ഓഗസ്റ്റ് 18 കൈത്താക്കാലം ഏഴാം ഞായര്‍
ഉത്പ 6:13-22 ജറെ 32:36-41
യാക്കോ 4:1-10 മത്താ 6:19-24
തിന്മയും അധര്‍മവും ഭൗതികതയും വെടിഞ്ഞ് ദൈവത്തോടുള്ള ഭക്തിയില്‍ ചരിക്കുന്നവരാണ് യഥാര്‍ഥത്തില്‍ കൈത്താക്കാലത്തിലെ നല്ല ഫലങ്ങള്‍. ഈ ഫലാഗമനകാലം നല്‍കുന്ന ദര്‍ശനങ്ങളെല്ലാം സ്വര്‍ഗോന്മുഖമാണ്. കൈത്താക്കാലം അവസാനഞായറിലെ വായനകളെല്ലാം വിശ്വാസികളെ ക്ഷണിക്കുന്നത് സ്വര്‍ഗത്തെ ലക്ഷ്യംവച്ചുകൊണ്ടുള്ള ഒരു ജീവിതയാത്രയ്ക്കാണ്. ഭൗതികതയ്‌ക്കെതിരേ ചരിച്ച് ഹൃദയത്തില്‍ ദൈവഭക്തി സൂക്ഷിച്ചു സഞ്ചരിക്കുക എന്നതാണ് വായനകളുടെ പൊതുപ്രമേയം.
ഒന്നാം വായനയില്‍ (ഉത്പ. 6:13-22), മനുഷ്യന്റെ ദുഷ്ടത വര്‍ധിച്ച് തെറ്റിന്റെ വഴിയേ ചരിക്കുമ്പോള്‍ അവന്‍ നേരിടുന്ന നാശത്തെക്കുറിച്ചും നീതിമാനു ലഭിക്കുന്ന രക്ഷാമാര്‍ഗത്തെക്കുറിച്ചും; രണ്ടാംവായനയില്‍ (ജറെ 32:36-41), ദുഷ്ടതയുടെ വഴിയേ നീങ്ങുന്ന മനുഷ്യന്റെ ഹൃദയത്തില്‍ ദൈവഭക്തി നിക്ഷേപിക്കുന്ന കര്‍ത്താവിനെക്കുറിച്ചും; മൂന്നാം വായനയില്‍ (യാക്കോ 4:1-10), ഭൗതികതയ്‌ക്കെതിരേയുള്ള യാക്കോബ്ശ്ലീഹായുടെ മുന്നറിയിപ്പിനെക്കുറിച്ചും; നാലാം വായനയില്‍ (മത്താ. 6:19-24), ലോകതാത്പര്യങ്ങളില്‍നിന്ന് അകലം പാലിച്ച് സ്വര്‍ഗത്തില്‍ നിക്ഷേപം സൂക്ഷിക്കേണ്ടതിനെക്കുറിച്ചും നാം ശ്രവിക്കുന്നു.
ഉത്പത്തി 6:13-22: ലോകത്തിന്റെ തിന്മനിറഞ്ഞ അവസ്ഥയെക്കുറിച്ചുള്ള വിലയിരുത്തലാണ് 6:11-12. ''ദൈവത്തിന്റെ ദൃഷ്ടിയില്‍ ഭൂമിയാകെ ദുഷിച്ചതായിത്തീര്‍ന്നു. എങ്ങും അക്രമം നടമാടി. ഭൂമി ദുഷിച്ചുപോയെന്നു ദൈവം കണ്ടു.'' ഹെബ്രായഭാഷയിലെ 'ഷഹത്' (shahat) എന്ന പദത്തിന്റെ അര്‍ഥം ദുഷിച്ച, നശിച്ച എന്നൊക്കെയാണ്. മനുഷ്യന്റെ പരിതാപകരമായ അവസ്ഥയെയാണ് ഇതു കുറിക്കുന്നത്. താന്‍ സൃഷ്ടിച്ച ലോകം തന്റെ ലക്ഷ്യത്തില്‍നിന്നു വ്യതിചലിച്ചപ്പോഴുണ്ടായ പരിതാപകരമായ സ്ഥിതിയാണിത്. ദുഷ്ടത നിറഞ്ഞ ലോകത്തിന് സര്‍വനാശം വരുത്താന്‍ ദൈവം തീരുമാനിക്കുമ്പോഴും ദൈവദൃഷ്ടിയില്‍ പ്രീതിയുള്ളവനെ രക്ഷിക്കാന്‍ ദൈവം മനസ്സാകുന്നുണ്ട്. അതാണ് ഈ വായനയുടെ പശ്ചാത്തലം.
മനുഷ്യന്റെ തിന്മയും ദുഷ്ടതയുമെല്ലാം ഭൂമിയുടെ നാശകാരണമാകുന്നു. എന്നാല്‍, മനുഷ്യന്റെ നീതിനിഷ്ഠമായ ജീവിതം പ്രപഞ്ചത്തെ മുഴുവന്‍ രക്ഷാകരമാക്കിത്തീര്‍ക്കുന്നു. ഈയൊരു വസ്തുതയെ വ്യക്തമാക്കുന്നതാണ് തുടര്‍ന്നുവരുന്ന വചനഭാഗങ്ങള്‍. തിന്മ നിറഞ്ഞ മനുഷ്യനെ, ലോകത്തില്‍ ദുര്‍മാര്‍ഗികളായി ചരിക്കുന്നവരെ പ്രളയത്തിലൂടെ നശിപ്പിക്കാനൊരുങ്ങുന്ന ദൈവം, നീതിമാനായ നോഹിനോട് രക്ഷയ്ക്കുള്ള പെട്ടകം നിര്‍മിക്കാന്‍ ഒരു അറിയിപ്പ് ഇവിടെ നല്‍കുന്നുണ്ട്. രക്ഷയുടെ പെട്ടകത്തെക്കുറിച്ചുള്ള പരാമര്‍ശമാണിത്.
നോഹ തയ്യാറാക്കേണ്ട രക്ഷയുടെ 'പേടക'ത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കിയശേഷം, പ്രളയാനന്തരമുള്ള ജനത്തോട് ഒരു ഉടമ്പടിയുണ്ടാക്കുമെന്ന് ദൈവം അരുള്‍ചെയ്യുന്നുണ്ട്: ''നീയുമായി ഞാനെന്റെ ഉടമ്പടി ഉറപ്പിക്കും'' (6:18). 'ബെറീത്ത്' (berith) എന്ന ഹീബ്രുപദത്തിന്റെ അര്‍ഥം ‘covenant’ എന്നാണ്. ദൈവമനുഷ്യബന്ധത്തിന്റെ അടയാളവും പ്രതീകവുമാണിത്. ഉടമ്പടിയില്‍ വിശ്വസ്തത ആവശ്യമാണ്. ദൈവത്തോട് മനുഷ്യന്‍ വിശ്വസ്തനായിരിക്കണമെന്ന് ഇതു സൂചിപ്പിക്കുന്നു. അവിശ്വസ്തത നാശകാരണമാകാറുണ്ട്.
''ദൈവം കല്പിച്ചതുപോലെ തന്നെ നോഹ പ്രവര്‍ത്തിച്ചു'' (6:22). രക്ഷ പ്രാപിക്കാന്‍വേണ്ടി പെട്ടകം നിര്‍മിക്കാന്‍ ദൈവം നല്‍കിയ കല്പന നോഹ കൃത്യമായി പാലിച്ചു. ആ അനുസരണം അവനു രക്ഷ പ്രദാനം ചെയ്തു. അനുസരണമില്ലാത്ത ദുഷിച്ച ലോകത്തിന്റെ പശ്ചാത്തലത്തില്‍ നോഹയുടെ 'അനുസരണം' ശ്രേഷ്ഠവും അനുകരണീയവുമാണ്. 'അനുസരണം ബലിയെക്കാള്‍ ശ്രേഷ്ഠമാണ്' (1 സാമു. 15:22). അനുസരണമില്ലാത്തവന്റെ കരങ്ങള്‍ നിര്‍മിക്കുന്നത് മൃതമാണ് (ജ്ഞാനം 15:17).
ജറെമിയ 32:36-41: ദൈവത്തിന്റെ കല്പനകള്‍ ലംഘിക്കുന്ന ജനം അവിടുത്തോട് അവിശ്വസ്തമായിട്ടാണ് പലപ്പോഴും നിലകൊണ്ടിരുന്നത്. ദൈവത്തില്‍നിന്ന് അകലേക്കു നീങ്ങുന്ന ജനം ശിക്ഷാവിധി ചോദിച്ചുവാങ്ങുകയാണ്. ഉടമ്പടി ലംഘനം നടത്തുന്ന ഇസ്രയേലിന് തക്ക ശിക്ഷ ലഭിക്കേണ്ടതുണ്ടെങ്കിലും ദൈവത്തിന്റെ അനന്തമായ കരുണയുടെ കരങ്ങള്‍ അവരുടെ നേരേ നീളുന്നുണ്ടെന്ന് ജറെമിയാപ്രവാചകന്‍ ഇവിടെ പറഞ്ഞുവയ്ക്കുന്നു.
തിന്മ ചെയ്ത് അകന്നുപോകുന്നവരെ നിത്യനാശത്തിലേക്കു വിട്ടുകൊടുക്കാതെ രക്ഷയിലേക്കു കൊണ്ടുവരാന്‍ മനസ്സു കാണിക്കുന്ന കര്‍ത്താവിനെയാണ് ജറെമിയാപ്രവാചകന്‍ അവതരിപ്പിക്കുന്നത്. 'ചിതറിയ ദേശങ്ങളില്‍നിന്നെല്ലാം അവരെ ഒരുമിച്ചുകൂട്ടിക്കൊണ്ടുവരും' (32:37) എന്ന ദൈവമായ കര്‍ത്താവിന്റെ വാക്കുകള്‍ പ്രത്യാശയുടേതാണ്. ‘I will gather them all'എന്നത് restoration എന്ന തലത്തെ സൂചിപ്പിക്കുന്നതാണ്. ഒരു തിരികെക്കൊണ്ടുവരലാണിത്; ഒരു വീണ്ടെടുപ്പാണ്. 'ഞാന്‍ അവരെ സുരക്ഷിതരാക്കും' എന്ന വാക്കുകളും പ്രതീക്ഷയുടേതാണ്. രക്ഷ നഷ്ടപ്പെട്ടുപോകുന്ന ഇടങ്ങളില്‍ സുരക്ഷ നല്‍കുന്ന ദൈവത്തെയാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.
''അവര്‍ എന്റെ ജനവും ഞാന്‍ അവരുടെ ദൈവവുമായിരിക്കും'' (32:38). ദൈവം ജനത്തെ വിളിക്കുന്നത് ‘my people’ എന്നാണ്. ദൈവം ജനത്തെ സ്വന്തമായി കരുതുന്നുണ്ട്. അവര്‍ വഴിമാറി പോയിരുന്നുവെങ്കിലും അവര്‍ തിരഞ്ഞെടുക്കപ്പെട്ട ദൈവമക്കളാണ്. അവര്‍ക്കു രക്ഷ നല്‍കാന്‍ അവിടുന്ന് ആഗ്രഹിക്കുന്നുമുണ്ട്. ഇസ്രയേല്‍ജനത്തിനും അവരുടെ സന്തതികള്‍ക്കും 'നന്മ' (well being) വരണമെന്നാണ് ദൈവത്തിന്റെ അഭിലാഷം. വഴിമാറിപ്പോയ ജനം ഈ ദൈവാഭിലാഷം തിരിച്ചറിഞ്ഞ് തിരികെവരുമ്പോള്‍ രക്ഷ കരഗതമാകും.
ദൈവത്തോടുള്ള ഭക്തിയില്‍നിന്നും ആരും പിന്തിരിയരുത്. ദൈവം ആഗ്രഹിക്കുന്നത് അതാണ്. ദൈവഭക്തി (fear of God) മനുഷ്യമനസ്സുകളില്‍ ദൈവം നിക്ഷേപിച്ചിട്ടുണ്ട് (32:40). ഇതൊരു ഭയമോ, ഭയപ്പാടോ അല്ല; മറിച്ച്, ദൈവത്തോടുള്ള ആദരവും സ്‌നേഹവും ഇഷ്ടവുമാണ്. ലോകത്തിന്റെ വഴികളിലൂടെ ചരിക്കുമ്പോള്‍ മനുഷ്യന്‍ ദൈവസ്‌നേഹത്തില്‍നിന്നു പിന്തിരിയും. അപ്രകാരം ജീവിക്കുന്നവര്‍ക്ക് ജീവിതം 'ഭയപ്പാടിന്റെയും പിരിമുറുക്കത്തി'ന്റെയുമാകും. ദൈവത്തോടു ചേര്‍ന്നുനില്‍ക്കുന്നവന് സമാധാനവും രക്ഷയും സംലഭ്യമാകും.
യാക്കോബ് 4:1-10: ലോകത്തിന്റെ പ്രവണതകള്‍ക്കനുസരിച്ചു ജീവിക്കുന്ന ജനതകളോടുള്ള യാക്കോബ്ശ്ലീഹായുടെ തിരുത്തല്‍നിര്‍ദേശങ്ങളാണ് ഈ വചനഭാഗത്തുള്ളത്. ലോകത്തോടു താത്പര്യം കാണിക്കുന്നവര്‍ ദൈവത്തില്‍നിന്നും അകന്നുപോകുന്നുവെന്ന സത്യം ശ്ലീഹാ ഇവിടെ എടുത്തുകാട്ടുന്നുണ്ട്. ഇതൊരു exhortation ആണ്. നന്മയിലേക്കുള്ള ഒരു ആഹ്വാനവും ഉപദേശവുമാണ്.
ലോകത്തോടുള്ള മൈത്രിയും ദൈവത്തോടുള്ള മൈത്രിയും ഒരുമിച്ചുപോകില്ല. ദൈവത്തോടു വിശ്വസ്തതയില്ലാത്തവരാണ് ലോകത്തോട് ഇഷ്ടം കാണിക്കുന്നത്. അത്തരക്കാര്‍ക്ക് ദൈവത്തോടുള്ള മനോഭാവം ശത്രുതയുടേതാണ്. ഗ്രീക്കുഭാഷയിലെ 'എക്‌ത്രോസ്' (echthros) എന്ന പദത്തിന്റെ അര്‍ഥം hate, hostile എന്നൊക്കെയാണ്. ലോകത്തെ ഇഷ്ടപ്പെടുന്നവന് ദൈവത്തോടും, ദൈവികകരുണയോടും 'വെറുപ്പ്' തന്നെയാണ്; ഒപ്പം എതിര്‍പ്പും.
ദൈവത്തോടു ചേര്‍ന്നുനില്‍ക്കാനാണ് യാക്കോബ് ശ്ലീഹാ ആഹ്വാനം ചെയ്യുന്നത്. 'ദൈവത്തിനു വിധേയപ്പെടുവിന്‍' എന്ന ആഹ്വാനം ലോകത്തിന് നമ്മള്‍ അടിമപ്പെട്ടുപോകരുത് എന്നുതന്നെയാണ്. ഗ്രീക്കുഭാഷയിലെ 'ഹ്യുപ്പോത്താസോ' (hypotasso) എന്ന വാക്കിന്റെ അര്‍ഥം തന്നെത്തന്നെ 'സമര്‍പ്പിക്കുക, വിധേയമാക്കുക' എന്നൊക്കെയാണ്. ലോകവും ലോകതാത്പര്യങ്ങളും 'ദിയാബോളോസ്' ആണെന്നാണ് ശ്ലീഹാ പറയുന്നത്; അവ സാത്താന്‍തന്നെയാണ്. 'ദിയാബോളോസ്' എന്ന പദം 'ദൈവത്തിന്റെ ശത്രു' എന്ന അര്‍ഥതലത്തെയാണു കുറിക്കുന്നത്. ലോകമൈത്രി എന്നത് ദൈവത്തോടുള്ള ശത്രുതതന്നെയാണ്. നാം വിളിക്കപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ മിത്രങ്ങള്‍ ആകാനാണ്.
മത്തായി: 6:19-24: മതാത്മകജീവിതത്തിലെ മൂന്നു പ്രധാനപ്പെട്ട കാര്യങ്ങളായ ദാനധര്‍മം, പ്രാര്‍ഥന, ഉപവാസം (മത്താ 6:1-18) എന്നിവയെക്കുറിച്ചു പ്രതിപാദിച്ചശേഷം മലയിലെ പ്രസംഗത്തിന്റെ തുടര്‍ന്നുള്ള ഭാഗത്ത് ഈശോ പഠിപ്പിക്കുന്നത് യഥാര്‍ഥനിക്ഷേപത്തെക്കുറിച്ചും 'ദൈവപരിപാലനയില്‍ ആശ്രയിക്കേണ്ടതിന്റെ ആവശ്യകത'യെക്കുറിച്ചുമാണ് (6:19-24; 6:25-34). ഭൗതികലോകത്തിന്റെ സമ്പാദ്യങ്ങളുടെ നിരര്‍ഥതകതയെക്കുറിച്ചും സ്വര്‍ഗീയസമ്പാദ്യത്തിന്റെ മേന്മയെക്കുറിച്ചും പഠിപ്പിക്കുകയാണ് ഈശോയുടെ പ്രബോധനത്തിന്റെ ലക്ഷ്യം.
ഈശോയുടെ ആഹ്വാനം ശ്രദ്ധേയമാണ്: 'മെ തെസൗറീസ്സെത്തെ'-þdo not store up treasures എന്നാണ് ഈശോ പറയുന്നത്. ഭൂമിയില്‍ സൂക്ഷിക്കുന്ന നിക്ഷേപങ്ങളുടെ ക്ഷണികതയെ മനസ്സിലാക്കിക്കൊടുത്തുകൊണ്ടാണ് ഈശോ ഈ ആഹ്വാനം നല്‍കുന്നത്. ഭൗമികസമ്പത്ത് ശാശ്വതമല്ല; അതിന് സ്വാഭാവികനഷ്ടങ്ങളുണ്ടാകും. അക്കാരണത്താല്‍ നിന്റെ ശ്രദ്ധ ഭൗമികസമ്പത്ത് സ്വരുക്കൂട്ടുന്നതില്‍നിന്നു മാറണം.
''സ്വര്‍ഗത്തില്‍ നിക്ഷേപം കരുതിവയ്ക്കുക'' (6:26). ഇതാണ് ഈശോയുടെ പ്രബോധനം: 'തെസൗറീസ്സെത്തെ'store up treasures എന്ന് ഈശോ വീണ്ടും പറയുകയാണ്. സ്വര്‍ഗത്തിലെ നിക്ഷേപങ്ങളുടെ ശാശ്വതമായ അവസ്ഥയെക്കുറിച്ചു പറഞ്ഞാണ് ഈശോ ഈ ആഹ്വാനം നടത്തുന്നത്. ഈ നിക്ഷേപം സുരക്ഷിതമാണ്. ''ദാനധര്‍മം ആയിരിക്കട്ടെ നിന്റെ നിക്ഷേപം; എല്ലാ തിന്മകളില്‍നിന്നും അതു നിന്നെ രക്ഷിക്കും'' (പ്രഭാ. 29:12). എങ്ങനെയാണ് സ്വര്‍ഗത്തില്‍ നിക്ഷേപം കരുതിവയ്‌ക്കേണ്ടത് എന്നതിന്റെ സൂചനയാണിത്. ഭൂമിയില്‍ നീ കൊടുക്കുമ്പോള്‍ സ്വര്‍ഗത്തില്‍ നീ നിക്ഷേപം നേടുന്നു; ഒപ്പം നിത്യരക്ഷയും.