•  4 Jul 2024
  •  ദീപം 57
  •  നാളം 17
ശ്രേഷ്ഠമലയാളം

വര്‍ണവും അക്ഷരവും

ലയാളത്തിലെ ഉച്ചരിതശബ്ദങ്ങളുടെ പഠനത്തില്‍ ഉയര്‍ന്നുവരുന്ന രണ്ടു പദങ്ങളാണ് വര്‍ണവും അക്ഷരവും. ഭാഷയുടെ അടിസ്ഥാനമൂലകങ്ങളായ ധ്വനികളാണ് വര്‍ണങ്ങള്‍. അവയെ വിഭജിക്കാനാവില്ല. വര്‍ണങ്ങള്‍ക്ക് അര്‍ഥമില്ലെങ്കിലും അര്‍ഥവ്യാവര്‍ത്തനശേഷിയുണ്ട്. ശിശു എന്ന പദത്തിന്റെ അടിസ്ഥാനം  ശ്+ഇ+ശ്+ഉ എന്നീ നാലു വര്‍ണങ്ങളാണ്. ഈ വര്‍ണങ്ങളുടെ ക്രമികമായ സംവിധാനംകൊണ്ട് ശിശു എന്ന പദത്തിനു കുട്ടി എന്ന അര്‍ഥം ലഭ്യമാകുന്നു. ഉച്ചരിക്കുന്നതിനും എഴുതുന്നതിനും വര്‍ണങ്ങളുടെ സഹായം ആവശ്യമുണ്ട്. ശിശു എന്ന പദത്തില്‍ നാലുവര്‍ണങ്ങള്‍ ഉണ്ട് എന്നു സൂചിപ്പിച്ചല്ലോ! എന്നാല്‍, ഈ വര്‍ണങ്ങളല്ല ഉച്ചരിക്കപ്പെടുന്നത്. ഇവ ചേര്‍ന്നുവരുന്ന ശി-ശു എന്നീ രണ്ട് അടയാളങ്ങളാണ് ശബ്ദരൂപേണ പുറപ്പെടുവിക്കുന്നത്. ശ്+ഇ+ശ്+ഉ എന്നീ നാലുവര്‍ണങ്ങളും ഉച്ചരിക്കുന്ന വേഗംകൊണ്ട് ധ്വനികളെ വേര്‍തിരിച്ച് അറിയുന്നില്ല എന്നേയുള്ളൂ. 'വാക്കുകളെ ഉച്ചരിച്ചാല്‍ കേള്‍ക്കാവുന്ന അതിസൂക്ഷ്മവും അവിഭാജ്യവുമായ ഒറ്റശബ്ദമാകുന്നു ധ്വനി'* എന്നാണ് വര്‍ണത്തെ എം. ശേഷഗിരി പ്രഭു നിര്‍വചിച്ചത്. അതായത്, വായില്‍നിന്നു പുറപ്പെടുന്ന ഒറ്റധ്വനിയത്രേ വര്‍ണം.

സമപ്രധാനായ (ശി-ശു) അടയാളങ്ങളാണ് അക്ഷരങ്ങള്‍. പദാംഗം (Syllable) എന്നും അക്ഷരത്തിന് നാമാന്തരമുണ്ട്. ''അശ്‌നുതേ വ്യാപ്‌നോതി പദേഷു അക്ഷരം (പദങ്ങളില്‍ വ്യാപിക്കുന്നത് അക്ഷരം) ന ക്ഷീയതേ അക്ഷരം ഭവതി (ക്ഷയം സംഭവിക്കാത്തത് അക്ഷരമാകുന്നു) അക്ഷരം 
ന ക്ഷരം (ക്ഷരം അല്ലാത്തത് അക്ഷരം)** എന്നെല്ലാം അക്ഷരശബ്ദത്തെ പലവിധം നിഷ്പാദിപ്പിക്കാം. നാരായണന്‍ എന്ന സംജ്ഞയില്‍ ന്+ആ+ര്+ആ+യ്+അ+ണ്+അ+ന്‍(ന് - ന്‍ വര്‍ണമാണ്) എന്ന് ഒമ്പതു വര്‍ണങ്ങള്‍ ഉണ്ട്. എന്നാല്‍, അക്ഷരങ്ങള്‍ നാലേയുള്ളൂ. ഇതത്രേ വര്‍ണങ്ങളും അക്ഷരങ്ങളും തമ്മിലുള്ള ഭേദം. സ്വരങ്ങള്‍ എല്ലാം വര്‍ണങ്ങളും അക്ഷരങ്ങളുമാണ്. വിഭജിക്കാനാവാത്ത മൂലാക്ഷരം എന്ന നിലയില്‍ സ്വരങ്ങള്‍ക്കു വര്‍ണപദവിയും ഉണ്ട്. പദങ്ങളുടെ ഘടകമെന്ന നിലയില്‍ അവ അക്ഷരങ്ങളുമാകുന്നു. അങ്ങനെയെങ്കില്‍ സ്വരമോ സ്വരം ചേര്‍ന്ന വ്യഞ്ജനമോ ആണ് അക്ഷരം എന്നു പറഞ്ഞാല്‍ കാര്യം എളുപ്പം മനസ്സിലാകും.
ഒരു മാതൃകാ അക്ഷരത്തില്‍ മൂന്നുഘടകങ്ങള്‍ ഉണ്ടായിരിക്കും. അക്ഷരത്തിന്റെ കേന്ദ്രം(Nucleus) അഥവാ ശൃംഗം((Peak)ഒരു സ്വരമായിരിക്കും. കേന്ദ്രത്തിനു മുമ്പും പിമ്പും ഒന്നോ ഒന്നിലധികമോ വ്യഞ്ജനങ്ങള്‍ ഉണ്ടാവും. കേന്ദ്രത്തിനു മുമ്പും പിമ്പുമുള്ള വ്യഞ്ജനങ്ങളെ യഥാക്രമം പ്രാരംഭകം (Onset)  എന്നും സമാപകം (Coda)  എന്നും പറയാം. (പ്രാരംഭകം+കേന്ദ്രം+സമാപകം) ഈ ഘടന പ്രാസം (Rhyme)  എന്നറിയപ്പെടുന്നു.
ചുരുക്കിപ്പറയട്ടെ, ''മുന്നിലും പിന്നിലും വ്യഞ്ജനമോ വ്യഞ്ജനങ്ങളോ വരാവുന്ന സ്വരമാണ് അക്ഷരം അഥവാ സിലബിള്‍ എന്നു ഭാഷാശസ്ത്രവും, അക്ഷരത്തില്‍ സ്വരമൊന്ന്/ നിത്യമായിട്ടു കണ്ടിടും/ വ്യഞ്ജനങ്ങളതിന്‍മുമ്പും/ പിമ്പും ചേരും യഥോചിതം'' എന്നു വ്യാകരണവും അക്ഷരത്തെ നിര്‍വചിക്കുന്നു. മലയാളത്തിന്റെ വര്‍ണമാലയില്‍ (അക്ഷരമാലയില്‍ അല്ല) 49 വര്‍ണങ്ങളും അനേകം അക്ഷരങ്ങളും ഉണ്ട് എന്നു കരുതുന്നതാണ് ആശയവ്യക്തതയ്ക്കു നല്ലത്.
* ശേഷഗിരിപ്രഭു, എം., വ്യാകരണമിത്രം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2003, പുറം-29.
* രാജഗോപാല്‍, എന്‍.കെ., സംസ്‌കൃതനിരുക്തകോശം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1999, പുറം-2
*പ്രബോധചന്ദ്രന്‍നായര്‍, വി.ആര്‍., ഭാഷാശാസ്ത്രനിഘണ്ടു, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2012, പുറം-887, 888.
* നമ്പൂതിരി, ഇ.വി.എന്‍., കേരളഭാഷാവ്യാകരണം, ഡി.സി.ബുക്‌സ്, കോട്ടയം, 2005, പുറം - 34.

Login log record inserted successfully!