•  31 Oct 2024
  •  ദീപം 57
  •  നാളം 34
നേര്‍മൊഴി

ഹൃദയസമ്പന്നനായ മുതലാളി

  രാഷ്ട്രത്തലവന്മാര്‍ക്കും പ്രമുഖരായ രാഷ്ട്രീയനേതാക്കന്മാര്‍ക്കും സെലിബ്രിറ്റികള്‍ക്കുംപോലും ലഭിക്കാത്ത വിധത്തിലുള്ള വലിയ ആദരവാണ് ഈയിടെ അന്തരിച്ച വ്യവസായപ്രമുഖന്‍ രത്തന്‍ ടാറ്റായ്ക്കു ലഭിച്ചത്. പത്മഭൂഷണും പത്മവിഭൂഷനും ലഭിച്ച വ്യക്തി എന്ന നിലയിലുള്ള ഔപചാരിക ആദരപ്രകടനം മാത്രമായിരുന്നില്ല ടാറ്റായുടെ നേര്‍ക്കുണ്ടായത്. ടാറ്റായെ രാജ്യം എല്ലാക്കാലത്തും ബഹുമാനത്തോടെ കണ്ടിരുന്നു. കാരണം, അദ്ദേഹം വെറുമൊരു വ്യവസായ ഇതിഹാസം മാത്രമായിരുന്നില്ല; പകരം, നവഭാരതശില്പികളിലൊരാള്‍ കൂടിയായിരുന്നു. ഇന്ത്യന്‍ വ്യവസായചരിത്രം രത്തന്‍ ടാറ്റായുടെ ജീവചരിത്രമായിരുന്നു എന്നു പറയത്തക്കവിധം അത്രമാത്രം രാജ്യപുരോഗതിയില്‍  അദ്ദേഹത്തിന്റെ സാന്നിധ്യവും സംഭാവനകളുമുണ്ടായിരുന്നു.
   രാജ്യത്തെ പുതുതലമുറമുതലാളിമാരുടെ പട്ടികയില്‍ രത്തന്‍ ടാറ്റായുടെ പേര് വളരെ പിന്നിലാണ്. ടാറ്റായ്ക്കു മുകളില്‍ ഏകദേശം 450 കോടീശ്വരന്മാര്‍ രാജ്യത്തുണ്ട്. എന്നാല്‍, അവരാരും ഇത്രമാത്രം അറിയപ്പെടുകയോ ആദരിക്കപ്പെടുകയോ ചെയ്യുന്നില്ല. കോടീശ്വരന്മാരുടെ  പട്ടികയില്‍ ടാറ്റാ പിന്നില്‍ വരാന്‍ കമ്പനി സാമ്പത്തികമായി ക്ഷയിച്ചതുകൊണ്ടല്ല; പകരം, കമ്പനിയുടെ ഓഹരിയുടെ 66 ശതമാനത്തിലധികം ടാറ്റായുടെ ജീവകാരുണ്യട്രസ്റ്റുകളില്‍ നിക്ഷേപിച്ചതുകൊണ്ടാണ്. കോടിക്കണക്കിനു പാവപ്പെട്ട മനുഷ്യര്‍ക്കാണ് സഹായം ലഭിക്കുന്നത്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍മുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍വരെ ടാറ്റായുടെ മേല്‍നോട്ടത്തില്‍ നടക്കുന്നു. പത്തുലക്ഷം തൊഴിലാളികളാണ് ടാറ്റായ്ക്കു കീഴിലുള്ളത്. അത്രയും പേര്‍ക്കു തൊഴില്‍ നല്‍കുന്നത് വലിയ വികസനപ്രവര്‍ത്തനവും അതു രാഷ്ട്രനിര്‍മാണപ്രവര്‍ത്തനവുമായി കണക്കാക്കണം. പണമുണ്ടാക്കാന്‍ ബുദ്ധിയും  ഭാഗ്യവും മതി. എന്നാല്‍, അതു മറ്റുള്ളവര്‍ക്കു പ്രയോജനപ്പെടാനും നാടിന് ഉപകാരപ്പെടാനും അതിനു പിന്നില്‍ ആര്‍ദ്രതമായ ഹൃദയവും വിശാലമായ മനസ്സും വേണം.
   ഇപ്പോള്‍ എല്ലാ ബഹുരാഷ്ട്രക്കമ്പനികളും അവരുടേതായ രീതിയില്‍ സാമൂഹികക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അത് അവരുടെ സി.എസ്.ആര്‍.ഫണ്ട് ഉപയോഗിച്ചാണ്. കമ്പനിയുടെ ആദായത്തിന്റെ ചെറിയൊരു അംശംമാത്രമാണ് അതിനുവേണ്ടി മാറ്റിവയ്ക്കുക. കമ്പനിക്ക് അതുകൊണ്ട് നേട്ടമല്ലാതെ കോട്ടമൊന്നുമുണ്ടാകുന്നില്ല. മാത്രവുമല്ല, അതു കമ്പനിയുടെ ചെലവില്‍ പെടുന്നതുകൊണ്ട് അതിനു നികുതിയിളവു ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍, രത്തന്‍ ടാറ്റായുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ ഇതിനോടു താരതമ്യം ചെയ്യാനാവുകയില്ല. അദ്ദേഹം വരുമാനത്തിന്റെ സിംഹഭാഗമാണ് സാമൂഹികക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നത്.
   സമ്പത്തുസമ്പാദനത്തെക്കുറിച്ചും അതിന്റെ വിനിയോഗത്തെക്കുറിച്ചും മൂല്യാധിഷ്ഠിതമായ ഒരു ദര്‍ശനം ലോകത്തിനു സമ്മാനിച്ചതിന്റെ പേരില്‍ക്കൂടിയാണ് ഇനി ലോകം രത്തന്‍ ടാറ്റായെ ഓര്‍മിക്കുക. ഏതു മാര്‍ഗത്തിലും പണം വാരിക്കൂട്ടാന്‍ പാടില്ല സ്വന്തം ആവശ്യത്തിനുവേണ്ടിമാത്രം പണം ഉപയോഗിക്കാന്‍ പാടില്ല. സഹസ്രകോടീശ്വരനായിരുന്നെങ്കിലും ലളിതജീവിതമാണ് രത്തന്‍ ടാറ്റാ നയിച്ചത്. വീടും വാഹനവും വേഷവുമൊക്കെ സാധാരണക്കാരന്റേതുപോലെ. എന്നാല്‍, ചിന്തയിലും ആസൂത്രണത്തിലും കാര്യനിര്‍വഹണത്തിലും മറ്റെല്ലാവരെയുംകാള്‍ മുന്നില്‍. വിജയികളുടെ അടയാളമതാണ്.
   ഭൗതികസമ്പത്തില്‍ രത്തന്‍ ടാറ്റാ സൗഭാഗ്യവാനായിരുന്നെങ്കിലും വ്യക്തിപരമായ അനുഭവങ്ങളില്‍ അദ്ദേഹം ദരിദ്രനായിരുന്നു. പല സംഭാഷണങ്ങളിലും അദ്ദേഹംതന്നെ പരോക്ഷമായി വെളിപ്പെടുത്തിയ വിവരമാണിത്. ജീവിതം പരിശോധിച്ചാല്‍ അതു ബോധ്യമാകും. ജനിച്ചത് അതിസമ്പന്നകുടുംബത്തിലായിരുന്നെങ്കിലും ദത്തന് പത്തു വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ വിവാഹബന്ധം പിരിഞ്ഞു. ആ ബാല്യം അങ്ങനെ അനാഥമായി. എങ്കിലും, മുത്തശ്ശി അവനെ ചേര്‍ത്തുപിടിച്ചു. മാതാപിതാക്കളുടെ നഷ്ടമറിയാതെ രത്തനെ അവര്‍ വളര്‍ത്തി. മുത്തശ്ശി അവനു നല്‍കിയ നിര്‍ദേശങ്ങള്‍ അവന്റെ ജീവിതത്തെ രൂപപ്പെടുത്തി. ''നീ ആരുടെയും മുമ്പില്‍ തലകുനിക്കരുത്. പരാജയങ്ങളില്‍ പതറരുത്. ആരോടും പരുഷമായി പെരുമാറരുത്. ധാര്‍മികമൂല്യങ്ങളെ മുറുകെപ്പിടിക്കണം. എല്ലാവരോടും കാരുണ്യം കാണിക്കണം.'' മുത്തശ്ശി നല്‍കിയ ഉപദേശം രത്തന്‍ ജീവിതാവസാനംവരെ മണിമുത്തുപോലെ കാത്തുസൂക്ഷിച്ചു.
   ഉപരിപഠനത്തിനുവേണ്ടി രത്തന്‍ അമേരിക്കയിലെത്തി. എഞ്ചിനീയറിങ് പഠനം പൂര്‍ത്തിയാക്കി. ബിസിനസിനു സഹായകമാകുമല്ലോ എന്നു കരുതി ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍നിന്ന് എം.ബി.എ. സമ്പാദിച്ചു. ഇതിനിടയില്‍ ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായി. വിവാഹിതരാകാന്‍ നിശ്ചയിച്ചു. ആ സമയത്ത് മുത്തശ്ശിയുടെ വിളി വന്നു. ആരോഗ്യപ്രശ്‌നങ്ങളുണ്ട്. നാട്ടില്‍ തിരിച്ചെത്തുക. മുത്തശ്ശി മറ്റാരെക്കാളും പ്രധാനപ്പെട്ട വ്യക്തിയായതുകൊണ്ട് നാട്ടിലെത്തി. അമേരിക്കക്കാരിയുമായുള്ള ബന്ധം മുറിഞ്ഞു. ഇന്ത്യയില്‍ തിരിച്ചെത്തിയശേഷവും വിവാഹത്തിലേക്ക് എത്താവുന്ന വിധത്തിലുള്ള ആലോചനകള്‍ വന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല. അങ്ങനെ ഒരായുസ്സുമുഴുവന്‍ ഏകനായിക്കഴിഞ്ഞു. ആള്‍ക്കൂട്ടത്തിനു നടുവില്‍ നൊമ്പരപ്പെടുത്തുന്ന ഏകാന്തത. സമൃദ്ധിയുടെ നടുവില്‍ ലളിതജീവിതം. മഹാത്മാവേ വിട!

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)