കഥാസാരം
ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ പരസ്പരം സ്‌നേഹത്തില്‍ കഴിഞ്ഞിരുന്ന അയല്‍ക്കാരായിരുന്നു സൂസമ്മയും സിസിലിയും. 20 വര്‍ഷംമുമ്പ് സിസിലിയുടെ കുടുംബം വീടുവിറ്റ് ഹൈറേഞ്ചിലേക്കു പോയി. പിന്നീട് തമ്മില്‍ ബന്ധമുണ്ടായില്ല. സൂസമ്മയുടെ മകന്‍ ജയേഷിന്റെ വിവാഹത്തിനു ക്ഷണിക്കാന്‍ സൂസമ്മയും ജയേഷും ഹൈറേഞ്ചില്‍ ചെന്നപ്പോഴാണ് വീണ്ടും കാണുന്നത്. ഭര്‍ത്താവിനെ ആന ചവിട്ടിക്കൊന്നതിനുശേഷം സിസിലിയുടെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. മകള്‍ എല്‍സയുടെ സംസാരവും പെരുമാറ്റവും ജയേഷിനു നന്നേ ഇഷ്ടമായി. ജയേഷിന്റെ വിവാഹം നടന്നു. ഭാര്യ വര്‍ഷ മോഡേണ്‍ ചിന്താഗതിക്കാരിയായതിനാല്‍ പൊരുത്തപ്പെട്ടുപോകാന്‍ നന്നേ ബുദ്ധിമുട്ടി ജയേഷ്. എല്‍സയുടെ കാലിന്റെ മുടന്തു മാറ്റാനുള്ള സര്‍ജറിക്കു പണം കൊടുക്കാമെന്ന് ജയേഷ് അറിയിച്ചു. ഇതറിഞ്ഞ വര്‍ഷ കോപാകുലയായി. പണം തരില്ലെന്ന് എല്‍സയെ വിളിച്ചറിയിച്ചു. ഇടവകവികാരി ഫാദര്‍ മാത്യു കുരിശിങ്കല്‍ പണം സംഘടിപ്പിച്ചുകൊടുത്ത്, സര്‍ജറി നടത്തി മുടന്തുമാറ്റി. സര്‍ജറി നടത്തിയ ഡോക്ടര്‍ മനുവുമായി എല്‍സ സൗഹൃദത്തിലായി. ഇതിനിടയില്‍ വര്‍ഷ ഗര്‍ഭിണിയായി. ജയേഷ് അറിയാതെ ഗര്‍ഭച്ഛിദ്രം നടത്തിയിട്ട് ബാത്‌റൂമില്‍ തെന്നിവീണ് അബോര്‍ഷനായീന്ന് കള്ളം പറഞ്ഞു. ഒരപകടത്തില്‍ സിസിലി മരിച്ചു. എല്‍സ ഒറ്റയ്ക്കായി. ഡോക്ടര്‍ മനു അവള്‍ക്ക് താന്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ഒരു ജോലി ശരിയാക്കിക്കൊടുത്തു. എല്‍സയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന കാര്യം ഡോക്ടര്‍ മനു വീട്ടില്‍ പറഞ്ഞു. എല്‍സ ഡോക്ടറോടൊപ്പം രണ്ടുദിവസം അയാളുടെ വീട്ടില്‍ പോയി താമസിച്ചു. വീട്ടുകാര്‍ക്ക് എല്‍സയെ ഇഷ്ടമായി. വര്‍ഷ ഗര്‍ഭച്ഛിദ്രം നടത്തിയ കാര്യം യാദൃച്ഛികമായി ജയേഷും സൂസമ്മയും അറിഞ്ഞു. ജയേഷ് വര്‍ഷയോട് ഇക്കാര്യം ചോദിച്ചെങ്കിലും അവള്‍ നിഷേധിച്ചു. നുണ പറഞ്ഞതില്‍ വര്‍ഷയ്ക്ക് പിന്നീട് കുറ്റബോധം തോന്നി. ഒരു ദിവസം ജോലി കഴിഞ്ഞു മടങ്ങുന്നതിനിടയില്‍ വര്‍ഷ ഓടിച്ച സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ചു. (തുടര്‍ന്നു വായിക്കുക)
ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍നിന്നു തെറിച്ചുപോയ വര്‍ഷ ചെന്നുവീണത് റോഡരുകിലുള്ള ചതുപ്പുനിലത്താണ്. നാട്ടുകാര്‍ ഓടിയെത്തി അവളെ പൊക്കിയെടുത്ത്, ഇടിച്ചകാറില്‍ത്തന്നെ കയറ്റി ആശുപത്രിയിലേക്കു പാഞ്ഞു.
ദേഹത്ത് അവിടവിടെ ചെറിയ മുറിവുകള്‍. തലയ്ക്കു ക്ഷതമോ കൈകാലുകള്‍ക്കു പൊട്ടലോ പ്രാഥമികപരിശോധനയില്‍ കണ്ടില്ല. മുറിവ് ക്ലീന്‍ ചെയ്ത് മരുന്നുവച്ച് പ്ലാസ്റ്ററൊട്ടിച്ചശേഷം എക്‌സ്‌റേ എടുക്കാനായി കൊണ്ടുപോയി.
''ചതുപ്പുനിലത്തേക്കു വീണത് ഭാഗ്യായി. പൊട്ടലോ ഒടിവോ ഒന്നുമില്ല.'' എക്‌സ്‌റേ നോക്കിയശേഷം ഡോക്ടര്‍ പറഞ്ഞു.
വര്‍ഷയ്ക്കു സമാധാനമായി. അവള്‍ ദൈവത്തിനു നന്ദി പറഞ്ഞു.
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ജയേഷും സൂസമ്മയും ജോസും കാറില്‍ ആശുപത്രിയിലെത്തി. ജയേഷ് അടുത്തിരുന്ന് അവളുടെ കവിളില്‍ തലോടി ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു:
''വിഷമിക്കണ്ട. ഇത്രയൊക്കെയല്ലേ പറ്റിയുള്ളൂ. ദൈവം കാത്തതാ.''
ജയേഷിന്റെ വാക്കുകളും തലോടലും വര്‍ഷയ്ക്ക് ഒരുപാട് ആശ്വാസം പകര്‍ന്നു.
ഒരു ദിവസം ആശുപത്രിയില്‍ കിടന്നിട്ട് പിറ്റേന്നു പോയാല്‍ മതിയെന്നു ഡോക്ടര്‍ പറഞ്ഞപ്പോള്‍ ജയേഷ് തലകുലുക്കി.
''വര്‍ഷയുടെ അമ്മയോടു വിളിച്ചു പറഞ്ഞോ?''
വര്‍ഷയുടെ കരം പിടിച്ചുകൊണ്ട് ജയേഷ് ചോദിച്ചു.
''ഇല്ല. അമ്മയെയും പപ്പയെയും ഇപ്പം അറിയിക്കണ്ട. ചെറിയ മുറിവല്ലേയുള്ളൂ. ഡിസ്ചാര്‍ജായി വീട്ടില്‍ ചെന്നിട്ട് സാവകാശം വിളിച്ചുപറയാം. ഇപ്പം പറഞ്ഞാല്‍ ആധിപൂണ്ട് ഓടിക്കിതച്ചിങ്ങെത്തും.''
''അപകടമുണ്ടായീന്ന് ആശുപത്രീന്നു വിളിച്ചുപറഞ്ഞപ്പം ഞങ്ങളു വല്ലാണ്ടു പേടിച്ചുപോയി.''
''എന്റെ ഫോണ്‍ എവിടാന്നറിയില്ല. ബാഗും ഫോണും എവിടോ തെറിച്ചുപോയി.''
''അതാരെങ്കിലും പൊലീസില്‍ ഏല്പിച്ചിട്ടുണ്ടാവും. അവരതു കൊണ്ടെത്തരും.''
ഓരോന്നു സംസാരിച്ചിരിക്കുമ്പോള്‍ കാന്റീനില്‍നിന്നു ഭക്ഷണം കൊണ്ടുവന്നു. കൈകഴുകിയിട്ട് വന്ന് വര്‍ഷ അതു കഴിച്ചു. ചപ്പാത്തിയും വെജിറ്റബിള്‍ കറിയുമായിരുന്നു. ഭക്ഷണം കഴിച്ച് എണീറ്റിട്ട് വര്‍ഷ പപ്പയെയും അമ്മയെയും നോക്കി പറഞ്ഞു:
''പപ്പേം അമ്മേം ഇനി ഇവിടെ നില്‍ക്കണമെന്നില്ല. ജയേഷുണ്ടല്ലോ. നാളെ ഡിസ്ചാര്‍ജ് ചെയ്യുമ്പം വിളിച്ചു പറഞ്ഞേക്കാം. അപ്പം കാറുമായി വന്നാല്‍ മതി.''
ജോസ് ജയേഷിനെ നോക്കി. പൊക്കോ എന്നവന്‍ തലകൊണ്ട് ആംഗ്യം കാണിച്ചു. ജോസും സൂസമ്മയും യാത്ര പറഞ്ഞിട്ട് മുറിയില്‍നിന്നിറങ്ങി. വാതിലടച്ചിട്ട് ജയേഷ് വന്ന് വര്‍ഷയുടെ സമീപം കട്ടിലില്‍ ഇരുന്നു.
''സ്പീഡ് കൂട്ടിയാണോ പോന്നത്?''
വര്‍ഷയുടെ കരം പിടിച്ചുകൊണ്ട് ജയേഷ് ചോദിച്ചു.
''ഏയ്... കാറുകാരന്റെ കുഴപ്പമാ. സൈഡ്മാറി ഓവര്‍ സ്പീഡില്‍ വന്നിടിക്ക്വായിരുന്നു. ഭാഗ്യത്തിന് വീണത് ഒരു ചതുപ്പുസ്ഥലത്തേക്കാ. അതുകൊണ്ട് ഒന്നും പറ്റിയില്ല.''
''ആക്‌സിഡന്റുണ്ടായീന്നു കേട്ടപ്പം വല്ലാതെ പേടിച്ചുപോയി ഞാന്‍.''
''ആശുപത്രീന്നാണോ വിളിച്ചുപറഞ്ഞേ?''
''അതേ. പരിക്കു സാരമുള്ളതല്ലെന്നു പറഞ്ഞിട്ടും എന്റെ പേടി കുറഞ്ഞില്ലായിരുന്നു.''
ജയേഷ് അവളെ ചേര്‍ത്തുപിടിച്ച് കവിളില്‍ തലോടിക്കൊണ്ടിരുന്നു.
ഒമ്പതരയായപ്പോള്‍ ലൈറ്റ് അണച്ചിട്ട് ജയേഷ് കിടന്നു. വര്‍ഷയോടൊപ്പം അവളുടെ കട്ടിലിലാണ് ജയേഷ് കിടന്നത്. സ്‌നേഹത്തോടെ ഭാര്യയെ ചേര്‍ത്തുപിടിച്ചു കിടന്നു. ആ സ്‌നേഹം കണ്ടപ്പോള്‍ വര്‍ഷയുടെ ഹൃദയം തേങ്ങി.
അവള്‍ ഓര്‍ക്കുകയായിരുന്നു. ജയേഷിനോടു താന്‍ ചെയ്തത് വലിയ തെറ്റല്ലേ? ഗര്‍ഭച്ഛിദ്രം നടത്തിയിട്ട് ബാത്‌റൂമില്‍ കാലുതെന്നിവീണി അബോര്‍ഷനായീന്നു നുണ പറഞ്ഞു. ജയേഷ് അതു കണ്ടുപിടിച്ചു ചോദിച്ചപ്പോഴും തെറ്റ് ഏറ്റുപറഞ്ഞില്ല. നിഷേധിച്ചു. അതിന്റെയൊക്കെ ശിക്ഷയായിരിക്കുമോ ഈ അപകടം? ദൈവം എല്ലാം കാണുന്നുണ്ടല്ലോ!
ജയേഷിനോടു കുറ്റം ഏറ്റുപറഞ്ഞ് മാപ്പുചോദിച്ചാലോ? അതല്ലേ മര്യാദ? പറഞ്ഞില്ലെങ്കില്‍ ഇനിയും ആപത്തുകള്‍ ഒന്നൊന്നായി വന്നാലോ? പറയണമെന്നുള്ള ഒരു സൂചനയല്ലേ ഈ അപകടത്തിലൂടെ ദൈവം തന്നത്?''
''ജയേഷ് ഉറങ്ങിയോ?''
''ഇല്ല.''
''എനിക്കൊരു കാര്യം പറയാനുണ്ട്.''
''എന്താ? ജയേഷ് എണീറ്റു ലൈറ്റിട്ടു.
വര്‍ഷ കട്ടിലില്‍ എണീറ്റിരുന്നിട്ട് പശ്ചാത്താപഭാരത്തോടെ ജയേഷിനെ നോക്കി.
''എന്തേ കണ്ണു നിറഞ്ഞിരിക്കുന്നേ? എന്തുപറ്റി മോളേ?''
വര്‍ഷയെ ചേര്‍ത്തുപിടിച്ചിട്ട് ജയേഷ് അവളുടെ കവിളില്‍ ഒരു മുത്തം നല്‍കി. അതുകണ്ടപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ദേഹത്ത് കണ്ണുനീരിന്റെ നനവ് അനുഭവപ്പെട്ടപ്പോള്‍ ജയേഷ് അവളുടെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി.
''എന്തിനാ കരയുന്നേ?''
''ജയേഷ് എന്നെ ഇത്രയേറെ സ്‌നേഹിക്കുന്നുണ്ടെന്ന് തിരിച്ചറിയാന്‍ ഞാന്‍ വൈകിപ്പോയി.'' അവള്‍ ഏങ്ങലടിച്ചു.
''ഓ അതാണോ കാര്യം! സാരമില്ല. കഴിഞ്ഞതൊന്നും ഓര്‍ത്തു വിഷമിക്കണ്ട. കുറച്ചു മാസങ്ങളല്ലേ ആയുള്ളൂ നമ്മള്‍ ഒരുമിച്ചു ജീവിതം തുടങ്ങിയിട്ട്. ഇനിയും എത്രയോ വര്‍ഷങ്ങളുണ്ട് നമ്മുടെ മുമ്പില്‍. കഴിഞ്ഞതൊക്കെ മറക്കുക. ഇനിയുള്ള കാലം നമുക്കു സ്‌നേഹത്തോടെ മുമ്പോട്ടുപോകാം.''
''അതല്ല ജയേഷ്.''
''പിന്നെ?''
''ഞാന്‍ ജയേഷിനോടു ക്ഷമിക്കാനാവാത്ത ഒരു തെറ്റു ചെയ്തു.''
''എന്താ?''
ജയേഷ് ഇന്നലെ രാത്രി എന്നോടു ചോദിച്ചില്ലേ. അബോര്‍ഷന്‍ നടത്തിയോന്ന്. ഇല്ലെന്നു ഞാന്‍ പറഞ്ഞു. അതു നുണയായിരുന്നു. നമ്മുടെ കുഞ്ഞിനെ ഞാന്‍ കൊന്നുകളഞ്ഞതാ ജയേഷ്. എന്നോടു ക്ഷമിക്കണേ...''
ജയേഷിന്റെ നെഞ്ചിലേക്കു ശിരസ്സമര്‍ത്തി അവള്‍ പൊട്ടിക്കരഞ്ഞു.
''ഇതായിരുന്നോ കാര്യം. എനിക്കറിയായിരുന്നു അബോര്‍ഷന്‍ നടത്തീതാന്നും വര്‍ഷ എന്നോടു നുണ പറഞ്ഞതാന്നും. ഞാന്‍ സത്യം മനസ്സിലാക്കി എന്നറിയുമ്പം വര്‍ഷയുടെ മനസ്സില്‍ കുറ്റബോധം ഉണ്ടാകുമെന്നും എന്നെങ്കിലും എന്നോടു സത്യം തുറന്നുപറയുമെന്നും എനിക്കറിയായിരുന്നു. അതുകൊണ്ടാ വര്‍ഷ പറഞ്ഞതു വിശ്വസിച്ചു എന്നു ഞാനിന്നലെ പറഞ്ഞത്. ക്ഷമിക്കാന്‍ പറ്റുന്ന ഒരു ഹൃദയം എനിക്കുള്ളതുകൊണ്ടല്ലേ വര്‍ഷ പറഞ്ഞതു വിശ്വസിച്ചു എന്നുപറഞ്ഞ് ആ ചാപ്റ്റര്‍ ഞാന്‍ ഇന്നലെ ക്ലോസ് ചെയ്തത്. ഇനി അതേക്കുറിച്ച് ഓര്‍ത്തു വിഷമിക്കണ്ട. ഞാന്‍ എല്ലാം ക്ഷമിച്ചു,''
ജയേഷ് അവളുടെ കണ്ണുനീര്‍ ഒപ്പി. മനസ്സില്‍നിന്ന് ഒരു വലിയ ഭാരം ഇറക്കിവച്ച ആശ്വാസമായിരുന്നു വര്‍ഷയ്ക്ക് അപ്പോള്‍.
''അമ്മ അറിഞ്ഞോ അബോര്‍ഷന്‍ നടത്തിയ കാര്യം?''
''ഉം.''
''അമ്മയ്‌ക്കെന്നോട് ഒരുപാട് ദേഷ്യമുണ്ടാകും അല്ലേ?''
''ഏയ്... അതൊക്കെ ഞാന്‍ സാവകാശം പറഞ്ഞ് മാറ്റിക്കോളാം. ഇനി അമ്മയോട് കൂടുതല്‍ സ്‌നേഹത്തോടെ പെരുമാറണം കേട്ടോ.''
''തീര്‍ച്ചയായും.''
''സ്‌നേഹംകൊണ്ട് അമ്മയുടെ മനസ്സു കീഴടക്കണം. അപ്പം നിന്നോടുള്ള എല്ലാ ദേഷ്യവും മാറിക്കോളും.''
''എന്റെ സ്വന്തം അമ്മയേക്കാളേറെ ഞാനിനി ജയേഷിന്റെ അമ്മയെ സ്‌നേഹിക്കും. എന്റെ ഇഷ്ടത്തേക്കാള്‍ ജയേഷിന്റെ ഇഷ്ടമായിരിക്കും എനിക്കിനി പ്രധാനം.''
''അങ്ങനെ വേണ്ട. നമ്മളു രണ്ടുപേരും തുല്യരാ. നിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും എന്നോടു തുറന്നുപറയണം. സാധിച്ചുതരാന്‍ പറ്റുന്നതാണെങ്കില്‍ തീര്‍ച്ചയായും സാധിച്ചു തരും. പക്ഷേ, മദ്യം കഴിക്കുന്നപോലുള്ള ദുശ്ശീലങ്ങളൊക്കെ ഒഴിവാക്കണം. അതൊന്നും നമ്മുടെ ആരോഗ്യത്തിനു നല്ലതല്ല.''
''ഇനി ഒരിക്കലും ഞാന്‍ മദ്യം കഴിക്കില്ല ജയേഷ്.''
''വെരിഗുഡ്.''
''ഇത്രയും വലിയൊരു ഹൃദയത്തിനുടമയാണ് ജയേഷെന്നു ഞാന്‍ തിരിച്ചറിയാന്‍ വൈകിപ്പോയി.''
''എന്റെ ഭാഗത്തും പാളിച്ചകള്‍ ഉണ്ടായിട്ടുണ്ട്. സ്‌നേഹം മനസ്സില്‍ വച്ചോണ്ടിരുന്നാല്‍ പോരാ. അതു പ്രകടിപ്പിക്കണമെന്ന് ഞാനും തിരിച്ചറിയാന്‍ വൈകിപ്പോയി. ങ്ഹ... അതുപോട്ടെ, നമ്മുടെ ടൂറിനെപ്പറ്റി ആലോചിച്ചോ?''
''അതാലോചിച്ചു വണ്ടി ഓടിച്ചു വരുമ്പഴാ അപകടമുണ്ടായത്.''
''വണ്ടി ഓടിക്കുമ്പം ഒന്നും ആലോചിക്കരുത്. ആലോചിക്കാനൊക്കെ വേറേ ഒരുപാട് സമയമുണ്ടല്ലോ.''
ജയേഷ് വര്‍ഷയെ ചേര്‍ത്തുപിടിച്ചു.
ഈ സമയം വാതിലില്‍ മുട്ടുകേട്ടു. ജയേഷ് എണീറ്റുചെന്ന് വാതില്‍ തുറന്നു. ബി പി നോക്കാന്‍ നേഴ്‌സ് വന്നതാണ്. വര്‍ഷ കട്ടിലില്‍ എണീറ്റിരുന്നു. പ്രഷര്‍ നോക്കിയിട്ട് നേഴ്‌സ് പറഞ്ഞു:
''നോര്‍മലാ.''
ഒരു പുഞ്ചിരി സമ്മാനിച്ചിട്ട് നേഴ്‌സ് മുറിവിട്ടിറങ്ങി.
ലൈറ്റ് ഓഫ് ചെയ്തിട്ട് വീണ്ടും അവര്‍ കിടന്നു. ഭര്‍ത്താവിനെ ചേര്‍ത്തുപിടിച്ച് കണ്ണടച്ചു കിടന്ന് വര്‍ഷ മനഃസമാധാനത്തോടെ സാവധാനം ഉറക്കത്തിലേക്കു വീണു.
അടുത്ത ദിവസം ഉച്ചയായപ്പോഴേക്കും വര്‍ഷയെ ഡിസ്ചാര്‍ജ് ചെയ്തു. വീട്ടില്‍ ചെന്നു കുറച്ചുദിവസം റെസ്റ്റ് എടുത്താല്‍ മതിയെന്നു ഡോക്ടര്‍ പറഞ്ഞപ്പോള്‍ ആശ്വാസമായി. കൊണ്ടുപോകാന്‍ ജോസ് കാറുമായി എത്തിയിട്ടുണ്ടായിരുന്നു.
വീട്ടില്‍വന്ന് ഭക്ഷണം കഴിച്ചിട്ട് അവള്‍ സ്റ്റേര്‍കേസ് കയറി മുറിയിലേക്കു പോയി. കുറച്ചുനേരം കിടന്നുറങ്ങി.
ഓഫീസിലെ സഹപ്രവര്‍ത്തകര്‍ വിളിച്ചു ക്ഷേമം അന്വേഷിച്ചു. ദീപക് മാത്രം പക്ഷേ, വിളിച്ചില്ല. വിളിക്കാതിരുന്നതു നന്നായി എന്നു വര്‍ഷയ്ക്കു തോന്നി. ഇനി അയാളുമായി ഒരു സൗഹൃദം വേണ്ടാ. മനസ്സില്‍ മാലിന്യം സൂക്ഷിച്ച ഒരു സൗഹൃദമാണ് അവന്റേത്. അതു തിരിച്ചറിയാന്‍ താന്‍ വൈകി. കറകളഞ്ഞ സ്‌നേഹം ഭര്‍ത്താവിന്റെ സ്‌നേഹമാണ്. അത് ഇന്നലെ താന്‍ തിരിച്ചറിഞ്ഞു.
രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും മുറിവുകള്‍ കരിഞ്ഞ്, ആരോഗ്യം വീണ്ടുകിട്ടി. ജോലിക്കു പോകാമെന്ന സ്ഥിതിയിലായി വര്‍ഷ. ആ രണ്ടാഴ്ചയില്‍ ഹൃദ്യമായ പെരുമാറ്റത്തിലൂടെ സൂസമ്മയുടെ സ്‌നേഹം പിടിച്ചുപറ്റാന്‍ വര്‍ഷയ്ക്കു കഴിഞ്ഞു.
വര്‍ഷ ജോലിക്കുപോയിക്കഴിഞ്ഞപ്പോള്‍ സൂസമ്മ ജയേഷിനോടു പറഞ്ഞു:
''നീ എന്തു മായാജാലമാ കാണിച്ചേ? വര്‍ഷയ്ക്കിപ്പോള്‍ എന്നോട് ഒരുപാടു സ്‌നേഹമായി.''
''ഞാന്‍ പറഞ്ഞില്ലായിരുന്നോ ഇനിമുതല്‍ അവളൊരു പുതിയ പെണ്ണായിരിക്കുമെന്ന്.''
''അതാ ഞാന്‍ ചോദിച്ചത്, നീ എന്തു മായാജാലമാ കാണിച്ചേന്ന്.''
''എന്റെ പ്രാര്‍ഥനയുടെ ഫലം. വേറൊരു മായാജാലവുമില്ലമ്മേ.''
''സത്യം പറഞ്ഞാല്‍ എനിക്കിപ്പം അവളോടുണ്ടായിരുന്ന ദേഷ്യമെല്ലാം പമ്പകടന്നു.''
''ഇതു കേള്‍ക്കാനാ ഞാനാഗ്രഹിച്ചതും.
ജയേഷ് അമ്മയെ ചേര്‍ത്തുപിടിച്ച് ഒരു മുത്തം നല്‍കി.
അന്ന് ജോലി കഴിഞ്ഞു മടങ്ങിവന്ന് മുറിയില്‍ വിശ്രമിക്കുമ്പോള്‍ ജയേഷ് വര്‍ഷയോടു പറഞ്ഞു:
''അമ്മ ഇന്ന് വര്‍ഷയുടെ സ്‌നേഹത്തെപ്പറ്റി പുകഴ്ത്തിപ്പറഞ്ഞുകേട്ടോ. ഞാനെന്തു മായാജാലമാ കാണിച്ചേന്നു ചോദിച്ചു.''
''ഉവ്വോ! സന്തോഷമായി. അമ്മയ്‌ക്കെന്നോടുള്ള ദേഷ്യമെല്ലാം മാറിക്കാണും അല്ലേ?''
''പൂര്‍ണമായും മാറിയെന്നു പറഞ്ഞു. ഈ സ്‌നേഹം തുടര്‍ന്നും കൊടുക്കണം കേട്ടോ.''
''തീര്‍ച്ചയായും.''
ജയേഷ് ഭാര്യയെ ചേര്‍ത്തുപിടിച്ച് ഒരു ചുംബനം നല്‍കി.
''എന്റെ മനസ്സില്‍ കല്ലുപോലെ ഒരു നൊമ്പരം ഇപ്പം കിടപ്പുണ്ട് ജയേഷ്.''
''അതെന്താ?''
''എല്‍സയോട് പണ്ടു ഞാന്‍ ഫോണില്‍ പരുഷമായി സംസാരിച്ചില്ലേ? ഇപ്പം അതില്‍ ഒരുപാട് കുറ്റബോധം തോന്നുന്നു. നമുക്ക് ആ പെണ്ണിന്റെ മുടന്തു മാറ്റാനുള്ള സര്‍ജറിക്ക് പണം കൊടുത്താലോ?''
''സൂസമ്മയാന്റി മരിച്ചതിനുശേഷം അവളുടെ ജീവിതം എങ്ങനാന്നോ, അവള്‍ ആരുടെ കൂടെയാന്നോ ഒന്നും അറിയില്ല. വര്‍ഷ അന്നു സംസാരിച്ചതിനുശേഷം ഞാനവളെ വിളിച്ചിട്ടില്ല. അവളിങ്ങോട്ടും വിളിച്ചിട്ടില്ല. ഇനിയിപ്പം വിളിക്കാനൊരു മടി. എല്‍സ എങ്ങനെ പ്രതികരിക്കുമെന്നറിയില്ലല്ലോ.''
''ഒരു കാര്യം ചെയ്യാം. ഞാന്‍ വിളിക്കാം. ഞാന്‍ വിളിച്ചു ക്ഷമ ചോദിക്കാം. എന്നിട്ട് ഫോണ്‍ ഞാന്‍ ജയേഷിനു തരാം.''
''ശരി. വിളിക്ക്.''
ജയേഷ് തന്റെ ഫോണ്‍ എടുത്തു എല്‍സയുടെ നമ്പര്‍ ഞെക്കിയിട്ട് ഫോണ്‍ വര്‍ഷയ്ക്കു കൈമാറി. ബെല്ലടിച്ചു നിന്നതല്ലാതെ അങ്ങേത്തലയ്ക്കല്‍ നിന്നു പ്രതികരണമുണ്ടായില്ല. പല തവണ വിളിച്ചിട്ടും കോള്‍ അറ്റന്‍ഡ് ചെയ്തില്ല.
''മനഃപൂര്‍വം എടുക്കാത്തതാവും. മനസ്സീന്ന് എന്റെ ചിത്രം അവരു മാച്ചുകളഞ്ഞുകാണും.'' ജയേഷ് സങ്കടത്തോടെ പറഞ്ഞു. വര്‍ഷയ്ക്കും സങ്കടം വന്നു.
''സൂസമ്മയാന്റി മരിച്ചെന്നറിഞ്ഞിച്ചിട്ടും ഞാനവളെ ഒന്നു വിളിച്ചില്ലല്ലോ. ആ ദേഷ്യവും സങ്കടവുമൊക്കെ കാണും അവളുടെ മനസ്സിലേ...''
''നമുക്ക് അവളുടെ വീട്ടില്‍പോയി അവളെ ഒന്നു കണ്ടാലോ? എന്റെ ഒരനിയത്തിയെപ്പോലെ കണ്ട് അവളെ ചേര്‍ത്തുപിടിച്ച് സ്‌നേഹിക്കണമെന്ന് എന്റെ മനസ്സ് പറയുന്നു.''
വര്‍ഷ പറഞ്ഞു.
''പോകണോ?''
''പോകണം ജയേഷ്. എനിക്കവളെ കണ്ടു ക്ഷമ ചോദിക്കണം. ഇല്ലെങ്കില്‍ മനസ്സില്‍ അതൊരു നൊമ്പരമായി എപ്പഴും കിടക്കും.''
''ശരി. അടുത്ത ശനിയാഴ്ച പോകാം.''
ജയേഷിന്റെ സമ്മതം കിട്ടിയപ്പോള്‍ വര്‍ഷയ്ക്ക് ആശ്വാസമായി.
(തുടരും)