•  5 Dec 2024
  •  ദീപം 57
  •  നാളം 39
വചനനാളം

ഈശോയുടെ രൂപാന്തരീകരണം

ഓഗസ്റ്റ്  25
ഏലിയാ-സ്ലീവ-മൂശക്കാലം ഒന്നാം ഞായര്‍
(ഏലിയാ ഒന്നാം ഞായര്‍)
പുറ 34:28-35  2 ദിന 5:11-14
1 കോറി 15:35-50  മര്‍ക്കോ 9:2-13

നാശത്തിലൂടെ ചരിക്കുന്നവര്‍ക്ക് കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്തിയത്രേ (1 കോറി. 1:18). ആരാധനക്രമത്തിലെ ഏലിയാ-സ്ലീവാ-മൂശക്കാലത്തെ പ്രധാന ചിന്താവിഷയം കുരിശിന്റെ വിജയവും, അതിന്റെ ശക്തിയും തേജസ്സും കര്‍ത്താവിന്റെ രണ്ടാമത്തെ ആഗമനവുമാണ്. മിശിഹായുടെ ദ്വിതീയാഗമനത്തിനുമുമ്പ് ആകാശത്തില്‍ മനുഷ്യപുത്രന്റെ അടയാളമായ സ്ലീവാ പ്രത്യക്ഷപ്പെടുമെന്ന വിശ്വാസം ആദിമസഭയില്‍ നിലനിന്നിരുന്നു. ഈ ആരാധനക്രമകാലത്ത് മഹത്ത്വപൂര്‍ണനായ മിശിഹായാണ് പൊതുധ്യാനവിഷയം. ഒന്നാം ഞായറിലെ വായനകളുടെയെല്ലാം പ്രധാന പ്രമേയം 'ദൈവികതേജസ്സ്' ആണ്. മഹത്ത്വീകൃതനായ ഈശോയിലേക്കാണു വായനകളുടെ ഫോക്കസ്.
ഒന്നാമത്തെ വായനയില്‍ (പുറ. 34:28-35) ദൈവികദര്‍ശനം ലഭിച്ച മോശയ്ക്കുണ്ടായ രൂപാന്തരീകരണത്തെക്കുറിച്ചും; രണ്ടാം വായനയില്‍ (2 ദിന. 5:11-14) കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകം ദൈവാലയത്തില്‍ കൊണ്ടുവന്നപ്പോള്‍ അവിടെ കര്‍ത്താവിന്റെ തേജസ്സു നിറഞ്ഞതിനെക്കുറിച്ചും; മൂന്നാം വായനയില്‍   (1 കോറി. 15:35-50) ഉത്ഥാനത്തെക്കുറിച്ചുള്ള പ്രതിപാദനത്തില്‍ വിവിധതരം ശരീരങ്ങളുടെ  തേജസ്സിനെക്കുറിച്ചുള്ള പൗലോസ് ശ്ലീഹായുടെ പ്രതിപാദനത്തെക്കുറിച്ചും; നാലാം വായനയില്‍ (മര്‍ക്കോ. 9:2-13) താബോര്‍മലയില്‍ വച്ചു രൂപാന്തരപ്പെടുന്ന ഈശോയുടെ തേജസ്സിനെക്കുറിച്ചും നാം ശ്രവിക്കുന്നു.
പുറപ്പാട് 34:28-35: ഇസ്രയേല്‍ജനം തങ്ങളുടെ വിഗ്രഹാരാധനയിലൂടെ ദൈവമായ കര്‍ത്താവുമായുള്ള ഉടമ്പടി ലംഘിച്ചു. എന്നാല്‍, ഉടമ്പടി ലംഘിച്ചവരോടു ദൈവം ക്ഷമിക്കുകയും അവിടുന്ന് അവരോടുള്ള ഉടമ്പടി നവീകരിക്കുകയും  ചെയ്തു (പുറ. 34:1-9). ഉടമ്പടിയുടെ കല്പനകളും പ്രമാണങ്ങളുമെല്ലാം നല്‍കുകവഴി യഥാര്‍ഥ ആരാധനയിലേക്കു കര്‍ത്താവ് അവരെ വീണ്ടും കൊണ്ടുവന്നു (പുറ. 34:10-27). ഈ സാഹചര്യത്തിലെല്ലാം ദൈവത്തിനും മനുഷ്യനുമിടയില്‍ മധ്യസ്ഥനായി നിലകൊണ്ടത് മോശയാണ്. കര്‍ത്താവിന്റെ സന്നിധിയില്‍ ദീര്‍ഘനേരം ചെലവഴിക്കുകവഴി മോശയ്ക്കുണ്ടായ രൂപാന്തരീകരണമാണ് വചനഭാഗത്തിന്റെ പശ്ചാത്തലം.
''മോശ നാല്പതുരാവും നാല്‍പതുപകലും കര്‍ത്താവിനോടുകൂടെ അവിടെ ചെലവഴിച്ചു'' (34:28). മധ്യസ്ഥനായി നിലകൊള്ളുന്ന മോശയുടെ സഹവാസം ദൈവമായ കര്‍ത്താവിനോടൊപ്പമാണ്. ഹീബ്രുഭാഷയില്‍ 'ഈം യാഹ്‌വെ' എന്നാണ് ഉപയോഗിച്ചിരിക്കുന്നത് -with Yahweh എന്നര്‍ഥം. ദൈവികതേജസ്സിനാല്‍ മോശ നിറയാനുള്ള കാരണവും ദൈവത്തോടൊത്തുള്ള 'കൂടെ വസിക്കല്‍' ആണ്. ദൈവികസാന്നിധ്യത്തില്‍ ആയിരിക്കുന്നവര്‍ക്കാണ് ദൈവികതേജസ്സിനാല്‍ നിറയാന്‍ സാധിക്കുന്നത്.
''ഉടമ്പടിയുടെ വചനങ്ങളായ പത്തു പ്രമാണങ്ങള്‍ അവന്‍ പലകകളില്‍ എഴുതി. രണ്ടു സാക്ഷ്യഫലകങ്ങളും വഹിച്ചുകൊണ്ട് മോശ സീനായ്മലയില്‍നിന്നു താഴേക്കു വന്നു'' (34:28-29). ''വചനങ്ങള്‍ രേഖപ്പെടുത്തുക'' (34:27) എന്ന ദൈവമായ കര്‍ത്താവിന്റെ വാക്കുകളോടുള്ള മോശയുടെ പ്രതികരണം ഭാവാത്മകമാണ്; അത് അനുസരണയുടേതാണ്. കര്‍ത്താവിന്റെ വാക്കുകളോടു മറുചോദ്യമില്ലാതെ 'അനുസരണ' കാണിക്കുന്ന മോശ ദൈവികകല്പനകളോട് എങ്ങനെ പെരുമാറണമെന്ന് നമ്മെ പഠിപ്പിക്കുന്നുണ്ട്.  അനുസരണമില്ലാത്തവന്റെ കരങ്ങള്‍ നിര്‍മിക്കുന്നതു മൃതമാണ് (ജ്ഞാനം 15:17).
''ദൈവവുമായി സംസാരിച്ചതിനാല്‍ തന്റെ മുഖം തേജോമയമായി എന്ന കാര്യം അവന്‍ അറിഞ്ഞില്ല. അഹറോനും ഇസ്രയേല്‍ജനവും മോശയുടെ മുഖം പ്രശോഭിക്കുന്നതു കണ്ടു'' (34:29-30). ഹീബ്രുഭാഷയിലെ 'ഖരാന്‍' (qaran)  എന്ന പദത്തിന് 'പ്രകാശിക്കുക' എന്നാണര്‍ഥം. ഗ്രീക്കുവിവര്‍ത്തനത്തില്‍ ഉപയോഗിച്ചിരിക്കുന്ന പദം ദോക്‌സാസോ(doxazo)  എന്നാണ്. "glorify'   എന്നാണിതിന്റെ അര്‍ഥം. ദൈവവുമായി സംഭാഷണം നടത്തുമ്പോള്‍ മോശയ്ക്കുണ്ടാകുന്ന മാറ്റമാണിത് - അവന്‍ തേജോമയനായി, പ്രഭയും പ്രകാശവുമുള്ളവനായി. ദൈവത്തോടു ചേര്‍ന്നുനില്‍ക്കുന്നവരും അവിടുത്തോടു സംസാരിക്കുന്നവരും പ്രകാശമുള്ളവരാകും.
മലയില്‍നിന്നിറങ്ങിയശേഷവും മോശ ദൈവമായ കര്‍ത്താവിനോടുള്ള ബന്ധം തുടര്‍ന്നു (34:35). 'ദബര്‍' (dabar) എന്ന ഹീബ്രുപദത്തിന്റെ അര്‍ഥം 'സംസാരിക്കുക' എന്നാണ്. മോശ നടത്തുന്ന സംഭാഷണം സമാഗമകൂടാരത്തില്‍ അവന്‍ നടത്തുന്ന പ്രാര്‍ഥനയാണ്. ദൈവവുമായുള്ള സംസാരമാണ് പ്രാര്‍ഥന.
2 ദിനവൃത്താന്തം 5:11-14: ഇസ്രയേല്‍ജനത്തിന്റെ യാത്രകളില്‍ 'കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകം' അവര്‍ കൂടെക്കൊണ്ടുപോയിരുന്നു. ജനത്തിനു വഴികാട്ടിയായി നീങ്ങുന്ന ദൈവികസാന്നിധ്യത്തിന്റെ പ്രതീകമായിരുന്നു അത്. വാഗ്ദത്തഭൂമിയിലേക്കുള്ള യാത്രയില്‍ തങ്ങളെ എന്നും വഴിനടത്തുന്നത് ദൈവമായ കര്‍ത്താവാണെന്ന് അവര്‍ അനുസ്മരിച്ചിരുന്നു. വാഗ്ദത്തഭൂമിയില്‍ എത്തിയ ജനം  തീര്‍ഥാടകരുടെ താത്കാലികവസതിയായ കൂടാരത്തിലാണു പേടകം സൂക്ഷിച്ചിരുന്നത്. പിന്നീട് സോളമന്‍രാജാവ് നിര്‍മിച്ച ദൈവാലയത്തില്‍ ഈ ഉടമ്പടിയുടെ പേടകം സ്ഥാപിച്ചു. ശ്രീകോവിലില്‍ പേടകം പ്രതിഷ്ഠിച്ചതിനുശേഷമുള്ള കാര്യങ്ങളുടെ അവതരണമാണ് ഇന്നത്തെ വചനവായനയില്‍ നാം ശ്രവിക്കുന്നത്.
''അവിടെ കൂടിയിരുന്ന എല്ലാ പുരോഹിതന്മാരും ഗണഭേദമെന്യേ തങ്ങളെത്തന്നെ വിശുദ്ധീകരിച്ചിട്ടുണ്ടായിരുന്നു'' (5:11). വിശുദ്ധസ്ഥലത്തു ശുശ്രൂഷ ചെയ്യുന്നവര്‍ വിശുദ്ധിയില്‍ വ്യാപരിക്കുന്നവരായിരിക്കണമെന്ന് ഈ വചനം ഓര്‍മിപ്പിക്കുന്നു - "priests had sanctified themselves’  എന്ന പ്രയോഗം ദേവാലയപ്രവേശനത്തിനു മുമ്പുതന്നെ ഓരോരുത്തരും വിശുദ്ധീകൃതരാവേണ്ടതുണ്ടെന്ന  സത്യം വിളിച്ചുപറയുന്നുണ്ട്. ദൈവമായ കര്‍ത്താവിന്റെ  ആഹ്വാനവും കല്പനയുംകൂടിയാണ് ഈ വിശുദ്ധി: ''നിങ്ങള്‍ നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുകയും പരിശുദ്ധരാക്കുകയും ചെയ്യുവിന്‍; കാരണം, ഞാന്‍ പരിശുദ്ധനാകുന്നു'' (ലേവ്യ. 11:44).
ദേവാലയത്തില്‍ എത്തിച്ചേര്‍ന്ന എല്ലാവരും 'ഒത്തൊരുമിച്ച് ഏകസ്വരത്തില്‍ കര്‍ത്താവിനു കൃതജ്ഞതാസ്‌തോത്രങ്ങള്‍ ആലപിച്ചു' (5:13). ദൈവസന്നിധിയിലുള്ള  ജനത്തിന്റെ ആരാധനാരീതികള്‍ എപ്രകാരമായിരിക്കണമെന്ന സൂചനയാണ് ഈ വാക്കുകള്‍ നല്‍കുന്നത്."They were as one as to make one sound' - ദേവാലയത്തില്‍ ഭിന്നസ്വരങ്ങളില്ല; ഭിന്നിപ്പുകളില്ല; മറിച്ച്, ഒരേ മനസ്സോടെയുള്ള പ്രാര്‍ഥനകളാണ്. ഈ പ്രാര്‍ഥനകള്‍ ദൈവസ്തുതിയുടേതാണ്. ''ദൈവം നല്ലവനാണ്; അവിടുത്തെ കൃപ എന്നേക്കും നിലനില്‍ക്കുന്നു'' (5:13). സ്തുതിപ്പിന്റെ ഉള്ളടക്കം ഇതാണ്.
''ദേവാലയത്തില്‍ കര്‍ത്താവിന്റെ തേജസ്സു നിറഞ്ഞുനിന്നു.'' മേഘം ദൈവികസാന്നിധ്യത്തിന്റെ അടയാളമാണ്. മരുഭൂമിയില്‍ ജനത്തെ വഴിനടത്തിയ മേഘം ദേവാലയത്തില്‍ നിറഞ്ഞുനില്‍ക്കുന്നതിലൂടെ ദേവാലയം ദൈവസാന്നിധ്യത്തിന്റെ ഇടമാണെന്നു വെളിപ്പെടുത്തുകയാണ്. ദൈവത്തിന്റെ മഹത്ത്വമാണ് ഇവിടെ കുടികൊള്ളുന്നത്.
1 കോറിന്തോസ് 15:35-50: ഉത്ഥാനമില്ലായെന്നു വാദിക്കുന്ന കോറിന്തോസിലെ ചില ചിന്തകരുടെ വാദഗതികളെ പൗലോസ് ശ്ലീഹാ യുക്തിഭദ്രമായി ഖണ്ഡിക്കുന്നതാണ് ഈ വചനഭാഗത്തിന്റെ പശ്ചാത്തലം. മരിച്ചവര്‍ക്കു പുനരുത്ഥാനമില്ലായെന്നു വാദിക്കുന്ന തത്ത്വചിന്തകരോടു മരിച്ചവരുടെ ഉയിര്‍പ്പിനെക്കുറിച്ചും, ഉയിര്‍പ്പിക്കപ്പെട്ട ശരീരത്തെക്കുറിച്ചും പ്രകൃതിയില്‍നിന്നുള്ള രൂപകങ്ങള്‍ ഉപയോഗിച്ചു പൗലോസ്ശ്ലീഹാ സംസാരിക്കുകയാണിവിടെ.
കോറിന്തിലെ ചിന്തകര്‍ രണ്ടു ചോദ്യങ്ങളാണ് ഉന്നയിച്ചത്: മരിച്ചവര്‍ എങ്ങനെയാണ് ഉയിര്‍പ്പിക്കപ്പെടുക? ഏതുതരം ശരീരത്തോടുകൂടെയായിരിക്കും അവര്‍ പ്രത്യക്ഷപ്പെടുക? (15:35). മനുഷ്യശരീരത്തിന് ഉത്ഥാനം സംഭവിക്കുമ്പോള്‍ മാറ്റമുണ്ടാകുമെന്നാണ് പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നത്. സമൂലമായ ഒരു അവസ്ഥാന്തരീകരണം (a total transformation)ഉണ്ടാകും. വിത്തുകള്‍, മൃഗങ്ങള്‍, നക്ഷത്രങ്ങള്‍ എന്നിങ്ങനെയുള്ള മൂന്നു രൂപകങ്ങളിലൂടെ ഉത്ഥാനശരീരത്തിന്റെ അവസ്ഥാന്തരീകരണം ശ്ലീഹാ വ്യക്തമാക്കുന്നു.
മണ്ണില്‍ വിതയ്ക്കപ്പെടുന്ന വിത്തു വളരുമ്പോള്‍ മറ്റൊരു രൂപം ലഭിക്കുന്നതുപോലെ, ഓരോ ജീവിയുടെയും ശരീരം വ്യത്യസ്തമായിരിക്കുന്നതുപോലെ, സൂര്യചന്ദ്രനക്ഷത്രങ്ങളുടെയെല്ലാം തേജസ്സില്‍ വ്യത്യാസമുള്ളതുപോലെ മരിച്ചവരുടെ ശരീരവും ഉത്ഥിതശരീരവും തമ്മില്‍ വ്യത്യാസമുണ്ടായിരിക്കുമെന്നാണ് ശ്ലീഹാ പറയുന്നത്. ഉത്ഥിതശരീരം അനശ്വരവും മഹത്ത്വമുള്ളതുമാണ്; ഭൗമികശരീരം നശ്വരവും ബലഹീനവുമാണ്. പൗലോസിന്റെ ഭാഷ്യത്തില്‍ ഇത് ഒരു ആത്മീയശരീരമാണ് (spiritual body); ഇതുതന്നെയാണ് '‘glorified body’ എന്നതും.
മര്‍ക്കോസ് 9:3-13: താന്‍ മരണം വരിക്കുമെങ്കിലും മരണത്തെ പരാജയപ്പെടുത്തിക്കൊണ്ട് ഉത്ഥിതനാകുമെന്നും ആത്യന്തികമായി മഹത്ത്വം പ്രാപിക്കുമെന്നും ശിഷ്യന്മാര്‍ക്ക് ഈശോ ഉറപ്പുനല്‍കുകയാണ് ഈ രൂപാന്തരീകരണസംഭവത്തിലൂടെ. ഈശോ ദൈവത്തിന്റെ പുത്രനാണെന്ന് ദൈവംതന്നെ സാക്ഷ്യപ്പെടുത്തുന്ന മഹത്ത്വത്തിന്റെ സമയമാണിത്.
ഈശോ മലമുകളിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന ശിഷ്യന്മാര്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരാണ്: പത്രോസ്, യാക്കോബ്, യോഹന്നാന്‍. ഈശോമിശിഹായുടെ മഹത്ത്വവും ശക്തിയും കൂടുതലായി ഇവര്‍ക്കു വെളിപ്പെട്ടുകിട്ടാനുള്ള ഒരു അവസരമാണിത്. മലയിലേക്കു കയറിയ ഈശോ അവരുടെമുമ്പില്‍വച്ച് 'രൂപാന്തരപ്പെട്ടു' എന്നാണു വചനം പറയുന്നത്. ഗ്രീക്കുഭാഷയിലെ 'മെറ്റമോര്‍ഫോ' (meta-morpho)  എന്ന വാക്കിന്റെ അര്‍ഥം "transfigure'എന്നാണ്. രൂപത്തില്‍വരുന്ന ഒരു മാറ്റമാണിത് a complete alteration.ഉത്ഥാനാനന്തരം ഈശോ സ്വീകരിക്കുന്ന മഹത്ത്വപൂര്‍ണമായ രൂപത്തിന്റെ ദൃശ്യമാണിത്. മഹത്ത്വപൂര്‍ണനായ ഈശോ വെണ്മയും തിളക്കവുമുള്ളവനായി (9:3) ഈശോ ആയിരിക്കുന്ന സ്വര്‍ഗീയാവസ്ഥയുടെ വിശേഷണമാണിത്.
മേഘത്തില്‍നിന്നുള്ള സ്വരം ദൈവസ്വരമാണ്. ഇതൊരു സാക്ഷ്യപ്പെടുത്തലാണ്. പത്രോസ് ഈശോയെക്കുറിച്ചു പ്രഘോഷിച്ചുവെങ്കിലും ദൈവികമായ ഒരു പ്രഖ്യാപനമാണിത്. ഈശോ മരണം വരിക്കുമെങ്കിലും  അവിടുന്ന് ദൈവപുത്രന്‍തന്നെയാണെന്നുള്ള സ്ഥിരീകരണമാണിത്. ശ്ലീഹന്മാര്‍ ചുറ്റും നോക്കിയപ്പോള്‍ മറ്റാരെയും കണ്ടില്ല. അദൃശ്യനായ ദൈവത്തിന്റെ സ്വരമായിരുന്നതിനാലാണ് അവര്‍ ആരെയും കാണാഞ്ഞത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)