•  26 Dec 2024
  •  ദീപം 57
  •  നാളം 42
ശ്രേഷ്ഠമലയാളം

ശിരശ്‌ഛേദം

സംസ്‌കൃതമായാലും മലയാളമായാലും പദങ്ങളുടെ സന്ധി ശരിയാകണമെങ്കില്‍ ചേരുന്ന വര്‍ണങ്ങളുടെ സ്വഭാവവൈചിത്ര്യങ്ങള്‍ അറിഞ്ഞിരിക്കണം. ഉപരിപ്ലവമായ നോട്ടംകൊണ്ട് സ്വഭാവസവിശേഷതകള്‍ അറിയാന്‍ കഴിയണമെന്നില്ല. ഛ പദമധ്യത്തില്‍ ഇരട്ടിക്കണം എന്നൊരു നിയമമുണ്ട്. അതനുസരിച്ച്, ഗള+ഛേദം= ഗളച്‌ഛേദം എന്നും വൃക്ഷ+ഛായ = വൃക്ഷച്ഛായ എന്നുമാകും. ഛകാരം ഇരട്ടിക്കുക എന്നു  പറഞ്ഞാല്‍ ഛകാരത്തിനു മുമ്പില്‍ ച വരും എന്നേ അര്‍ഥമാക്കേണ്ടതുള്ളൂ. ഇതു കണ്ടിട്ടാവണം 'ശിരച്‌ഛേദം' എന്ന് ചിലരെങ്കിലും എഴുതാന്‍ ഇടയായത്. ഇവിടെ പൂര്‍വപദം 'ശിര' എന്നല്ല; ശിരസ് എന്നാണ്. സന്ധിയില്‍ ശിരസ്സ് എന്നതിലെ സകാരത്തെ വിട്ടുകളയാന്‍ നിയമമില്ല.

സംസ്‌കൃതത്തില്‍, സകാരതവര്‍ഗങ്ങള്‍ ശകാരതവര്‍ഗങ്ങളോട് (പൂര്‍വം പരം എന്നു നിര്‍ബന്ധമൊന്നുമില്ലാതെ) ഏതുവിധമെങ്കിലും ചേര്‍ന്നുവന്നാല്‍ ശകാരചവര്‍ഗങ്ങളായിട്ടുതന്നെ മാറും എന്നാണു നിയമം. ''സതവര്‍ഗങ്ങള്‍ മാറീടും ശചവര്‍ഗങ്ങളായി തഥാ''* എന്നു കേരളപാണിനി ഇതിനെ വ്യവസ്ഥ ചെയ്തിട്ടുമുണ്ട്. അതിന്‍പ്രകാരം ശിരസ്സ് എന്നതിലെ സകാരം ഛകാരത്തോടു ചേര്‍ന്നപ്പോള്‍ ശകാരമായി മാറി. അങ്ങനെ ശിരസ്+ഛേദം=ശിരശ്‌ഛേദം എന്നായിത്തീര്‍ന്നു. ശിരശ്‌ഛേദത്തിന് തലവെട്ടല്‍ എന്നാണര്‍
ഥം. ''ശിരസ്+ഛേദം=ശിരശ്‌ഛേദം. ഇവിടെ ഛ ഇരട്ടിച്ച് ച്ഛ ആക്കേണ്ടേ എന്നു ചോദിക്കാം. കൂട്ടക്ഷരത്തില്‍ ഒരു വര്‍ണവും ഇരട്ടിച്ചെഴുതേണ്ട, ഇരട്ടിച്ചു വായിച്ചുകൊള്ളും എന്നാണു സമാധാനം. അധ്യാപകന്‍ എന്നെഴുതുമ്പോള്‍ മുമ്പ് ധകാരത്തിനു മുമ്പില്‍ ദ് ചേര്‍ത്തിരുന്നു (അദ്ധ്യാപകന്‍) ധ്യ (ധ്+യ്+അ) കൂട്ടക്ഷരമാകയാല്‍ ധ ഇരട്ടിച്ചു വായിച്ചുകൊള്ളും എന്ന ന്യായത്തിലാണ് ഇന്ന് അവിടെ 'ദ്' ചേര്‍ക്കാത്തത്''** യുക്തിയുക്തമായ ലിപി പരിഷ്‌കാരങ്ങളെ എതിര്‍ത്തിട്ടു കാര്യമില്ലല്ലോ.
* രാജരാജവര്‍മ്മ, ഏ.ആര്‍. മണി ദീപിക, കേരള സാഹിത്യഅക്കാദമി, തൃശൂര്‍, 1987, പുറം - 37.
** വാസുദേവഭട്ടതിരി, സി.വി. നല്ല മലയാളം, ഡി.സി. ബുക്‌സ്, കോട്ടയം, 1999, പുറം - 133, 134.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)