ജൂലൈ 21 കൈത്താക്കാലം മൂന്നാം ഞായര്‍
റൂത്ത് 1:6-18 പ്രഭാ 33:7-13
റോമാ 12:3-8 ലൂക്കാ 10:38-42
''സന്തോഷത്തോടെ കര്‍ത്താവിനു ശുശ്രൂഷ ചെയ്യുവിന്‍; ഗാനാലാപത്തോടെ അവിടുത്തെ സന്നിധിയില്‍ വരുവിന്‍'' (സങ്കീ. 100:2). ''കര്‍ത്താവിനു പ്രീതികരമായി ശുശ്രൂഷ ചെയ്യുന്നവന്‍ സ്വീകാര്യനാണ്. അവന്റെ പ്രാര്‍ഥന മേഘങ്ങളോളം എത്തുന്നു'' (പ്രഭാ. 35:20). കൈത്താക്കാലം മൂന്നാം ഞായറിലെ വായനകളെല്ലാം ''ശുശ്രൂഷ''കളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്. വിശ്വസ്തതയോടെയുള്ള ശുശ്രൂഷയും ശുശ്രൂഷകളിലെ വൈവിധ്യങ്ങളും ശുശ്രൂഷയുടെ പ്രാധാന്യവുമെല്ലാം ഇന്നത്തെ വായനകളിലെ പ്രധാന പ്രമേയങ്ങളാണ്.
ഒന്നാം വായനയില്‍ (റൂത്ത് 1:6-18) തന്റെ ഭര്‍ത്താവിന്റെയും മക്കളുടെയും വേര്‍പാടിനുശേഷം മരുമക്കളോടു കരുതലോടെ ഇടപെടുന്ന നവോമിയെക്കുറിച്ചും; രണ്ടാം വായനയില്‍ (പ്രഭാ. 33:7-13) ദൈവത്തില്‍ ആശ്രയിച്ചു ജീവിക്കുന്നവന്‍ തന്റെ വ്യത്യസ്തമായ ദൗത്യങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുമെന്നതിനെക്കുറിച്ചും; മൂന്നാം വായനയില്‍ (12:3-8) സഭാമക്കള്‍ വ്യത്യസ്തങ്ങളായ ശുശ്രൂഷകള്‍ നിര്‍വഹിക്കുന്നതിനെക്കുറിച്ചും; നാലാം വായനയില്‍ (ലൂക്കാ 10:38-42) വ്യത്യസ്തങ്ങളായ ശുശ്രൂഷകള്‍ നിര്‍വഹിക്കുന്ന മര്‍ത്തായെയും മറിയത്തെയുംകുറിച്ചും നാം ധ്യാനിക്കുന്നു.
റൂത്ത് 1:6-18: ബെത്‌ലഹേംകാരനായ എലിമെലേക്ക് എന്ന ഇസ്രയേല്‍ക്കാരന്റെ ഭാര്യ നവോമിയും അവളുടെ മരുമക്കളായ ഓര്‍ഫായും റൂത്തും തമ്മില്‍ നടത്തുന്ന സംഭാഷണമാണ് ഒന്നാം വായനയുടെ പശ്ചാത്തലം. ഭര്‍ത്താവു നഷ്ടപ്പെട്ട നവോമിയും വിധവകളായിത്തീര്‍ന്ന തന്റെ മരുമക്കളും (ഓര്‍ഫ, റൂത്ത്) തമ്മില്‍ ഭാവിയെക്കുറിച്ചു സംസാരിക്കുകയാണിവിടെ. തന്റെ മക്കളായ മഹ്‌ലോനും കിലിയോനും മരണപ്പെട്ടുവെങ്കിലും തന്റെ മരുമക്കള്‍ക്ക് ഒരു കുറവും ഉണ്ടാകരുതെന്നും അവര്‍ സന്തോഷത്തോടെ ജീവിക്കണമെന്നും ആഗ്രഹിച്ച, അവര്‍ക്കുവേണ്ടി കരുതലോടെ പ്രവര്‍ത്തിക്കുന്ന ഒരമ്മയാണ് നവോമി.
ഭര്‍ത്താവിന്റെ മരണശേഷം നവോമി മൊവാബില്‍നിന്നു ബെത്‌ലഹേമിലേക്കു തിരികെപ്പോകാനൊരുങ്ങി (6:1). ബെത്‌ലഹേം അപ്പത്തിന്റെ ഭവനമാണ്. അവിടെ തന്റെ ജനത്തെ കര്‍ത്താവു ഭക്ഷണം നല്‍കി അനുഗ്രഹിക്കുന്നുവെന്നു കേട്ടാണ് നവോമി മരുമക്കളുടെകൂടെ അവിടേക്കു യാത്രയാകാന്‍ തയ്യാറായത്. കര്‍ത്താവിലുള്ള നവോമിയുടെ ഉറച്ച വിശ്വാസമാണ് ഈ പ്രവൃത്തിയുടെ ആധാരം. തന്റെ മരുമക്കള്‍ക്കു 'ദൈവാനുഗ്രഹം' കിട്ടുമെന്ന ആഗ്രഹമാണ് ഇതിനു പിന്നിലുള്ളത്. നവോമി എന്ന നന്മ നിറഞ്ഞ ഹൃദയത്തിന്റെ പ്രതിഫലനമാണ് ഈ വാക്കുകളില്‍ നിഴലിക്കുന്നത്.
'കര്‍ത്താവു നിങ്ങളോടു കരുണ കാണിക്കട്ടെ' (1:8). അമ്മയുടെ പ്രാര്‍ഥനയാണിത്. ഹീബ്രുഭാഷയിലെ 'ഹെസെദ്' (hesed) എന്ന പദമാണിവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈ വാക്കിന്റെ അര്‍ഥം "loving, kindness, mercy’ എന്നൊക്കെയാണ്. മാനുഷികമായ തന്റെ ശക്തിക്ക് അവരെ രക്ഷിക്കാന്‍ പരിമിതിയുണ്ടെന്ന തിരിച്ചറിവില്‍നിന്നുകൊണ്ടാണ് 'ദൈവകരുണ'യില്‍ ഈ അമ്മ അഭയം തേടുന്നത്. 'കര്‍ത്താവു നിങ്ങളെ അനുഗ്രഹിക്കട്ടെ' (1:9) എന്നു പറഞ്ഞ് ഈ അമ്മ അവരെ ചുംബിച്ചു. 'ചുംബനം' കലര്‍പ്പില്ലാത്ത സ്‌നേഹത്തിന്റെ അടയാളമാണ്.
ഈ അമ്മയുടെ വലിയ സ്‌നേഹത്തിനും കരുതലിനുമുള്ള ഭാവാത്മകമായ പ്രത്യുത്തരമാണ് മരുമക്കളുടെ മറുപടികളില്‍ വ്യക്തമാകുന്നത്. ''ഞങ്ങള്‍ പോകുന്നില്ല. അമ്മയുടെ ആളുകളുടെ അടുക്കലേക്കു ഞങ്ങളും വരുന്നു''(1:10). സ്‌നേഹനിധിയായ ഒരമ്മയെ മരുമക്കള്‍ക്ക് എങ്ങനെ ഉപേക്ഷിക്കാനാകും; ഒരിക്കലും സാധ്യമല്ല. മരുമകളായ റൂത്തിന്റെ മറുപടി ശ്രദ്ധേയമാണ്: ''അമ്മയെ ഉപേക്ഷിക്കാനോ കൂടെപ്പോരാതിരിക്കാനോ എന്നോടു പറയരുത്. അമ്മ പോകുന്നിടത്ത് ഞാനും വരും.'' ഇത് ഒരു പൊള്ളയായ വാക്കല്ല; മറിച്ച്, ആത്മാര്‍ഥമായ സ്‌നേഹത്തിന്റെ, കരുതലിന്റെ പ്രതികരണമാണ്.
പ്രഭാഷകന്‍ 33:7-13: പ്രഭാഷകന്റെ പുസ്തകത്തില്‍ ജ്ഞാനത്തിന്റെ ദര്‍ശനങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. വിവേകത്തിന്റെയും വിശുദ്ധിയുടെയും ചിന്തകളാണ് ഇതില്‍ നിറഞ്ഞിരിക്കുന്നത്. ദൈവഭക്തിയില്‍ വ്യാപരിക്കുന്ന ഒരുവന്റെ ജീവിതത്തോടു ബന്ധപ്പെട്ട ദര്‍ശനങ്ങളാണ് ഇന്നത്തെ വായനയില്‍ നാം ശ്രവിക്കുന്നത്. ദൈവത്തോടു ചേര്‍ന്നുനില്‍ക്കുന്നവന്‍ അവിടുന്ന് ഏല്പിച്ചിരിക്കുന്ന നിയോഗങ്ങള്‍ക്കനുസരിച്ചു ജീവിതത്തില്‍ വ്യാപരിക്കും.
ഓരോന്നിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്തിമമായ തീരുമാനം കര്‍ത്താവിന്റേതാണ്. ''ഋതുക്കളും ഉത്സവങ്ങളും നിര്‍ണയിക്കുന്നത് അവിടുന്നാണ്.'' ''കര്‍ത്താവിന്റെ നിശ്ചയമനുസരിച്ചാണ് അവ വ്യത്യസ്തമാകുന്നത്.'' സ്രഷ്ടാവായ ദൈവം തന്റെ ഇഷ്ടമനുസരിച്ചാണ് ഓരോന്നും സൃഷ്ടിച്ചിരിക്കുന്നത്. ഗ്രീക്കുഭാഷയില്‍ 'ഏന്‍ ഗ്‌നോസെയ് കിരിയൂ' (en gnosei kyriou) എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ അര്‍ഥം "by the Lord’s wisdom’ എന്നാണ്. ദൈവം തന്റെ ജ്ഞാനത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നു. ഓരോരുത്തരും അവരവരുടെ നിയോഗം മനസ്സിലാക്കി ജീവിക്കുക. അതാണ് പ്രഭാഷകന്റെ ആഹ്വാനവും.
ഓരോരുത്തര്‍ക്കും വ്യത്യസ്തങ്ങളായ മാര്‍ഗങ്ങളുണ്ട്: the Lord appointed their different ways (33:11) എന്നതിന്റെ അര്‍ഥം ഓരോ വ്യക്തിക്കും ജീവിതവഴികള്‍ ഉണ്ടെന്നുള്ളതാണ്. അവിടുത്തെ വഴികളില്‍ ചരിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും എന്തുതരത്തിലുള്ള പ്രതിഫലമായിരിക്കും ലഭിക്കുകയെന്നും ഇവിടെ പ്രതിപാദിക്കുന്നുണ്ട്. അനുഗ്രഹവും ശാപവും ഓരോരുത്തരുടെയും ജീവിതത്തിനനുസരിച്ചു ലഭിക്കുന്ന സമ്മാനമാണ്.
ഓരോരുത്തരെയും ദൈവം വ്യത്യസ്തരാക്കിയാണു സൃഷ്ടിച്ചിരിക്കുന്നതെന്ന സത്യം 'കുശവന്റെ കൈയിലെ കളിമണ്ണ്' എന്ന പ്രതീകത്തിലൂടെ ഇവിടെ അവതരിപ്പിക്കുന്നുണ്ട്. കുശവന്‍ തന്റെ ഇഷ്ടമനുസരിച്ചു പാത്രങ്ങള്‍ നിര്‍മിക്കുന്നതുപോലെ സ്രഷ്ടാവായ ദൈവം തന്റെ ഇഷ്ടമനുസരിച്ച് ഓരോന്നും നിര്‍മിക്കുന്നു.
റോമാ: 12:38: റോമാസഭയിലെ വിശ്വാസിസമൂഹം തങ്ങളുടെ ക്രിസ്തീയശുശ്രൂഷയില്‍ 'എങ്ങനെ ചരിക്കണം' എന്നതിനെക്കുറിച്ചുള്ള ധാര്‍മികപ്രബോധനത്തിന്റെ ഭാഗമാണ് ഈ വചനഭാഗം. സഭയിലെ കൂട്ടായ്മയില്‍ വരദാനങ്ങളുമായി ബന്ധപ്പെട്ടു രൂപപ്പെട്ട ചില ഭിന്നതകളുടെ പശ്ചാത്തലത്തില്‍ക്കൂടിയാണ് പൗലോസ്ശ്ലീഹാ ഈ ധാര്‍മികചിന്തകള്‍ അവതരിപ്പിക്കുന്നത് (1 കോറി. 12:1-27).
താന്‍ ദൈവത്താല്‍ വിളിക്കപ്പെട്ടവനാണെന്നും, ആ ദൈവകൃപയുടെ ശക്തിയില്‍നിന്നാണ് താന്‍ ഈ പ്രബോധനം നല്‍കുന്നതെന്നും പ്രാരംഭത്തില്‍ത്തന്നെ പൗലോസ് സൂചിപ്പിക്കുന്നുണ്ട്. മൂന്നാം വാക്യത്തിലെ '"by the grace given to me’ എന്ന ശൈലീപ്രയോഗം പൗലോസിന്റെ ശുശ്രൂഷ 'കൃപ' നിറഞ്ഞതാണെന്നു വ്യക്തമാക്കുന്നു. ഗ്രീക്കുഭാഷയിലെ 'ഖാരിസ്' (charis) എന്ന പദത്തിന്റെ അര്‍ഥം "graciousness’ എന്നാണ്. ഇതു ദൈവം നല്‍കുന്ന ദാനമാണ്. ശുശ്രൂഷകര്‍ 'കൃപ' നിറഞ്ഞവരാകണം. അവരുടെ പ്രവര്‍ത്തനങ്ങള്‍ അനുഗ്രഹദായകമാകുകയും വേണം.
ക്രിസ്തുവിന്റെ ശരീരം എന്ന മനോഹരമായ ഒരു പ്രതീകത്തിലൂടെയാണ് പൗലോസ് സഭയെ വര്‍ണിക്കുന്നത്. സഭ ക്രിസ്തുവിലാണ് എന്ന ആശയമാണ് റോമാലേഖനത്തില്‍ കൂടുതലായി പ്രതിഫലിക്കുന്നത്.‘We are one body in Christ’- നാം ക്രിസ്തുവില്‍ ഏകശരീരമാണ് എന്ന പ്രസ്താവന പൗലോസിന്റെ ദൈവശാസ്ത്രദര്‍ശനങ്ങളില്‍ ഒന്നാണ്. മാമ്മോദീസായിലൂടെ നാമെല്ലാവരും ഒരു സഭയായിരിക്കുന്നത് ഈശോമിശിഹായിലാണ്. ഗ്രീക്കിലെ 'ഏന്‍ ക്രിസ്‌തോ' എന്ന പ്രയോഗം ഒരു മിസ്റ്റിക്കല്‍ കാഴ്ചപ്പാടാണ്.
പരിശുദ്ധ റൂഹാ ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്ന വരങ്ങള്‍ക്കനുസൃതമായിട്ടായിരിക്കണം ക്രിസ്തീയവിശ്വാസികള്‍ പ്രവര്‍ത്തിക്കേണ്ടത്. പ്രവചനവരം, ശുശ്രൂഷാവരം, പ്രബോധനവരം, ഉപദേശവരം, ദാനം, നേതൃത്വം, കരുണ തുടങ്ങിയവ ലഭിച്ചവര്‍ 'വിശ്വാസത്തിനു ചേര്‍ന്നവിധ'മാണു പ്രവര്‍ത്തിക്കേണ്ടത്. ഇതു ബാഹ്യമായ ഒരു പ്രകടനമല്ല; വിശ്വാസത്തിന്റെ പ്രവര്‍ത്തനമാണ്.
ലൂക്കാ: 10:38-42: ഈശോയെ ഏറെ സ്‌നേഹിച്ചിരുന്ന, ഈശോ ഏറെ കരുതല്‍ നല്‍കിയിരുന്ന ഒരു കുടുംബത്തിന്റെ വിശേഷങ്ങളാണ് ഈ വചനഭാഗത്തു നാം ശ്രവിക്കുന്നത്: 'ഇതു മര്‍ത്തായുടെയും മറിയത്തിന്റെയും ഭവനമാണ്.' 'മര്‍ത്ത' എന്ന വാക്കിന് കുടുംബനാഥ എന്ന അര്‍ഥമുണ്ട്. 'മറിയം' എന്ന പേരിനു വൈശിഷ്ട്യം എന്ന അര്‍ഥവുമുണ്ട്. അവരുടെ പേരുകള്‍ അവരുടെ ജീവിതനിയോഗത്തിലേക്കുള്ള ഒരു ചൂണ്ടുപലകയാണ്.
മര്‍ത്താ, കുടുംബനാഥ എന്ന നിലയില്‍ അതിഥിസത്കാരത്തില്‍ ജാഗ്രത പുലര്‍ത്തിയിരുന്നവളാണ്. മര്‍ത്തായാണ് ഈശോയെ സ്വഭവനത്തില്‍ സ്വീകരിച്ചത് (10:38). ഹ്യൂപോദേഖോമായ് (hypodechomai) എന്ന ഗ്രീക്കുപദത്തിന്റെ അര്‍ഥം 'സ്വാഗതം ചെയ്യുക' എന്നാണ്. മര്‍ത്തായുടെ മനസ്സിന്റെ വാതിലുകള്‍ തുറന്നിരുന്നതിനാലാണ് അവള്‍ ഈശോയ്ക്ക് തന്റെ വീടിന്റെ വാതിലുകള്‍ തുറന്നുനല്‍കിയത്. ഈശോയ്ക്കു സ്വാഗതമരുളുകവഴി അവള്‍ ശ്രേഷ്ഠമായ ഒരു പ്രവൃത്തിയാണു ചെയ്തത്.
മര്‍ത്തായുടെ ജീവിതത്തിന്റെ പോരായ്മ അവള്‍ "distracted' ആയിരുന്നു എന്നതാണ്. ഗ്രീക്കുഭാഷയിലെ 'പെരിസ്പാഓ'(perispao)എന്ന ക്രിയാപദമാണിവിടെ ഉപയോഗിച്ചിരിക്കുന്നത്. യഥാര്‍ഥത്തില്‍ ശ്രദ്ധ കൊടുക്കേണ്ട കാര്യത്തില്‍നിന്നു വ്യതിചലിച്ച് ഇതരകാര്യങ്ങളിലേക്കു ശ്രദ്ധ പോകുമ്പോഴുള്ള ആകുലതയാണിത്. 41-ാം വാക്യത്തില്‍ മര്‍ത്തായോട് ഈശോ പറയുന്നത് ഇതുതന്നെയാണ്: anxiety and disturbance. പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥതയുമായിരുന്നതിനാല്‍ അവളില്‍ രൂപപ്പെട്ട ഒരു ഡിസോര്‍ഡര്‍ ആണ് മര്‍ത്തായുടെ പ്രശ്‌നം.
മറിയത്തിന്റെ ശുശ്രൂഷ വളരെ 'focused’ ആയിരുന്നു: വചനം കേട്ടുകൊണ്ട് ഈശോയുടെ പാദങ്ങളില്‍ ഇരുന്നു. മറിയത്തിന്റെ ശ്രദ്ധ ഈശോയിലേക്കു മാത്രമായിരുന്നു. അത് അവളുടെ ജീവിതത്തിന് ഒരു ക്രമം നല്‍കി.