•  4 Jul 2024
  •  ദീപം 57
  •  നാളം 17
നേര്‍മൊഴി

സര്‍ക്കാര്‍ ബാര്‍കോഴ വിവാദത്തില്‍

ബാര്‍കോഴ വിവാദത്തിന്റെ പേരില്‍ 2015 മാര്‍ച്ച് 13 ന് ഇടത് എം.എല്‍.എ. മാര്‍ കേരളനിയമസഭ അക്ഷരാര്‍ഥത്തില്‍ പോര്‍ക്കളമാക്കി മാറ്റി. മുദ്രാവാക്യവും ചീത്തവിളിയും ഇറങ്ങിപ്പോക്കും ഉന്തും തള്ളുമൊന്നും നിയമസഭകളില്‍ വലിയ സംഭവങ്ങളല്ല. എന്നാല്‍, സഭയുടെ അന്തസ്സിനും പവിത്രതയ്ക്കും നിരക്കാത്ത അധമപ്രവര്‍ത്തനങ്ങളാണ് അന്ന് അരങ്ങേറിയത്. തെരുവുഗുണ്ടകളെപ്പോലെയും ക്വട്ടേഷന്‍സംഘാംഗങ്ങളെപ്പോലെയുമാണ് ചില എം.എല്‍.എ.മാര്‍ അന്നു പെരുമാറിയത്. ഇരിപ്പിടങ്ങളും കംപ്യൂട്ടറുകളും ആശയവിനിമയോപകരണങ്ങളും തകര്‍ക്കപ്പെട്ടു. അതിനൊക്കെ നേതൃത്വം നല്‍കിയ ചില കേമന്മാര്‍ ഇപ്പോള്‍ മന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരിപ്പുണ്ട്.

ജൂണ്‍ പത്താംതീയതി നിയമസഭ സമ്മേളിക്കുമ്പോള്‍ ഈ വിഷയം പ്രതിപക്ഷം ചര്‍ച്ചയാക്കുമെന്നതില്‍ തര്‍ക്കമില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അഞ്ചുകോടി രൂപയുടെ അഴിമതിയാരോപണമാണുണ്ടായതെങ്കില്‍ ഇപ്പോള്‍ 20 കോടിയുടെ ആരോപണമാണുണ്ടായിരിക്കുന്നത്. ബാര്‍ ഉടമകള്‍ രണ്ടരലക്ഷം രൂപ വീതം നല്‍കണമെന്ന ശബ്ദസന്ദേശമാണ് പ്രചരിക്കുന്നത്. പാര്‍ട്ടിക്കു പതിവുള്ളതുപോലെ ശബ്ദരേഖ പുറപ്പെടുവിച്ച സംഘടനാഭാരവാഹിയെ പാര്‍ട്ടിനേതാക്കന്മാര്‍ തള്ളിപ്പറയുകയും ബലിയാടാക്കുകയും ചെയ്തിട്ടുണ്ട്.
ആവശ്യപ്പെട്ട പണം അടയ്ക്കാതിരിക്കാനുള്ള കാരണങ്ങള്‍ പലതാണ്. മദ്യമുതലാളികള്‍ ദരിദ്രരാണെന്നാണു പുതിയ വാര്‍ത്ത. മദ്യത്തിനു വില കൂടിയതും മദ്യശാലകളുടെ എണ്ണം കൂടിയതും ബിയര്‍-വൈന്‍ പാര്‍ലറുകളുടെ ഔട്ട്‌ലറ്റുകള്‍ വര്‍ധിപ്പിച്ചതും സാമ്പത്തികമാന്ദ്യവും മദ്യക്കച്ചവടം പണ്ടത്തേതുപോലെ ആദായകരമല്ലാതാക്കിയെന്നാണ് ബാറുടമുകളുടെ പരാതി. തൊഴിലില്ലായ്മയും മദ്യക്കച്ചവടത്തിലെ പ്രതിസന്ധി രൂക്ഷമാക്കി. ഭിക്ഷ, കടംവാങ്ങല്‍, മോഷണം തുടങ്ങിയ സ്വയംതൊഴില്‍കണ്ടെത്തല്‍പദ്ധതിയിലൂടെയാണ് ചിലരെങ്കിലും തങ്ങളുടെ മദ്യപാനശീലം വലിയ കുഴപ്പംകൂടാതെ തുടര്‍ന്നുകൊണ്ടുപോകുന്നത്.
രണ്ടരലക്ഷം ചോദിച്ചത് വെറുതെയല്ല; തിരിച്ചു സര്‍ക്കാരിന്റെ ഭാഗത്തുനിന്നു സഹായമുണ്ടാകും. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം മാറിയാലുടനെ പുതിയ മദ്യനയം വരും. രണ്ടു കാര്യങ്ങളിലാണ് സര്‍ക്കാരിനു സഹായിക്കാന്‍ കഴിയുക. ഒന്ന്: ഡ്രൈ ഡേ ഇല്ലാതാക്കുക. അതായത്, ഒന്നാം തീയതിയും മദ്യശാലകള്‍ തുറക്കാം. രണ്ട്: കൂടുതല്‍ സമയം മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാം. ശമ്പളം കിട്ടുന്നതു ഒന്നാം തീയതിയായതുകൊണ്ടും രസിച്ചുകുടിക്കാന്‍ കൂടുതല്‍ സമയം സഹായകമായതുകൊണ്ടും ഈ രണ്ട് ആനുകൂല്യങ്ങളും  കുടിയന്മാര്‍ക്കും കുടി കൊടുക്കുന്നവര്‍ക്കും തൃപ്തികരമാകും. ഒരു ജനക്ഷേമസര്‍ക്കാരിന് ഇതില്‍ക്കൂടുതല്‍ സഹായങ്ങള്‍ എങ്ങനെയാണു ചെയ്യാന്‍ കഴിയുക?
കടക്കെണിയിലായ സംസ്ഥാനസര്‍ക്കാര്‍ കുറേക്കാലമായി മുമ്പോട്ടു പോകുന്നത് മദ്യം വിറ്റും ലോട്ടറി വിറ്റുമാണ്. രണ്ടിന്റെയും ഇരകള്‍ പാവപ്പെട്ട മനുഷ്യരാണ്. യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ കൊള്ളയടിക്കുന്നതു മദ്യപരെയല്ല, അവരുടെ കുടുംബങ്ങളെയാണ്. മദ്യസംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ കടുത്ത ജനദ്രോഹമാണു ചെയ്യുന്നത്. 2013-14 ല്‍ യുഡിഎഫിന്റെ കാലത്ത് 720 ബാറുകളുണ്ടായിരുന്നു. എന്നാല്‍, 2016 ല്‍ ഉമ്മന്‍ചാണ്ടി അധികാരമൊഴിയുമ്പോള്‍ ബാര്‍ ഹോട്ടലുകളെല്ലാം പൂട്ടി 29 പഞ്ചനക്ഷത്രസൗകര്യമുള്ള ഹോട്ടലുകളില്‍മാത്രമായി മദ്യസല്‍ക്കാരം പരിമിതപ്പെടുത്തി. എന്നാല്‍, 2016 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം ബാര്‍ഹോട്ടലുകളുടെ എണ്ണം 671 ആയി ഉയര്‍ന്നു. ഏറ്റവും അവസാനത്തെ കണക്കുപ്രകാരം, സംസ്ഥാനത്ത് 920 ബാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ നേരിട്ടുനടത്തുന്ന മദ്യവില്പനശാലകള്‍ക്കു പുറമേയാണിത്. നാടു വികസിക്കുന്നത് എങ്ങനെയെന്ന് അറിയാത്തവര്‍ അറിഞ്ഞുകൊള്ളുക.
ജനങ്ങളെ കുടിപ്പിച്ചു കൊല്ലുന്നതിനുപുറമേയാണ് സര്‍ക്കാര്‍ ബാറുടമകളെ കോഴ ചോദിച്ചു സമ്മര്‍ദത്തിലാക്കുന്നത്. ഇരുപതുകോടിയുടെ ആരോപണമുണ്ടായ സ്ഥിതിക്കു സര്‍ക്കാര്‍ നിഷ്പക്ഷമായ അന്വേഷണം നടത്തുകയും കുറ്റക്കാരെ കണ്ടെത്തിയാല്‍ കര്‍ശനമായ ശിക്ഷ ഉറപ്പാക്കുകയും വേണം. തെളിയിക്കപ്പെടാത്ത ആരോപണത്തിന്റെ പേരില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ക്കെതിരേ വ്യക്തിവൈരാഗ്യത്തോടെ എന്നു തോന്നിപ്പിക്കുംവിധം സമരാഭാസങ്ങള്‍ നടത്തിയ ഇടതുപാര്‍ട്ടികള്‍ ഇപ്പോള്‍ കാണിക്കുന്ന നിശ്ശബ്ദത അമ്പരിപ്പിക്കുന്നതാണ്. വോട്ടുകുത്തിയാണ് ജനങ്ങള്‍ പ്രതികാരം ചെയ്യുന്നതെന്നു മറക്കരുത്.

Login log record inserted successfully!