•  5 Dec 2024
  •  ദീപം 57
  •  നാളം 39
ബാലനോവല്‍

കൊട്ടാരക്കെട്ടിലെ ഉറങ്ങാത്ത രാവുകള്‍

    രാജദൂതനും ഭടന്മാരും ആ കാഴ്ചകണ്ട് ഞെട്ടിനിന്നുപോയി. ഇത്രയേറെ പാമ്പുകളെ ഒന്നിച്ചു കാണുന്നതുതന്നെ ജീവിതത്തിലാദ്യമാണ്. എണ്ണിത്തിട്ടപ്പെടുത്താന്‍പോലുമാവാത്തത്രയും കൊടിയ സര്‍പ്പങ്ങളാണ് തൊട്ടു കണ്‍മുമ്പില്‍ ഫണമുയര്‍ത്തി നില്‍ക്കുന്നത്. 
   പാമ്പുകള്‍ തങ്ങളെ ലക്ഷ്യമാക്കി ഇഴഞ്ഞടുക്കുന്നത് അവര്‍ കണ്ടു. ഏതാനും നിമിഷങ്ങള്‍ക്കകം അവ സമീപമെത്തും. പിന്നെ സംഭവിക്കുന്ന കാര്യം അവര്‍ക്കു ചിന്തിക്കാന്‍പോലും കഴിയില്ല. ഉഗ്രരൂപികളായ ഡസന്‍ കണക്കിനു കരിനാഗങ്ങള്‍.
സര്‍പ്പകാലന്റെ പരിപാലനത്തിലുള്ള പാമ്പുകളാണവ. കാലന്റെ ഗുഹയ്ക്കു സമീപം ആരെങ്കിലും എത്തിയാലുടന്‍ ശതക്കണക്കിനു പാമ്പുകള്‍ അവരെ വളഞ്ഞു കൊത്തി കൊല്ലും.
   ഒരു പ്രത്യേകദൂതന്‍ മുഖാന്തരം താഴ്‌വരസൂക്ഷിപ്പുകാരുടെ അനുവാദത്തോടെമാത്രമേ സര്‍പ്പകാലനെ കാണാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍, കൊട്ടാരത്തില്‍ സര്‍പ്പം കയറിയ നിമിഷം! അതൊന്നും ഓര്‍മിക്കാന്‍പോലും ആര്‍ക്കും കഴിഞ്ഞില്ല. തന്നിമിത്തം രാജദൂതനും ഭടന്മാരും വലിയൊരു വിപത്തില്‍ചെന്നു ചാടിയിരിക്കുന്നു.
എല്ലാവരും ഭയന്നുവിറച്ചു. 
  ഇനി എന്തു ചെയ്യും? എങ്ങനെ രക്ഷപ്പെടേണ്ടതെന്നറിയാതെ അവര്‍ പകച്ചുനിന്നു.
''ന്റെമ്മോ രക്ഷിക്കണേ'' രാജദൂതന്‍ ഭയംകൊണ്ട് അലറിക്കരഞ്ഞു. അതുകേട്ട രാജഭടന്മാരും അറിയാതെ നിലവിളിച്ചുപോയി.
സര്‍പ്പങ്ങള്‍ ക്രമേണ അടുത്തുവരികയാണ്. അതനുസരിച്ച് രാജദൂതനും സംഘവും പിന്നോട്ടുമാറുകയാണ്. സര്‍പ്പങ്ങള്‍ ഒറ്റക്കുതിപ്പിനു ചാടിയാല്‍ എല്ലാവരുടെയും ജീവന്‍ സര്‍പ്പദംശനമേറ്റ് അവസാനിച്ചതുതന്നെ.
''ദൈവമേ, ഞങ്ങളെ രക്ഷിക്കണേ.'' അവര്‍ ഒരേസ്വരത്തില്‍ ദൈവത്തോടു കേണപേക്ഷിച്ചു. മരണം മുഖാമുഖം കാണുകയാണ്.
''നമുക്ക് ഓടിച്ചെന്ന് കുതിരവണ്ടിയില്‍ കയറി രക്ഷപ്പെട്ടാലോ? അതല്ലാതെ മറ്റൊരു മാര്‍ഗവുമില്ല.'' 
രാജദൂതന്‍ വേഗം കുതിരയുടെ സമീപത്തേക്ക് ഓടാന്‍ ഭാവിച്ചു.
''...അരുത്... ''രാജഭടന്‍ പറഞ്ഞു. ''സര്‍പ്പകാലനെ കൂടാതെ അങ്ങോട്ടു ചെല്ലാനാവില്ല. ജീവന്‍ ത്യജിച്ചായാലും കാലനെ കണ്ടേ പറ്റൂ.''
''എന്നു കരുതി പാമ്പുകടിയേറ്റു ചാകാന്‍ പറ്റുമോ?'' ദൂതന്‍ വിറയ്ക്കുന്ന സ്വരത്തില്‍ പറഞ്ഞു.
''എങ്കില്‍ നമ്മളെല്ലാം മരിച്ചതുതന്നെ. ഒരു സംശയവുമില്ല.
ഭടന്മാര്‍ വേവലാതിയോടെ അങ്ങോട്ടും ഇങ്ങോട്ടും ഓടാന്‍ തുടങ്ങി.
രാജദൂതന് പെട്ടെന്നൊരു ബുദ്ധിതോന്നി.
സര്‍പ്പകാലന്റെ ഉടമസ്ഥതയിലുള്ളതാണല്ലോ പാമ്പുകളെല്ലാം. അവയുടെ ആക്രമണത്തില്‍നിന്നു രക്ഷപ്പെടണമെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തിന്റെ കാരുണ്യം ലഭിക്കണം. അതിനുവേണ്ടി എന്താണു ചെയ്യേണ്ടതെന്ന് ഒരു നിശ്ചയവുമില്ല. എങ്കിലും രാജദൂതന്‍ അത്യുച്ചത്തില്‍ അലറി
വിളിച്ചു: 
''സര്‍പ്പകാലാ! സര്‍പ്പകാലാ' ഞങ്ങളെ രക്ഷിക്കണേ! - ഈ പാമ്പുകളെ അങ്ങു തിരിച്ചു വിളിക്കണേ അടിയങ്ങള്‍ അങ്ങയെ കാണാന്‍ ഇവിടെ എത്തിയതാണേ.''
അതുകേട്ട് അവിടെ നിന്നവരെല്ലാം സര്‍പ്പകാലനെ അലറിവിളിച്ച് അപേക്ഷിച്ചു.
''ഞങ്ങളെ രക്ഷിക്കണേ... രക്ഷിക്കണേ...''
പെട്ടെന്ന് ഒരു വിചിത്രമനുഷ്യജീവി സമീപത്തെ ഒരു ഗുഹയില്‍നിന്നു ചാടിവീണു. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ഒരു കാട്ടാളനാണെന്നു തോന്നും. കറുത്തിരുണ്ടു വികൃതമായ ഒരു രൂപം. കൈയില്‍ ഒരു വലിയ കുന്തം. മുട്ടിനു മുകളില്‍ നില്‍ക്കുന്ന പ്രാകൃതവേഷം. ആ മനുഷ്യരൂപത്തെ കണ്ട് എല്ലാവരും ഞെട്ടി  നിലവിളിച്ചു.
''ഞങ്ങളെ ഒന്നും ചെയ്യല്ലേ ഞങ്ങള്‍ പാവങ്ങളാണേ.''
''നിര്‍ത്തൂ... ഇനി ആരെങ്കിലും ശബ്ദിച്ചാല്‍ അവന്റെയൊക്കെ അന്ത്യം ഈ കുന്തമുനയിലായിരിക്കും.''
കാട്ടുമനുഷ്യന്റെ അലറിയുള്ള ശബ്ദംകേട്ട് താഴ്‌വരപോലും ഞെട്ടി. അതു കേട്ടവരുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.''
എല്ലാവരും ഭയന്നുവിറച്ച് നിശ്ചലരായി ഒരു പ്രതിമ കണക്കെ തരിച്ചുനിന്നു.
സര്‍പ്പകാലന്റെ അംഗരക്ഷകനോ കാവല്‍ക്കാരനോ ആയിരിക്കാം ആ കാട്ടാളന്‍.
''നിങ്ങള്‍ ഇവിടുത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ചവിട്ടിമെതിച്ചു. പാമ്പുകളുടെ ദൈവത്തിനെ അറിഞ്ഞുകൊണ്ട് അധിക്ഷേപിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് ഒരു കനത്ത ശിക്ഷ ലഭിക്കും.''
''അയ്യോ, അരുത്. ഞങ്ങള്‍ വല്ലാതെ ദുഃഖിതരായാണ് ഇവിടെയെത്തിയിരിക്കുന്നത്. ഞങ്ങളുടെ മഹാരാജാവു തിരുമനസ്സ് സര്‍പ്പദംശനമേറ്റു വിടവാങ്ങി പള്ളിയറയില്‍ കിടക്കുകയാണ്. ഒരു കൂറ്റന്‍സര്‍പ്പം ആ മുറിയ്ക്കുള്ളിലുണ്ട്. പാമ്പുകളുടെ ദൈവമെന്ന് നിങ്ങള്‍ പറഞ്ഞ ആ വ്യക്തിയെ വിവരം ഉണര്‍ത്തണം. അദ്ദേഹം വന്ന് പാമ്പിനെ നിഗ്രഹിച്ച് ആദിത്യപുരം നിവാസികളെ രക്ഷിക്കണം.''
''നിങ്ങള്‍ അദ്ദേഹത്തെ വിളിക്കേണ്ടത് 'പ്രഭോ' എന്നാണ്. അങ്ങനെ വിളിക്കാത്തവരെയെല്ലാം കുരുതി കൊടുത്ത ചരിത്രമാണ് എനിക്കുള്ളത്. രാജദൂതനായതുകൊണ്ടുമാത്രമാണ് കുന്തത്തില്‍ കോര്‍ക്കാത്തത്.''
ആ മനുഷ്യന്‍ എന്തോ ഓര്‍ത്തുനിന്നശേഷം പറഞ്ഞു: ''നിങ്ങള്‍ ഉച്ചത്തില്‍ മൂന്നുപ്രാവശ്യം 'പ്രഭോ' എന്ന് അലറിവിളിക്കണം.''
അവര്‍ അങ്ങന മൂന്നു തവണ അലറിവിളിച്ചു. അപ്പോള്‍ അകലെ മലയിടുക്കിലെ ഒരു കൂറ്റന്‍ ഗുഹയുടെ കല്ലുകൊണ്ടു നിര്‍മിച്ച കനത്ത വാതില്‍ തള്ളിത്തുറന്ന് രു മനുഷ്യരൂപം പുറത്തേക്കിറങ്ങി. 
ആ മനുഷ്യനെക്കണ്ട് രാജദൂതനും സംഘവും അന്തംവിട്ടു നിന്നു. 

(തുടരും)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)