ഡിസംബര്‍ 22 മംഗളവാര്‍ത്തക്കാലം നാലാം ഞായര്‍
ഉത്പ. 24:50-67 1 സാമു. 1:1-18
എഫേ. 5:5-21 മത്താ 1:18-24
ദൈവമായവന്‍ മനുഷ്യനായി അവതരിക്കുന്നത് പുരുഷേച്ഛയില്‍നിന്നല്ല; മറിച്ച്, സകലവും സൃഷ്ടിച്ച വചനംതന്നെ ആത്മാവിന്റെ ശക്തിയാല്‍ മറിയത്തില്‍ ഉരുവായിരിക്കുന്നുവെന്നാണു മാലാഖാ വെളിപ്പെടുത്തുന്നത്.
ഈശോയുടെ പിറവിത്തിരുനാളിന് ഏറ്റവും അടുത്ത ഞായറാഴ്ചയില്‍ നാം എത്തിയിരിക്കുകയാണ്. ഈശോമിശിഹായുടെ ജനനത്തിനായി മനുഷ്യരെ ഒരുക്കിക്കൊണ്ടുവരുന്ന സംഭവങ്ങളാണ് ഈ ആഴ്ചകളിലെ വചനഭാഗങ്ങളില്‍ നാം ധ്യാനിക്കുന്നത്. വഴികാട്ടിയായിവന്ന യോഹന്നാന്റെ ജനനത്തെക്കുറിച്ചുള്ള മംഗളവാര്‍ത്തയും അവന്റെ ജനനവും ഈശോയെ സ്വീകരിക്കുന്നതിനും ലോകത്തിനു നല്‍കുന്നതിനുമായി മറിയത്തെ വിളിക്കുന്ന സംഭവവും നാം ധ്യാനിച്ചു. ഇന്നു വിശുദ്ധ യൗസേപ്പിനെ ഈശോയെ സ്വീകരിക്കുന്നതിനായി ഒരുക്കുന്നതാണ് വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍നിന്നു നാം ശ്രവിക്കുന്നത്.
മംഗളവാര്‍ത്തക്കാലത്തെ രണ്ടാം ഞായറാഴ്ചത്തെ സുവിശേഷത്തില്‍നിന്നു നാം ശ്രവിച്ചത് മറിയത്തിനു നല്‍കിയ അസ്വാഭാവികമായ ഒരു മംഗളവാര്‍ത്തയും ആ അസ്വാഭാവികതയ്ക്കുള്ള ഉത്തരവുമെങ്കില്‍ വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍നിന്ന് ഈശോയുടെ പിറവിയിലെ അസ്വാഭാവികതയ്ക്കുള്ള ഉത്തരമാണ് വി. യൗസേപ്പിനു ദൈവം വെളിപ്പെടുത്തുന്നത്.
ദൈവഹിതമനുസരിച്ചു ഭാര്യയെ തിരഞ്ഞെടുക്കുന്ന ഇസഹാക്കിനെയാണ് ഉത്പത്തിപ്പുസ്തകത്തില്‍ നാം കാണുന്നത്. അതുപോലെതന്നെ, ദൈവഹിതമനുസരിച്ച് യൗസേപ്പ് മറിയത്തെ സ്വീകരിക്കുന്നത് സുവിശേഷത്തില്‍ നാം കാണുന്നു. സാമുവേലിന്റെ ജനനത്തിലേക്കു നമ്മുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ദൈവത്തിന്റെ പ്രത്യേകമായ ഇടപെടലുകള്‍മൂലമുള്ള മറ്റൊരു ജനനത്തെയാണ് രണ്ടാംവായനയില്‍ അനുസ്മരിക്കുന്നത്. ദൈവത്തിന്റെ പ്രത്യേകമായ ഇടപെടലുകള്‍ അനുഭവിച്ച ജനം, ദൈവത്തിന്റെ വെളിപ്പെടുത്തലുകള്‍ അറിഞ്ഞ ജനം ദൈവത്തിന്റെ ഹിതം മനസ്സിലാക്കി ഈശോമിശിഹായുടെ നാമത്തില്‍ പിതാവായ ദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ചുകൊണ്ടു ജീവിക്കാന്‍ (എഫേ. 5:20) പൗലോസ് ശ്ലീഹാ ലേഖനത്തിലൂടെ അനുസ്മരിപ്പിക്കുന്നു.
വിശുദ്ധഗ്രന്ഥത്തില്‍ ദൈവത്തിന്റെ പ്രത്യേകമായ ഇടപെടലുകള്‍മൂലമുള്ള ധാരാളം വ്യക്തികളുടെ ജനനത്തെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്. എന്നാല്‍, ഈശോയുടെ ജനനം അതില്‍നിന്നെല്ലാം വ്യത്യസ്തമാണെന്നു വിശുദ്ധ യൗസേപ്പിനു മാലാഖ നല്‍കുന്ന സന്ദേശത്തിലൂടെ വിശുദ്ധഗ്രന്ഥകാരന്‍ നമ്മെ പഠിപ്പിക്കുന്നു. വിശുദ്ധ മത്തായിയുടെ സുവിശേഷം ഒന്നാം അധ്യായം 18 മുതല്‍ 25 വരെയുള്ള വചനങ്ങളാണ് ഇന്നു വായിക്കുന്നത്. ഇതിനുമുമ്പുള്ള വചനങ്ങളുമായി (മത്താ.1:1-17) ബന്ധപ്പെടുത്തിവേണം ഈ വചനഭാഗം വ്യാഖ്യാനിക്കാന്‍. ഈശോമിശിഹായുടെ വംശാവലിയാണ് അവിടെ വിവരിക്കുന്നത്. സുവിശേഷത്തിന്റെ മലയാളവിവര്‍ത്തനത്തില്‍ ഈശോയുടെ വംശാവലി നാം കാണുന്നത്, അബ്രാഹം ഇസഹാക്കിന്റെ പിതാവായിരുന്നു. ഇസഹാക്ക് യാക്കോബിന്റെയും യാക്കോബ് യൂദായുടെയും സഹോദരന്മാരുടെയും പിതാവായിരുന്നു... എന്നാണ്. എന്നാല്‍, ഗ്രീക്കുഭാഷയുടെ കൃത്യമായ വിവര്‍ത്തനം നടത്തുകയാണെങ്കില്‍ അബ്രാഹം ഇസഹാക്കിനെ ജനിപ്പിച്ചു, ഇസഹാക്ക് യാക്കോബിനെ ജനിപ്പിച്ചു, യാക്കോബ് യൂദായെയും സഹോദരന്മാരെയും ജനിപ്പിച്ചു... എന്നാണു വരേണ്ടത്. അങ്ങനെ വംശാവലിവിവരണത്തില്‍ മുഴുവന്‍, പിതാക്കന്മാര്‍ മക്കളെ ജനിപ്പിച്ചു എന്നു വിവരിച്ചതിനുശേഷം ഈശോയുടെ കാര്യം പറയുമ്പോള്‍ അവന്‍ ജനിച്ചു എന്നാണ് ഗ്രന്ഥകര്‍ത്താവ് എഴുതിയിരിക്കുന്നത്. ഈശോയുടെ ജനനത്തിലുള്ള അസാധാരണത്വം ഗ്രന്ഥകര്‍ത്താവ് വ്യക്തമാക്കുകയാണ് ഇവിടെ. അതിനുശേഷം യൗസേപ്പിനുണ്ടായ ദര്‍ശനം വിവരിച്ചുകൊണ്ട് ഈ അസാധാരണത്വം എപ്രകാരം സംഭവിച്ചു എന്നു വ്യക്തമാക്കുകയും യൗസേപ്പിനെപ്പോലെ മറിയത്തെയും ഉണ്ണിയെയും സ്വീകരിക്കാന്‍ അനുവാചകരെ ഒരുക്കുകയുമാണു സുവിശേഷകന്‍ ഇന്നത്തെ വചനഭാഗത്തിലൂടെ ചെയ്യുന്നത്.
മംഗളവാര്‍ത്ത ശ്രവിക്കുന്ന സമയത്ത് മറിയത്തിനുണ്ടായിരുന്നതുപോലെ ജോസഫിനും ആശങ്കകളുടെ നിമിഷങ്ങളായിരുന്നു. ആശങ്കകളില്‍ അടിപതറാതെ അതിനെപ്പറ്റി ധ്യാനിക്കുന്ന മറിയത്തെയും യൗസേപ്പിനെയുമാണ് നാം കാണുന്നത്. അവര്‍ക്കു മാലാഖാ ദര്‍ശനത്തിലൂടെ ദൈവികരഹസ്യം വെളിപ്പെടുത്തുന്നു. ആ ദൈവികരഹസ്യമാണ് തിരുസ്സഭ തിരുവചനത്തിലൂടെ ഇന്നു ധ്യാനിക്കുന്നത്.
വി. യൗസേപ്പിനോടു മാലാഖാ പറയുന്നത്, മറിയത്തിനു ജനിക്കുന്ന കുഞ്ഞിന് യശുവാ എന്നു പേരു നല്‍കണമെന്നാണ്. കാരണം, അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിനാലാണ്. യശുവാ എന്നത് ഹീബ്രുപേരാണ്. സുറിയാനി ഭാഷയില്‍ ഈശോ എന്നും ഗ്രീക്കുഭാഷയില്‍ യേശു എന്നും ഈ പേര് വിവര്‍ത്തനം ചെയ്തു. അത് അതേവിധത്തില്‍ മലയാളത്തിലും ഉപയോഗിച്ചുവരുന്നു. യശുവാ എന്ന ഹീബ്രുപേരിനു സമാനമായി പഴയനിയമത്തില്‍ ഉപയോഗിച്ചിരുന്നത് യഹോഷ്വാ എന്നതായിരുന്നു. മോശയുടെ പിന്‍ഗാമിയായി ഇസ്രയേല്‍ജനത്തെ അടിമത്തത്തില്‍നിന്നു രക്ഷയിലേക്കു നയിച്ചത് ഒരു യഹോഷ്വാ ആയിരുന്നു. അതാണ് ജോഷ്വാ എന്നു മലയാളത്തില്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ജോഷ്വാ (യഹോഷ്വാ) എന്ന പേരിന്റെ അര്‍ഥം ദൈവം രക്ഷകനാകുന്നു എന്നാണ്. ആ പേര് മറിയത്തിന്റെ മകനു നല്‍കുമ്പോള്‍ അത് യശുവാ എന്നായി മാറി. യശുവാ എന്ന ഹീബ്രുപേരിന്റെ അര്‍ഥം അവന്‍ രക്ഷിക്കും എന്നാണ്. യഹോഷ്വാ യശുവാ ആയി മാറുന്നതിലൂടെ വെളിപ്പെടുത്തുന്നത് പഴയനിയമത്തില്‍ രക്ഷനല്‍കിയിരുന്ന യഹോവതന്നെയാണ് മറിയത്തിനു പിറക്കുന്ന ശിശു എന്നാണ്. അതുകൊണ്ടാണ്, യഹോവ രക്ഷിക്കുന്നു എന്ന പേര് അവന്‍ രക്ഷിക്കുന്നു എന്നായി മാറുന്നത്. ശിശുവിന്റെ ദൗത്യമാണ് യശുവാ എന്ന പേരിലൂടെ വെളിപ്പെടുത്തപ്പെട്ടത്. അതേസമയം, അവന്‍ വിളിക്കപ്പെടുന്നത് ഇമ്മാനുവേല്‍ (ദൈവം നമ്മോടുകൂടെ) എന്നാണ്. യശുവാ എന്ന പേര് ശിശുവിന്റെ ദൗത്യം വെളിപ്പെടുത്തുമ്പോള്‍, ഇമ്മാനുവേല്‍ എന്നത് അവന്റെ സ്വഭാവമാണു വെളിപ്പെടുത്തുന്നത്. അതായത്, അവന്‍ ദൈവമാണ്. ദൈവത്തിന്റെ ദൗത്യം നിര്‍വഹിക്കാന്‍ വന്നവന്‍ ഒരു മനുഷ്യവ്യക്തിയായി അവതരിച്ചപ്പോള്‍ യശുവാ എന്നു പേരു നല്‍കി. ആ മനുഷ്യന്‍ ദൈവമായിരുന്നതുകൊണ്ട് ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെട്ടു. അങ്ങനെ, മറിയത്തിനു പിറക്കാനിരിക്കുന്നവന്‍ ദൈവവും മനുഷ്യനുമാണെന്നു വചനം വെളിപ്പെടുത്തുന്നു. ദൈവമായവന്‍ മനുഷ്യനായി അവതരിക്കുന്നത് പുരുഷേച്ഛയില്‍നിന്നല്ല; മറിച്ച്, സകലവും സൃഷ്ടിച്ച വചനംതന്നെ ആത്മാവിന്റെ ശക്തിയാല്‍ മറിയത്തില്‍ ഉരുവായിരിക്കുന്നുവെന്നാണു മാലാഖാ വെളിപ്പെടുത്തുന്നത്. അതുകൊണ്ടാണ്, തിരുവചനത്തിലെ വംശാവലിയില്‍ മറ്റെല്ലാ വ്യക്തികളും മാനുഷികപിതാക്കന്മാരാല്‍ 'ജനിപ്പിച്ചു' എന്നു പറയുമ്പോള്‍ ഈശോ 'ജനിച്ചു' എന്നു പറയുന്നത്.
ഇന്നു തിരുവചനം നമ്മോടു പറയുന്നത്, ദൈവത്തിന്റെ മനുഷ്യാവതാരത്തിനു പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട ഉപകരണങ്ങളാണ് യൗസേപ്പും മറിയവുമെല്ലാം എന്നാണ്. അവരുടെ സമ്മതത്തോടും സഹകരണത്തോടും കൂടിയാണ് ദൈവം മനുഷ്യനായി അവതരിക്കുന്നത്. അങ്ങനെ, രക്ഷാകരപദ്ധതിയില്‍ മറിയത്തിനും യൗസേപ്പിനും യോഹന്നാനുമൊക്കെ പ്രത്യേക സ്ഥാനവും ഉത്തരവാദിത്വവും ഉളവായി.
മിശിഹായുടെ രക്ഷാകരപദ്ധതിയുടെ തുടര്‍ച്ച ഇന്ന് സഭയിലൂടെ നടക്കുന്നു. അതിനുവേണ്ടി അവിടുന്നുതന്നെ ചരിത്രത്തിന്റെ നിര്‍ണായകനിമിഷത്തില്‍ അപ്പമായി മാറുകയും ഇന്നും അള്‍ത്താരകളില്‍ അര്‍പ്പിക്കുന്ന വിശുദ്ധകുര്‍ബാനയാകുന്ന അപ്പത്തില്‍ മിശിഹാ അവതരിക്കുകയും ചെയ്യുന്നു. അപ്പമായി അവതരിക്കുന്ന മിശിഹാ ഇന്നും ഉപകരണങ്ങളാകാന്‍ ജോസഫുമാരെയും മറിയമാരെയും യോഹന്നാന്‍മാരെയും അന്വേഷിക്കുന്നു. മറിയം ഈശോയെ സ്വീകരിച്ചതുപോലെ, യൗസേപ്പ് മറിയത്തിനെയും ശിശുവിനെയും സ്വീകരിച്ചതുപോലെ വിശുദ്ധ കുര്‍ബാനയില്‍ അവതരിക്കുന്ന മിശിഹായെ സ്വീകരിക്കാന്‍ നമുക്കു സാധിക്കണം. അപ്പോള്‍, മിശിഹാ നമ്മില്‍ രൂപമെടുക്കുകയും മിശിഹാ നമ്മുടെ ലോകത്തില്‍ ജനിക്കുകയും ചെയ്യും. അതാണ് ക്രിസ്മസ്‌കാലം പങ്കുവയ്ക്കുന്ന മംഗളവാര്‍ത്ത!