നാമങ്ങളില്‍നിന്നോ ഭേദക(വിശേഷണം)ങ്ങളില്‍നിന്നോ വ്യുത്പന്നമാകുന്ന ശബ്ദങ്ങള്‍ക്ക് തദ്ധിതം എന്നു പറയുന്നു. തദ് +ഹിതം (നാമത്തിനു ഹിതമായിട്ടുള്ളത്) എന്നു തദ്ധിത ശബ്ദത്തിന് അര്‍ത്ഥം. തദ്+ഹിതം = തദ്ധിതം. ഭാഷയിലെ തന്മാത്രതദ്ധിത(തത്+മാത്രം-അതുമാത്രം)ത്തിന്റെ മുഖ്യപ്രത്യയം ''മ'' ആണ്. ഒരു വസ്തുവിന്റെ ഒരു ഗുണം മാത്രം എടുത്തുകാണിക്കലാണ് ''മ'' യുടെ ധര്‍മ്മം. ഒരാള്‍ സുന്ദരനാകുന്നതില്‍ പല ധര്‍മ്മങ്ങളും (പൊക്കം, നിറം, വണ്ണം, അവയവപ്പൊരുത്തം) ഉണ്ടായിരിക്കേ സൗന്ദര്യം എന്ന ധര്‍മ്മത്തെ മാത്രം എടുത്തുപറയുമ്പോള്‍ അത് തന്മാത്രതദ്ധിതമായി. നാമശബ്ദങ്ങളോട് ''മ'' ചേര്‍ത്തും (ആണ്‍-ആണ്മ, കോന്‍-കോന്മ, കോയ്മ) ഭേദകങ്ങളോട് ''മ'' ചേര്‍ത്തും (നന്‍-നന്മ, തിന്‍-തിന്മ) തന്മാത്രതദ്ധിതങ്ങള്‍ ഉണ്ടാക്കാം.
തന്‍ എന്ന ഭേദകാര്‍ത്ഥപ്രകൃതിയില്‍ ''മ'' ചേര്‍ത്തു സൃഷ്ടിച്ച തന്മാത്രതദ്ധിതങ്ങളാണ് തന്മ, തനിമ എന്നീ വാക്കുകള്‍. തന്‍+മ= തന്മ; തന്‍+ഇ+മ= തനിമ. തമിഴിലെ, തന്മൈയും തനിമൈയും ആണ് സ്വരസംവരണംവഴി തന്മയും തനിമയും ആയിത്തീരുന്നത്. മേന്‍മ, വന്മ, പൊലിമ, എന്നിങ്ങനെ വേറെ ഉദാഹരണങ്ങള്‍ കണ്ടെത്താം. തന്മ എന്ന ശബ്ദത്തിന്, വിശേഷസ്വഭാവം (characteristic) പ്രത്യേകത (quality) സത്യം (truth, reality) എന്നെല്ലാമാണ് അര്‍ത്ഥം. ''തന്മ നിര്‍ദ്ദേശികാകര്‍ത്താ'' എന്ന് കേരളപാണിനി. * തന്മ (ശബ്ദസ്വരൂപം) തന്നെയാകുന്നു നിര്‍ദ്ദേശിക എന്നു വിവക്ഷിതം.
തനിമ എന്ന പദത്തിന് തനിയെ ഉള്ള അവസ്ഥ (state of being alone) ഏകത്വം (singleness) എന്നീ അര്‍ത്ഥങ്ങളാണ് ഉള്ളത്. തനതായ സ്വഭാവം, പ്രത്യേകത തുടങ്ങിയ വിവക്ഷിതങ്ങളില്‍ തനിമ പ്രയോഗിക്കുന്നത് അത്രകണ്ടു ശരിയല്ല. അത്തരം സന്ദര്‍ഭങ്ങളില്‍ തന്മ എന്നുപയോഗിക്കുന്നതാണ് അര്‍ത്ഥവ്യക്തതയ്ക്കു നല്ലത്. ''മലയാളത്തിന്റെ തന്മ'' എന്നിടത്ത് തന്മയും ''തനിമയൊടു ചെന്നു തൊഴുതു'' എന്നിടത്ത് തനിമയും തമ്മിലുള്ള വ്യത്യാസം പ്രകടമാണല്ലോ.
കലര്‍പ്പില്ലായ്മ, തനതായ സ്വഭാവം, പ്രത്യേകത, മാറ്റ് (സ്വര്‍ണ്ണം, വെള്ളി, തുടങ്ങിയ ലോഹങ്ങളില്‍) തുടങ്ങിയ അര്‍ത്ഥങ്ങളില്‍ തനിമ എന്ന പദം പ്രചരിച്ചുപോയി എന്ന വസ്തുത മറന്നുകൊണ്ടല്ല തന്മയും തനിമയും തമ്മിലുള്ള വൈജാത്യം ഇവിടെ കുറിച്ചത്. പ്രയോഗസാധുത്വത്തിന്റെ പിന്‍ബലം തനിമയ്ക്കു കിട്ടിയേക്കാം. പക്ഷേ, സൂക്ഷ്മാര്‍ത്ഥനിവേദനത്തിന് തന്മയും തനിമയും തമ്മിലുള്ള അന്തരം മനസ്സിലാക്കിയേ തീരൂ.
* രാജരാജവര്‍മ്മ ഏ.ആര്‍. കേരളപാണിനീയം, എന്‍.ബി.എസ്. കോട്ടയം, 1988, പുറം - 171