•  26 Dec 2024
  •  ദീപം 57
  •  നാളം 42
വചനനാളം

ദൈവത്തിന്റെ കാരുണ്യം

 ഡിസംബര്‍ 15    മംഗളവാര്‍ത്തക്കാലം    മൂന്നാം ഞായര്‍
ഉത്പ. 18:1-10   ന്യായാ. 13:2-7, 24
എഫേ. 3:1-13    ലൂക്കാ 1:57-66

    മംഗളവാര്‍ത്തക്കാലം ഒന്നാം ആഴ്ചയില്‍ സ്‌നാപകയോഹന്നാന്റെ ജനനത്തെക്കുറിച്ചും കഴിഞ്ഞയാഴ്ചയില്‍ ഈശോയുടെ ജനനത്തെക്കുറിച്ചുമുള്ള മംഗളവാര്‍ത്ത ധ്യാനിച്ച ആരാധനാ സമൂഹം ഇന്നു സുവിശേഷത്തില്‍നിന്നു ധ്യാനവിഷയമാക്കുന്നത് ഒന്നാമത്തെ ഞായറാഴ്ചത്തെ അറിയിപ്പിന്റെ പൂര്‍ത്തീകരണമാണ്; അതായത്, സ്‌നാപകയോഹന്നാന്റെ ജനനം. 
    ഒരു മകന്‍ ജനിക്കുമെന്ന വാര്‍ത്തയുമായി അബ്രാഹത്തിന്റെ പക്കല്‍ വരുന്ന ദൈവത്തെയാണ് ഉത്പത്തിപ്പുസ്തകത്തില്‍നിന്നുള്ള ഒന്നാംവായനയില്‍ കാണുന്നത്. ഒന്നാം ഞായറാഴ്ചത്തെ ആദ്യവായനയും ഉത്പത്തിപ്പുസ്തകത്തില്‍നിന്നുള്ളതും ഇസഹാക്കിന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പുമായിരുന്നു (ഉത്പത്തി 17:1-27). അവിടെ ദൈവം പ്രത്യക്ഷപ്പെടുന്നത് അബ്രാമിനായിരുന്നു. ദൈവം അന്ന് അബ്രാമിന്റെ പേര് അബ്രാഹം എന്നാക്കി മാറ്റിയിരുന്നു (ഉത്പ 17:5). അബ്രാം എന്ന വാക്കിന് ഔന്നത്യമുള്ള പിതാവ് എന്നര്‍ഥം. അബ്രാഹം എന്ന വാക്കിന് ജനതകളുടെ പിതാവ് എന്നും. ഇവിടെ നാം കാണുന്നത് ഔന്നത്യമുള്ള ഒരു പിതാവിനെ വിളിച്ച് ജനതകളുടെ പിതാവാക്കുന്ന ദൈവത്തെയാണ്. ജനതകള്‍ക്കുവേണ്ടിയുള്ള ദൈവത്തിന്റെ പ്രത്യേകമായ ഒരു ഇടപെടലാണ് നാമിവിടെ കാണുന്നത്. ദൈവത്തിന്റെ ഇടപെടലിലൂടെ ദൈവം തന്നെത്തന്നെ കൂടുതലായി വെളിപ്പെടുത്തുന്നതും, അബ്രാഹം ദൈവത്തെ കൂടുതലായി മനസ്സിലാക്കുന്നതും ഇടപെടലുകളില്‍ കാണാം.
 അബ്രാഹത്തിനു ദൈവം രണ്ടാമതു പ്രത്യക്ഷപ്പെടുമ്പോള്‍ അബ്രാഹത്തിന്റെ ദൈവദര്‍ശനത്തില്‍ ഈ മാറ്റം കാണാം. ആദ്യം ദൈവം അബ്രാമിന്റെ അടുത്തുവരുമ്പോള്‍ സ്വയം പരിചയപ്പെടുത്തുന്നുണ്ട് (ഉത്പ 17:1). എന്നാല്‍, ദൈവം രണ്ടാമതു വരുമ്പോള്‍ ആ പരിചയപ്പെടുത്തല്‍ കാണുന്നില്ല. ദൈവത്തെ അബ്രാഹം ദര്‍ശിക്കുന്നതിലും വ്യത്യസ്തത കാണുന്നുണ്ട്. കര്‍ത്താവിന്റെ പ്രത്യക്ഷീകരണം അബ്രാഹം കാണുന്നത് മൂന്നു വ്യക്തികളായാണ് (ഉത്പ. 18:2). എന്നാല്‍, അബ്രാഹം സംസാരിക്കുന്നത് ഏകവ്യക്തിയോട് എന്നവിധത്തിലാണ് (ഉത്പ. 18:3). 
    രണ്ടാമത്തെ വായനയില്‍ സോറായിലെ മനോവയുടെ ഭാര്യയ്ക്കു ലഭിക്കുന്ന കര്‍ത്താവിന്റെ ദൂതന്റെ ദര്‍ശനമാണു വിവരിക്കുന്നത്. രണ്ടു വിവരണത്തിലുമുള്ള വ്യത്യാസം ഇതാണ്:  ആദ്യവായനയില്‍ അബ്രാഹത്തിനു കര്‍ത്താവ് പ്രത്യക്ഷപ്പെടുന്നു; എന്നാല്‍, രണ്ടാമത്തെ വായനയില്‍ കര്‍ത്താവിന്റെ ദൂതനാണു പ്രത്യക്ഷപ്പെടുന്നത്. അബ്രാഹത്തിനു പ്രത്യക്ഷപ്പെട്ടത് മൂന്നു വ്യക്തികളാണ്; മനോവയ്ക്ക് ഒരു ദൂതന്‍മാത്രം. അബ്രാഹത്തിനു പ്രത്യക്ഷപ്പെട്ടവര്‍ക്ക്  ഭക്ഷിക്കാനും പാനം ചെയ്യാനും ആതിഥ്യം സ്വീകരിക്കാനും എല്ലാം സാധിക്കുന്നു; എന്നാല്‍, രണ്ടാമത്തെ സംഭവത്തില്‍ കര്‍ത്താവിന്റെ ദൂതന് അതു സാധ്യമല്ല. ഈ വ്യത്യസ്തതയിലൂടെ അബ്രാഹത്തിനു പ്രത്യക്ഷപ്പെടുന്നത് കര്‍ത്താവുതന്നെയാണെന്നു വ്യക്തമാക്കുന്നു. മനുഷ്യനുമായി ഇടപെടുന്നതിന് മനുഷ്യനായി പ്രത്യക്ഷപ്പെടുന്ന ദൈവത്തെയാണു കാണുന്നത്. മനുഷ്യനായി അവതരിച്ച മിശിഹാ വെളിപ്പെടുത്തിയ വലിയ ദൈവികസത്യമാണ് ദൈവം ഏകമാണെന്നും അതേസമയം മൂന്നു വ്യക്തികളുണ്ട് എന്നതും. ദൈവത്തിന്റെ മനുഷ്യാവതാരത്തിന്റെ ഒരു ദര്‍ശനം ഇവിടെ മുന്‍കൂട്ടിക്കാണാന്‍ സാധിക്കും. അവിടെ ഒരു മംഗളവാര്‍ത്ത ഉണ്ടാവുകയായിരുന്നു. ഇന്നും മനുഷ്യരില്‍ ദൈവത്തെ കാണാന്‍ സാധിക്കുമ്പോഴാണ് മംഗളവാര്‍ത്തയുണ്ടാകുന്നത്. ശ്രദ്ധിക്കണം, കാണേണ്ടത് മനുഷ്യദൈവങ്ങളെയല്ല; മറിച്ച് മനുഷ്യരില്‍ ദൈവത്തെയാണ്. അതുകൊണ്ടാണ് ഈശോ പഠിപ്പിച്ചത്, നിന്റെ സഹോദരരില്‍ എന്നെ കാണുക (മത്താ. 25) എന്ന്.
അബ്രാഹത്തിലൂടെ തന്നെത്തന്നെ വെളിപ്പെടുത്തുന്ന ദൈവത്തെ അബ്രാഹം കൂടുതലായി മനസ്സിലാക്കുന്നതുപോലെ ദൈവത്തിന്റെ കാരുണ്യത്തെ കൂടുതലായി മനസ്സിലാക്കി എറ്റുപറയുന്ന സഖറിയായെയും എലിസബത്തിനെയുമാണ് സുവിശേഷത്തില്‍ നാം കണ്ടെത്തുന്നത്. ദൈവം കാണിച്ച കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവര്‍ തന്റെ മകന് യോഹന്നാന്‍ എന്നു പേരു നല്‍കുന്നു. അമ്മയുടെ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ ത്തന്നെ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവന്റെ ജനനവാര്‍ത്തയോട് (ലൂക്കാ 1:41), ദൈവത്തിന്റെ കരം കൂടെയുണ്ടായിരുന്നവന്റെ ജനനവാര്‍ത്തയോടു (ലൂക്കാ 1:66) ചേര്‍ത്ത് പഴയനിയമത്തില്‍ ദൈവത്തിന്റെ അത്മാവ് പ്രത്യേകമായി പ്രവര്‍ത്തിക്കുന്ന ഒരു മനുഷ്യന്റെ ജനനമാണ് രണ്ടാമത്തെ വായനയില്‍ നാം ശ്രവിക്കുന്നത് - സാംസന്റെ ജനനം. ദൈവത്തിന്റെ ആത്മാവിനാല്‍ നിറഞ്ഞ് സാംസണ്‍ ഇസ്രയേല്‍ജനത്തെ ശത്രുക്കളില്‍നിന്നു രക്ഷിക്കുന്നുണ്ട് (ന്യായാ. 13:25; 14:4-14). ദൈവത്തിന്റെ കൃപ പ്രത്യേകമായി അനുഭവിച്ചയാളാണ് സാംസണ്‍. 
വിജാതീയര്‍ക്കുവേണ്ടി, ദൈവത്തിന്റെ കാരുണ്യം (കൃപ) കൈകാര്യം ചെയ്യുന്നതിനുവേണ്ടി വിളിക്കപ്പെട്ടവനാണ് താന്‍ എന്ന് പൗലോസ്ശ്ലീഹാ ലേഖനത്തിലുടെ ഏറ്റു പറയുന്നു. പൗലോസ് പറയുന്നു: ഒരു വെളിപാടുവഴിയാണ് ദൈവം ഈ രഹസ്യം എനിക്കു വെളിപ്പെടുത്തിയത് (എഫേ. 3:3). 
ഇന്നത്തെ ദൈവവചനവായനകളിലെല്ലാം ദൈവത്തിന്റെ പ്രത്യേകദര്‍ശനങ്ങളും, ദൈവകൃപ നിറഞ്ഞ വ്യക്തികളെയുമാണ് നാം കാണുന്നത്. ദൈവത്തിന്റെ കൃപ ആ വ്യക്തികളുടെ മേന്മകൊണ്ടല്ല; മറിച്ച്, ദൈവത്തിന്റെ ദാനമാണെന്ന് അവര്‍ ഏറ്റുപറയുന്നു. നന്മയിലാരംഭിച്ചെങ്കിലും തിന്മയില്‍ വ്യാപരിച്ചു. ദൈവം തിന്മയില്‍ നിന്നുപോലും നന്മ•ഉളവാക്കി. അതാണു സാംസന്റെ ജീവിതം: ''ബാലന്‍ ആജീവനാന്തം ദൈവത്തിനു നാസീര്‍ വ്രതക്കാരനായിരിക്കണം''. നന്മയെന്നു കരുതി തിന്മ പ്രവര്‍ത്തിച്ചുനടന്നവനെ ദൈവം നന്മയിലെത്തിച്ച് സ്വന്തം ഉപകരണമാക്കി: അതാണു വിശുദ്ധ പൗലോസ്. ആദ്യാവസാനം നന്മയില്‍ വ്യാപരിച്ച്, ദൈവകൃപയുടെ അക്ഷയപാത്രമായവര്‍: സഖറിയാ, എലിസബത്ത്, സ്‌നാപകയോഹന്നാന്‍. നമ്മില്‍ ചിലര്‍ തിന്മയില്‍ കഴിയുന്നവരാകാം; ചിലര്‍ നന്മയെന്നു കരുതി തിന്മ ചെയ്യുന്നവരാകാം; സമ്പൂര്‍ണ നന്മയില്‍ വ്യാപരിക്കുന്നവരുമാകാം. നമ്മള്‍ ആയിരിക്കുന്ന സ്ഥിതി എന്തായാലും, ദൈവം എല്ലാം നന്മയായി പരിണമിപ്പിക്കും. തിന്മയാകട്ടെ, അതു ചെയ്യുന്നവനില്‍ കുടികൊള്ളുകയും ചെയ്യും. അതുകൊണ്ട് നമുക്കു തിന്മയെ വെടിഞ്ഞു നന്മയില്‍ വ്യാപരിക്കാം.
ഇന്നത്തെ സുവിശേഷഭാഗത്ത് കാണുന്ന മൂന്നു വ്യക്തികളുടെ പേരുകള്‍ സഖറിയ, എലിസബത്ത്, യോഹന്നാന്‍ എന്നിവയാണ്. ദൈവത്തിന്റെ പ്രത്യേകമായ ഈ ഇടപെടലുകള്‍ മനുഷ്യചരിത്രത്തില്‍ എന്തുകൊണ്ടാണെന്ന് ഈ പേരുകള്‍ സൂചിപ്പിക്കുന്നുണ്ട്. 
സഖറിയ എന്ന വാക്ക് സഖാര്‍ + യാവേ എന്ന വാക്കുകള്‍ ചേര്‍ന്നുണ്ടാകുന്നതാണ്. അതിന്റെ അര്‍ഥം ദൈവം ഓര്‍ക്കുന്നു എന്നാണ് (സഖാര്‍ = ഓര്‍ക്കുക + യാവേ = ദൈവം). 
എന്താണു ദൈവം ഓര്‍ത്തത് എന്ന് എലിസബത്ത് എന്ന വാക്ക് നമുക്കു പറഞ്ഞുതരുന്നുണ്ട്. എലിസബത്ത് എന്ന പേരിന്റെ ഹീബ്രുരൂപം ഏലീശ്വാ എന്നാണ്. എലിസബത്ത് എന്നത് ഗ്രീക്കു രൂപമാണ്. ഏലീശ്വ എന്ന പേരും ഏല്‍+ ശ്‌വഅ എന്നീ രണ്ടു വാക്കുകള്‍ ചേര്‍ന്നുള്ളതാണ്. അതിന്റെ അര്‍ഥം ദൈവത്തിന്റെ പ്രതിജ്ഞ എന്നാണ് (ഏല്‍ = ദൈവം + ശ്‌വഅ = പ്രതിജ്ഞ). 
മൂന്നാമത്തെ വ്യക്തി യോഹന്നാന്‍ ആണ്. യോഹന്നാന്‍ എന്ന പേര് യാവേ+ഹന്നാന്‍ എന്ന വാക്കുകള്‍ ചേര്‍ന്നാണ്. അതിന്റെ അര്‍ഥം ദൈവം കാരുണ്യവാനാകുന്നു എന്നാണ് (യാവേ = ദൈവം + ഹന്നാന്‍ = കാരുണ്യം).
മനുഷ്യചരിത്രത്തിലെ ദൈവത്തിന്റെ പ്രത്യേകമായ ഇടപെടലുകള്‍ക്കു കാരണം ദൈവം തന്റെ പ്രതിജ്ഞ ഓര്‍ക്കുന്നു എന്നതാണ്. ഏതു പ്രതിജ്ഞ എന്നു ചോദിച്ചാല്‍ പിശാചിന്റെ കൗശലത്തില്‍ വീണുപോയ മനുഷ്യകുലത്തെ രക്ഷിക്കാന്‍വേണ്ടി ദൈവം ചെയ്ത ആദ്യപ്രതിജ്ഞ (ഉത്പ. 3:15). മനുഷ്യകുലത്തെ രക്ഷിക്കാന്‍ ഒരു രക്ഷകന്‍ വരുമെന്ന പ്രതിജ്ഞ. ആ പ്രതിജ്ഞ നിര്‍വഹിക്കുന്നതിനുവേണ്ടി ദൈവം പലപ്പോഴും ചരിത്രത്തില്‍ പ്രത്യേകമായി ഇടപെടുന്നു. അതിനുവേണ്ടിയാണ് ദൈവം അബ്രാഹത്തെ വിളിച്ചതും അവനുമായി ഉടമ്പടി സ്ഥാപിച്ചതും, ആ ഉടമ്പടിയുടെ പൂര്‍ത്തീകരണത്തിനായി അബ്രാഹത്തിലൂടെ ഒരു ജനതയെ വാര്‍ത്തെടുത്തതും അവരുമായി ഒരുടമ്പടിയുണ്ടാക്കിയതും (ഉത്പ. 15; പുറപ്പാട് 19). എന്നാല്‍, ആ ജനം ദൈവത്തോടുള്ള ഉടമ്പടി ലംഘിക്കുകയും ദൈവത്തെ മറക്കുകയും ചെയ്തു. ജനം ദൈവത്തെ മറന്നാലും ദൈവം ജനത്തോടുള്ള പ്രതിജ്ഞ ഓര്‍ത്തു, അവന്‍ അവരോടു കാരുണ്യം കാണിച്ചു. ദൈവത്തിന്റെ ആ കാരുണ്യമാണ് ദൈവത്തിന്റെ മനുഷ്യാവതാരത്തിനു വഴിയൊരുക്കാന്‍ വന്ന യോഹന്നാന്‍. യോഹന്നാന്റെ ജനനം വിളിച്ചറിയിക്കുന്നതുപോലെ ദൈവത്തിന്റെ കാരുണ്യം ഇന്ന് നാം അനുഭവിക്കുന്നത് ദിവ്യകാരുണ്യത്തിലാണ്. 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)