•  21 Nov 2024
  •  ദീപം 57
  •  നാളം 37
വചനനാളം

മനുഷ്യപുത്രന്റെ ആഗമനം

സെപ്റ്റംബര്‍ 22
ഏലിയാ-സ്ലീവ-മൂശക്കാലം അഞ്ചാം ഞായര്‍
(സ്ലീവാ രണ്ടാം ഞായര്‍) 
ഉത്പ 9:8-17   ദാനി 7:9-14
1 കോറി 1:18-25  മത്താ 24:29-36

ര്‍ത്താവിന്റെ രണ്ടാമത്തെ ആഗമനത്തെ പ്രതീക്ഷിച്ചിരുന്നവരാണ് ആദിമസഭയിലെ വിശ്വാസികള്‍. അവരുടെ ജീവിതത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയുമെല്ലാം ''ഫോക്കസ്'' യുഗാന്ത്യോന്മുഖമായിരുന്നു (eschatol-ogical). . ''ആകാശത്തില്‍ മനുഷ്യപുത്രന്റെ അടയാളം പ്രത്യക്ഷപ്പെടും, സകല ശക്തിയോടും മഹത്ത്വത്തോടുംകൂടി മിശിഹാ വരും. തിരഞ്ഞെടുക്കപ്പെട്ടവരെ അവിടുന്ന് ഒരുമിച്ചുകൂട്ടും'' - ഈ വലിയ പ്രത്യാശ വച്ചുപുലര്‍ത്തിയിരുന്നവരായിരുന്നു ആദിമസഭാവിശ്വാസികള്‍. ''പറൂസിയ'' (parousia) )യുടെ സമയമോ ദിവസമോ അറിവില്ലാതിരുന്നതിനാല്‍ അവര്‍ സദാ ജാഗരൂകരായി ഒരുങ്ങിയിരുന്നു. ഏലിയ-സ്ലീവാ-മൂശക്കാലം ഈ ഒരു ചിന്തയിലേക്കാണ് ആധുനികസഭാമക്കളെ നയിക്കുന്നത്. ഇന്നത്തെ വചനവായനകളെല്ലാം  'മിശിഹായുടെ വരവിനെ'ക്കുറിച്ചാണു പ്രതീകാത്മകമായി  സൂചിപ്പിക്കുന്നത്.
   ഒന്നാം വായനയില്‍ (ഉത്പ. 9:8-17) പ്രളയത്തിനുശേഷം മനുഷ്യനെ പരിപാലിക്കാന്‍ ആഗ്രഹിക്കുന്ന ദൈവം സ്ഥാപിക്കുന്ന ഉടമ്പടിയുടെ അടയാളമായി ഉയര്‍ത്തുന്ന മഴവില്ലിനെക്കുറിച്ചും; രണ്ടാം വായനയില്‍ (ദാനി. 7:9-14) വാനമേഘങ്ങളില്‍ മഹത്ത്വപൂര്‍ണനായി ആഗതനാകുന്ന മനുഷ്യപുത്രനെക്കുറിച്ചും; മൂന്നാം വായനയില്‍ (1 കോറി. 1:15-25) രക്ഷയുടെ വഴിയിലൂടെ ചരിക്കുന്നവര്‍ക്കു ദൈവശക്തിയായി മാറുന്ന കുരിശിന്റെ സന്ദേശത്തെക്കുറിച്ചും; നാലാം വായനയില്‍ (മത്താ. 24:29-36) വാനവിതാനങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന മനുഷ്യപുത്രന്റെ അടയാളത്തെക്കുറിച്ചും നാം ശ്രവിക്കുന്നു. കര്‍ത്താവിന്റെ 'സ്ലീവാ' രക്ഷയുടെ അടയാളമായി നിലകൊള്ളുന്നുവെന്ന ദര്‍ശനമാണ് ഇവിടെ നിഴലിക്കുന്നത്.
  ഉത്പത്തി 9:8-17: മനുഷ്യന്റെ തിന്മയും കുടിലതയും അവനുതന്നെ ശിക്ഷയ്ക്കു കാരണമായി. ദൈവത്തോട് അവന്‍ മറുതലിച്ചപ്പോള്‍ ജലപ്രളയം അവനു ശിക്ഷയായി ലഭിച്ചു. മനുഷ്യന്‍ തന്നില്‍നിന്ന് അകലുമ്പോഴും അവനെ തന്റെ പക്കലേക്കു തിരികെക്കൊണ്ടുവരാന്‍ ദൈവം ആഗ്രഹിക്കുന്നുണ്ട്. ദൈവത്തിന്റെ കല്പനകള്‍ക്കു ചെവികൊടുത്ത നോഹയെപ്രതി ദൈവം ജനത്തെ ഫലപുഷ്ടി നല്‍കി അനുഗ്രഹിക്കുന്നു. അവനെ പരിപാലിക്കുന്നു. ഒരു ഉടമ്പടി അവനുമായി സ്ഥാപിക്കുന്നു. ഇതാണ് ഒന്നാം വായനയുടെ പശ്ചാത്തലം.
   മനുഷ്യനുമായി ഉടമ്പടിയുണ്ടാക്കുന്ന ഒരു ദൈവത്തെയാണ് പഴയനിയമത്തില്‍ നാം കാണുന്നത്: ''നീയുമായി ഞാനെന്റെ ഉടമ്പടി ഉറപ്പിക്കും'' (ഉത്പ. 6:18). ഹീബ്രുഭാഷയിലെ 'ബെറിത്' (berith)  എന്ന പദത്തിന്റെ അര്‍ഥം 'ഉടമ്പടി'(covenant) എന്നാണ്. ദൈവമായ കര്‍ത്താവ് മനുഷ്യനുമായി അവന്റെ നന്മയ്ക്കുവേണ്ടി നടത്തുന്ന ഒരു വാഗ്ദാനമാണിത്. പ്രളയത്തിന്റെ മുമ്പില്‍ നോഹയ്ക്കു ദൈവം നല്‍കിയ വാഗ്ദാനം അവിടുന്നു പൂര്‍ത്തിയാക്കുകയാണിവിടെ.
ദൈവത്തിന്റെ ഉടമ്പടി നിരുപാധികമാണ്. യാതൊരുവിധ വ്യവസ്ഥകളുമില്ലാതെ (uncon-ditional) യാണ് ദൈവം തന്റെ ജനത്തോടു സംസാരിക്കുന്നത്. മനുഷ്യന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം ആവശ്യപ്പെടാതെതന്നെ അവിടുന്ന് അവന്റെ രക്ഷയ്ക്കുവരും എന്ന ദര്‍ശനമാണിത്. മുന്‍ ഉടമ്പടികളില്‍ ദൈവം മനുഷ്യനു നിബന്ധനകള്‍ നല്‍കുകയും അനുസരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, മനുഷ്യന്‍ അവ ലംഘിച്ചു. മനുഷ്യനെ പരിപാലിക്കാനാഗ്രഹിക്കുന്ന ദൈവം നിരുപാധികമായി ജനത്തോട് ഇടപെടുകയാണ്.
ഇനിയൊരു വെള്ളപ്പൊക്കംകൊണ്ടു നാശം വരുത്തില്ലായെന്നു പറയുന്ന കര്‍ത്താവ് അസ്തിത്വഭീതിയില്‍ കഴിയുന്ന ജനത്തിനു ധൈര്യവും പ്രത്യാശയും പകരുന്നുണ്ട് (9:11). എല്ലാ തലമുറകള്‍ക്കുംവേണ്ടി ദൈവം ഇടപെടുകയാണ്. ഗ്രീക്കുബൈബിളിലെ 'ഗെനെയാസ് ഐയോണിയൂസ് (geneas aionious)   എന്ന പ്രയോഗത്തിന്റെ അര്‍ഥം "perpetual generation’  എന്നാണ്. എല്ലാക്കാലവും ദൈവം മനുഷ്യരക്ഷയ്ക്കുവേണ്ടി നിലകൊള്ളുമെന്ന സൂചനയാണിത്. ദൈവം കൈവിടില്ല തന്റെ സൃഷ്ടിയെ. ഈ ഉടമ്പടിയുടെ അടയാളമാണ് മേഘങ്ങളില്‍ തെളിയുന്ന മഴവില്ല്. ഇത് ഈശോമിശിഹായിലേക്കുള്ള സൂചനയാണ്.
  ദാനിയേല്‍ 7:9-14: ദാനിയേലിന്റെ പുസ്തകത്തിന്റെ ആദ്യആറ് അധ്യായങ്ങളില്‍ കഥകളിലൂടെയും സംഭവവിവരണങ്ങളിലൂടെയും ദാനിയേലിന്റെ മാഹാത്മ്യത്തെക്കുറിച്ചാണു വര്‍ണിച്ചത്. ഏഴാം അധ്യായത്തില്‍ ദര്‍ശനങ്ങള്‍ സ്വീകരിക്കുന്ന ദൈവപുരുഷനായി ദാനിയേല്‍ മാറുകയാണ്. ദാനിയേലിന്റെ ജീവിതത്തില്‍ അവനു വ്യക്തിപരമായി അനുഭവപ്പെട്ട ദൈവികവെളിപാടുകളാണ് ഈ ഭാഗത്തു വിവരിക്കുന്നത്. ഏഴാം അധ്യായത്തില്‍ പ്രധാനമായും ഒരു സ്വപ്നദര്‍ശനവിവരണമാണ്.
   ദാനിയേല്‍ 7:1-8 ല്‍ ദാനിയേല്‍ സ്വപ്നത്തില്‍ കണ്ട കടലില്‍നിന്നു കയറിവന്ന നാലു മൃഗങ്ങളെക്കുറിച്ചാണു പരാമര്‍ശിക്കുന്നത്. നാലു രാജാക്കന്മാരെയോ നാലു മൃഗങ്ങളെയോ ആണിതു സൂചിപ്പിക്കുന്നത്. ദാനിയേല്‍ 7:9-14 ല്‍ മനുഷ്യപുത്രനെക്കുറിച്ചുള്ള സ്വര്‍ഗീയദര്‍ശനത്തിന്റെ വിവരണമാണ്. അതിഭീകരമായ മൃഗങ്ങളുടെ ദര്‍ശനത്തിനുശേഷം ശാന്തഭാവത്തിലുള്ള സ്വര്‍ഗീയദര്‍ശനം  സംജാതമാകുന്നു. ഇസ്രയേല്‍ജനത്തിന്റെ ചരിത്രത്തിലെ ഭീതിജനകമായ ദുരന്തങ്ങളുടെ പ്രതീകാത്മകസൂചനയാണ് ക്രൂരമൃഗങ്ങളുടെ ദര്‍ശനത്തില്‍ വ്യക്തമാകുന്നത്. എന്നാല്‍, മഹത്ത്വപൂര്‍ണനായി വരുന്ന മനുഷ്യപുത്രനെക്കുറിച്ചുള്ള ദര്‍ശനം ജനത്തിന്റെ ജീവിതത്തില്‍ കടന്നുവരുന്ന 'രക്ഷ'യുടെയും 'ആനന്ദ'ത്തിന്റെയും അടയാളമാണ്.
'പുരാതനനായവന്‍' ((the Ancient of Days)  എന്ന് ഇവിടെ പരാമര്‍ശിക്കുന്നത് സര്‍വശക്തനായ ദൈവത്തെയാണ് (7:9). തിന്മയെ പരാജയപ്പെടുത്തുന്ന, ശത്രുക്കളെ തൂത്തെറിയുന്ന സര്‍വശക്തനാണ് ദൈവമെന്ന ദര്‍ശനമാണിത്. പുരാതനനായവന്റെ വസ്ത്രങ്ങള്‍ മഞ്ഞുപോലെ ധവളമാണ്. തീജ്വാലകളാണ് അവന്റെ സിംഹാസനം. ന്യായാധിപപീഠത്തില്‍ അവന്‍ ഉപവിഷ്ടനായി. ദൈവത്തിന്റെ മഹത്ത്വത്തെയാണ് ഈ ദര്‍ശനങ്ങളെല്ലാം കുറിക്കുന്നത്.
ദാനിയേല്‍ 7:13,14 വാക്യങ്ങളില്‍ പുരാതനനായവന്റെ മുമ്പിലേക്കു വാനമേഘങ്ങളില്‍ ആഗതനാകുന്ന മനുഷ്യപുത്രനെക്കുറിച്ചാണു പരാമര്‍ശം. ആധിപത്യവും മഹത്ത്വവും രാജത്വവും നിറഞ്ഞവനാണ് മനുഷ്യപുത്രന്‍. ഇതു വരാനിരിക്കുന്ന മിശിഹായെക്കുറിച്ചുള്ള സൂചനയാണ്.
1 കോറിന്തോസ് 1:18-25: തത്ത്വശാസ്ത്രത്തിന്റെയും ദാര്‍ശനികതയുടെയും കേന്ദ്രമായിരുന്ന കോറിന്തോസില്‍ മാനുഷികവിജ്ഞാനത്തിനും യവനതത്ത്വദര്‍ശനങ്ങള്‍ക്കും പ്രബോധനങ്ങള്‍ക്കും ധാരാളംപേര്‍ അമിതപ്രാധാന്യം നല്‍കിയിരുന്നു. സഭയിലേക്കു വന്നവരില്‍ ചിലര്‍ അത്തരത്തിലുള്ള സ്വാധീനങ്ങളില്‍പ്പെട്ട് ഈശോമിശിഹായുടെ കുരിശിന്റെ പ്രാധാന്യത്തെ തമസ്‌കരിച്ചു. കുരിശിന്റെ വചനം ഭോഷത്തമായി ചിലര്‍ക്ക് അനുഭവപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് 'കുരിശിന്റെ വചനം' രക്ഷയുടെ മാര്‍ഗമാണെന്നു പൗലോസ് പഠിപ്പിക്കുന്നത്.
   പൗലോസിന്റെ ഭാഷ്യത്തില്‍ രണ്ടു തരത്തിലുള്ള മനുഷ്യരാണുള്ളത്: നാശത്തിന്റെ വഴിയിലൂടെ നടക്കുന്നവരും രക്ഷയുടെ വഴിയിലൂടെ സഞ്ചരിക്കുന്നവരും. നാശത്തിന്റെ വഴിയിലൂടെ ചരിക്കുന്നവര്‍((those who are perishing) ക്ക് കുരിശ് 'വിഡ്ഢിത്ത'മാണ്. 'മോറിയ' (moria) എന്ന ഗ്രീക്കുപദത്തിന്റെ അര്‍ഥം "nonsense' എന്നാണ്. കുരിശിന്റെ വചനത്തിന്റെ യഥാര്‍ഥ അര്‍ഥം ഗ്രഹിക്കാത്തവരാണിവര്‍. അക്കാരണത്താല്‍ അവര്‍ സ്വയം ദൈവികമായ രക്ഷ നഷ്ടപ്പെടുത്തുന്നവരാണ്. രക്ഷയുടെ വഴിയിലൂടെ നടക്കുന്നവര്‍ക്ക് കുരിശ് എന്നത് ദൈവത്തിന്റെ ശക്തിയാണ് (power of God). കുരിശാണ് രക്ഷ, കുരിശിലാണ് രക്ഷ, കുരിശിന്റെ വചനമാണ് രക്ഷ. എന്നാല്‍, ലോകദൃഷ്ടിയില്‍ ഇതു ഭോഷത്തമാണ്.
    ദൈവത്തിന്റെ ഭോഷത്തം (the foolishness of God)  എന്ന പരാമര്‍ശം ഗ്രീക്കുകാര്‍ക്കും യഹൂദര്‍ക്കും ഭോഷത്തമായ കുരിശിനെയാണ് അര്‍ഥമാക്കുന്നത്. കുരിശിലെ ദൈവം അവരുടെ കാഴ്ചപ്പാടില്‍ ബലഹീനതയുടെ അടയാളമാണ്. കുരിശിലെ മരണം ദൈവത്തിന്റെ ചെറുതാകലും നിസ്സാരതയുമാണ്. ഭൗമികതത്ത്വജ്ഞാനത്തിന്റെ കാഴ്ചപ്പാടില്‍ സഞ്ചരിക്കുന്നവര്‍ക്ക് അക്കാരണത്താല്‍ത്തന്നെ കുരിശിന്റെ വചനം ഭോഷത്തമാണ്. മരണത്തെ പരാജയപ്പെടുത്തിയ ഈശോമിശിഹായുടെ കുരിശ് വിജയത്തിന്റെ പ്രതീകമാണ്, രക്ഷയുടെ അടയാളമാണ്. സ്ലീവാ മഹത്ത്വത്തിന്റെ പ്രതിബിംബമാണ്.
മത്തായി 24:29-36: വി. മത്തായി സുവിശേഷത്തിന്റെ 23,24 അധ്യായങ്ങളില്‍ ഈശോയുടെ യുഗാന്ത്യോന്മുഖമായ പ്രഭാഷണങ്ങളാണു പങ്കുവയ്ക്കുന്നത്. ലോകത്തിന്റെ കാഴ്ചപ്പാടില്‍ പരാജയമായിത്തീരുന്ന ഈശോയുടെ കുരിശിന്റെ ജീവിതം യുഗാന്ത്യോന്മുഖകാഴ്ചപ്പാടില്‍ പൂര്‍ണവിജയം വരിക്കുമെന്ന ദര്‍ശനമാണ് ഇവിടെ വിവരിക്കുന്നത്.
    മനുഷ്യപുത്രന്‍ മേഘങ്ങളില്‍ എഴുന്നള്ളിവരുമെന്ന ദാനിയേല്‍പ്രവാചകന്റെ ദര്‍ശനത്തെ (ദാനി. 7:13-14) ആസ്പദമാക്കി, മിശിഹായുടെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ച് ഈ വചനഭാഗം പ്രതിപാദിക്കുന്നു. പ്രപഞ്ചത്തിലുണ്ടാകുന്ന മാറ്റങ്ങളെ അവതരിപ്പിച്ചതിനുശേഷമാണ് മനുഷ്യപുത്രന്റെ വരവിനെക്കുറിച്ചു പറയുന്നത്: സൂര്യന്‍ ഇരുണ്ടുപോകും, ചന്ദ്രന്‍ പ്രകാശം തരുകയില്ല; നക്ഷത്രങ്ങള്‍ നിപതിക്കും; ആകാശശക്തികള്‍ ഇളകും. സര്‍വശക്തനായ മിശിഹായുടെ മഹത്ത്വത്തിനുമുമ്പില്‍ പ്രപഞ്ചശക്തികള്‍ അശക്തങ്ങളാകുന്നുവെന്നും, മിശിഹാ സര്‍വത്തിന്മേലും ആധിപത്യവും അധികാരവും ശക്തിയുമുള്ളവനാണെന്നും ഈ 'കോസ്മിക് അടയാളങ്ങള്‍' സൂചിപ്പിക്കുന്നു.
  'മനുഷ്യപുത്രന്റെ അടയാളം' (the sign of the Son of Man) എന്നത് മിശിഹായുടെ രണ്ടാമത്തെ ആഗമനമാണ് - പറൂസിയ (parousia). ശക്തിയോടും മഹത്ത്വത്തോടുംകൂടിയുള്ള ഒരു ആഗമനമാണത്. 'അടയാളം' എന്നര്‍ഥം വരുന്ന ഗ്രീക്കുഭാഷയിലെ 'സെമയോന്‍' (semeion) മിശിഹായുടെ വരവിന്റെ പ്രതീകങ്ങളായ കാഹളധ്വനിയും ദൈവദൂതന്മാരുടെ വരവുമെല്ലാം അര്‍ഥമാക്കുന്നു.
   അത്തിമരത്തിന്റെ ഉപമ യുഗാന്ത്യത്തിന്റെ സൂചനയാണ്. വേനല്‍ക്കാലം അടുത്തുവെന്നു ജനം മനസ്സിലാക്കുന്നത് അത്തിമരം ധാരാളം ഇലകള്‍ തളിര്‍ക്കുന്നതു കാണുമ്പോഴാണ്. പ്രപഞ്ചത്തിലെ അസാധാരണമായ ചില 'അടയാളങ്ങള്‍' മനുഷ്യപുത്രന്റെ വരവ് - പറൂസിയ - ഉടനുണ്ടാകുമെന്നു സൂചിപ്പിക്കുന്നു. രണ്ടാംവരവിന്റെ സമയം മനുഷ്യര്‍ക്ക് ആര്‍ക്കും അറിവില്ലാത്തതിനാല്‍ ഏവരും ജാഗരൂകതയോടെ വ്യാപരിക്കേണ്ടതുണ്ട്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)