•  15 Aug 2024
  •  ദീപം 57
  •  നാളം 23
നോവല്‍

കിഴക്കന്‍കാറ്റ്

രു കുടുംബത്തിലെ അംഗങ്ങളെപ്പോലെ പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും കഴിഞ്ഞ അയല്‍ക്കാരായിരുന്നു സൂസമ്മയും സിസിലിയും. ഇരുപതുവര്‍ഷംമുമ്പ് സിസിലിയുടെ കുടുംബം വീടു വിറ്റ് ഹൈറേഞ്ചിലേക്കു പോയി. പിന്നീട് അവര്‍ തമ്മില്‍ ബന്ധമൊന്നുമുണ്ടായിരുന്നില്ല. സൂസമ്മയുടെ മകന്‍ ജയേഷിന്റെ കല്യാണത്തിനു ക്ഷണിക്കാന്‍ സൂസമ്മയും ജയേഷും കാറില്‍ ഹൈറേഞ്ചിലേക്കു പോയി. കുറുക്കന്‍കുന്ന് എന്ന ഗ്രാമത്തിലായിരുന്നു സിസിലിയും കുടുംബവും താമസിച്ചിരുന്നത്. സിസിലിയുടെ ഭര്‍ത്താവ് തോമസിനെ എട്ടുവര്‍ഷംമുമ്പ് ആനചവിട്ടിക്കൊന്നു എന്ന സത്യം അവിടെ ചെന്നപ്പോള്‍മാത്രമാണ് സൂസമ്മ അറിഞ്ഞത്. സിസിലിയുടെ മകള്‍ എല്‍സയുടെ സംസാരവും പെരുമാറ്റവും ജയേഷിനു നന്നേ ഇഷ്ടമായി. ഒരു വണ്ടിയപകടത്തില്‍ പരിക്കേറ്റ് കാലിനു സ്വാധീനക്കുറവുണ്ടായിരുന്നതിനാല്‍ മുടന്തിയാണ് എല്‍സ നടന്നിരുന്നത്. മുടന്തു മാറ്റാനുള്ള സര്‍ജറിക്ക് പണം ഇല്ലാതിരുന്നതിനാല്‍ സിസിലി അതിനു തുനിഞ്ഞില്ല. സര്‍ജറിക്കുള്ള പണം കൊടുത്തു സഹായിക്കണമെന്ന് സൂസമ്മയും ജയേഷും മടക്കയാത്രയില്‍ തീരുമാനിച്ചു. (തുടര്‍ന്നു വായിക്കുക)
വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ മുന്നേറുകയായിരുന്നു. ക്ഷണിക്കേണ്ട കൂട്ടുകാരുടെയെല്ലാം ലിസ്റ്റ് ജയേഷ് തയ്യാറാക്കി. ബന്ധുക്കളുടെയും അയല്‍ക്കാരുടെയും ബിസിനസ്‌സുഹൃത്തുക്കളുടെയുമൊക്കെ പട്ടിക സൂസമ്മയും ഭര്‍ത്താവ് ജോസും ചേര്‍ന്ന് റെഡിയാക്കി. 
ജയേഷിന്റെ പപ്പ ജോസിന് ടൗണില്‍ ചെറിയ ഒരു തുണിക്കടയുണ്ട്. രാവിലെ പോയാല്‍ ഇരുട്ടിയേ തിരിച്ചെത്തൂ. ജയേഷിനെ കൂടാതെ ഒരു മകള്‍കൂടിയുണ്ട് ജോസ് - സൂസമ്മ ദമ്പതികള്‍ക്ക്: പ്രിയ. പ്രിയ സ്‌കൂള്‍ അധ്യാപികയാണ്. ഭര്‍ത്താവ് കിരണ്‍ സ്വാശ്രയകോളജ് അധ്യാപകനും. ഇരുവരും താമസം ചങ്ങനാശ്ശേരിയില്‍.
ലിസ്റ്റ് നോക്കിയശേഷം ജോസ് പറഞ്ഞു: 
''ഏകദേശം ആയിരത്തി ഇരുന്നൂറോളം പേരു വരും. സദ്യയ്ക്കുതന്നെ നല്ലൊരു തുക ചെലവാകും. കുറച്ചുപേരെ ഒഴിവാക്കിയാലോ?'' 
''ഒഴിവാക്കുകൊന്നും വേണ്ട. നമുക്ക് ഒരു മകനല്ലേ ഒള്ളൂ. പിശുക്കു കാണിക്കണ്ട. സദ്യയും ഗംഭീരമായിരിക്കണം. ഒന്നിനും ഒരു കുറവു വരുത്തണ്ട.''
കല്യാണം കെങ്കേമമായി നടത്തണമെന്ന് സൂസമ്മയ്ക്കു നിര്‍ബന്ധം.
''കല്യാണത്തിന്റെ ആര്‍ഭാടമൊക്കെ കുറയ്ക്കണമെന്നല്ലേ സൂസമ്മേ കഴിഞ്ഞയാഴ്ച പള്ളീല്‍ അച്ചന്‍ വിളിച്ചുപറഞ്ഞത്?'' എണ്ണം കുറച്ച്, സദ്യ ലളിതമാക്കി കുറച്ചു കാശ് മിച്ചം വച്ച് ഏതെങ്കിലും പാവപ്പെട്ടവന് ഒരു വീടു പണിതുകൊടുത്താലോ?'' 
ജോസ് സൂസമ്മയെ നോക്കി. 
''സദ്യ കുറച്ചാല്‍ എനിക്കാ നാണക്കേട്. ഇലഞ്ഞിക്കലെ സോഫിയായുടെ മകന്റെ കല്യാണത്തിന് എന്തുമാത്രം വിഭവങ്ങളായിരുന്നു. അമ്പതിനായിരം രൂപേടെ സാരീം ഉടുത്ത് എന്റെ മുമ്പില്‍വന്ന് അതു കഴിച്ചോ ഇതു കഴിച്ചോ എന്നു ചോദിച്ചുള്ള അവളുടെ നില്‍പ്പുകാണണമായിരുന്നു. അതിനേക്കാള്‍ ഇച്ചിരികൂടി മുമ്പില്‍ നില്‍ക്കണം നമ്മുടെ മോന്റെ കല്യാണം. നമ്മളും അത്ര മോശക്കാരല്ലെന്ന് അവളെയൊന്നു കാണിച്ചു കൊടുക്കണമല്ലോ!''
ജോസിനു ചിരി വന്നുപോയി. അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലെന്ന പഴഞ്ചൊല്ല് എത്രയോ സത്യം. കൂടുതലൊന്നും പറയാതെ ജോസ് എണീറ്റുപോയി.
വിവാഹത്തെപ്പറ്റിയുള്ള സ്വപ്നങ്ങള്‍ മനസ്സില്‍ താലോലിച്ചു നടക്കുകയായിരുന്നു ജയേഷ്. പ്രതിശ്രുതവധു വര്‍ഷ എല്ലാ ദിവസവും രാത്രി ഫോണില്‍ വിളിച്ച് കുശലം പറയും. സ്‌നേഹം കൈമാറും.
ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. വിവാഹത്തിന്റെ തലേന്ന് സന്ധ്യയായപ്പോഴേക്കും സിസിലിയും എല്‍സയും ജയേഷിന്റെ വീട്ടിലെത്തി. ജോസും സൂസമ്മയും അവരെ സന്തോഷത്തോടെ സ്വീകരിച്ച് അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. 
''സൂസമ്മയുടെ കൂടെ ജോസിനുംകൂടി അങ്ങോട്ടൊന്നു വരാന്‍ മേലായിരുന്നോ. ഞങ്ങടെ വീടും പറമ്പുമൊക്കെ ഒന്നു കാണുകേം ചെയ്യായിരുന്നല്ലോ. ഞങ്ങള്‍ എന്നും നിങ്ങടെ കാര്യം പറയുമായിരുന്നു.''
''കടയുള്ളതുകൊണ്ട് എങ്ങും പോകാന്‍ സമയമില്ല സിസിലീ. ഒരു ദിവസം വരാം.''  
''അകന്നിരിക്കുമ്പോള്‍ ബന്ധങ്ങളും അകന്നുപോകുമെന്നു പറയുന്നതു സത്യമാ. പണ്ട് ജോസെന്നു വച്ചാല്‍ തോമാച്ചായനു ജീവനായിരുന്നു. എന്തു പരിപാടിക്കു പോയാലും കൂടെ ജോസ് വേണമെന്നു നിര്‍ബന്ധമായിരുന്നു തോമാച്ചായന്. ഓര്‍മയുണ്ടോ?'' 
''പിന്നില്ലേ! സമയം കിട്ടാത്തതുകൊണ്ടാ വരാത്തത്. പിന്നൊരിക്കല്‍ വരാം.''
എത്ര വലിയ വീട്ടിലാണ് ജയേഷ് താമസിക്കുന്നതെന്ന് എല്‍സ അതിശയിച്ചുപോയി. നാലോ അഞ്ചോ  മുറികള്‍. കിടപ്പുമുറികളെല്ലാം എയര്‍കണ്ടീഷന്‍ഡ്. എന്തുമാത്രം വീട്ടുപകരണങ്ങള്‍! എല്ലാ സുഖസൗകര്യങ്ങളും ദൈവം വാരിക്കോരി നല്‍കിയിരിക്കുന്നു. തനിക്കോ? മലമുകളില്‍ ഒരു പഴയ വീടും കുറെ കണ്ണീരും. 
എസിയുടെ തണുപ്പില്‍ രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ എല്‍സയുടെ കണ്ണുകള്‍ നനഞ്ഞിരുന്നു.  തന്റെ കാല് ഒന്ന് ഓപ്പറേഷന്‍ നടത്താനുള്ള പണംപോലും ദൈവം തന്നില്ലല്ലോ. എന്നും പള്ളിയില്‍പോയി പ്രാര്‍ഥിച്ചിട്ടും കുട്ടികളെ വേദപാഠം പഠിപ്പിച്ചിട്ടും എന്തേ ദൈവം തന്നോടു കരുണ കാണിക്കാത്തത്? തന്റെ വിശ്വാസത്തിന്റെ ആഴം അളക്കുകയാവും ദൈവം. യാചിക്കുന്നതു കിട്ടാതെ വരുമ്പോള്‍ തന്നില്‍നിന്ന് ഇവള്‍ അകലുമോ എന്നു പരീക്ഷിക്കയാവും. ഇല്ല ദൈവമേ, അങ്ങയില്‍നിന്ന് ഞാന്‍ ഒരിക്കലും അകലില്ല. ഇവിടെ അല്ലെങ്കില്‍ സ്വര്‍ഗലോകത്ത് അങ്ങ് എനിക്കൊരു നല്ല ഇരിപ്പിടം ഒരുക്കിയിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. കൈകൊണ്ട് കണ്ണുതുടച്ചിട്ട് അവള്‍ ഒന്നു തിരിഞ്ഞുകിടന്നു. ഓരോന്നോര്‍ത്തു കിടന്നുമയങ്ങി.
പുലര്‍ച്ചെ ജയേഷ് എണീറ്റ് കുളിച്ചു ഫ്രഷായി. അവന്‍ മുഖത്തു പൗഡറിടുന്നതും സഹോദരി പ്രിയ അവനെ ഷര്‍ട്ടണിയിക്കുന്നതും ബട്ടണ്‍സ് ഇടുന്നതുമൊക്കെ എല്‍സ കൗതുകത്തോടെ നോക്കിനിന്നു. തനിക്ക് ഒരു സഹോദരനുണ്ടായിരുന്നെങ്കില്‍ ഇതുപോലെ അണിയിച്ചൊരുക്കാന്‍ ഭാഗ്യം കിട്ടുമായിരുന്നല്ലോ എന്ന് ഒരു നിമിഷം ഓര്‍ത്തുപോയി എല്‍സ. പ്രിയയോടൊപ്പം ജയേഷിനെ ഒരുക്കാന്‍ അവളുടെ ഹൃദയം കൊതിച്ചെങ്കിലും മനസ്സ് വിലക്കി. നീ അതിന് അര്‍ഹയല്ല. പ്രിയയ്ക്ക് അത് ഇഷ്ടമാവില്ല. മനസ്സ് പറഞ്ഞു.
പതിനൊന്നു മണിയായപ്പോള്‍ കല്യാണച്ചെക്കന്റെ കാര്‍ പള്ളിമുറ്റത്തെത്തി. ഒരുപാട് ആളുകള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. പൂക്കള്‍കൊണ്ട് അലങ്കരിച്ച, വധുവിന്റെ കാര്‍ പള്ളിമുറ്റത്ത് ഇടംപിടിച്ചിരുന്നു. ജയേഷ് നവവധുവിന്റെ കൈപിടിച്ച് അവളെ കാറില്‍നിന്നിറക്കി. 
വധൂവരന്മാര്‍ മാതാപിതാക്കളുടെ അകമ്പടിയോടെ പള്ളിക്കകത്തേക്കു കയറിപ്പോകുന്ന ദൃശ്യം നോക്കി എല്‍സ ഒരു സൈഡിലേക്കു മാറിനിന്നു. വര്‍ഷ സുന്ദരിയാണ്. ജയേഷിനു ചേരുന്ന പെണ്ണുതന്നെ. ആരോഗ്യം, സൗന്ദര്യം, സ്വത്ത്, ജോലി. ഇതില്‍ കൂടുതല്‍ എന്തുവേണം ഒരാള്‍ക്ക്! അവരുടെ കുടുംബജീവിതം സന്തോഷമായി ഭവിക്കട്ടെ. മനസ്സില്‍ പറഞ്ഞിട്ട് എല്‍സ സാവധാനം മുടന്തി മുടന്തി പള്ളിയിലേക്കു കയറി.
പള്ളിക്കകത്ത് പ്രാര്‍ഥനാഗാനം മുഴങ്ങി. പിന്നാലെ വൈദികന്‍ അള്‍ത്താരയിലേക്കു വന്ന് വിശുദ്ധകുര്‍ബാന തുടങ്ങി. വിവാഹം ആശീര്‍വദിക്കാനുള്ള സമയമായപ്പോള്‍ അച്ചന്‍ വധൂവരന്മാരുടെ അടുത്തേക്കുവന്നു. 
വധൂവരന്മാരുടെ പിന്നില്‍ എല്ലാം നോക്കി നില്‍ക്കയായിരുന്നു എല്‍സയും സിസിലിയും. വര്‍ഷയുടെ കഴുത്തില്‍ ജയേഷ് താലികെട്ടുന്ന ദൃശ്യം ഇമ വെട്ടാതെ എല്‍സ നോക്കിനിന്നു.
''ആനന്ദിക്കുക പ്രിയ പുത്രീ..., ആത്മവിഭൂഷിത മണവാട്ടീ..., നിന്നെയിതാ തിരുമണവാളന്‍ മണവറയിങ്കല്‍ നയിച്ചല്ലോ...''
ഗായകസംഘം ആലപിച്ച പാട്ടു കേട്ടപ്പോള്‍ എല്‍സയുടെ മനസ്സ് പുളകിതമായി. വര്‍ഷയുടെ സ്ഥാനത്ത് താനായിരുന്നു നിന്നിരുന്നതെങ്കില്‍ എന്ന് ഒരു നിമിഷം അവള്‍ വെറുതെ ആഗ്രഹിച്ചുപോയി. 
വിവാഹം കഴിഞ്ഞ് പാരീഷ്ഹാളില്‍ വിഭവസമൃദ്ധമായ സദ്യ. നവദമ്പതികളെ കണ്ട് ആശംസ നേരാനും ഒപ്പം നിന്നു ഫോട്ടോ എടുക്കാനും ആളുകളുടെ തിക്കും തിരക്കും. തിരക്കു തെല്ലൊന്നു കുറഞ്ഞപ്പോള്‍ സൂസമ്മയും എല്‍സയും സ്റ്റേജിലേക്കു കയറി ഇരുവര്‍ക്കും ഹസ്തദാനം നല്‍കി. ജയേഷ് ഭാര്യയ്ക്കു പരിചയപ്പെടുത്തി. 
''ഇത് സിസിലിയാന്റി. ഇത് എല്‍സ. പണ്ട് ഞങ്ങടെ അയല്‍ക്കാരായിരുന്നു. ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ കഴിഞ്ഞവരാ ഞങ്ങള്‍. പത്തിരുപതു വര്‍ഷംമുമ്പ് ഇവരു വീടുവിറ്റു ഹൈറേഞ്ചിനു പോയി. ഇപ്പം അവിടാ താമസം.''
വര്‍ഷ എല്‍സയെയും സൂസമ്മയെയും നോക്കി ചിരിച്ചു. 
''വൈകാതെ രണ്ടുപേരും കൂടി അങ്ങോട്ടു വരണേ.''
''വരാം ആന്റീ.'' 
ജയേഷ് തലകുലുക്കി. 
''ഞങ്ങള് ഇപ്പത്തന്നെ മടങ്ങ്വാ മോനേ. ഇപ്പ പോയില്ലെങ്കില്‍ ഇരുട്ടുന്നേനുമുമ്പ് എത്താന്‍ പറ്റില്ല.''
''ആയിക്കോട്ടെ ആന്റി. ഒരു ദിവസം ഞങ്ങളു വരാം.'' 
''പോട്ടേ മോളേ? വൈകാതെ രണ്ടുപേരുംകൂടി വരണം ട്ടോ.'' ഒന്നുകൂടി ഓര്‍മിപ്പിച്ചു. 
''ഉം.'' വര്‍ഷ തലകുലുക്കി.
ജയേഷിന്റെയും വര്‍ഷയുടെയും കവിളില്‍ സിസിലി ഒരു മുത്തം നല്‍കി. ഒപ്പംനിന്ന് ഫോട്ടോയെടുത്തിട്ട് സിസിലിയും എല്‍സയും സ്റ്റേജില്‍നിന്നിറങ്ങി. സൂസമ്മയോടും ജോസിനോടും യാത്ര പറഞ്ഞിട്ട് വേഗം അവര്‍ പുറത്തേക്കിറങ്ങി.
പഴയ സ്‌നേഹിതരെയും പരിചയക്കാരെയും കണ്ടു വിശേഷങ്ങള്‍ പങ്കുവച്ചു. വൈകാതെ ഒരു ഓട്ടോ വിളിച്ച് നേരേ ബസ്സ്റ്റാന്റിലേക്കു പുറപ്പെട്ടു. 
ബസിലിരിക്കുമ്പോള്‍ സിസിലിയുടെ മനസ്സില്‍ സങ്കടം നിറയുകയായിരുന്നു. അമ്മ വിഷാദമൂകയായി ഇരിക്കുന്നതു കണ്ടപ്പോള്‍ എല്‍സ ചോദിച്ചു:
''അമ്മ എന്താ സങ്കടപ്പെട്ടിരിക്കുന്നേ?''
''സങ്കടപ്പെടാതിരിക്കുന്നതെങ്ങനാ മോളേ! നിന്റെ പ്രായത്തിലുള്ളവരുടെയും നിന്നേക്കാള്‍ പ്രായം കുറഞ്ഞവരുടെയുമൊക്കെ കല്യാണം കഴിഞ്ഞു. നിരപ്പേലെ ജോണിച്ചന്റെ മകള്‍ ടീന നിന്നെക്കാള്‍ രണ്ടു വയസിനിളപ്പമാ. അവളുടെ കല്യാണം കഴിഞ്ഞ് ഒരു കൊച്ചുമായി. ഇന്നു ഞാന്‍ അവളെ കണ്ടു സംസാരിച്ചു.''
''എനിക്കില്ലാത്ത വെഷമം എന്തിനാ അമ്മയ്ക്ക്? കല്യാണം കഴിഞ്ഞാല്‍ എന്റെ ജീവിതം സന്തോഷമാകൂന്നു തോന്നുന്നുണ്ടോ അമ്മയ്ക്ക്. ചേച്ചീടെ ജീവിതം കണ്ടില്ലേ? 
അങ്ങനൊരു ഭര്‍ത്താവിനെയാ എനിക്കും കിട്ടുന്നതെങ്കില്‍ ഇപ്പം ഉള്ളതിനേക്കാള്‍ കൂടുതല്‍ സങ്കടം ഉണ്ടാകില്ലേ അമ്മയ്ക്ക്? ഞാന്‍ കല്യാണമൊന്നും കഴിക്കുന്നില്ല. അമ്മയ്ക്ക് ഒരു സഹായമായിട്ട് എന്നും ഞാന്‍ അമ്മേടെകൂടെ നിന്നോളാം. വയ്യാതാകുമ്പം അമ്മയെ നോക്കാനൊരാളുവേണ്ടേ?''
''അപ്പം നീ വയ്യാതാവുമ്പം നിന്നെ ആരു നോക്കും?''
''അതപ്പഴല്ലേ? ആ കാലത്തൊക്കെ ഒരുപാട് വൃദ്ധമന്ദിരങ്ങളുണ്ടാകും അമ്മേ.''
''ഒരമ്മയുടെ ഹൃദയവേദന മനസ്സിലാവണമെങ്കില്‍ നീയൊരമ്മയാകണം മോളേ. മക്കളു കല്യാണം കഴിച്ചു ഭര്‍ത്താവും കുഞ്ഞുങ്ങളുമായി സ്‌നേഹത്തോടെയും സന്തോഷത്തോടെയും കഴിയുന്നതു കാണുന്നതാ ഏതൊരമ്മയുടെയും സന്തോഷം. നിന്റെ കാര്യത്തില്‍ എനിക്കും അങ്ങനെതന്നെയാ.''
''മതി മതി. കല്യാണക്കാര്യം ഇവിടെ നിറുത്തിയിട്ട് വേറെന്തെങ്കിലും പറ. അമ്മ മൂഡോഫ് ആകണ്ട. സന്തോഷായിട്ടിരിക്ക്.'' 
പിന്നീട് ഒന്നും പറഞ്ഞില്ല സിസിലി. വെളിയിലേക്കു നോക്കി കാഴ്ചകള്‍ കണ്ടിരുന്നു. എല്‍സയുടെ മനസ്സില്‍ ജയേഷിന്റെയും വര്‍ഷയുടെയും കല്യാണച്ചടങ്ങിന്റെ ചിത്രങ്ങളായിരുന്നു. മിടുക്കിപ്പെണ്ണാണ് വര്‍ഷ. ജയേഷിനു നന്നായി ചേരും. സന്തോഷകരമായിരിക്കട്ടെ അവരുടെ ദാമ്പത്യജീവിതം. മനസ്സുകൊണ്ട് അവള്‍ ആശംസകള്‍ നേര്‍ന്നു. 
പാരീഷ് ഹാളിലെ സ്വീകരണവും സല്‍ക്കാരവും കഴിഞ്ഞ് ജയേഷും വര്‍ഷയും വീട്ടിലെത്തിയപ്പോള്‍ മണി നാല്. വര്‍ഷയുടെ മാതാപിതാക്കള്‍ മകളുടെ കൈപിടിച്ച് സൂസമ്മയെ ഏല്പിച്ചിട്ടു പറഞ്ഞു:
''അങ്ങോട്ടു തര്വാ. സ്വന്തം അമ്മയെ സ്‌നേഹിച്ചതിനെക്കാള്‍ കൂടുതല്‍ സ്‌നേഹിക്കണമെന്നു ഞാനിവളോടു പറഞ്ഞിട്ടുണ്ട്. കുറവുണ്ടെന്ന് എപ്പഴെങ്കിലും തോന്നിയാല്‍ എന്നെ വിളിച്ചു പറയണം.''
''തീര്‍ച്ചയായും'' സൂസമ്മ ചിരിച്ചു.
മകള്‍ക്ക് ഒരു മുത്തം നല്‍കിയിട്ട്, യാത്ര പറഞ്ഞ് അവര്‍ ഇറങ്ങി.
രാത്രി ഏഴുമണിക്ക് പ്രാര്‍ഥനയ്ക്കായി എല്ലാവരും പ്രാര്‍ഥനാമുറിയില്‍ വന്നിരുന്നു. അരമണിക്കൂര്‍ നേരത്തെ പ്രാര്‍ഥനയ്ക്കുശേഷം എണീറ്റു പരസ്പരം സ്തുതി ചൊല്ലി. അതു കഴിഞ്ഞ് അത്താഴം.
മുകളിലത്തെ നിലയിലായിരുന്നു മണിയറ. ശീതീകരിച്ച മുറിയിലേക്കു വര്‍ഷ വലതുകാലുവച്ചു കയറി.
 
(തുടരും)
Connection failed: Access denied for user 'A913593_cdspala'@'web-plesk.ultraserver.io' (using password: YES)