•  5 Dec 2024
  •  ദീപം 57
  •  നാളം 39
നേര്‍മൊഴി

പ്രസിഡന്റ് ട്രംപിന്റെ രണ്ടാമൂഴം എങ്ങനെയായിരിക്കും?

   അമേരിക്കന്‍ പ്രസിഡന്റിന്റെ കാലാവധി നാലു വര്‍ഷം നീളുന്ന രണ്ടു ഘട്ടങ്ങളാണ്. എത്ര നല്ല ഭരണാധികാരിയാണെങ്കിലും അടുപ്പിച്ച് രണ്ടുതവണ പ്രസിഡന്റായാല്‍ പിന്നെ മത്സരിക്കാനാവുകയില്ല. സാധാരണനിലയില്‍ ഒരു പ്രസിഡന്റിന് രണ്ടവസരങ്ങള്‍ ലഭിക്കാറുണ്ട്. എന്നാല്‍, പ്രസിഡന്റ് ട്രംപ് രണ്ടാമൂഴത്തിനുവേണ്ടി 2020 ല്‍ ജോ ബൈഡനോടു മത്സരിച്ചു തോറ്റു. നാലുവര്‍ഷത്തിനുശേഷം ട്രംപ് വര്‍ധിതവീര്യത്തോടെ തിരിച്ചുവന്നു. അത് അത്ര എളുപ്പമുള്ള കാര്യമല്ല. 127 വര്‍ഷത്തിനുശേഷമാണ് ഇങ്ങനെയൊന്നു സംഭവിക്കുന്നത്.
    പ്രതീക്ഷിച്ചതിനും അപ്പുറത്തുള്ള നേട്ടമാണ് ട്രംപ് കൈവരിച്ചത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും അദ്ദേഹം വിജയം നേടി. പോപ്പുലര്‍വോട്ടും അദ്ദേഹം കൂടുതല്‍ നേടി. 295 ഇലക്ടറല്‍ വോട്ടുകളുടെ ഭൂരിപക്ഷം തീരുമാനങ്ങള്‍ എടുക്കാനും നടപ്പിലാക്കാനുമുള്ള ശക്തി പകരും. ഏകദേശം ഒരുവര്‍ഷം നീളുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പു പൂര്‍ത്തിയാകുന്നത് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാച്ചടങ്ങുകളോടെയാണ്. 2025 ജനുവരി 20-ാം തീയതി തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. ജനുവരി 20 ഞായറാഴ്ചയാണെങ്കില്‍ 21 തിങ്കളാഴ്ച അധികാരമേല്ക്കുന്നു എന്നതാണ് പൊതുധാരണ. സത്യപ്രതിജ്ഞ നടക്കുന്നത് വാഷിങ്ടണ്‍ ഡി.സി.യിലെ കാപ്പിറ്റോള്‍ മന്ദിരത്തിലാണ്.
   പ്രസിഡന്റ് ട്രംപ് ആഗോളതലത്തില്‍ ചര്‍ച്ചാവിഷയമാകുന്നത് വെറുതെയല്ല. അദ്ദേഹത്തിന്റെ നയപരിപാടികളും നിലപാടുകളും ലോകത്തിന്റെ സാമ്പത്തികഘടനയെയും ജീവിതക്രമത്തെയും സമാധാനാന്തരീക്ഷത്തെയും സ്വാധീനിക്കുമെന്നുള്ളതുകൊണ്ടാണ്. എന്തും പറയാനും ചെയ്യാനും മടിക്കാത്തയാളാണ് പ്രസിഡന്റ് ട്രംപ് എന്നതു മറ്റൊരു കാര്യം.
    അമേരിക്കന്‍ പ്രസിഡന്റിന്റെ ശക്തി രാജ്യത്തിന്റെ സാമ്പത്തികാടിത്തറയും സൈനികശക്തിയും സാങ്കേതികവിദ്യയുടെ മേധാവിത്വവുമാണ്. ലോകത്തിലെ ഏറ്റവും വലിയ 'ഹാര്‍ഡ് പവറും' 'സോഫ്റ്റ് പവറും' അമേരിക്കയാണ്. സൈനികശക്തിയും സാമ്പത്തികശേഷിയും ചേരുന്നതാണ് ഹാര്‍ഡ്പവര്‍. സാങ്കേതികവിദ്യയുടെ സമ്പത്താണ് സോഫ്റ്റ് പവര്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. അമേരിക്കയുടെ ജിഡിപി 29.5 ട്രില്ലിയനാണ്. ഒരു ട്രില്ലിയന്‍ ഒരുലക്ഷം കോടിയാണ്. ഇന്ത്യയുടെ ജി.ഡി.പി. 3.9 ട്രില്യന്‍ മാത്രമാണ്. അതായത്, ഇന്ത്യയുടെ ജി.ഡി.പി. യേക്കാള്‍ ഏഴര ഇരട്ടി അധികമാണ് അമേരിക്കയുടേത്. ജനസംഖ്യകൂടി കണക്കിലെടുക്കുമ്പോഴാണ് പൗരന്മാരുടെ സാമ്പത്തികസ്ഥിതിയെ ഇത് എങ്ങനെ ബാധിക്കുന്നുവെന്നു മനസ്സിലാവുക. അമേരിക്കയില്‍ 33.5 കോടി ജനങ്ങളാണുള്ളത്. ഇന്ത്യയിലാകട്ടെ 145 കോടി ജനങ്ങളും. ആളോഹരി വരുമാനത്തെ ഈ അന്തരം എത്രത്തോളം സ്വാധീനിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
   വേള്‍ഡ് ബാങ്ക്, ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്, വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ളത് അമേരിക്കയ്ക്കാണ്. അതുപോലെതന്നെ, ഐക്യരാഷ്ട്രസംഘടനയ്ക്കു നല്‍കുന്ന സംഭാവനകളില്‍ 27 ശതമാനം അമേരിക്കയുടേതാണ്. അതുകൊണ്ടുതന്നെ,  ലോകഘടനയെ അമേരിക്ക എത്രമാത്രം സ്വാധീനിക്കുന്നുവെന്നു മനസ്സിലാകും. ഇതിനുപുറമേയാണ് അമേരിക്കയുടെ സൈനികസാന്നിധ്യം.  80 രാജ്യങ്ങളില്‍ അവര്‍ക്ക് 750 സൈനികത്താവളങ്ങളുണ്ട്. അനൗദ്യോഗികമായ വേറേ താവളങ്ങളും പല രാജ്യങ്ങളിലുമുണ്ടെന്നു കണക്കാക്കപ്പെടുന്നു.
അമേരിക്കയുടെ സോഫ്റ്റ്പവര്‍ കേന്ദ്രം സിലിക്കണ്‍വാലിയാണ്. ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക, സോഫ്റ്റ്‌വെയര്‍, ഇന്റര്‍നെറ്റ് കമ്പനികള്‍ അവിടെ പ്രവര്‍ത്തിക്കുന്നു. ആപ്പിള്‍, ഗൂഗിള്‍, ഫേസ്ബുക്ക്, സിസ്‌കോ, ഇന്റല്‍, നവീഡിയ, ടെസ്‌ല തുടങ്ങിയ കമ്പനികളുടെ കേന്ദ്രമാണ് സിലിക്കണ്‍വാലി. അതിന്റെ ഒരു ചെറിയ ഇന്ത്യന്‍പതിപ്പാണ് ബാംഗ്ലൂരിലെ സിലിക്കണ്‍വാലി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സോഫ്റ്റ്‌വെയര്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതും സോഫ്റ്റ്‌വെയര്‍ ജോലി നടക്കുന്നതും അവിടെയാണ്.
    ഇത്രമാത്രം സമ്പത്തും സ്വാധീനവുമുള്ള രാജ്യത്തിന്റെ അധികാരി ട്രംപിനെപ്പോലെ വലിയൊരു ബിസിനസ്സുകാരന്‍ ആകുന്നതുകൊണ്ടാണ് അതു ലോകഗതിയെ സ്വാധീനിക്കുമെന്നു വിലയിരുത്തപ്പെടുന്നത്. ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു എന്ന വാര്‍ത്ത വന്ന ഉടനെ സ്വര്‍ണവില ഇടിയുകയും ഷെയര്‍മാര്‍ക്കറ്റ് വിപണി ശക്തിപ്പെടുകയും ചെയ്തു. ഭയംകൂടാതെ എല്ലാക്കാലത്തും നിക്ഷേപിക്കാവുന്ന ഒരു ഉത്പന്നമാണ് സ്വര്‍ണം. സ്വര്‍ണവില ലോകത്തിന്റെ സാമൂഹിക, രാഷ്ട്രീയകാലാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. ലോകത്ത് എവിടെയെങ്കിലും യുദ്ധം നടന്നാല്‍, അതിനുള്ള സാധ്യത വ്യക്തമായാല്‍ അത് സ്വര്‍ണവില ഉയരാന്‍ കാരണമാകും. യുദ്ധത്തിന്റെ ഭാഗമായി ഇന്ധനവില കൂടും, സാമ്പത്തിക ഉപരോധമുണ്ടാകും, വിലക്കയറ്റമുണ്ടാകും. വലിയ മൂലധനനിക്ഷേപമുള്ളവര്‍ സുരക്ഷിതത്വത്തിനുേവണ്ടി അതു സ്വര്‍ണമാക്കി മാറ്റും. വിപണിയില്‍ പണം ഇറക്കുകയില്ല. ട്രംപ് കച്ചവടക്കാരനായതുകൊണ്ടും അവരുടെ സുഹൃത്തായതുകൊണ്ടും ആവുന്നത്ര യുദ്ധങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കും.
    പ്രസിഡന്റ് ട്രംപിന്റെ സാമ്പത്തികനയം ലോകസമ്പദ്ഘടനയെ ബാധിക്കും. ട്രംപിന്റേത് 'ക്രോണി ക്യാപ്പിറ്റലിസ്റ്റ്' നയമാണ്. അതായത്, മുതലാളിത്ത ചങ്ങാത്തനയം. അതിസമ്പന്നന്മാരെ അനുകൂലിക്കുന്ന നയമായിരിക്കും അമേരിക്ക പിന്തുടരുക. അവര്‍ക്ക് നികുതിയിളവും നിയമയിളവും ലഭിക്കും. അതു കൂടുതല്‍  നിക്ഷേപങ്ങള്‍ക്കു കാരണമാകും. പുതിയ സംരംഭകര്‍ കടന്നുവരാനും സഹായിക്കും.
    അമേരിക്കയ്ക്കു മുന്‍ഗണന കല്പിക്കുന്ന നയവും അമേരിക്കയ്ക്കു ലാഭമുണ്ടാക്കുന്ന വിദേശനയവുമായിരിക്കും ട്രംപ് സ്വീകരിക്കുന്നത്. എണ്ണ ഉത്പാദകരാജ്യങ്ങളുമായി ട്രംപ് ഭരണകൂടം നല്ല ബന്ധം നിലനിര്‍ത്തും. അമേരിക്കയുടെ എണ്ണയുത്പാദനം ഉയര്‍ത്തുകയും ചെയ്യും. ചൈനപോലുള്ള രാജ്യത്തുനിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 40 മുതല്‍ 60 ശതമാനം ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തും. ഇഷ്ടക്കാരോടുപോലും 20 ശതമാനമെങ്കിലും ചുങ്കം ഏര്‍പ്പെടുത്തും. കുടിയേറ്റനിയമങ്ങള്‍ കര്‍ശനമാക്കുന്നതുവഴി അമേരിക്കയിലെ തൊഴിലില്ലായ്മ കുറച്ചുകൊണ്ടുവരും.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)