അന്തിനാട് ജോസ് എഴുതുന്ന പുതിയ ബാലനോവല്‍ ആരംഭിക്കുന്നു
രാവിന്റെ നിതാന്തനിശ്ശബ്ദതയില്‍ ആദിത്യപുരം ആഴ്ന്നുകിടക്കുകയാണ്. പൊടുന്നനെ ആ രാജ്യത്തിന്റെ തലസ്ഥാനത്തുനിന്ന് ആരുടെയോ ഭീതിദമായ ഒരു നിലവിളിയുയര്‍ന്നു.
രാത്രിയുടെ ഏകാന്തയാമങ്ങളെ ഞെട്ടിച്ച് ആ ശബ്ദം ഒരു മുഴക്കമായി കൊട്ടാരപരിസരത്ത് അലയടിച്ചു.
കൊട്ടാരവാസികളും സമീപപ്രദേശത്തെ പ്രജകളും നിദ്രയില്‍നിന്നു ഞെട്ടിയുണര്‍ന്നു.
രാത്രിയുടെ ഏകാന്തയാമങ്ങളെ ഞെട്ടിച്ച് ആ ശബ്ദം ഒരു മുഴക്കമായി കൊട്ടാരപരിസരത്ത് അലയടിച്ചു.
കൊട്ടാരവാസികളും സമീപപ്രദേശത്തെ പ്രജകളും നിദ്രയില്‍നിന്നു ഞെട്ടിയുണര്‍ന്നു.
എല്ലാവരും കാര്യമെന്താണെന്നറിയാതെ ഒരു നിമിഷം സ്തബ്ധരായി നിന്നുപോയി. പിന്നെ അവര്‍ ആ സ്വരം എവിടെനിന്നാണ് ഉദ്ഭവിക്കുന്നതെന്നറിയാന്‍ കാതോര്‍ത്തു. അടുത്തനിമിഷം എല്ലാവര്‍ക്കും കാര്യം പിടികിട്ടി. ആ സ്വരം കേള്‍ക്കുന്നത് രാജകൊട്ടാരത്തിനുള്ളില്‍നിന്നാണ്. അതിനുമുമ്പൊരിക്കലും കൊട്ടാരത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍നിന്ന് ഇങ്ങനെയൊരു നിലവിളി കേട്ടിട്ടില്ല.
ആരോ മരണവെപ്രാളത്തോടെ അലറിക്കരയുന്ന സ്വരമാണ് കേള്‍ക്കുന്നത്.
ജനം ഒന്നടങ്കം പരിഭ്രാന്തരായി. രാജകൊട്ടാരത്തില്‍ ആരോ കയറി ആക്രമണം അഴിച്ചുവിടുന്നതായും ഒരു കൊലപാതകം നടക്കുന്നതായും പ്രജകള്‍ക്കു തോന്നി.
അലര്‍ച്ചകളും എന്തൊക്കെയോ വീണുടയുന്ന സ്വരങ്ങളും! അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് ആദിത്യപുരം സൈനികശക്തിയിലും സാമ്പത്തികനിലയിലും ബഹുദൂരം മുന്നിലാണ്. വീരസേനമഹാരാജാവ് പ്രജകളുടെ കണ്ണിലുണ്ണിയാണ്. പ്രജകളെ സ്വസഹോദരങ്ങളെപ്പോലെയാണ് രാജാവുതിരുമനസ്സ് കണ്ടിരുന്നത്. അദ്ദേഹത്തിന്റെ ഭരണത്തില്‍ പ്രജകള്‍ ഒന്നടങ്കം സംതൃപ്തരായിരുന്നു.
ആയിരക്കണക്കിനു കുതിരകളും ഒട്ടകങ്ങളും, ധാന്യങ്ങള്‍ നിറഞ്ഞ ധാന്യപ്പുരകളും രാജ്യത്തിന്റെ ഐശ്വര്യം വിളംബരം ചെയ്തിരുന്നു.
ഏതൊരു ശത്രുവിനെയും നേരിടാന്‍ പര്യാപ്തമായ സൈനികശേഷിയും ആദിത്യപുരത്തിനുണ്ടായിരുന്നു.
ഇങ്ങനെ സുഖവും സമാധാനവും ഒരുപോലെ കളിയാടിയിരുന്ന ഒരു രാജ്യത്ത് പൊടുന്നനേ കേട്ട നിലവിളിയും അലര്‍ച്ചയും പ്രജകളെ അങ്കലാപ്പിലാക്കി. നിദ്രയില്‍നിന്നു ഞെട്ടിയുണര്‍ന്നവര്‍ തീപ്പന്തങ്ങളും കരങ്ങളിലേന്തി ശബ്ദംകേട്ട കൊട്ടാരത്തിലേക്കു നീങ്ങി. അവിടെ എന്താണു സംഭവിച്ചതെന്നറിയാനുള്ള വ്യഗ്രതയില്‍ അവരുടെ പാദങ്ങള്‍ മിന്നല്‍വേഗത്തില്‍ ചലിച്ചു.
ആരാണു നിലവിളിക്കുന്നത്? എന്തിനാണു നിലവിളിക്കുന്നത്? ആരായിരിക്കും പ്രാണന്‍ ഭയന്ന് അലറിക്കരയുന്നത്? നൂറുകണക്കിനു പടയാളികള്‍ കാവലുള്ള കൊട്ടാരത്തില്‍ ഇങ്ങനെയൊരു അനിഷ്ടമുണ്ടാകാന്‍ ഒരു കാരണവും കാണുന്നില്ല.
കൊട്ടാരത്തില്‍ രാജാവിനോടൊപ്പം മൂത്തപുത്രന്‍ കാര്‍ഫിയൂസും ഇളയകുമാരന്‍ ദേവദത്തനുമുണ്ട്. രണ്ട് ആണ്‍മക്കള്‍ മാത്രമേ രാജാവിനുള്ളൂ. മഹാറാണി ഏതാനുംവര്‍ഷം മുമ്പ് നാടുനീങ്ങിയിരുന്നു. മൂത്തവനായ കാര്‍ഫിയൂസാണ് രാജ്യത്തിന്റെ അനന്തരാവകാശി.
പ്രധാനകാര്യസ്ഥനായ മേഘനാദനും കൊട്ടാരത്തില്‍ താമസമുണ്ട്.
കൊട്ടാരത്തില്‍നിന്നുമുയരുന്ന നിലവിളി പ്രജകളെ വല്ലാതെ ഭയാക്രാന്തരാക്കി. എല്ലാവരും ഒരേ സ്വരത്തില്‍ പരസ്പരം പറഞ്ഞു. കൊട്ടാരത്തില്‍ അതിഭീകരമായ എന്തോ സംഭവിച്ചിരിക്കുന്നു.
ആരൊക്കെയോ പ്രാണനുവേണ്ടി നിലവിളിക്കുകയാണ്. ദാരുണമായ ഏതോ രംഗങ്ങള്‍ക്ക് കൊട്ടാരം സാക്ഷിയാകാന്‍ പോകുന്നു.
രാജഭടന്മാര്‍ കുന്തങ്ങളും വാളുകളുമായി പരിഭ്രാന്തരായി നാലുപാടും ഓടുകയാണ്. അതുകണ്ട് ജനം ഒന്നുകൂടി ഭയചകിതരായി.
പെട്ടെന്ന് നൂറുകണക്കിന് കുതിരകളും അവയുടെ മീതേ ഭടന്മാരും കൊട്ടാരത്തിലേക്കു പാഞ്ഞെത്തി. കുതിരക്കുളമ്പടികളുടെ നിലയ്ക്കാത്ത ശബ്ദം അന്തരീക്ഷത്തില്‍ മുഖരിതമായി.
കൊട്ടാരമുറ്റത്തെത്തിയ പ്രജകളെ നോക്കി ഭടന്മാര്‍ അലറുന്ന സ്വരത്തില്‍ പറഞ്ഞു:
''ആരും കൊട്ടാരത്തിലേക്കു കയറരുത്. എല്ലാവരും ദൂരെ മാറി നില്‍ക്കണം.''
ഭടന്മാര്‍ വാളുകള്‍ വീശി പ്രജകളെ അകറ്റിനിറുത്തി.
ആര്‍ക്കും കൊട്ടാരവാതില്‍ക്കലേക്കുപോലും അടുക്കാന്‍ കഴിഞ്ഞില്ല.
''കൊട്ടാരത്തില്‍ എന്താണു സംഭവിച്ചതെന്ന് ഞങ്ങള്‍ക്കറിയണം. ഞങ്ങളുടെ പ്രിയങ്കരനായ മഹാരാജാവ് തിരുമനസ്സിന് എന്തെങ്കിലും അപകടം സംഭവിച്ചോ? എല്ലാം അറിയണം.'' ജനം ഒന്നടങ്കം ആക്രോശിച്ചു.
''ഞങ്ങള്‍ക്കൊന്നും അറിയില്ല. എത്രയുംവേഗം എല്ലാവരും പിരിഞ്ഞുപോകണം.''
''ഞങ്ങളുടെ മഹാരാജാവുതിരുമനസ്സിന് എന്തുപറ്റിയെന്ന് പ്രജകളായ ഞങ്ങള്‍ക്ക് അറിഞ്ഞേ തീരൂ...'' ജനം ഒന്നടങ്കം ശബ്ദിച്ചു.
പൊടുന്നനേ ഏതാനും പടയാളികള്‍കൂടി അവിടേക്ക് ഓടിയെത്തി. കാര്യസ്ഥന്‍ മേഘനാദന്‍ രാജാവിന്റെ സിംഹാസമുറിയിലേക്ക് ഓടുന്നതിനിടയില്‍ അലറിവിളിച്ചു: ''തിരുമേനീ, തിരുമേനീ അങ്ങേക്ക് എന്തുപറ്റി?'' അയാള്‍ വാതിലില്‍ ആഞ്ഞടിച്ചു. പക്ഷേ, ഒരു പ്രതികരണവുമുണ്ടായില്ല.
(തുടരും)