•  26 Dec 2024
  •  ദീപം 57
  •  നാളം 42
വചനനാളം

തിരുക്കുടുംബങ്ങള്‍ക്കു സ്തുതി!

ഡിസംബര്‍ 29
പിറവിക്കാലം രണ്ടാം ഞായര്‍
തിരുക്കുടുംബത്തിന്റെ തിരുനാള്‍
ഉത്പ 1:26-28    പ്രഭാ 3:1-9 
കൊളോ 3:18-21   മത്താ 2:13-14,19-23

   ഈശോയുടെ പിറവിത്തിരുനാള്‍ കഴിഞ്ഞുവരുന്ന ആദ്യഞായറാഴ്ച സഭയില്‍ തിരുക്കുടുംബത്തിന്റെ തിരുനാള്‍ ആചരിക്കുകയാണ്. ദൈവപുത്രന്‍ മനുഷ്യനായി അവതരിച്ചു മനുഷ്യത്വത്തെ മഹത്ത്വീകരിക്കുകയും ഒരു കുടുംബത്തിന്റെ ഭാഗമായിത്തീര്‍ന്നുകൊണ്ട് കുടുംബബന്ധങ്ങളെ വിശുദ്ധീകരിക്കുകയുംചെയ്തു. മാതാപിതാക്കന്മാര്‍ക്കു വിധേയമായി ജീവിച്ചുകൊണ്ട് മാതൃത്വത്തെയും പിതൃത്വത്തെയും ആദരിക്കുകയും ചെയ്തു.  തിരുക്കുടുംബത്തെ പ്രത്യേകമായി ഓര്‍ക്കുകയും കൃപാവരങ്ങള്‍ പ്രാര്‍ഥിക്കുകയും ചെയ്യുന്ന ദിവസമാണിന്ന്. 
    ഉത്പത്തിപ്പുസ്തകത്തില്‍നിന്നുള്ള ഒന്നാമത്തെ പ്രഘോഷണം മനുഷ്യസൃഷ്ടിയെക്കുറിച്ചുള്ളതാണ്. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു എന്നു തിരുവചനം പറയുന്നു. ഛായയിലും സാദൃശ്യത്തിലും എന്നു പറഞ്ഞാല്‍ എന്താണ് അര്‍ഥമാക്കുന്നത്? ഛായയും സാദൃശ്യവും എന്നത് രണ്ടു വ്യത്യസ്തകാര്യങ്ങളെ സൂചിപ്പിക്കുന്നതല്ല; മൂലഭാഷയില്‍ അതു രണ്ടുംകൂടി ഒരു യാഥാര്‍ഥ്യത്തെ സൂചിപ്പിക്കുന്നതാണ്. വചനത്തിന്റെ വെളിച്ചത്തില്‍ അതു വ്യാഖ്യാനിക്കാന്‍ ശ്രമിക്കുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത് മനുഷ്യനെ ദൈവമക്കളുടെ സ്ഥാനത്തു സൃഷ്ടിച്ചു എന്ന കാര്യമാണ്. ഉത്പത്തിപ്പുസ്തകം 5:3 അനുസരിച്ച് ആദത്തിനു ഛായയിലും സാദൃശ്യത്തിലും ഒരു മകന്‍ ജനിക്കുന്നു. ഛായയിലും സാദൃശ്യത്തിലുമായിരിക്കുക എന്നു പറഞ്ഞാല്‍ മക്കളായിരിക്കുക എന്നതാണ്. മാതാപിതാക്കന്മാരുടെ ഛായയിലും സാദൃശ്യത്തിലുമാണല്ലോ മക്കള്‍ ജനിക്കുന്നത്. ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു എന്നുപറഞ്ഞാല്‍ മനുഷ്യനെ ദൈവമക്കളുടെ സ്ഥാനത്തു സൃഷ്ടിച്ചു എന്നാണു മനസ്സിലാക്കേണ്ടത്. ദൈവമക്കള്‍ എന്നു പറഞ്ഞാല്‍ സത്താപരമായി ദൈവമക്കള്‍ എന്നല്ല,ദൈവമക്കളുടെ സ്ഥാനം നല്കി സൃഷ്ടിച്ചു എന്നാണു മനസ്സിലാക്കേണ്ടത്. 1 യോഹ. 3:1 ല്‍ നാം ദൈവമക്കളെന്നു വിളിക്കപ്പെടുന്നു; അങ്ങനെയാണുതാനും.  മനുഷ്യന്‍ പാപം ചെയ്തപ്പോള്‍ ആ സ്ഥാനം നഷ്ടപ്പെടുത്തി. ഈശോമിശിഹായിലൂടെ  അതു വീണ്ടെടുത്തു. അങ്ങനെ നാം മിശിഹായില്‍ ദത്തുപുത്രരായി. ദൈവത്തിന്റെ സൃഷ്ടിയില്‍ മനുഷ്യനുള്ള അനന്യതയാണ് ഈ തിരുവചനത്തിലൂടെ വ്യക്തമാക്കുന്നത്. 
     രണ്ടാമത്തെ പ്രഘോഷണം  പ്രഭാഷകന്റെ പുസ്തകത്തില്‍നിന്നുള്ളതാണ്. മക്കള്‍ക്കു മാതാപിതാക്കന്മാരോടുള്ള കടമയാണ് ഇവിടെ പറയുന്നത്. അവരുടെ വാക്കുകേട്ട് അതനുസരിച്ചു പ്രവര്‍ത്തിക്കാനാണ് പ്രഭാഷകന്‍ ഉപദേശിക്കുന്നത്. അവരെ ബഹുമാനിക്കണമെന്നു കര്‍ത്താവ് ആഗ്രഹിക്കുന്നു. മാതാപിതാക്കന്മാരോടുള്ള ആദരവിന്റെ പ്രതിഫലം എന്താെണന്നും തിരുവചനം പറയുന്നുണ്ട്: പാപങ്ങള്‍ക്കു പ്രായശ്ചിത്തം ചെയ്യുന്നു, നിക്ഷേപം കൂട്ടിവയ്ക്കുന്നു. മാതാപിതാക്കളെ ബഹുമാനിക്കുന്നവരുടെ മക്കള്‍ അവരെ സന്തോഷിപ്പിക്കും. പ്രാര്‍ഥന കര്‍ത്താവു കേള്‍ക്കും, ദീര്‍ഘകാലം ജീവിക്കും, അനുഗ്രഹത്തിനു പാത്രമാകും, മക്കളുടെ ഭവനങ്ങളെ ബലവത്താക്കും. നല്ല കുടുംബങ്ങള്‍ രൂപപ്പെടുന്നത് നല്ല മാതാപിതാക്കള്‍ ഉണ്ടാകുമ്പോഴാണ്. അവരെ ബഹുമാനിച്ചും ആദരിച്ചും അനുസരിച്ചും മക്കള്‍ വളരുമ്പോള്‍ അതു ദൈവത്തിന്റെ ഭവനമായിമാറും. ദൈവസ്‌നേഹം അനുഭവിക്കാന്‍ ആ കുടുംബത്തിനു സാധിക്കും. 
പൗലോസ്ശ്ലീഹാ കൊളോസോസിലെ സഭയ്‌ക്കെഴുതിയ ലേഖനത്തിലൂടെ കര്‍ത്താവിനാല്‍ നയിക്കപ്പെടുന്ന കുടുംബം എപ്രകാരമുള്ളതായിരിക്കണം എന്നാണു പറയുന്നത്. ഭാര്യാഭര്‍ത്തൃബന്ധം കര്‍ത്താവിനുയോഗ്യമാംവിധം ആയിരിക്കണം. വിധേയത്വത്തിന്റെയും സ്‌നേഹത്തിന്റെയും കരുതലിന്റെയും ആയിരിക്കണം അത്. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തില്‍ അനുസരണത്തിന്റെയും അംഗീകരിക്കലിന്റെയും പ്രോത്സാഹനത്തിന്റെയും ഭാവങ്ങള്‍ കുടുംബങ്ങളില്‍ നിലനില്ക്കണമെന്നാണ് ശ്ലീഹാ ഉപദേശിക്കുന്നത്.  
    മനുഷ്യകുലത്തിന്റെ രക്ഷയ്ക്കുവേണ്ടി മനുഷ്യാവതാരംചെയ്ത ദൈവപുത്രന്‍ സ്വന്തമാക്കിയ കുടുംബത്തെയാണ് ഇന്നത്തെ സുവിശേഷഭാഗത്തു കാണുന്നത്. ദൈവപുത്രന്‍ അവതരിച്ച കുടുംബമാണ് എങ്കിലും പ്രതിസന്ധികളിലൂടെയും പ്രതികൂലസാഹചര്യങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. ആ അവസരങ്ങളിലെല്ലാം ദൈവഹിതത്തിനു സ്വയം സമര്‍പ്പിച്ച് ദൈവികപദ്ധതികളോടു സഹകരിച്ച് കുടുംബത്തെ മുന്നോട്ടുനയിക്കുന്ന യൗസേപ്പിതാവിനെയും അതിനോടു ചേര്‍ന്നുനില്ക്കുന്ന പരിശുദ്ധമറിയത്തെയും കാണാം. തിരുക്കുടുംബം ഈജിപ്തിലേക്കു പോകുന്നതും അവിടെനിന്നു തിരിച്ചുവരുന്നതുമായ കാര്യങ്ങളാണ് സുവിശേഷത്തില്‍നിന്നു ശ്രവിക്കുന്നത്. മിശിഹായുടെ മനുഷ്യാവതാരത്തോടുള്ള രണ്ടു പ്രതികരണങ്ങളാണ് മത്തായിയുടെ സുവിശേഷം രണ്ടാം അധ്യായത്തില്‍ കാണാവുന്നത്. മിശിഹായെ സ്വീകരിക്കുന്ന കുടുംബവും, അവിടെ ഈശോയെതേടിവന്ന് അവിടുത്തെ ആരാധിക്കുന്ന ജ്ഞാനികളും, മിശിഹായുടെ ജനനത്തില്‍ അസ്വസ്ഥരായി അവിടുത്തെ വധിക്കാനൊരുങ്ങുന്ന ഹേറോദേസും കൂട്ടരും. പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കുന്ന തിരുക്കുടുംബത്തെയാണ് സുവിശേഷത്തില്‍ കാണുന്നത്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)