കേരളമോഡല്‍ വികസനമാതൃക പ്രസിദ്ധമാണ്. കുറഞ്ഞ ജി.ഡി.പി.യും പ്രതിശീര്‍ഷവരുമാനവും വളര്‍ച്ചാനിരക്കുമുണ്ടായിട്ടും വിദ്യാഭ്യാസ-ആരോഗ്യമേഖലകളില്‍ കേരളം വളരെ മുമ്പിലാണ്. ഈ അസാധാരണപ്രതിഭാസത്തെ സൂചിപ്പിക്കുന്നതിനാണ് കേരളമോഡല്‍ വികസനം എന്ന പ്രയോഗം. മനോഹരമായ ഈ പേരു കണ്ടെത്തിയതു സര്‍ക്കാരാണെങ്കിലും അതിനു കാരണക്കാര്‍ ക്രൈസ്തവമിഷനറിമാരും അവരുടെ തുടര്‍ച്ചയായ ക്രൈസ്തവസഭകളുമാണ്. അവരാണു കേരളത്തില്‍ അടിസ്ഥാനവിദ്യാഭ്യാസത്തിനും അടിത്തറയുള്ള വിദ്യാഭ്യാസത്തിനും ആരോഗ്യസുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തുടക്കംകുറിച്ചത്. മറ്റു സമുദായങ്ങളുടെ ഈ മേഖലയിലെ സംഭാവനകളെ വിസ്മരിച്ചല്ല ക്രൈസ്തവസമുദായത്തിന്റെ ഇടപെടലുകളെക്കുറിച്ച് ഓര്‍മിക്കുന്നത്.
വിദ്യാഭ്യാസം നല്‍കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍, ആവശ്യത്തിനു വിഭവശേഷിയില്ലാത്ത സര്‍ക്കാരിന് അതു സാധ്യമല്ല. അതുകൊണ്ടാണു മറ്റു വിദ്യാഭ്യാസ ഏജന്‍സികളെ ആശ്രയിക്കാന്‍ ഭരണകൂടങ്ങള്‍ നിര്‍ബന്ധിതരാകുന്നത്. കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഏജന്‍സി ക്രൈസ്തവമാനേജുമെന്റാണ്. മറ്റു സമുദായങ്ങള്‍ക്കും സ്‌കൂളുകളും കോളജുകളുമുണ്ട്. സംസ്ഥാനത്ത് ആകെ 14,205 സ്‌കൂളുകളുണ്ട്. അതില്‍ 5995 സ്‌കൂളുകള്‍ സര്‍ക്കാരിന്റേതാണ്. 8210 സ്‌കൂളുകള്‍ എയ്ഡഡ് മേഖലയിലുള്ളവയാണ്. എയ്ഡഡ്‌സ്‌കൂളുകളില്‍ അധ്യാപകര്‍ക്കു ശമ്പളം നല്‍കുന്നത് സര്‍ക്കാരാണ്. അടിസ്ഥാനസൗകര്യം ഒരുക്കുന്നതാകട്ടെ മാനേജുമെന്റും. എയ്ഡഡ് സ്‌കൂളുകള്‍ എന്ന പേരുണ്ടെങ്കിലും സകല നിയന്ത്രണങ്ങളും സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. സ്‌കൂളിന് അനുമതിയും നിര്‍മാണാനുമതിയും നല്‍കുന്നതു സര്‍ക്കാരാണ്. ഹൈസ്‌കൂള്‍വരെയുള്ള അധ്യാപകരെ നിശ്ചയിക്കുന്നത് മാനേജുമെന്റാണെങ്കിലും അവരുടെ നിയമനം അംഗീകരിക്കുന്നതു സര്‍ക്കാരാണ്. കെ.ഇ.ആറും വിദ്യാഭ്യാസവകുപ്പില്‍നിന്നിറങ്ങുന്ന ഉത്തരവുകളുമനുസരിച്ചാണു വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഹയര്‍സെക്കന്‍ഡറിമുതല്‍ മുകളിലേക്ക് അധ്യാപകനിയമനത്തില്‍ സര്‍ക്കാര്‍പ്രതിനിധിയുടെ സാന്നിധ്യം നിര്‍ബന്ധമാണ്. ഇതിനുംപുറമേ വിദ്യാഭ്യാസനയം രൂപപ്പെടുത്തുന്നതു സര്‍ക്കാരാണ്. പാഠ്യപദ്ധതി നിശ്ചയിക്കുന്നതും പരീക്ഷകള്‍ നടത്തി വിജയികളെ പ്രഖ്യാപിക്കുന്നതും സര്‍ക്കാര്‍തന്നെ.
പൊതുവെ പറഞ്ഞാല്‍, സര്‍ക്കാരുകളും എയ്ഡഡ് മേഖലയും തമ്മില്‍ ആരോഗ്യകരമായ ബന്ധമാണു പുലര്‍ത്തിപ്പോരുന്നത്. എയ്ഡഡ്‌മേഖല കേരളത്തിന്റെമാത്രം പ്രത്യേകതയാണ്. മറ്റു സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍സ്‌കൂളുകളും സ്വകാര്യമാനേജുമെന്റുസ്‌കൂളുകളും മാത്രമാണുള്ളത്. സര്‍ക്കാര്‍സഹായം ലഭിക്കാത്ത സ്‌കൂളുകളാണു സ്വകാര്യമാനേജുമെന്റ് സ്‌കൂളുകള്‍. കേരളത്തില്‍ മൊത്തം 14,205 സ്‌കൂളുകളാണുള്ളത്. അതില്‍ 5995 സ്‌കൂളുകള്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. 8210 സ്‌കൂളുകള്‍ എയ്ഡഡ് മേഖലയിലും. ഈ കണക്ക് സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്ത് എയ്ഡഡ്‌സ്‌കൂളുകളുടെ പ്രാധാന്യം വ്യക്തമാക്കുന്നു.
സര്‍ക്കാരിന് ശേഷിയുള്ളവരെയും ശേഷികുറഞ്ഞവരെയും ഒരുപോലെ സംരക്ഷിക്കാനുള്ള ചുമതലയുണ്ട്. അതിന്‍പ്രകാരം ഭിന്നശേഷിക്കാരായ അധ്യാപകരെയും അനധ്യാപകരെയും സംരക്ഷിക്കുന്നതിനു സ്‌കൂളുകളില്‍ സംവരണം ഏര്‍പ്പെടുത്തുകയുണ്ടായി. 1996 മുതല്‍ മൂന്നു ശതമാനവും 2017 മുതല്‍ നാലു ശതമാനവും സീറ്റാണു ഭിന്നശേഷിക്കാര്‍ക്കുവേണ്ടി നിര്‍ദേശിക്കപ്പെട്ടത്. ക്രൈസ്തവമാനേജുമെന്റ് സര്‍ക്കാര്‍തീരുമാനത്തെ സ്വാഗതം ചെയ്തു. ഭിന്നശേഷിസംവരണം കോടതിനിര്‍ദേശപ്രകാരമാണു സര്‍ക്കാര്‍ നടപ്പിലാക്കിയത്. അര്‍ഹരായ ഭിന്നശേഷിക്കാരെ നിശ്ചയിച്ചതിനുശേഷമേ മറ്റുള്ളവരെ നിയമിക്കാനാവുകയുള്ളൂ എന്ന സര്‍ക്കാര്‍ ഉത്തരവു പാലിക്കപ്പെടാത്ത സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കില്ല എന്നതിന്റെ യുക്തി മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. സര്‍ക്കാര്‍ നിര്‍ദേശിച്ച റേഷ്യോയില്‍ ഭിന്നശേഷിക്കാര്‍ക്കു നിയമനം നല്‍കിയ സ്ഥാപനങ്ങളുണ്ട്; നിയമനം നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുള്ള സ്ഥാപനങ്ങളുമുണ്ട്. അര്‍ഹരായ ഭിന്നശേഷിക്കാരെ കിട്ടാനില്ല എന്നതുകൊണ്ടു നിയമനം നടത്താന്‍ കഴിയാത്ത സ്ഥാപനങ്ങളുമുണ്ട്. പത്രപ്പരസ്യം നല്‍കിയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുവഴിയുമാണ് അര്‍ഹരായ ഉദ്യോഗാര്‍ഥികളെ കണ്ടെത്തുന്നത്. ആവശ്യത്തിനു ഭിന്നശേഷിക്കാര്‍ ഇല്ല എന്നാണു സ്ഥാപനങ്ങള്‍ പറയുന്നത്.
ഇതിനിടയില്‍ 2021 നവംബര്‍ എട്ടാം തീയതി ഇറങ്ങിയ ഒരു ഉത്തരവ് അധ്യാപകനിയമനത്തില്‍ വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. ഭിന്നശേഷിക്കാരെ നിയമിക്കാത്ത സ്ഥാപനങ്ങളില്‍ 2021 നവംബര്‍ എട്ടിനുശേഷം നല്‍കിയിട്ടുള്ള നിയമനങ്ങള്‍ സ്ഥിരനിയമനങ്ങളായി അംഗീകരിക്കുകയില്ല. എല്ലാ യോഗ്യതകളോടുംകൂടി നിയമാനുസൃതം തിരഞ്ഞെടുക്കപ്പെട്ടവരാണെങ്കിലും അവര്‍ താത്കാലികജീവനക്കാര്‍മാത്രമായിരിക്കും. വേക്കന്‍സി 2021 നവംബര്‍ എട്ടിനു മുമ്പായിരുന്നാലും നിയമനം അതിനുശേഷമാണെങ്കില്‍ അവരുടെ നിയമനവും സ്ഥിരനിയമനപ്പട്ടികയില്‍ വരില്ല. പതിനാറായിരത്തോളം അധ്യാപകരാണ് ഇന്നു പ്രതിസന്ധിയിലായിരിക്കുന്നത്. അവരുടെയോ മാനേജുമെന്റിന്റെയോ വീഴ്ചകൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നതെന്നു സര്‍ക്കാരിനറിയാം. ഭിന്നശേഷി സംവരണത്തിനു സമ്മതിക്കുന്ന സ്ഥാപനങ്ങളിലെ അധ്യാപകനിയമനം അംഗീകരിക്കാനുള്ള നിയമസാങ്കേതികവശങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കേണ്ടതാണ്. നിയമത്തിന്റെ മറവില്‍ ഓടിയൊളിക്കുന്നതു സര്‍ക്കാരിനു ഭൂഷണമല്ല. വിദ്യാര്‍ഥികളുടെ ഭാവി രാജ്യത്തിന്റെ ഭാവിതന്നെയാണ്.