•  18 Jul 2024
  •  ദീപം 57
  •  നാളം 19
നോവല്‍

കിഴക്കന്‍കാറ്റ്

കഥാസാരം
ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും കഴിഞ്ഞ അയല്‍ക്കാരായിരുന്നു സൂസമ്മയും സിസിലിയും. ഇരുപതുവര്‍ഷം മുമ്പ് സിസിലിയുടെ കുടുംബം വീടും സ്ഥലവും വിറ്റ് ഹൈറേഞ്ചിലേക്കു പോയി. പിന്നീട് അവര്‍ തമ്മില്‍ ബന്ധമൊന്നുമുണ്ടായില്ല. സൂസമ്മയുടെ മകന്‍ ജയേഷിന്റെ കല്യാണത്തിനു ക്ഷണിക്കാന്‍ സൂസമ്മയും ജയേഷും കാറില്‍ ഹൈറേഞ്ചിലേക്കു പോയി. കുറുക്കന്‍കുന്ന് എന്ന ഗ്രാമത്തിലാണ് സിസിലിയും കുടുംബവും താമസിച്ചിരുന്നത്. ഭര്‍ത്താവ് തോമസിനെ എട്ടുവര്‍ഷം മുമ്പ് ആനചവിട്ടിക്കൊന്നു എന്ന സത്യം അവിടെ ചെന്നപ്പോള്‍മാത്രമാണ് സൂസമ്മ അറിഞ്ഞത്. പിന്നീട് സിസിലിയുടെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. സിസിലിയുടെ മകള്‍ എല്‍സയുടെ  സംസാരവും പെരുമാറ്റവും ജയേഷിനു നന്നേ ഇഷ്ടമായി. ഒരു വണ്ടിയപകടത്തില്‍ പരിക്കേറ്റ് കാലിനു സ്വാധീനക്കുറവു വന്നതിനാല്‍ മുടന്തിയാണ് എല്‍സ നടന്നിരുന്നത്. അതുകൊണ്ട് അവള്‍ക്കു വിവാഹമൊന്നും ഒത്തുവന്നില്ല. സര്‍ജറി നടത്തി മുടന്തു മാറ്റാന്‍ ഒരുപാട് പണം വേണ്ടിയിരുന്നതിനാല്‍ സിസിലി അതിനു തുനിഞ്ഞില്ല. പണം കൊടുത്തു സഹായിക്കണമെന്ന് മടക്കയാത്രയില്‍ സൂസമ്മയും ജയേഷും തീരുമാനിച്ചു. ജയേഷിന്റെ കല്യാണം നടന്നു. സിസിലിയും എല്‍സയും പങ്കെടുത്തു. എല്‍സയുടെ കല്യാണം നടക്കാത്തതില്‍ സിസിലി ദുഃഖിതയായി. 
(തുടര്‍ന്നു വായിക്കുക)


യേഷ് കുളിച്ചു ഫ്രഷായി വന്നപ്പോഴേക്കും വര്‍ഷ കട്ടിലില്‍ ഇരിപ്പുണ്ടായിരുന്നു. ജയേഷിനെ കണ്ടതും അവള്‍ എണീറ്റു. 
''ഇരിക്ക് ഇരിക്ക്. എണീക്കുവൊന്നും വേണ്ട. പഴയ കാലമൊന്നുമല്ല ഇത്. നമ്മള്‍ രണ്ടുപേരും തുല്യരാ. ഭര്‍ത്താവ് ഭാര്യയെക്കാള്‍ മുകളിലാന്ന വിചാരമൊന്നും എനിക്കില്ല.'' ജയേഷ് വര്‍ഷയെ പിടിച്ചു കട്ടിലില്‍ ഇരുത്തി. ഒപ്പം ഇരുന്നിട്ട് തുടര്‍ന്നു:
''ഇന്നുമുതല്‍ പുതിയൊരു ജീവിതം തുടങ്ങ്വാ നമ്മള്. എന്റെ ഇഷ്ടങ്ങളും വര്‍ഷയുടെ ഇഷ്ടങ്ങളും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ടാകും. പല കാര്യത്തിലും അങ്ങോട്ടുമിങ്ങോട്ടും വിട്ടുവീഴ്ച ചെയ്യേണ്ടിവരും.''
''ഇതൊക്കെ ഇപ്പം പ്രത്യേകിച്ചു പറയേണ്ട കാര്യമുണ്ടോ? എല്ലാം എനിക്കറിയാവുന്നതല്ലേ? കല്യാണം കഴിഞ്ഞാല്‍ ജീവിതത്തിനു ചില മാറ്റം വരുത്തണമന്ന് എനിക്കറിയാം.''
''വര്‍ഷ മുമ്പ് എങ്ങനെയായിരുന്നെന്നോ, സ്വഭാവം എന്തായിരുന്നെന്നോ ഒന്നും ഞാന്‍ തിരക്കിയിട്ടില്ല.  ഇനി അതറിയാനും ആഗ്രഹമില്ല. പക്ഷേ, ഇനിയുള്ള ജീവിതത്തില്‍ എന്റെയും അമ്മയുടെയും പപ്പയുടെയുമൊക്കെ ഇഷ്ടംകൂടി നോക്കി വേണം മുമ്പോട്ടുപോകാന്‍. പലതും കണ്ടും കേട്ടുമില്ലെന്നു വയ്‌ക്കേണ്ടി വരും.'' 
''ഇപ്പം ഇതൊക്കെ പറയേണ്ട കാര്യമെന്താ? ഫസ്റ്റ് നൈറ്റിന്റെ ആ ത്രില്‍ കളയേണ്ട. നമുക്കു വേറെന്തെങ്കിലും സംസാരിക്കാം.''
വര്‍ഷ ആ സംഭാഷണത്തിന് അവിടെ തടയിട്ടു. ലൈറ്റ് ഓഫ് ചെയ്തിട്ട് ജയേഷ് കിടക്കയിലേക്കു ചാഞ്ഞു.
പുലര്‍ച്ചെ എണീറ്റു കുളിച്ചു ഫ്രഷായി. കുളി കഴിഞ്ഞു വന്നു നോക്കിയപ്പോള്‍ ജയേഷ് നല്ല ഉറക്കം. ഉറങ്ങട്ടെ. രാത്രി വൈകിയല്ലേ ഉറങ്ങിയത്. ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്ന് അവള്‍ താഴേക്കു ചെന്നു. അടുക്കളയില്‍ ചായയ്ക്കു വെള്ളം തിളപ്പിക്കുകയായിരുന്നു സൂസമ്മ. വര്‍ഷ സഹായിക്കാനെത്തി.
''ഞാന്‍ ചായ എടുക്കാം അമ്മേ.''
''ആയിക്കോട്ടെ.''
സൂസമ്മ മറ്റു പണിയിലേക്കു നീങ്ങി. വര്‍ഷ തിളച്ച വെള്ളത്തിലേക്കു പാലൊഴിച്ച് ചായപ്പൊടിയിട്ട് ഇളക്കി അരിച്ചെടുത്തു. കപ്പുകളിലേക്കു ചായ പകര്‍ന്ന് പഞ്ചസാരയിട്ടു. ഒരു കപ്പ് എടുത്ത് അവള്‍ അമ്മയ്ക്കു നീട്ടി. കുടിച്ചു നോക്കിയിട്ട് സൂസമ്മ പറഞ്ഞു:
''നന്നായിരിക്കുന്നു മോളേ. അടുക്കളപ്പണിയൊക്കെ പഠിച്ചിട്ടുണ്ട് അല്ലേ?''
''കുറച്ചൊക്കെ.''
''ജയേഷിനു കൊണ്ടെ കൊടുക്ക്.''
ഒരു കപ്പ് ചായ എടുത്തുകൊണ്ടവള്‍ പടികള്‍ കയറി കിടപ്പുമുറിയിലേക്കു പോയി.
ജയേഷിനെ വിളിച്ചുണര്‍ത്തി ചായ കൊടുത്തു. ജയേഷ് ഒരു കവിള്‍ കുടിച്ചു.
''ഞാനുണ്ടാക്കിയതാ. എങ്ങനുണ്ട്.''
''സൂപ്പര്‍.''
''അമ്മയ്ക്കും ഇഷ്ടപ്പെട്ടു.''
''അപ്പം അമ്മയെ വന്നതേ കയ്യിലെടുത്തു, അല്ലേ?'' 
''ഉം.''
ഈ സമയം വര്‍ഷയുടെ ഫോണ്‍ ശബ്ദിച്ചു. എടുത്തു നോക്കിയപ്പോള്‍ വീട്ടില്‍നിന്ന് അമ്മയാണ്. ക്ഷേമാന്വേഷണത്തിനുശേഷം കോള്‍ കട്ട് ചെയ്തു ഫോണ്‍ മേശപ്പുറത്തേക്കു വച്ചിട്ട് വര്‍ഷ പറഞ്ഞു:
  ''ഉച്ചയ്ക്കുമുമ്പേ നമ്മളോട് അങ്ങോട്ടു ചെല്ലണമെന്ന്. പപ്പേടെ സുഹൃത്തുക്കള്‍ക്ക് ഇന്നു വൈകിട്ട് ഒരു പാര്‍ട്ടി അറേഞ്ചു ചെയ്തിട്ടുണ്ട് പപ്പാ. ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് ഉടനെ പോകാം.''
''ഉം.''
ജയേഷ് എണീറ്റുപോയി കുളിച്ചു. എട്ടരയായപ്പോഴേക്കും ബ്രേക്ക് ഫാസ്റ്റ് റെഡി. അപ്പവും മുട്ടക്കറിയുമായിരുന്നു ബ്രേക്ക് ഫാസ്റ്റിന്. എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിഞ്ഞ് കൈകഴുകിയിട്ട് ജയേഷും വര്‍ഷയും മുറിയിലേക്കു പോയി.
''വില കൂടിയ നല്ല ഡ്രസിട്ടു ചെല്ലണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. വൈകിട്ട് ഒരുപാട് ഫ്രണ്ട്‌സ് വരുന്നതാണേ.''
ജയേഷ് ഒന്നും മിണ്ടിയില്ല. അവനുള്ള പാന്റ്‌സും ഷര്‍ട്ടും വര്‍ഷയാണ് സെലക്ട് ചെയ്തത്. മോഡേണ്‍ വേഷത്തില്‍ വര്‍ഷയും അണിഞ്ഞൊരുങ്ങി. മുടി ചീകി പടര്‍ത്തിയിട്ട്, മുഖത്തു പൗഡറും ചുണ്ടില്‍ ലിപ്സ്റ്റിക്കുമിട്ട് ജയേഷിന്റെ മുമ്പില്‍വന്നു നിന്നിട്ട് അവള്‍ ചോദിച്ചു:
''എങ്ങനുണ്ട്?''
''ഇത്തിരി സെക്‌സിയായിപ്പോയി. അമ്മയ്ക്കിതൊന്നും ഇഷ്ടമാവില്ല.''
''ഓ... പിന്നേ. അമ്മേടെ ഇഷ്ടംമാത്രം നോക്കി ജീവിക്കാന്‍ പറ്റുമോ? ഇപ്പഴത്തെ ട്രെന്‍ഡിന് അനുസരിച്ചുവേണം നമ്മളും ജീവിക്കാന്‍.'' 
ജയേഷ് ഒന്നും മിണ്ടിയില്ല. വേഷം മാറിയിട്ട് രണ്ടുപേരും താഴേക്ക് ഇറങ്ങിച്ചെന്നു. ഒറ്റനോട്ടത്തില്‍  സൂസമ്മയ്ക്ക് വര്‍ഷയുടെ വസ്ത്രധാരണം ഇഷ്ടപ്പെട്ടില്ല. എങ്കിലും മുഖത്ത് ആ ഇഷ്ടക്കേട് പ്രകടിപ്പിച്ചില്ല. സാവധാനം എല്ലാം പറഞ്ഞു മനസ്സിലാക്കി നേരേയാക്കാമെന്ന് അവര്‍ ചിന്തിച്ചു. നല്ല സ്‌നേഹമുള്ള പെണ്ണാണല്ലോ. താന്‍ പറഞ്ഞാല്‍ കേള്‍ക്കും.
''പോട്ടെ അമ്മേ...?''
അമ്മയുടെ കരം പിടിച്ചു വര്‍ഷ യാത്ര ചോദിച്ചു.
''ഉം.'' നാളെയിങ്ങു വരില്ലേ?''
''വരും.... അമ്മേ...''
കെട്ടിപ്പിടിച്ച് ഒരു മുത്തം നല്‍കിയിട്ടാണ് വര്‍ഷ വെളിയിലേക്കിറങ്ങിയത്. എത്ര നല്ല മരുമകള്‍ എന്നോര്‍ത്തു സൂസമ്മ. സ്വന്തം മകള്‍ക്കുപോലുമില്ല ഇത്രയും സ്‌നേഹം. 
രണ്ടുപേരും കാറില്‍ കയറുന്നതും കാര്‍ സ്റ്റാര്‍ട്ടായി ഗേറ്റുകടന്നു പോകുന്നതും സൂസമ്മ സിറ്റൗട്ടില്‍ സാകൂതം നോക്കി നിന്നു.
ഏറ്റുമാനൂരാണ് വര്‍ഷയുടെ വീട്. പിതാവ് അലക്‌സിന്, വീടും ഷോപ്പിങ് കോപ്ലക്‌സുമൊക്കെ പണിതു കൊടുക്കുന്ന കോണ്‍ട്രാക്റ്റ് വര്‍ക്കാണ്. അമ്മ ഷൈനി ബ്യൂട്ടീഷ്യനാണ്. ഒരനിയത്തിയുണ്ട്. ലിയ. അവള്‍ ബി ടെക്കിനു പഠിക്കുന്നു.
ഉച്ചയ്ക്കുമുമ്പേ ജയേഷിന്റെ കാര്‍ അലക്‌സിന്റെ വീട്ടിലെത്തി. അലക്‌സും ഭാര്യ ഷൈനിയും കാത്തിരിക്കുകയായിരുന്നു. രണ്ടുപേരും ഇറങ്ങി വന്ന് ജയേഷിന്റെ കൈപിടിച്ച് അകത്തേക്കു കൂട്ടിക്കൊണ്ടുപോയി.
ഉച്ചയൂണിന് ഒരുപാട് വിഭവങ്ങള്‍ ഉണ്ടായിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അലക്‌സ് പറഞ്ഞു:
''വൈകിട്ട് എന്റ ചില സുഹൃത്തുക്കള്‍ വരും. കല്യാണത്തിനു വരാന്‍ പറ്റാതിരുന്നവരാ. എന്റെ ബിസിനസ് പാര്‍ട്‌ണേഴ്‌സും കസ്റ്റമേഴ്‌സുമൊക്കെയാ. വല്യവല്യ ആള്‍ക്കാരാ. രണ്ടുപേരും നന്നായി ഡ്രസ് ധരിച്ച് ടിപ്‌ടോപ്പിലിരുന്നേക്കണം.''
ആജ്ഞപോലെയായിരുന്നു അലക്‌സിന്റെ സംസാരം. ജയേഷിന് അത് ഒട്ടും ഇഷ്ടമായില്ല. എങ്കിലും തിരിച്ചൊന്നും പറഞ്ഞില്ല. അലക്‌സിന് ഇത്തിരി തലക്കനം കൂടുതലാണെന്നു തോന്നി. സ്വത്തു കൂടുതലുണ്ടെന്നുള്ള അഹങ്കാരമായിരിക്കും.
ഊണുകഴിഞ്ഞു വര്‍ഷ ജയേഷിനെ വിളിച്ചുകൊണ്ട് മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലേക്കു പോയി. വാതിലടച്ച് തഴുതിട്ടിട്ട് ജയേഷ് തിരിഞ്ഞു വര്‍ഷയോടു പറഞ്ഞു: 
''നിന്റെ പപ്പേടെ സംസാരം കേട്ടായിരുന്നോ? വൈകിട്ട് വിഐപികള് വരുമ്പം നന്നായിട്ട് ഡ്രസ് ധരിച്ചു ടിപ്‌ടോപ്പായി നിന്നേക്കണമെന്ന്. ഞാനെന്താ ഇവിടെ തുണിയില്ലാതെയാണോ നില്‍ക്കുന്നത്!''
''പപ്പ അങ്ങനല്ല ഉദ്ദേശിച്ചത്. ഇത്തിരി വിലകൂടിയ ഡ്രസൊക്കെ ധരിച്ച് പൗഡറൊക്കെ ഇട്ട് സെന്റും പൂശി നിക്കണോന്നേ ഉദ്ദേശിച്ചുള്ളൂ. അതെന്നോടും കൂടിയാ പറഞ്ഞത്. നമ്മളു മോശമായിട്ടു നിന്നാല്‍ പപ്പയ്ക്കല്ലേ അതിന്റെ നാണക്കേട്?''
''നിന്റെ പപ്പയ്ക്കിത്തിരി തലക്കനം കൂടുതലാ. സംസാരത്തില്‍ അതറിയാം.''
''പപ്പ അങ്ങനാ. അതു ജന്മനാ ഒള്ള സ്വഭാവമാ. എന്നോടും അങ്ങനാ. അതു കാര്യായിട്ടെടുക്കണ്ട. ദേ... നല്ലൊരു ദിവസായിട്ട് മൂഡോഫ് ആകണ്ട. സന്തോഷായിട്ടിരിക്ക്. പപ്പയോടു ഞാന്‍ പറഞ്ഞോളാം.''
വര്‍ഷ അടുത്തുവന്നിരുന്ന് ചേര്‍ത്തുപിടിച്ച് ഒരു മുത്തം നല്‍കി. ആ സ്‌നേഹചുംബനത്തില്‍ ജയേഷിന്റെ ദേഷ്യം അലിഞ്ഞില്ലാതെയായി. രണ്ടുപേരും ചേര്‍ന്നുകിടന്ന് കുശലം പറഞ്ഞ് ഉറങ്ങി.
നാലരയ്ക്ക് എണീറ്റ് ചായ കഴിച്ചു. പിന്നെ പോയി കുളിച്ചു. കുളി കഴിഞ്ഞു വന്നു ഡ്രസ് ധരിച്ചു. പപ്പയുടെ ആഗ്രഹത്തിനൊത്തവിധം വേഷം ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു വര്‍ഷ. ജയേഷിനെ ധരിപ്പിക്കാനും മറന്നില്ല.
ആറുമണിയായപ്പോള്‍ അതിഥികള്‍ ഓരോരുത്തരായി എത്തിത്തുടങ്ങി. ഫാമിലിയായിട്ടായിരുന്നു മിക്കവരും വന്നത്. വന്നവരെല്ലാം നവദമ്പതികള്‍ക്ക് ഹസ്തദാനം നല്‍കി വിവാഹാശംസകള്‍ നേര്‍ന്നു. ഏഴുമണിയായപ്പോഴേക്കും ഫുഡ് കൗണ്ടര്‍ ഓപ്പണ്‍ ചെയ്തു. വീടിന്റെ മട്ടുപ്പാവിലായിരുന്നു ഭക്ഷണം. ചിരിയും തമാശകളുമായി ശബ്ദമുഖരിതമായിരുന്നു മട്ടുപ്പാവ്.
മട്ടുപ്പാവിന്റെ ഒരു കോണില്‍ മദ്യക്കുപ്പികളും ബിയര്‍ കുപ്പികളും പൊട്ടി. വന്നവരെല്ലാം ഗ്ലാസില്‍ പകര്‍ന്നു വച്ചിരിക്കുന്ന മദ്യമെടുത്തു കുടിക്കുന്നതു ജയേഷ് കൗതുകത്തോടെ നോക്കിനിന്നു. ഒളിയും മറയുമില്ലാതെ സ്ത്രീകളും അതെടുത്തു കുടിക്കുന്നുണ്ടായിരുന്നു. മദ്യം അകത്തുചെന്നപ്പോള്‍ പലരുടെയും സംസാരം ഉച്ചത്തിലായി. വാക്കുകള്‍ കുഴഞ്ഞു. ജയേഷിന് അരോചകമായി തോന്നി അവരുടെ പരിചയപ്പെടലും സ്‌നേഹപ്രകടനവും.
വര്‍ഷ ഓടിനടന്ന് എല്ലാവരോടും കുശലം പറയുകയായിരുന്നു. തെല്ലു കഴിഞ്ഞപ്പോള്‍ ഒരു ഗ്ലാസില്‍ മദ്യവുമായി അവള്‍ ജയേഷിന്റെ അടുക്കല്‍ വന്നു.
''സ്‌കോച്ചാ. കഴിച്ചോ.''
ഗ്ലാസ് അവള്‍ ജയേഷിന്റെ നേരേ നീട്ടി.
''വേണ്ട വേണ്ട. ഞാനിതുവരെ മദ്യം കഴിച്ചിട്ടില്ല.''
''അതദ്ഭുതമാണല്ലോ... ഇപ്പഴത്തെ കാലത്ത് ഇത്തിരി കഴിക്കാത്ത ആമ്പിള്ളേരുണ്ടോ? വല്ലപ്പഴുമല്ലേയുള്ളൂ. ഇതു കഴിച്ചോ. ഇറക്കിവിടാന്‍ ബുദ്ധിമുട്ടുള്ള സാധനമൊന്നുമല്ല. ഞാന്‍ ഒരു പെഗ് കഴിച്ചു.''
''വര്‍ഷ മദ്യം കഴിക്കുമോ?''
''പിന്നെ. വീട്ടില്‍ അമ്മ ഉള്‍പ്പെടെ എല്ലാരും കഴിക്കും. ക്രിസ്മസിനും ഈസ്റ്ററിനും ഇതുപോലുള്ള ആഘോഷങ്ങള്‍ക്കുമൊക്കെ. ഞങ്ങള്‍ക്കൊഴിച്ചു തരുന്നതുതന്നെ പപ്പയാ. ഞങ്ങള്‍ ഇതൊരു ശീലമാക്കില്ലെന്നു പപ്പയ്ക്കറിയാം. ഞാന്‍ ഹോസ്റ്റലില്‍ താമസിക്കുമ്പം എന്റെ റൂംമേറ്റ്‌സ് എല്ലാരും കഴിക്കുമായിരുന്നു. ഇതു കഴിച്ചുകഴിയുമ്പം ഒരു പ്രത്യേക സുഖമാ. ഒരു പെഗ്ഗൊന്നു കഴിച്ചു നോക്കിക്കേ. അപ്പം അറിയാം.''
''വേണ്ട. ഞാന്‍ അമ്മയ്ക്കു വാക്ക് കൊടുത്തിട്ടുണ്ട് ഒരിക്കലും മദ്യം കഴിക്കില്ലാന്ന്.''
''അമ്മ ഒന്നും അറിയില്ലെന്നേ. ഇന്നു നമ്മള്‍ ഇവിടല്ലേ കിടക്കുന്നത്. പിന്നെന്താ? ഇതങ്ങു പിടിക്ക്.''
വര്‍ഷ നിര്‍ബന്ധിച്ച് ഗ്ലാസ് ജയേഷിന്റെ കൈയിലേക്കു പിടിപ്പിച്ചു. ഗ്ലാസ് കൈയില്‍പ്പിടിച്ച് ജയേഷ് വെറുതെ നില്‍ക്കുന്നതു കണ്ടപ്പോള്‍ വര്‍ഷ പറഞ്ഞു:
''ഇങ്ങനെയുമുണ്ടോ ആണുങ്ങള്‍? എനിക്കുള്ളത്ര തന്റേടം പോലും ജയേഷിനില്ലേ? അതങ്ങു കഴിക്ക്.''
മനസ്സില്ലാമനസ്സോടെ ജയേഷ് ഗ്ലാസ് ചുണ്ടോട് അടുപ്പിച്ച്, ഒറ്റവലിക്ക് അത് അകത്താക്കി.
''ഒരു പെഗുകൂടി കൊണ്ടുവരട്ടേ?'' 
''വേണ്ട വേണ്ട.'' അവന്‍ ഗ്ലാസ് തിരികെക്കൊടുത്തിട്ട് ചുണ്ടുകള്‍ തുടച്ചു.
''ഞാനൊരു പെഗുകൂടി കഴിക്കാന്‍ പോവ്വാ.''
മറുപടിക്കു കാത്തുനില്‍ക്കാതെ വര്‍ഷ വേഗം തിരിഞ്ഞുനടന്നു.
തെല്ലുകഴിഞ്ഞപ്പോള്‍ ജയേഷിന് അവിടമെല്ലാം കറങ്ങുന്നപോലെ തോന്നി. ഒരു കസേരയില്‍ പോയി ഇരുന്നു അവന്‍. വര്‍ഷ ഭക്ഷണം എടുത്തുകൊണ്ടുവന്നു കൊടുത്തു. ഒരുവിധത്തില്‍ ഭക്ഷണംകഴിച്ച് കൈ കഴുകിയിട്ട് ജയേഷ് പറഞ്ഞു:
''തലയ്ക്ക് ഒരസ്വസ്ഥത. ഞാന്‍ മുറിയിലേക്കു പോക്വാ. എല്ലാം കഴിയുമ്പം വര്‍ഷ അങ്ങോട്ടു വന്നേരെ.''
''ആദ്യായതുകൊണ്ടാ ഈ പ്രശ്‌നം. എനിക്കൊരു കുഴപ്പവുമില്ലാട്ടോ. ങ്ഹാ... ഞാന്‍ കൊണ്ടാക്കണോ?''
''വേണ്ട. ഇവിടുത്തെ പരിപാടി എല്ലാം കഴിഞ്ഞങ്ങു വന്നാ മതി.'' തെല്ലു ദേഷ്യത്തോടെയാണവനതുപറഞ്ഞത്. എണീറ്റ് സാവധാനം നടന്ന് അവന്‍ പടികളിറങ്ങി കിടപ്പുമുറിയിലേക്കു പോയി.
പാര്‍ട്ടി കഴിഞ്ഞ് വര്‍ഷ മുറിയില്‍ ചെന്നപ്പോള്‍ ജയേഷ് നല്ല ഉറക്കമായിരുന്നു. ''ജയേഷേ...'' കുലുക്കി വിളിച്ചു.
മദ്യത്തിന്റെ ലഹരിയില്‍ അവളുടെ വാക്കുകള്‍ കുഴഞ്ഞിരുന്നു. 

(തുടരും)

Login log record inserted successfully!