സയ്ക്കു മനസ്സിലായി.
''മനുവേട്ടനറിയാമോ കൃഷിയൊക്കെ?''
''ഓ... ഇതൊക്കെ പപ്പയുടെ വകയാ. കൃഷി ചെയ്യിപ്പിക്കാന്‍ എനിക്കെവിടെ നേരം?''
''നന്നായിരിക്കുന്നു. പറമ്പില്‍ ഒരു പാഴ്‌ച്ചെടിപോലുമില്ലല്ലോ!''
''ചെല്ലുമ്പം പപ്പയെ ഒന്നഭിനന്ദിച്ചേരെ.''
''ഉം.'' എല്‍സ ചിരിച്ചു.
''ങ്ഹ... അതു പോട്ടെ... ഹണിമൂണിന് നമുക്ക് എവിടാ പോകേണ്ടത്?''
''മനുവേട്ടന്റെ ഇഷ്ടം!''
''കൊടൈക്കനാലിലും ഊട്ടിയിലുമൊക്കെ പോയി നാലഞ്ചുദിവസം അടിച്ചു പൊളിച്ചു താമസിച്ചിട്ടു പോരാം. എന്താ?''
''ഞാന്‍ റെഡി.''
''നാളെ പുറപ്പെട്ടാലോ?''
''ആയിക്കോട്ടെ.''
അടുത്ത ദിവസം കാറില്‍ ഊട്ടിയിലേക്കു യാത്രയായി ഇരുവരും. പോകുന്ന വഴി മനു വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. ചിരിയും തമാശയുമായി സമയം പോയത് അറിഞ്ഞതേയില്ല.
ഊട്ടിയിലെത്തി ഹോട്ടലില്‍ റൂം എടുത്തിട്ട് അവര്‍ കുളിച്ചു ഫ്രഷായി. പിന്നെ ഭക്ഷണം കഴിച്ചിട്ട് കുറേനേരം വിശ്രമിച്ചു.
പതുപതുത്ത ഫോംബെഡില്‍ ശരീരം ശരീരത്തോടു ചേര്‍ന്നു കിടക്കുമ്പോള്‍ എല്‍സ പറഞ്ഞു:
''ഇത്രയും സ്‌നേഹനിധിയായ ഒരു ഹസ്ബന്റിനെ കിട്ടുമെന്ന് ഞാന്‍ സ്വപ്നത്തില്‍പോലും വിചാരിച്ചതല്ല.''
''നല്ലവരെ ദൈവം ഒരിക്കലും കൈവിടില്ല.''
വിശേഷങ്ങള്‍ പറഞ്ഞ്, ഹൃദയം ഹൃദയത്തോടു ചേര്‍ത്തുവച്ച് അവര്‍ ഒന്നുമയങ്ങി.
നാലുമണിക്ക് എണീറ്റ് ഡ്രസ് മാറി പുറത്തേക്കിറങ്ങി. പ്രകൃതിദൃശ്യങ്ങള്‍ കണ്ട് എല്ലായിടത്തും ചുറ്റിനടന്നു. മനോഹരമായ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന ഗാര്‍ഡനിലൂടെ മനുവിന്റെ കൈപിടിച്ചു നടക്കുമ്പോള്‍ എല്‍സ ഓര്‍ത്തു: ഇവിടെ വരാന്‍ പറ്റുമെന്ന് സ്വപ്നത്തില്‍പ്പോലും വിചാരിച്ചതല്ല.
പച്ചവിരിച്ച പുല്‍പ്പരപ്പിലിരുന്ന് അവര്‍ ഹൃദയവികാരങ്ങള്‍ കൈമാറി. നിന്നും ഇരുന്നും സെല്‍ഫി എടുത്തു. മാറിമാറി ഫോട്ടോകള്‍ എടുത്തു.
ഇരുട്ടുവീണപ്പോഴാണ് ഹോട്ടലില്‍ തിരിച്ചെത്തിയത്. കുളിയും ഭക്ഷണവും കഴിഞ്ഞു ബെഡ്ഡില്‍ ഒരുമിച്ചുകിടക്കുമ്പോള്‍ എല്‍സ പതിയെ വിളിച്ചു:
''മനുവേട്ടാ.''
''എന്താ മോളേ?''
മനു അവളെ ചേര്‍ത്തു പിടിച്ചു.
''ഈ സ്‌നേഹത്തിന് ഞാനെന്താ പ്രതിഫലമായിട്ടു തരിക?''
''ഒന്നും വേണ്ട. ഈ ശരീരവും ഈ മനസ്സും മാത്രം മതി.''
മനു അവളെ വികാരവായ്‌പോടെ ചേര്‍ത്തുപിടിച്ച് കവിളില്‍ ഒരു മുത്തം നല്‍കി.
(തുടരും)