ഷിരൂര്‍ ദുരന്തം അങ്ങേയറ്റം സങ്കടകരമായിരുന്നു. തികച്ചും അപ്രതീക്ഷിതമായിട്ടാണ് ജൂലൈ 16-ാം തീയതി ദേശീയപാത 66 ല്‍ കാര്‍വാറിനു സമീപം ഷിരൂരില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. 300 മീറ്റര്‍ ഉയരമുണ്ടായിരുന്ന ഒരു മലയുടെ ഭാഗം മംഗലൂരിനെയും ഗോവയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാതയില്‍ അടര്‍ന്നുവീഴുകയും ഷിരൂര്‍ ഭാഗത്ത് കോഴിക്കോട്ടുകാരന്‍ അര്‍ജുന്‍ വിശ്രമിച്ചിരുന്ന ലോറിയെ വലിയ ആഴവും കുത്തൊഴുക്കുമുള്ള ഗംഗാവലിപ്പുഴയിലേക്കു ഒഴുക്കിക്കൊണ്ടുപോവുകയും ചെയ്തു. നാടിനെ നടുക്കിയ സംഭവമായിരുന്നു അത്. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം ഉടന്‍തന്നെ ആരംഭിച്ചെങ്കിലും അതിനു ഫലം കണ്ടെത്താന്‍ 72 ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. സമീപകാലചരിത്രത്തിലെ ഏറ്റവും ദീര്‍ഘവും ചെലവേറിയതും രണ്ടു സംസ്ഥാനങ്ങളുടെ ഏകോപനത്തോടുകൂടിയതുമായ രക്ഷാപ്രവര്‍ത്തനമായിരുന്നു അത്. അവസാനം ലോറിയുടെ ക്യാബിനും അതിനുള്ളില്‍ അര്‍ജുന്റെ ശരീരഭാഗങ്ങളും കണ്ടെത്താന്‍ കഴിഞ്ഞു. അത് ഉണ്ടായ നഷ്ടത്തിനു പരിഹാരമായില്ലെങ്കിലും തെല്ലൊരാശ്വാസമായി. രക്തസാക്ഷിക്കു സമാനമായ വീരോചിതമായ യാത്രയയപ്പാണ് അര്‍ജുന് നാടു നല്‍കിയത്.ഷിരൂര്‍ ദുരന്തം കേരളത്തിന്റെ പൊതുബോധമണ്ഡലത്തിനു വിലപ്പെട്ട പാഠപുസ്തകമായി മാറി.
പാഠം ഒന്ന്: മനുഷ്യജീവന്‍, അത് ആരുടേതുമാകട്ടെ, വിലപ്പെട്ടതാണ്. ഒരു സാധാരണക്കാരന്റെ ജീവനും പ്രധാനമന്ത്രിയുടെ ജീവനും തുല്യമൂല്യമാണ്. പദവിയനുസരിച്ച് ആ ജീവന്റെ സംരക്ഷണത്തിനു സംവിധാനങ്ങളുണ്ടാകുമെന്ന വ്യത്യാസംമാത്രമേയുള്ളൂ. ഒരു ലോറിഡ്രൈവറിനുവേണ്ടി എന്താണിത്രയും അന്വേഷണം എന്ന ചോദ്യമുണ്ടായതുകൊണ്ടാണ് വിശദീകരണം വേണ്ടിവന്നത്.
പാഠം രണ്ട്: തൊഴിലാളിയും തൊഴിലുടമകളും തമ്മിലുള്ള ത്രസിപ്പിക്കുന്ന ആത്മബന്ധത്തിന്റെ കഥയാണിത്. തൊഴിലിടങ്ങളില്‍ ചൂഷണവും പീഡനവും നടക്കുന്ന കാലമാണിത്. ട്രേഡുയൂണിയന്‍പ്രസ്ഥാനങ്ങളുടെ അനാവശ്യസമരങ്ങളും തൊഴില്‍സ്തംഭനവും അരങ്ങേറുന്ന നാടാണു കേരളം. കൊലവിളിമുദ്രാവാക്യങ്ങളുടെയും കൊടിനാട്ടി നാടുമുടിക്കുന്ന ചില സംഘടനകളുടെയും നോക്കുകൂലി എന്ന റൗഡിസത്തിന്റെയും നാടായ കേരളത്തിലാണ് തൊഴിലാളി - മുതലാളി ബന്ധത്തിന്റെ ഈ ഉത്തമമാതൃക. ലോറിയുടമ മനാഫ് ലോറിഡ്രൈവര്‍ അര്‍ജുനെ സ്വന്തം കുടുംബാംഗത്തെപ്പോലെയാണു കണക്കാക്കിയത്. ദുരന്തമുണ്ടായ നാള്‍ മുതല്‍ അര്‍ജുന്റെ ഭൗതികാവശിഷ്ടം വീട്ടിലെത്തിക്കുന്നതുവരെ മനാഫ് എന്ന മഹാമനുഷ്യന്‍ കൂടെ നിന്നു. അര്‍ജുനുവേണ്ടി ഏതറ്റംവരെ പോകാനും അദ്ദേഹം സന്നദ്ധനായി. അദ്ദേഹത്തിന്റെ ത്യാഗത്തെയും നിശ്ചയദാര്‍ഢ്യത്തെയും അഭിനന്ദിച്ചേ മതിയാവൂ. ഒരു ലോറിയുടമ എന്ന നിലയില്‍ മനാഫിന് ഇത്രത്തോളം ത്യാഗം അര്‍ജുനുവേണ്ടി കാണിക്കേണ്ടിയിരുന്നില്ല. നഷ്ടപ്പെട്ട ലോറിക്ക് ഇന്‍ഷുറന്‍സ് ലഭിക്കും. പുതിയ ലോറി വരും. അതിനെക്കാള്‍ വലിയ വിലയാണ് അര്‍ജുനുമായുണ്ടായിരുന്ന സൗഹൃദത്തിന് അദ്ദേഹം നല്കിയത്. നിര്‍ഭാഗ്യവശാല്‍ മനാഫിനെതിരേ അര്‍ജുന്റെ കുടുംബം ഇപ്പോള്‍ രംഗത്തുവന്നിരിക്കുകയാണ്. അര്‍ജുന്റെ മരണത്തെ മനാഫ് വൈകാരികമായി ചൂഷണം ചെയ്യുന്നുവെന്നും പണപ്പിരിവു നടത്തുന്നുവെന്നുമൊക്കെയാണ് അവരുടെ ആരോപണം. അര്‍ജുന്റെ പേരില്‍ അഞ്ചുപൈസപോലും താന്‍ വാങ്ങിയിട്ടില്ലെന്ന് മനാഫ് ആണയിടുന്നു. വൈകാതെ ഇതിനു പിന്നിലെ യാഥാര്‍ഥ്യം പുറത്തുവരുമെന്നു കരുതാം.
ജാതിയുടെയും മതത്തിന്റെയും പേരില്‍ വിവേചനവും വേര്‍തിരിവും തമ്മിലടിയും കത്തിക്കുത്തും നടക്കുന്ന ഇക്കാലത്താണ് മനുഷ്യസ്‌നേഹത്തിന്റെ അത്യുദാത്തമായ ഈ മാതൃക. മനാഫിന് അര്‍ജുനോടുണ്ടായിരുന്ന അതേ മനോഭാവമാണ് അര്‍ജുന് തന്റെ തൊഴിലിനോടും തൊഴിലുടമയോടുമുണ്ടായിരുന്നത്. സത്യസന്ധതയും ആത്മാര്‍ഥതയുമായിരുന്നു അര്‍ജുന്റെ കൈമുതല്‍. അര്‍ജുന്‍ ലോറിയെ സ്വന്തമെന്നതുപോലെ കരുതി പരിപാലിച്ചു. അര്‍ജുന് ലോറി തന്റെ രണ്ടാംവീടായിരുന്നു. അലങ്കാരവസ്തുക്കളും സ്റ്റിക്കറുകളുംകൊണ്ട് ലോറിയെ മനോഹരമായ ഒരു കാഴ്ചവസ്തുവാക്കി. അതിലൊരു സ്റ്റിക്കറിന്റെ തിളക്കമാണ് അവസാനം അര്‍ജുനെ കണ്ടെത്താന്‍ നിമിത്തമായത്.
പാഠം മൂന്ന്: അര്‍ജുന്‍ കുടുംബത്തിനുവേണ്ടി ജീവിച്ച മനുഷ്യനായിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായി സ്വന്തം ജീവിതംപോലും നശിപ്പിക്കുന്ന ഇക്കാലത്ത് കുടുംബത്തിനുവേണ്ടി ബലിയായിത്തീര്‍ന്ന ജീവിതമായിരുന്നു അര്‍ജുന്റേത്. ദീര്‍ഘയാത്ര പോകുമ്പോള്‍ മകന്റെ ഓര്‍മ നിലനിര്‍ത്താന്‍ അവന്റെ കളിക്കോപ്പുപോലും വണ്ടിയുടെ ക്യാബിനില്‍ സൂക്ഷിച്ചിരുന്ന ഒരു കുടുംബനാഥന്‍. നോക്കെത്താദൂരത്തേക്ക് ലോറി ഓടിയകലുമ്പോഴും അര്‍ജുന്റെ മനസ്സില്‍ തന്റെ വീടും വീട്ടുകാരുമുണ്ടായിരുന്നു. അര്‍ജുന്റെ നഷ്ടം താങ്ങാനാവാത്ത വൈകാരികതയുടെ കാരണമതാണ്. ട്രക്കുകളും ലോറികളും ഓടിക്കുന്നവര്‍ മറ്റു ടാക്‌സിഡ്രൈവര്‍മാരെപ്പോലെയല്ലെന്നു പറയാം. എല്ലാവര്‍ക്കും സ്വന്തമായി വാഹനമുണ്ടായിരിക്കേ വളരെ ചുരുക്കം ചില സന്ദര്‍ഭങ്ങളിലേ അവരുടെ സേവനം നമുക്കാവശ്യമായി വരുന്നുള്ളൂ. എന്നാല്‍, ട്രക്കുകാര്‍ അങ്ങനെയല്ല, നാം അറിഞ്ഞാലും ഇല്ലെങ്കിലും അവര്‍ നമ്മളെ സഹായിക്കുന്ന അജ്ഞാതസുഹൃത്തുക്കളാണ്. അതായത്, ഭക്ഷണമുള്‍പ്പെടെ നമ്മള്‍ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും എത്തിച്ചുതരുന്നത് അവരാണ്. ഇന്ധനവും വീട്ടുപകരണങ്ങളും വാഹനങ്ങളും നിര്‍മാണസാമഗ്രികളും നമ്മുടെ പക്കല്‍ കൊണ്ടുവരുന്നത് അവരാണ്. വിമാനങ്ങളും ട്രെയിനുകളും ബസുകളും മനുഷ്യരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്നതുപോലെ അവര്‍ക്കാവശ്യമുള്ളതെല്ലാം കൈയെത്തുംദൂരത്തു നല്‍കുന്നത് ട്രക്ക്‌ഡ്രൈവര്‍മാരത്രേ. അവരെ മറികടന്ന് വാഹനം ഓടിക്കാന്‍ നമുക്കു ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെന്ന കാരണത്താല്‍ അവരുടെ സേവനത്തെ വിലകുറച്ചു കാണാനാവില്ല. ഏകദേശം 5.6 ലക്ഷം ട്രക്കുകളും ലോറികളുമാണ് നിരത്തിലുള്ളത്. ദേശീയ പെര്‍മിറ്റുള്ള 17000 ലധികം ലോറികള്‍ കേരളത്തിലുണ്ട്. സംസ്ഥാനത്തുമാത്രമോടുന്ന 5000 ലധികം ലോറികള്‍ വേറെയും.
പാഠം നാല്: ഷിരൂര്‍ ദുരന്തം മനുഷ്യക്കൂട്ടായ്മയുടെ ഒരാഘോഷമായി മാറി. നേതാക്കന്മാരും ഉദ്യോഗസ്ഥരും വിദഗ്ധരും അല്ലാത്തവരുമായി നൂറുകണക്കിനാളുകള്‍ തെരച്ചിലിന്റെ ഭാഗമായി. കേരളസര്‍ക്കാരും കര്‍ണാടകസര്‍ക്കാരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു. കാര്‍വാര്‍ എം.എല്‍.എ. സതീഷ് കൃഷ്ണസെയിലിന്റെ പേര് എടുത്തുപറയാതിരിക്കാനാവുകയില്ല. മനുഷ്യത്വം പൂര്‍ണമായും നശിച്ചിട്ടില്ല.