പതിനെട്ടാം ലോകസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ സത്യപ്രതിജ്ഞ കഴിഞ്ഞു. കേരളത്തില്‍നിന്നുള്ള മിക്ക എം.പിമാരും മലയാളത്തിലാണു സത്യപ്രതിജ്ഞ ഏറ്റുചൊല്ലിയത്. ദൈവങ്ങളെ പ്രാര്‍ഥിച്ച് തൃശൂര്‍ എം.പി. സുരേഷ് ഗോപി മലയാളത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി. ഷര്‍ട്ടും മുണ്ടുമായിരുന്നു വേഷം. മലയാളത്തനിമ നിറഞ്ഞ ശരീരഭാഷ. മറ്റു ഭാഷകള്‍ വശമില്ലാത്തതുകൊണ്ടല്ല സുരേഷ് ഗോപി മലയാളഭാഷ തിരഞ്ഞെടുത്തത്. അദ്ദേഹത്തിന് ഇംഗ്ലീഷും ഹിന്ദിയും തമിഴുമൊക്കെ വഴങ്ങും. എന്നിട്ടും മലയാളം തിരഞ്ഞെടുത്തത് മലയാളഭാഷയോടും കേരളജനതയോടുമുള്ള ആദരവുകൊണ്ടാണ്. സുരേഷ് ഗോപിയെപ്പോലെ സെലിബ്രിറ്റിയായ ഒരു ജനനേതാവ് മലയാളത്തില്‍ തന്റെ ഉത്തരവാദിത്വനിര്‍വഹണത്തിനുള്ള ചുമതല ഏറ്റെടുത്തപ്പോള്‍ രാജ്യം മുഴുവന്‍ അതു ശ്രദ്ധിക്കുകയും കേരളീയര്‍ക്കും മലയാള ഭാഷയ്ക്കും അത് അഭിമാനമായിത്തീരുകയും ചെയ്തു.
പണ്ടൊക്കെ ജനം വോട്ടു ചെയ്തിരുന്നത് പാര്‍ട്ടിക്കാണ്. അതുകൊണ്ട്, പാര്‍ട്ടി ആരെ സ്ഥാനാര്‍ഥിയാക്കിയാലും അവര്‍ ജയിച്ചിരുന്നു. എന്നാലിന്ന് കേഡര്‍ പാര്‍ട്ടികളില്‍പ്പോലും വ്യക്തിഗുണങ്ങള്‍കൂടി കണക്കിലെടുത്താണ് വോട്ടുചെയ്യുന്നത്. അതുകൊണ്ടാണ്, എല്ലാ പാര്‍ട്ടികളും ജനപ്രിയരും ജയസാധ്യതയുള്ളവരും പ്രഗല്ഭരുമായവരെ സ്ഥാനാര്‍ഥികളാക്കുന്നത്. അവരുടെ വ്യക്തിത്വത്തിന്റെ മികവും ജനങ്ങളോടുള്ള പ്രതിബദ്ധതയും വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും വിലയിരുത്തപ്പെടും. ചടങ്ങിന് ഒരു നേതാവിനെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ല.
ജനപ്രതിനിധികള്‍ നല്ല പഠിപ്പുള്ളവരായിരുന്നാല്‍ മാത്രംപോരാ, അവര്‍ എന്നും പഠിച്ചുകൊണ്ടിരിക്കുന്നവരുമാകണം. ഉദ്യോഗസ്ഥരുമായും മാധ്യമപ്രവര്‍ത്തകരുമായും നിരന്തരം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരാണ് ജനപ്രതിനിധികള്‍. നേതാവിന്റെ അകവും പുറവും അവര്‍ പരിശോധിക്കും. സോഷ്യല്‍ ഓഡിറ്റിനു വിധേയനാകുന്ന നേതാവ് ഈടുള്ളവനും നെറിവുള്ളവനുമായിരിക്കണം. മടിയില്‍ കനമില്ലെന്ന പൊള്ളവാക്കുകളെ അവര്‍ വിശ്വസിക്കുകയില്ല. നേതാവിന് അണികളെക്കാള്‍ അറിവും ആധികാരികതയുമില്ലെങ്കില്‍ ആത്മവിശ്വാസത്തോടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനാവുകയില്ല. വെറും വാചകക്കസര്‍ത്തും വെല്ലുവിളിയും പരിഹാസവും ധിക്കാരവും മുഖമുദ്രയായുള്ള നേതാക്കന്മാര്‍ക്ക് ഇനി നിലനില്പില്ല.
മന്ത്രിയായതിനുശേഷമുള്ള സുരേഷ് ഗോപിയുടെ ഇടപെടലുകള്‍ പ്രശംസനീയമാണ്. അദ്ദേഹം ഉദ്യോഗസ്ഥരുമായി ഐ.എസ്.ആര്‍.ഒ. കേന്ദ്രത്തിലും തിരുവനന്തപുരത്തും വിഴിഞ്ഞത്തും വര്‍ക്കലയിലും ചര്‍ച്ച നടത്തി. ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി പഠിക്കുകയും പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയുമായിരുന്നു ലക്ഷ്യം. കൃത്യമായ ആസൂത്രണവും നിര്‍വഹണവും വിലയിരുത്തലും വികസനത്തിന് അനിവാര്യമാണ്.
മോദിസര്‍ക്കാര്‍ ഏകാധിപത്യപരമായി പല കാര്യങ്ങളും ചെയ്യുന്നുവെന്ന ആക്ഷേപമുണ്ടെങ്കിലും രാജ്യത്തു ലഭ്യമായ വിഭവശേഷിയും മാനവശേഷിയും സംയോജിപ്പിച്ച് പുത്തന്‍ കാഴ്ചപ്പാടോടെ രാജ്യത്തെ വികസനത്തിന്റെ പാതയില്‍ നയിച്ചുവെന്ന കാര്യം മറച്ചുവയ്ക്കാനാവുകയില്ല. വെറും രാഷ്ട്രീയക്കാരുടെ ഭരണമായിരുന്നില്ല കഴിഞ്ഞ പത്തുവര്‍ഷക്കാലം രാജ്യത്തുണ്ടായത്. ഭരണനിര്‍വഹണം കൂടുതല്‍ പ്രഫഷണലായി മാറുകയുണ്ടായി. അതിന് ബ്യൂറോക്രാറ്റുകളെയും ടെക്‌നോക്രാറ്റുകളെയും അക്കാദമികവിദഗ്ധരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും അവരെ ചേര്‍ത്ത് ഉപദേശകസമിതികള്‍ രൂപീകരിക്കുകയും ചെയ്തു. ആ നയമാണ് സുരേഷ് ഗോപി പിന്തുടരുന്നത്. അതിനുള്ള അറിവും ആത്മവിശ്വാസവും അധ്വാനസന്നദ്ധതയും ധീരതയും ജീവകാരുണ്യമനസ്സും അദ്ദേഹത്തിനുണ്ട്. ഒരു സഹമന്ത്രിക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന ചോദ്യം സുരേഷ് ഗോപിയെ സംബന്ധിച്ചിടത്തോളം പ്രസക്തമായിക്കൊള്ളണമെന്നില്ല. അടുത്ത ത്രിതലപഞ്ചായത്തുതിരഞ്ഞെടുപ്പിലും നിയമസഭാതിരഞ്ഞെടുപ്പിലും കണ്ണുള്ള കേന്ദ്രസര്‍ക്കാര്‍ സുരേഷ് ഗോപിയെ വലിയ തോതില്‍ സഹായിക്കാനിടയുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപിയെക്കുറിച്ചുള്ള എതിര്‍പ്പു കുറച്ചുകൊണ്ടുവരാനുള്ള ഉത്തരവാദിത്വം സുരേഷ് ഗോപിയെ ഏല്പിച്ചിരിക്കുന്നുവെന്നുവേണം കരുതാന്‍. സുരേഷ് ഗോപിയുടെ താരപരിവേഷവും മനുഷ്യസ്‌നേഹവും അതിനു സഹായിക്കുമെന്നുറപ്പ്.
സുരേഷ് ഗോപിയുടേത് ആരംഭശൂരത്വമാണെന്ന വിമര്‍ശനമുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിത്വവും പ്രവര്‍ത്തനചരിത്രവും വിലയിരുത്തിയാല്‍ ആ നിഗമനം ശരിയാണെന്നു സമ്മതിച്ചുകൊടുക്കാനാവുകയില്ല. നാലു പതിറ്റാണ്ടുകാലത്തെ നടനജീവിതം അദ്ദേഹത്തിന്റെ ശരീരഭാഷയിലും വാക്കിലും പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കുന്നുണ്ടെന്നതു വ്യക്തം. എങ്കിലും അതു നാട്യമല്ല. അത് അദ്ദേഹത്തിന്റെ സ്വാഭാവികശൈലിയാണെന്ന് അടുത്തറിയാവുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇനി മുന്നോട്ട്, നേതാക്കന്മാര്‍ പഠിപ്പുള്ളവരായാല്‍ മാത്രംപോരാ, ജനകീയപ്രശ്‌നങ്ങളും വികസനസാധ്യതകളും നിരന്തരം പഠിക്കുന്നവരും നിയമനിര്‍മാണസഭകളില്‍ അതു ചര്‍ച്ച ചെയ്യുന്നവരും നാടിനു വികസനം ഉറപ്പുവരുത്തുന്നവരുമായി മാറണം. എം.എല്‍.എ. ഫണ്ടും എം.പി. ഫണ്ടും ആശ്രിതര്‍ക്കു വിതരണം ചെയ്യുന്നതിലൂടെ ജനപ്രതിനിധിയുടെ ഉത്തരവാദിത്വം പൂര്‍ണമാവുകയില്ല. മുതല്‍മുടക്കാന്‍ സന്നദ്ധതയുള്ള പുതിയ സംരംഭകനെ കണ്ടെത്തണം. വരുന്നവരുടെ കഴുത്തിനു കത്തിവയ്ക്കുന്ന രീതി അവസാനിപ്പിക്കണം. പുതിയ സംരംഭങ്ങള്‍ വരുമ്പോഴാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. പ്രതിശീര്‍ഷവരുമാനം ഉയരുന്നതിലൂടെ നാടു വികസിക്കും. ജനപ്രതിനിധികളുടെ ജനങ്ങളോടുള്ള കടമയാണത്. വിവാഹവീട്ടിലും മരണവീട്ടിലും പോകേണ്ടാ എന്നല്ല. പാലുകാച്ചലും ചെറിയ ഉദ്ഘാടനങ്ങളുമാകാം. പാര്‍ട്ടിമീറ്റിങ്ങുകളില്‍ പ്രസംഗിക്കാം. ഉല്ലാസത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള മലയാളിസമാജങ്ങളില്‍ പങ്കെടുക്കാം. പക്ഷേ, ഇതുമാത്രമായിരിക്കരുത് ജനപ്രതിനിധികളുടെ കാര്യപരിപാടി. അവര്‍ ജനങ്ങളുടെ വക്കീലായി നിയമനിര്‍മാണസഭകളില്‍ വാദിക്കുകയും സംരംഭകത്വമനസ്സോടെ തൊഴില്‍വിപണിയില്‍ ഇടപെടുകയും വേണം.