•  16 Jan 2025
  •  ദീപം 57
  •  നാളം 44
വചനനാളം

ദൈവരാജ്യം സ്വന്തമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം?

ജൂലൈ 28  കൈത്താക്കാലം  നാലാം ഞായര്‍

നിയ 6:1-9  എസെ 3:16-21
2 തെസ 2:13-17   മത്താ 13:44-52

ദൈവരാജ്യം, സ്വര്‍ഗരാജ്യം, വാഗ്ദത്തനാട്, മിശിഹായുടെ രാജ്യം തുടങ്ങിയവയെല്ലാം വിശുദ്ധഗ്രന്ഥത്തിലെ പ്രത്യാശാജനകമായ വാക്കുകളാണ്. കര്‍ത്താവായ ദൈവത്തോടും രക്ഷകനായ മിശിഹായോടുമൊത്തുള്ള ഫലദായകമായ ഒരു ജീവിതം ഏവരുടെയും അഭിലാഷവും ആഗ്രഹവുമാണ്. കൈത്താക്കാലത്തിലെ നാലാം ഞായറാഴ്ച ദൈവരാജ്യവുമായി ബന്ധപ്പെട്ട ചില ദര്‍ശനങ്ങളാണ് നാലു വായനകളിലും നാം ശ്രവിക്കുന്നത്. അതു നേടിയെടുക്കാന്‍വേണ്ടി എപ്രകാരം ദൈവമക്കള്‍ ചരിക്കണമെന്നുള്ള ഓര്‍മപ്പെടുത്തലുകളാണ് വായനകളുടെ പ്രമേയങ്ങള്‍.
ഒന്നാം വായനയില്‍ (നിയമ. 6:1-9), കര്‍ത്താവായ ദൈവം വാഗ്ദാനം ചെയ്ത സമൃദ്ധിയുടെ നാട്ടിലേക്കു പ്രവേശിക്കുമ്പോള്‍ ഇസ്രയേല്‍ജനം പാലിക്കേണ്ട കര്‍ത്താവിന്റെ ചട്ടങ്ങളെക്കുറിച്ചും പ്രമാണങ്ങളെക്കുറിച്ചും; രണ്ടാം വായനയില്‍ (എസെ. 3:16-21), ഇസ്രയേല്‍ഭവനം രക്ഷ പ്രാപിക്കുന്നതിന് അവര്‍ നീങ്ങേണ്ട വഴികളെക്കുറിച്ചുള്ള എസെക്കിയേലിനോടുള്ള ദൈവമായ കര്‍ത്താവിന്റെ നിര്‍ദേശങ്ങളെക്കുറിച്ചും; മൂന്നാം വായനയില്‍ (2തെസ. 2:13-17), ക്രിസ്തുവിശ്വാസികള്‍ തങ്ങളുടെ ദൈവരാജ്യയാത്രയില്‍ സ്വീകരിക്കേണ്ട ജീവിതശൈലികളെയും ക്രമങ്ങളെയുംപറ്റിയുള്ള പൗലോസിന്റെ ആഹ്വാനങ്ങളെക്കുറിച്ചും; നാലാം വായനയില്‍ (മത്താ. 13:44-52), സ്വര്‍ഗരാജ്യം നേടിയെടുക്കാന്‍ എന്തു ചെയ്യണമെന്ന് ഈശോ ഉപമകളിലൂടെ പഠിപ്പിക്കുന്നതിനെക്കുറിച്ചും നാം ധ്യാനിക്കുന്നു.
നിയമാവര്‍ത്തനം 6:1-9: ഇസ്രയേല്‍ജനം വാഗ്ദത്തഭൂമിയില്‍ വാസമാക്കുമ്പോള്‍ ദൈവജനം പാലിക്കേണ്ട നിയമങ്ങള്‍ ദൈവമായ കര്‍ത്താവ് മോശയ്ക്കു നല്‍കി. തനിക്കു നല്‍കപ്പെട്ടിട്ടുള്ള നിര്‍ദേശങ്ങളും കല്പനകളും മോശ തന്റെ ജനത്തെ അറിയിക്കുന്നതാണ് വചനത്തിന്റെ പശ്ചാത്തലം. 'നിങ്ങള്‍ അവകാശമാക്കാന്‍ പോകുന്ന ദേശത്ത് അനുഷ്ഠിക്കേണ്ടതിനു നിങ്ങളെ പഠിപ്പിക്കാന്‍ ദൈവമായ കര്‍ത്താവ് എന്നോടാജ്ഞാപിച്ച കല്പനകളും ചട്ടങ്ങളും നിയമങ്ങളും ഇവയാണ്' (6:1) എന്നു പറഞ്ഞുകൊണ്ടാണ് മോശ ആരംഭിക്കുന്നത്.
ഇസ്രയേല്‍ജനം തങ്ങളുടെ ജീവിതവഴിയില്‍ പാലിക്കണമെന്ന് ദൈവം ആവശ്യപ്പെടുന്നത് ഒന്നാമതായി അവിടുത്തെ കല്പനകളാണ്. ഹീബ്രുഭാഷയില്‍ 'മിത്‌സ്‌വാ' (mitzvah)  എന്ന പദം ഇവിടെ സൂചിപ്പിക്കുന്നത് പത്തു പ്രമാണങ്ങളെയാണ്. കൂടാതെ, ഇസ്രയേലിന്റെ ജീവിതത്തില്‍ നല്കപ്പെട്ടിട്ടുള്ള statutes, ordinance  ഇവ പാലിക്കാന്‍ ജനം കടപ്പെട്ടിരിക്കുന്നു. ഇവയെല്ലാം നീതിപൂര്‍വം ജനം അനുഷ്ഠിക്കേണ്ട വിവിധ ചട്ടങ്ങളെയാണു സൂചിപ്പിക്കുന്നത്. ജനം അനുസരിക്കേണ്ട ചട്ടങ്ങളാണിവ. ശിക്ഷണപരവും, അനുശാസനപരവും അച്ചടക്കപരവുമായ നിയമങ്ങളാണിവ. 'അനുസരണം' കൂടാതെ ദൈവരാജ്യപ്രവേശനം അസാധ്യമാണ്.
ദൈവകല്പനകള്‍ പാലിക്കുന്നവര്‍ക്കു ലഭിക്കുന്ന സമ്മാനത്തെക്കുറിച്ചും ഇവിടെ പ്രതിപാദിക്കുന്നുണ്ട്: 1) ദീര്‍ഘായുസ്സുണ്ടാകാന്‍; 2) നന്മയുണ്ടാകാന്‍ (6:2-3). തേനും പാലും ഒഴുകുന്ന കാനാന്‍ദേശത്തേക്കു ജനം യാത്ര ചെയ്യുമ്പോള്‍ അവര്‍ക്കു ലഭിക്കാന്‍ പോകുന്ന സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സൂചനയാണിത്. 'യത്താബ്' (yatab) എന്ന ഹീബ്രുപദത്തിന്റെ അര്‍ഥം  "good, beneficial, well, pleasing’  എന്നൊക്കെയാണ്. കല്പന പാലിക്കുന്നവനുണ്ടാകുന്ന ജീവിതാവസ്ഥയാണിത്. ഇങ്ങനെ ജീവിക്കുന്ന ഒരാള്‍ക്കാണ് ജീവിക്കുന്ന അത്രയുംകാലം മനഃസമാധാനത്തോടെ ജീവിക്കാന്‍ സാധിക്കുന്നതും.
പത്തു കല്പനകളിലെ ഏറ്റവും പ്രധാനപ്പെട്ട കല്പനകളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലും ഈ വചനഭാഗത്തുണ്ട്: ''നമ്മുടെ ദൈവമായ കര്‍ത്താവ് ഒരേയൊരു കര്‍ത്താവാണ്. നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണശക്തിയോടുംകൂടെ സ്‌നേഹിക്കണം'' (6:4-5). 'നമുക്ക് ഒരു ദൈവമേയുള്ളൂ' എന്ന പ്രഖ്യാപനം വിശ്വാസസത്യങ്ങളുടെ മുഴുവന്‍ അടിസ്ഥാനമാണ്. ആ ദൈവത്തോടു നാം പൂര്‍ണമായും ചുമതലപ്പെട്ടവരാകേണ്ടതുണ്ട്. ഭാഗികമായ ഒരു സ്‌നേഹബന്ധമല്ല ദൈവവുമായി ഉണ്ടാകേണ്ടത്; മറിച്ച്, അതു മുഴുവനും പൂര്‍ണവുമായിരിക്കണം. ഹീബ്രുവിലെ കോല്‍ (kol) എന്ന പദവും ഗ്രീക്കിലെ 'ഹോളോസ്' (holos) എന്ന പദവും സൂചിപ്പിക്കുന്നത് മുഴുവനായ അവസ്ഥയെയാണ്.
എസെക്കിയേല്‍ 3:16-21: ദൈവദര്‍ശനം ലഭിച്ച പ്രവാചകനായ എസെക്കിയേല്‍ ഇസ്രയേല്‍ജനത്തിന്മേലുള്ള ശിക്ഷയുടെയും രക്ഷയുടെയും സന്ദേശങ്ങള്‍ പ്രതീകാത്മകമായി അവതരിപ്പിക്കുന്നുണ്ട്. ഇതു പ്രവാചകന്റെ ദൗത്യത്തിന്റെ ഭാഗമാണ്. ദൈവിക അരുളപ്പാട് ലഭിക്കുന്ന എസെക്കിയേല്‍ എന്തൊക്കെ സന്ദേശങ്ങളാണ് ജനത്തിനു കൈമാറേണ്ടതെന്ന് കര്‍ത്താവുതന്നെ സംസാരിക്കുന്നതാണ് ഈ വചനവായനയുടെ പശ്ചാത്തലം.
''ഞാന്‍ നിന്നെ ഇസ്രയേല്‍ഭവനത്തിന്റെ കാവല്‍ക്കാരനാക്കിയിരിക്കുന്നു'' (3:17). എസെക്കിയേലിന്റെ ദൗത്യം എന്താണെന്നു വെളിവാക്കുന്ന വചനമാണിത്. പ്രവാചകന്‍ ഒരു 'കാവല്‍ക്കാരന്‍' ആണ്. ഗ്രീക്കുഭാഷയില്‍ 'സ്‌കോപോസ്'  (skopos)  എന്ന വാക്കാണുപയോഗിച്ചിരിക്കുന്നത്. ഹെബ്രായഭാഷയില്‍ 'ത്‌സാഫാഗ്' (tsaphah)  എന്ന വാക്കിന്റെ അര്‍ഥം '"keep watch’ എന്നാണ്. ഇസ്രയേല്‍ജനത്തിന്റെ സംരക്ഷണം, ഒരു രക്ഷാദൗത്യമാണിവിടെ നല്‍കുന്നത്.
ജനത്തിന് 'മുന്നറിയിപ്പ്' കൊടുക്കുക എന്നതാണ് എസെക്കിയേല്‍ പ്രവാചകന്റെ ദൗത്യങ്ങളിലൊന്ന്. ഹീബ്രുഭാഷയിലെ 'സഹാര്‍' -(zahar)  എന്ന പദത്തിന്റെ അര്‍ഥം 'പഠിപ്പിക്കുക, ശാസിക്കുക, പ്രകാശത്തിലേക്കു കൊണ്ടുവരിക' എന്നൊക്കെയാണ്. അന്ധകാരത്തില്‍നിന്ന് ഒരുവനെ പ്രകാശത്തിലേക്കു നയിക്കുകയാണ് പ്രവാചകന്റെ ദൗത്യം. പ്രകാശമായ ദൈവത്തിലേക്ക് ഒരാളെ കൊണ്ടുചെന്ന് എത്തിക്കുക; തിന്മയുടെ ലോകത്തുനിന്നു നന്മയുടെ - ദൈവത്തിന്റെ - ഇടത്തിലേക്ക് എത്തിക്കുക.
ശാസനകളും തിരുത്തലുകളും ലഭിച്ചിട്ടും ദുഷ്ടന്‍ അവന്റെ ദുഷിച്ച വഴിയില്‍നിന്നു മാറുന്നില്ലെങ്കില്‍ അവന്‍ തന്റെതന്നെ ശിക്ഷാവിധി ചോദിച്ചുവാങ്ങുകയാണ്. തിന്മയില്‍നിന്നു മാറാത്തവനു ലഭിക്കുന്നത് മരണമായിരിക്കും. 'അപ്പോത്‌നെസ്‌കോ' (apothne-sko)  എന്ന ഗ്രീക്കുക്രിയാപദത്തിന്റെ അര്‍ഥം 'മരിക്കുക' എന്നാണ്. നിത്യജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയെയും ഇതു കുറിക്കുന്നുണ്ട്. ദുഷ്ടതയിലൂടെ ദൈവത്തില്‍നിന്ന് അകന്നു ജീവിക്കുന്നവര്‍ ആരായാലും അവര്‍ക്കു നിത്യജീവനും രക്ഷയും നഷ്ടമാകും.
നീതിമാന്‍ തന്റെ നീതി വെടിഞ്ഞ് തിന്മ പ്രവര്‍ത്തിച്ചാല്‍ അവനും മരിക്കും. ദൈവമക്കള്‍ നീതിയോടെ പ്രവര്‍ത്തിക്കുമ്പോഴാണ് രക്ഷ കരഗതമാകുന്നത്. അവര്‍ക്കാണ് ദൈവരാജ്യം സംലഭ്യമാകുന്നത്. 'ത്‌സാദിക്' (tsaddiq)  എന്ന ഹീബ്രുവാക്കിന്റെ അര്‍ഥം just, righteous എന്നാണ്. അനീതി അക്രമമാണ്. അവര്‍ രക്ഷ നഷ്ടപ്പെടുത്തും.
2 തെസലോനിക്ക 2:13-17: തെസലോനിക്കാസഭയിലെ വിശ്വാസികള്‍ തങ്ങളുടെ ക്രിസ്തീയജീവിതത്തില്‍ എപ്രകാരം പ്രവര്‍ത്തിക്കണമെന്നുള്ള പൗലോസ് ശ്ലീഹായുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളുമാണ് ഈ വചനഭാഗത്തു നാം ശ്രവിക്കുന്നത്. കുടുംബാംഗങ്ങളോട് ഒരു അപ്പന്‍ എന്നപോലെ വാത്സല്യത്തോടെ അവരുടെയെല്ലാം നന്മ ആഗ്രഹിച്ചുകൊണ്ടു നടത്തുന്ന ആഹ്വാനമാണിത്.
'കര്‍ത്താവിന്റെ വാത്സല്യഭാജനങ്ങളായ സഹോദരരേ' എന്നാണ് ശ്ലീഹാ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നത് (2:13). ദൈവജനം കര്‍ത്താവിനു പ്രിയപ്പെട്ടവരാണ്. അവരുടെ വിശ്വാസജീവിതരീതികളും, ദൈവകല്പനകള്‍ക്കനുസൃതമായ അവരുടെ വിശ്വാസജീവിതവുമാണ് അവരെ കര്‍ത്താവിനു പ്രിയപ്പെട്ടവരാക്കുന്നത്. '"Beloved by the Lord’  എന്ന പ്രയോഗം സ്‌നേഹബന്ധത്തിന്റെ ആഴത്തെക്കുറിക്കുന്നതാണ്. ഗ്രീക്കുഭാഷയിലെ 'അഗാപാഓ' (agapao) എന്ന ക്രിയാപദത്തിന്റെ അര്‍ഥം love, have affection for’  എന്നൊക്കെയാണ്.
ഈ ജനം ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ്, അവര്‍ വളരെ പ്രത്യേകമായി വിളിക്കപ്പെട്ടവരാണ്. അതാണ് ദൈവജനത്തിന്റെ ശ്രേഷ്ഠത. അവര്‍ ദൈവത്താല്‍ വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരുമാണ്. കര്‍ത്താവായ ഈശോമിശിഹായുടെ മഹത്ത്വം വിശ്വാസികള്‍ക്കു ലഭിക്കുന്നതിനുവേണ്ടിയാണ് അവരെ വിളിച്ചത്. അങ്ങനെ വിളിക്കപ്പെട്ടവര്‍ 'പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുകയും, അവയില്‍ ഉറച്ചുനില്‍ക്കുകയും' വേണം. ഇതാണ് പൗലോസിന്റെ ആഹ്വാനം. ഗ്രീക്കുഭാഷയിലെ 'പരദോസിസ്' (paradosis)  എന്ന വാക്ക് സഭയുടെ കൈമാറ്റം ചെയ്യപ്പെട്ട പാരമ്പര്യരീതികളെയാണ് അര്‍ഥമാക്കുന്നത്. ഇവയില്‍ ഉറച്ചുനില്‍ക്കുക. അതാണു പ്രധാനം; എങ്കിലേ രക്ഷ കരഗതമാക്കാന്‍ സാധിക്കുകയുള്ളൂ.
വിശ്വാസിസമൂഹം സത്പ്രവൃത്തികളിലും സദ്വചനങ്ങളിലും കര്‍ത്താവായ ഈശോമിശിഹായാലും പിതാവായ ദൈവത്താലും ശക്തിപ്പെടട്ടേയെന്ന പ്രാര്‍ഥനയോടെയാണ് ഈ ഭാഗം പൗലോസ് അവസാനിപ്പിക്കുന്നത് (2:16-17). വാക്കും പ്രവൃത്തിയും ദൈവികരക്ഷയില്‍ അനിവാര്യമാണ്. വചനബന്ധിതമായ ജീവിതവും അനുഗ്രഹദായകമായ പ്രവൃത്തികളുമാണ് ഒരുവന് സ്വര്‍ഗരാജ്യത്തിനു കാരണമാകുന്നത്.
മത്തായി 13:44-52: ദൈവരാജ്യം കണ്ടെത്തുന്നവന്‍ അത് എന്തുവില കൊടുത്തും സ്വന്തമാക്കുമെന്ന യാഥാര്‍ഥ്യം പഠിപ്പിക്കാന്‍വേണ്ടി മൂന്ന് ഉപമകളിലൂടെ ഈശോ ജനത്തെ പഠിപ്പിക്കുന്നതാണ് വചനവായനയുടെ പശ്ചാത്തലം. നിധിയും വലയും, രത്‌നവുമെല്ലാം ചില സത്യങ്ങള്‍ അവതരിപ്പിക്കുന്ന പ്രതീകങ്ങളാണ്. ദൈവരാജ്യം സ്വന്തമാക്കുന്നവരെയും ദൈവരാജ്യം നഷ്ടപ്പെടുത്തുന്നവരെയും 'സിമ്പോളിക്' ഭാഷയില്‍ ഇവിടെ പരാമര്‍ശിച്ചിട്ടുണ്ട്.
സ്വര്‍ഗരാജ്യത്തിലെ നിധിയും ഭൗമികമായ നിധിയും രണ്ടാണ്. ഭൗതികവസ്തുക്കളോടുള്ള അഭിനിവേശം സ്വര്‍ഗരാജ്യത്തിലെ യഥാര്‍ഥ നിധി, രക്ഷ - കണ്ടെത്തുന്നതില്‍നിന്ന് ഒരുവനെ തടയും. യഥാര്‍ഥനിധി ഈശോയാണ്. ഈശോയെപ്രതി എല്ലാം വിട്ടുപേക്ഷിക്കുമ്പോഴാണ് അമൂല്യമായ സ്വര്‍ഗരാജ്യം സ്വന്തമാക്കാന്‍ സാധിക്കുന്നത്. ഇതു സന്തോഷത്തോടെ ചെയ്യേണ്ട ഒരു പ്രവൃത്തിയാണ്. ഗ്രീക്കുഭാഷയിലെ 'ഖാറാ' (chara) എന്ന പദത്തിന്റെ അര്‍ഥം joy, delight  എന്നൊക്കെയാണ്. ഇതൊരു ആന്തരികസന്തോഷമാണ്.
പൗലോസ് ഇങ്ങനെ കുറിക്കുന്നു: ''ഇവയെല്ലാം ക്രിസ്തുവിനെപ്രതി നഷ്ടമായി ഞാന്‍ കണക്കാക്കി'' (ഫിലി 3:7). അമൂല്യനിധിയായ ഈശോമിശിഹായെ കണ്ടെത്തുമ്പോള്‍ സകലതും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടംപോലെ കരുതുകയുമാണ് പൗലോസ്. ഇവിടെ ഒരു നഷ്ടപ്പെടുത്തല്‍ ഉണ്ട്. നിധി കണ്ടെത്തുന്നവനും രത്‌നം കണ്ടെത്തുന്നവനും 'തനിക്കുള്ളതെല്ലാം വിറ്റു' എന്നാണു വചനം പറയുന്നത് (13:44,46)."selling out all that he has''  ഇതൊരു ഭാഗികമായ വിറ്റുകളയലല്ല; പൂര്‍ണമാണ്. ഭൗതികമായ എല്ലാറ്റിനെയും ഉപേക്ഷിക്കണം, അമൂല്യനിധിയായ ഈശോമിശിഹായെ, ദൈവരാജ്യത്തെ സ്വന്തമാക്കാന്‍.
ഈ ഉപമയിലെ നല്ല മത്സ്യങ്ങളും ചീത്ത മത്സ്യങ്ങളും പ്രതീകങ്ങളാണ്. നല്ലവരും ദുഷ്ടരുമായ മനുഷ്യരുടെ പ്രതീകങ്ങള്‍. യുഗാന്ത്യത്തില്‍ ദുഷ്ടനും ശിഷ്ടനും വേര്‍തിരിക്കപ്പെടും. ദുഷ്ടജീവിതം നയിക്കുന്നവര്‍ 'ശിക്ഷ' സ്വന്തമാക്കുമ്പോള്‍ നന്മയുടെ ജീവിതവഴിയേ ചരിച്ചവര്‍  'രക്ഷ' കരഗതമാക്കും.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)