•  21 Nov 2024
  •  ദീപം 57
  •  നാളം 37
വചനനാളം

ദൈവാലയത്തെക്കാള്‍ വലിയവന്‍

നവംബര്‍ 8   പള്ളിക്കൂദാശക്കാലം രണ്ടാം ഞായര്‍

പുറപ്പാട് 40,1-16; 1 രാജ 8,22-29; ഹെബ്രാ 9,16-28 13,1-13; മത്തായി 22, 41-46


പുറപ്പാടുപുസ്തകത്തില്‍ നിന്നുള്ള വായനയില്‍ കര്‍ത്താവിന്റെ നിര്‍ദേശമനുസരിച്ചു നിര്‍മിക്കപ്പെട്ട കൂടാരം മോശ എപ്രകാരമാണ് പ്രതിഷ്ഠിക്കേണ്ടതെന്നും വിശുദ്ധവസ്തുക്കള്‍ എങ്ങനെ അഭിഷേചിച്ചു വിശുദ്ധീകരിക്കണമെന്നുമാണ് വിവരിക്കുന്നത്. വിശുദ്ധവസ്തുക്കള്‍ എപ്പോഴും വിശുദ്ധമായി കാത്തുസൂക്ഷിക്കുവാനുള്ള കടമയാണ് വചനം പറഞ്ഞുതരുന്നത്. വിശുദ്ധ കര്‍മങ്ങള്‍ ചെയ്യുന്നതിന് തിരഞ്ഞടുക്കപ്പെട്ട പുരോഹിതരെ അഭിഷേകം ചെയ്യുന്നതിനും മോശയോട് ദൈവം നിര്‍ദേശിക്കുന്നുണ്ട്. മോശ നിര്‍മിച്ച കൂടാരവും അതിനോടു ബന്ധപ്പെട്ട ശുദ്ധീകരണകര്‍മങ്ങളും യഥാര്‍ഥ ദൈവാലയത്തിന്റെയും മിശിഹായില്‍ സാക്ഷാത്കൃതമായ യഥാര്‍ഥ ആരാധനയുടെയും പ്രതിരൂപമാണ്. ആചാരാനുഷ്ഠാനങ്ങളിലൂടെ പ്രകടമാകുന്നത് ദൈവവിശ്വാസമാണ്. എന്നാല്‍, ദൈവത്തിന്റെ സ്‌നേഹവും കരുണയും ഈ ആചാരാനുഷ്ഠാനങ്ങളെക്കാള്‍ ഉപരിയാണ് എന്നാണ് സാബത്തിന്റെയും കര്‍ത്താവാണ് ഈശോ എന്നു പറയുന്നതിലൂടെ സുവിശേഷകന്‍ വ്യക്തമാക്കുന്നത്.
രാജാക്കന്മാരുടെ പുസ്തകത്തില്‍നിന്നുള്ള രണ്ടാമത്തെ വായന ഇസ്രായേലിനുവേണ്ടി നിര്‍മിച്ച ദൈവാലയത്തിന്റെ പ്രതിഷ്ഠാവേളയില്‍ സോളമന്‍ രാജാവ് നടത്തുന്ന പ്രാര്‍ഥനയാണ്. ആ പ്രാര്‍ഥനയില്‍ സോളമന്‍ ഏറ്റുപറയുന്നത് ദൈവമായ കര്‍ത്താവിനെപ്പോലെ ആകാശത്തിലും ഭൂമിയിലും വേറൊരു ദൈവമില്ലായെന്നാണ്. അവിടന്ന് വാഗ്ദാനം നിറവേറ്റുന്നവനാണ്. സോളമന്‍ അപേക്ഷിക്കുന്നു: അവിടത്തെ സന്നിധിയില്‍ നടത്തുന്ന പ്രാര്‍ഥനകളും നിലവിളികളും കേള്‍ക്കണമേ. കര്‍ത്താവിന്റെ കടാക്ഷം ആലയത്തിന്മേല്‍ ഉണ്ടാകണമേ. അദൃശ്യനായ ദൈവത്തിന്റെ സാന്നിധ്യവും കൃപയും അനുഭവിക്കുന്ന ദൃശ്യമായ വേദിയാണ് ദൈവാലയം. അവിടെ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നിടത്ത് അവിടത്തെ കൃപാകടാക്ഷം ഉണ്ടാകും. 
പഴയനിയമവായനയില്‍ കാണുന്ന കൂടാരവും ദൈവാലയവും മിശിഹാ നിത്യപുരോഹിതനായിരിക്കുന്ന സ്വര്‍ഗീയദൈവാലയത്തിന്റെ പ്രതിരൂപങ്ങള്‍ മാത്രമാണ് എന്ന് ഹെബ്രായലേഖനം പഠിപ്പിക്കുന്നു. സ്വര്‍ഗീയസ്ഥലത്തിന്റെ സാദൃശ്യവും ആദ്യമാതൃകയുമാണ് അവര്‍ ശുശ്രൂഷ ചെയ്തിരുന്നിടം. പത്രോസ് ഏറ്റുപറഞ്ഞ വിശ്വാസത്തിന്മേല്‍ ഈശോ സ്ഥാപിച്ച തിരുസഭയില്‍ ആരാധനാസമൂഹം നടത്തുന്ന ബലിയര്‍പ്പണം മിശിഹാ കാല്‍വരിയില്‍ അര്‍പ്പിച്ച എന്നന്നേക്കുമായുള്ള ഏകബലിയുടെ അനുസ്മരണവും സ്വര്‍ഗീയജറുസലേമില്‍ പിതാവിന്റെ സന്നിധിയില്‍ അവിടുന്ന് മനുഷ്യകുലത്തെ സമര്‍പ്പിക്കുന്നതിന്റെ മുന്നനുഭവവുമാണ്.
വിശുദ്ധ സുവിശേഷത്തില്‍ നാം കാണുന്നത്, ദൈവാലയത്തെക്കാള്‍ ശ്രേഷ്ഠനും സാബത്തിന്റെ കര്‍ത്താവുമായവനാണ് മിശിഹാ എന്ന വെളിപ്പെടുത്തലാണ്. ഈശോയും ശിഷ്യരും ഒരു വയലിലൂടെ കടന്നുപോകുമ്പോള്‍ ശിഷ്യന്മാര്‍ യഹൂദരുടെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് സാബത്തില്‍ കതിരുകള്‍ പറിച്ചുതിന്നു. ഇതുകണ്ട് ഫരിസേയര്‍ ഈശോയോടു പറയുന്നു: അവിടത്തെ ശിഷ്യന്മാര്‍ നിഷിദ്ധമായത് ചെയ്യുന്നു. അന്യന്റെ പാടത്തുകൂടി കടന്നുപോകുമ്പോള്‍ വിശന്നാല്‍ കതിരുകള്‍ പറിച്ചു തിന്നുന്നത് അനുവദനീയമായിരുന്നു (നിയ 23,25). സാബത്തില്‍ ഭക്ഷണംകഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സാബത്തില്‍ ജോലിചെയ്യുന്നത് നിഷിദ്ധമായിരുന്നു. കതിരുകള്‍ പറിച്ചുതിന്നുന്നത് കൊയ്ത്തുപോലെ ഒരു ജോലിയായിക്കണ്ടാണ് വിമര്‍ശനങ്ങള്‍ ഉതിര്‍ത്തത്. ഈശോയില്‍ കുറ്റമാരോപിക്കേണ്ടതിന് അവിടത്തെ പിന്തുടര്‍ന്നിരുന്ന അവരുടെ മനോഭാവം അറിഞ്ഞിരുന്ന ഈശോ അവര്‍ ആദരവോടെ കണ്ടിരുന്ന രണ്ടു കാര്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ശിഷ്യമാരുടെ പ്രവര്‍ത്തനങ്ങളുടെമേലുള്ള ആരോപണങ്ങളെ തള്ളിക്കളയുകയാണ്. ഒന്നാമതായി സാമുവേലിന്റെ ഒന്നാംപുസ്തകം 21, 1-6 ല്‍ വിവരിക്കുന്ന സംഭവമാണ് ഈശോ ഉദ്ധരിക്കുന്നത്. ദാവീദ് നിഷിദ്ധമായ ഒരുകാര്യം ചെയ്തുവെങ്കിലും ആ സംഭവം ഒരു തെറ്റായി അവര്‍ പരിഗണിച്ചിരുന്നില്ല. അതുപോലെതന്നെ സാബത്തില്‍ പുരോഹിതര്‍ ജോലിചെയ്തിരുന്നെങ്കിലും അതും ഒരു തെറ്റായി അവര്‍ കണ്ടിരുന്നില്ല. കാരണം, ദൈവാലയത്തിലെ ജോലിയുടെ ഔന്നത്യം സാബത്തു നിയമത്തെ മറികടന്നിരുന്നു. എന്നാല്‍, ഇവിടെ ദേവാലയത്തേക്കാള്‍ വലിയവന്‍ ഉള്ളതുകൊണ്ട് ശിഷ്യന്മാരുടെ പ്രവൃത്തികള്‍ക്കു ന്യായീകരണമുണ്ട്. 
ഈശോ സിനഗോഗില്‍ പ്രവേശിച്ചപ്പോഴും ചിലരുടെ നോട്ടം അവനില്‍ കുറ്റമാരോപിക്കുക എന്നതാണ്. എന്തു ചെയ്താലും അവിടുന്നില്‍ കുറ്റമാരോപിക്കുന്നതിനുവേണ്ടി ഒരു കൂട്ടം ആളുകള്‍ എപ്പോഴും ഉണ്ടായിരുന്നതായി വചനത്തില്‍നിന്നു മനസ്സിലാകും. എന്നാല്‍, ഈശോ ഈ അവസരം പ്രയോജനപ്പെടുത്തി കരുണയെയും സ്‌നേഹത്തെയുംകുറിച്ച് അവരെ പഠിപ്പിക്കുകയാണ്. യഥാര്‍ഥമായ കരുണയ്ക്ക് യാതൊരു പ്രതിബന്ധവുമില്ല. അതു തിരിച്ചറിഞ്ഞിരുന്നെങ്കില്‍ അകാരണമായി കുറ്റം വിധിക്കുകയില്ലായിരുന്നു. കുഴിയില്‍ വീണുപോയതിനെ വീണ്ടെടുക്കുന്നതും, കുറവുകളുള്ളവനെ ബലവാനാക്കുന്നതുമെല്ലാം സാബത്തിന്റെ ചൈതന്യംതന്നെയാണ് എന്ന് ഈശോ പഠിപ്പിക്കുന്നു.
 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)