•  5 Sep 2024
  •  ദീപം 57
  •  നാളം 26
വചനനാളം

ഏലിയായും മോശയും മോശയെപ്പോലൊരു പ്രവാചകനും

സെപ്റ്റംബര്‍ 1 ഏലിയാ-സ്ലീവ-മൂശക്കാലം രണ്ടാം ഞായര്‍ (ഏലിയാ രണ്ടാം ഞായര്‍) 
നിയ 18:14-22  പ്രഭാ 48:1-11
ഹെബ്രാ 11:23-29  മത്താ 17:9-13

യുഗാന്ത്യോന്മുഖമായ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആരാധനക്രമകാലഘട്ടമാണ് ഏലിയാ-സ്ലീവാ-മൂശെക്കാലങ്ങള്‍. മിശിഹായുടെ രണ്ടാമത്തെ വരവിനുമുമ്പ് ഏലിയാപ്രവാചകന്‍ വരുമെന്നുള്ള ആദിമസഭയുടെ വിശ്വാസവും മിശിഹായുടെ രൂപാന്തരീകരണവേളയില്‍ ഏലിയായും മോശയും കര്‍ത്താവിനോടൊപ്പമുണ്ടായിരുന്നുവെന്നതുമെല്ലാം ഈ കാലത്തിന്റെ ധ്യാനവിഷയങ്ങളാണ്. ഈ ആരാധനക്രമകാലഘട്ടത്തിന്റെ രണ്ടാം ഞായറില്‍ ഈ കാലത്തെ പ്രധാന വ്യക്തികളായ ഏലിയായെക്കുറിച്ചും മോശയെക്കുറിച്ചുമാണ് പരാമര്‍ശിക്കുന്നത്.
ഒന്നാമത്തെ വായനയില്‍ (നിയമ. 18:14-22), മോശയെപ്പോലെ ഒരു പ്രവാചകനെ ഇസ്രയേല്‍ക്കാര്‍ക്കു നല്‍കുമെന്ന വാഗ്ദാനത്തെക്കുറിച്ചും; രണ്ടാം വായനയില്‍ (പ്രഭാ. 48:1-11), ഏലിയാപ്രവാചകന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ഗാനത്തെക്കുറിച്ചും; മൂന്നാം വായനയില്‍ (ഹെബ്രാ. 11:23-29), മോശയുടെ ജീവിതത്തിലെ വിശ്വാസരംഗങ്ങളെക്കുറിച്ചും; നാലാം വായനയില്‍ (മത്താ. 17:9-13), ഏലിയായുടെ വരവിനെക്കുറിച്ചുള്ള നിയമജ്ഞരുടെ ചോദ്യത്തെക്കുറിച്ചും ഈശോയുടെ ഉത്തരത്തെക്കുറിച്ചും നാം ധ്യാനിക്കുന്നു. മോശ, ഏലിയാ, ഈശോ - ഇവരാണ് ഈ ആഴ്ചയിലെ എല്ലാ വായനകളിലുമുള്ള പ്രധാനപ്പെട്ട വ്യക്തികള്‍.
നിയമാവര്‍ത്തനം 18:14-22: ഇസ്രയേല്‍ജനത്തിനു ദൈവം നല്‍കിയ നിയമങ്ങള്‍ ആവര്‍ത്തിച്ചുപറയുന്ന ഗ്രന്ഥമാണ് നിയമാവര്‍ത്തനം(Deuteronomion).  കര്‍ത്താവിന്റെ കല്പനകള്‍ പകര്‍ത്തിയെഴുതുകവഴി ലഭിച്ച രണ്ടാം നിയമമാണിത്. ഇന്നത്തെ വായനയില്‍ ഇസ്രയേലിലെ നേതാക്കന്മാരെ സംബന്ധിച്ച നിയമങ്ങളോടു ചേര്‍ത്ത് പ്രവാചകന്മാരെക്കുറിച്ച് അവതരിപ്പിക്കുന്നതാണ് നാം ശ്രവിക്കുന്നത്: 1. ഇസ്രയേലിലെ പ്രവാചകത്വം (18:14-18); 2. പ്രവാചകനെ അനുസരിക്കാത്തവരോടുള്ള നിലപാട്, ശിക്ഷ (18:19-22).
   വിജാതീയജനതകള്‍ പിന്തുടരുന്ന, അവര്‍ ശ്രവിച്ചിരുന്ന ജ്യോത്സ്യരെയും പ്രാശ്‌നികരെയും ഇസ്രയേല്‍മക്കള്‍ പിന്തുടരാന്‍ പാടില്ല. ദൈവം അതിനുള്ള അനുവാദം ആര്‍ക്കും നല്‍കിയിട്ടില്ലാത്തതാകുന്നു. ഇസ്രയേല്‍ജനം ശ്രവിക്കേണ്ടത് ദൈവമായ കര്‍ത്താവ് അയയ്ക്കുന്ന പ്രവാചകനെയാണ്. ഹീബ്രുഭാഷയിലെ ''നബി'' (nabi) എന്ന പദത്തിന്റെ അര്‍ഥം 'പ്രവാചകന്‍' (prophet) എന്നാണ്. കര്‍ത്താവിന്റെ ഹിതം അറിയിക്കുന്നവനാണ് 'നബി.' പ്രവാചകനെ കേള്‍ക്കുന്നവന്‍ കര്‍ത്താവിനെ കേള്‍ക്കുന്നു.
   മോശയെപ്പോലെ ഒരു പ്രവാചകനെ ദൈവം അയയ്ക്കുമെന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത് (18:15). എന്താണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്? മോശയുടെ ദൗത്യമെന്നത് ദൈവത്തില്‍നിന്നു ലഭിച്ച സന്ദേശം ജനങ്ങള്‍ക്കു കൈമാറുക എന്നതായിരുന്നു. അതുപോലെതന്നെ, മോശയ്ക്കുശേഷം ഇസ്രയേല്‍ജനത്തിന് ദൈവത്തിന്റെ സന്ദേശം കൈമാറാന്‍ 'നബി'മാര്‍ ഉണ്ടായിരിക്കുമെന്നാണു സൂചന. ഇസ്രയേലിന്റെ ചരിത്രത്തില്‍ കടന്നുവരുന്ന പ്രവാചന്മാര്‍ ഈ വചനത്തെ സാധൂകരിക്കുന്നുണ്ട്.
    ആരാണ് യഥാര്‍ഥ 'നബി'? 1.ജനത്തിനിടയില്‍നിന്നു കര്‍ത്താവ് തിരഞ്ഞെടുത്ത് അയയ്ക്കുന്നവന്‍; 2. ദൈവമായ കര്‍ത്താവ് തന്റെ വചനങ്ങള്‍ ആരുടെ നാവില്‍ വച്ചുകൊടുക്കുന്നവനോ അവന്‍; 3. കര്‍ത്താവിന്റെ നിര്‍ദേശങ്ങളും പ്രമാണങ്ങളും സന്ദേശങ്ങളുമെല്ലാം ജനത്തിനു കൃത്യമായി കൈമാറുന്നവന്‍.
കര്‍ത്താവിന്റെ നാമത്തില്‍ സംസാരിക്കുന്ന 'നബി'യുടെ വാക്കുകള്‍ ശ്രവിക്കാത്തവര്‍ കര്‍ത്താവായ  ദൈവത്തിന്റെ വചനത്തെ ധിക്കരിക്കുകയാണ്. അവനു തക്കതായ ശിക്ഷ ലഭിക്കും. ഹീബ്രുഭാഷയിലെ 'ദറഷ്' (darsh) എന്ന വാക്കിന് 'examine',‘inquire’, ‘question’' എന്നൊക്കെയര്‍ഥമുണ്ട്. ദൈവം അവനോടു കണക്കു ചോദിക്കും. തന്റെ ജീവിതത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തില്‍ ഒരുവന്‍ തന്റെ രക്ഷയും ശിക്ഷയും യഥാനുസൃതം നേടുന്നു. വചനം ലംഘിച്ചാല്‍ 'ശിക്ഷ'; അതു പാലിച്ചാല്‍ 'രക്ഷ.'
  പ്രഭാഷകന്‍ 48:1-1: 'ഏലിയ' എന്ന വാക്കിന്റെ അര്‍ഥം 'എന്റെ ദൈവം യാഹ്‌വെ' Yahweh is my God)  എന്നാണ്. ദൈവത്തോടുള്ള വിശ്വസ്തതയില്‍ ചരിച്ച ഏലിയാ തന്റെ പേരിന്റെ മഹിമയ്ക്കു ചേര്‍ന്നവിധം ജീവിച്ചയാളാണ്. ആ പ്രവാചകനെക്കുറിച്ചുള്ള വര്‍ണനയാണ് ഈ ഗാനത്തിലൂടെ വ്യക്തമാക്കുന്നത്. വിശുദ്ധഗ്രന്ഥപുസ്തകങ്ങളിലെ ഏലിയായെക്കുറിച്ചു പരാമര്‍ശിക്കുന്ന എല്ലാ ഭാഗങ്ങളെയും കോര്‍ത്തിണക്കിക്കൊണ്ടുള്ള മനോഹരമായ ഒരു കീര്‍ത്തനംതന്നെയാണിത്.
   ഇസ്രയേലിന്റെ തിന്മനിറഞ്ഞ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ (പ്രഭാ. 47:25) പ്രവാചകനായ ഏലിയ ഒരു അഗ്നിപോലെ പ്രത്യക്ഷപ്പെടുകയും പന്തംപോലെ ജ്വലിക്കുന്ന വാക്കുകള്‍കൊണ്ട് അവരെ ശാസിക്കുകയും ചെയ്തു. ഏലിയാ ഒരു 'തീ' (fire) ആയിരുന്നു. ഗ്രീക്കുഭാഷയിലെ 'പുറോസ്' puros) എന്ന പദത്തിന്റെ അര്‍ഥം 'അഗ്നി' എന്നാണ്. അത് ദൈവസാന്നിധ്യത്തിന്റെ അടയാളമാണ്. പ്രവാചകനായ ഏലിയാ ദൈവത്തിന്റെ വക്താവാണ്; അവിടുത്തേക്കുവേണ്ടി ജ്വലിക്കുന്നവനാണ്.
   ഏലിയാ തീക്ഷ്ണത നിറഞ്ഞ 'നബി' ആണ് (1 രാജാ. 19:10). ഗ്രീക്കുഭാഷയിലെ 'സേലോസ്'(zelos)  എന്ന വാക്കിന്റെ അര്‍ഥം zeal' എന്നാണ്. ആത്മാവിന്റെ ജ്വലനമാണിത്. ദൈവത്തിനുവേണ്ടിയുള്ള ഒരാളുടെ ഉത്സാഹവും അഭിനിവേശവും ആനന്ദവുമാണിത്.
പ്രവാചകനായ ഏലിയാ സ്വര്‍ഗത്തില്‍നിന്നു മൂന്നു പ്രാവശ്യം അഗ്നി ഇറക്കുകയും (1 രാജാ. 18:38; 2 രാജാ. 17:10,12); സറെപ്തായിലെ വിധവയുടെ മകനെ പുനര്‍ജീവിപ്പിക്കുകയും (1 രാജാ. 17:17-22); രാജാക്കന്മാരെ ഏലീഷാവഴി അഭിഷേകം ചെയ്യുകയും (2 രാജാ.8:7-15; 9:1-13) ചെയ്തു. ഏലിയായെ കണ്ടവരും അവന്റെ സ്‌നേഹത്തിനു പാത്രമായവരും അനുഗൃഹീതരെന്നാണ് പ്രഭാഷകന്‍ കുറിക്കുന്നത്. 'മക്കാരിയോസ്' makarios) എന്ന ഗ്രീക്കുപദത്തിന്റെ അര്‍ഥം, 'blessed' , 'happy' എന്നൊക്കെയാണ്. ഏലിയായുടെ സാന്നിധ്യം അനുഗ്രഹത്തിന്റെയും അഭിഷേകത്തിന്റെയും സാന്നിധ്യമാണ്.
ഹെബ്രായര്‍ 11:23-29: വിശ്വാസത്തെക്കുറിച്ചും വിശ്വാസജീവിതം നയിച്ചവരെക്കുറിച്ചും ഏറെ മനോഹരവും അര്‍ഥപൂര്‍ണവുമായി അവതരിപ്പിച്ചിരിക്കുന്ന ഗ്രന്ഥമാണ് ഹെബ്രായലേഖനം. 'വിശ്വാസംമൂലം' ജീവിതം നയിച്ച അബ്രാഹത്തെക്കുറിച്ചും, സാറ, ഇസഹാക്ക്, യാക്കോബ്, ജോസഫ്, മോശ എന്നിവരെക്കുറിച്ചും ഇവിടെ പരാമര്‍ശിക്കുന്നുണ്ട്. ഇന്നത്തെ വചനവായന മോശയെക്കുറിച്ചും മോശയുടെ മാതാപിതാക്കളെക്കുറിച്ചുമാണ് പ്രധാനമായും സംസാരിക്കുന്നത്.
വിശ്വാസികളുടെ പിതാവായ അബ്രാഹത്തിന്റെ വിശ്വാസജീവിതത്തിലെ രംഗങ്ങള്‍ക്കു സമാന്തരമായി മോശയുടെ ജീവിതവഴികളും ഹെബ്രായലേഖനഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നു. നാലു തലങ്ങളിലാണ് മോശയുടെ വിശ്വാസജീവിതത്തെ ഇവിടെ ആവിഷ്‌കരിക്കുന്നത്.
   1.  മോശയുടെ മാതാപിതാക്കന്മാര്‍ ദൈവഭയമുള്ളവരും ദൈവത്തില്‍ വിശ്വസിച്ചവരുമായിരുന്നു. അക്കാരണത്താലാണ് രാജകല്പനയെ അവഗണിച്ചുകൊണ്ടുതന്നെ സുന്ദരനായ തങ്ങളുടെ കുഞ്ഞിനെ (മോശയെ) മൂന്നു മാസക്കാലത്തോളം ഒളിപ്പിച്ചുവച്ചു സംരക്ഷിച്ചത് (11:23). മോശ ദൈവത്തിനു പ്രിയങ്കരനാണെന്ന വിശ്വാസബോധ്യമാണ് (അപ്പ. പ്രവ. 5:29) അവന്റെ മാതാപിതാക്കളെ ഇപ്രകാരം ചെയ്യാന്‍ പ്രേരിപ്പിച്ചത്.
2. മാതാപിതാക്കളെപ്പോലെതന്നെ വിശ്വാസമുള്ള മകന്‍ (മോശ) ധീരമായ നിലപാടുകളെടുക്കുന്നുണ്ട്. തന്റെ യഥാര്‍ഥനിയോഗമെന്തെന്നു തിരിച്ചറിയുന്ന മോശ 'ഫറവോയുടെ പുത്രിയുടെ മകന്‍' എന്ന സ്ഥാനത്തേക്കാള്‍ ദൈവജനത്തിന്റെ കഷ്ടപ്പാടുകളില്‍ പങ്കുചേരാന്‍ ആഗ്രഹിച്ചത് ദൈവത്തിലുള്ള 'വിശ്വാസംമൂലമാണ്' (11:24).
3. ഈജിപ്തില്‍നിന്നു മോശ യാത്രയാകുന്നത് അവന്റെ 'വിശ്വാസംമൂലമാണ്' (11:27). ഈജിപ്തിലെ നിധിയെക്കാള്‍ തനിക്കു പ്രിയങ്കരം ദൈവമാണെന്ന തിരിച്ചറിവില്‍നിന്നാണ് മോശ പ്രവര്‍ത്തിക്കുന്നത്. നൈമിഷികമായ ഭയത്തെ ആഴമായ വിശ്വാസംകൊണ്ടാണ് മോശ തരണം ചെയ്തത്.
4. മോശ പെസഹാ ആചരിച്ചതും രക്തം തളിച്ചതുമെല്ലാം അവന്റെ വിശ്വാസത്തിന്റെ അടയാളങ്ങളാണ് (11:28).
മത്തായി 17:9-13: ഈശോയുടെ രൂപാന്തരീകരണത്തിനുശേഷം അവിടുന്ന് മലയില്‍നിന്നിറങ്ങിവരുമ്പോള്‍ സംഭവിച്ച കാര്യങ്ങളൊന്നും 'മനുഷ്യപുത്രന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെടുന്നതുവരെ' വെളിപ്പെടുത്തരുതെന്ന് ശിഷ്യന്മാരോടു കല്പിച്ചു. ശിഷ്യന്മാരുടെ മനസ്സില്‍ പല കാര്യങ്ങളെയുംകുറിച്ച് സംശയമുണ്ടായിരുന്നു. അക്കാരണത്താല്‍ അവര്‍ ഈശോയോടു ചോദിച്ചു: ''ആദ്യം ഏലിയാ വരണമെന്ന് നിയമജ്ഞര്‍ പറയുന്നതെന്തുകൊണ്ട്?'' യഹൂദരുടെ ഈ പ്രതീക്ഷ ശിഷ്യന്മാര്‍ക്ക് ഒരു ചോദ്യചിഹ്നമായിരുന്നു. ഈ സാഹചര്യത്തില്‍ സ്‌നാപകയോഹന്നാനോടു ബന്ധപ്പെടുത്തിക്കൊണ്ട് ഏലിയായെക്കുറിച്ച് ഈശോ സംസാരിക്കുന്നതാണ് സുവിശേഷത്തിന്റെ പ്രമേയം.
    പഴയനിയമപ്രവചനപൂര്‍ത്തീകരണമായി വന്നത് സ്‌നാപകയോഹന്നാനാണ്. കര്‍ത്താവായ മിശിഹായുടെ വരവിനു മുമ്പ് അവിടുത്തേക്കു വഴിയൊരുക്കാന്‍ വന്നവനായിരുന്നു സ്‌നാപകയോഹന്നാന്‍. എന്നാല്‍, ആ 'നബി'യെ മനസ്സിലാക്കാതെ അദ്ദേഹത്തെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തു. സ്‌നാപകയോഹന്നാന്റെ രക്തസാക്ഷിത്വത്തെയാണ് ഈശോ ഇവിടെ പരാമര്‍ശിക്കുന്നത്.
പ്രവാചകനായ സ്‌നാപകയോഹന്നാന്‍ വന്നുവെങ്കിലും ജനം തിരിച്ചറിഞ്ഞില്ല: '(they did not recognize)  എന്ന പ്രയോഗം അവരുടെ പരാജയത്തെയാണു കുറിക്കുന്നത്. ഈശോ കാര്യങ്ങള്‍ വ്യക്തമാക്കിക്കൊടുത്തപ്പോള്‍ ശിഷ്യന്മാര്‍ക്കു മനസ്സിലായി: 'സുനെകാന്‍' (വേല്യ (they understood)എന്ന പ്രയോഗം ഈശോയുടെ വ്യാഖ്യാനം ശിഷ്യന്മാര്‍ക്ക് അറിവു നല്‍കി. ഈശോയോടുള്ള ചേര്‍ന്നിരിപ്പിലാണ് കാര്യങ്ങള്‍ ശരിയായി ഗ്രഹിക്കാന്‍ സാധിക്കുന്നത്. അവിടെയാണ് യഥാര്‍ഥ വിജയം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)