•  5 Dec 2024
  •  ദീപം 57
  •  നാളം 39
നേര്‍മൊഴി

വിദ്വേഷപ്രസംഗവും അശ്ലീലപ്രയോഗവും

തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഉത്സവമാണെന്ന് ആലങ്കാരികഭാഷയില്‍ പറഞ്ഞാലും അതു യുദ്ധമാണ്; പ്രതികാരചിന്തയോടെയുള്ള രൂക്ഷയുദ്ധം. യുദ്ധത്തില്‍ പാലിക്കപ്പെടുന്ന നിയമങ്ങള്‍പോലും തിരഞ്ഞെടുപ്പുകളില്‍ പാലിക്കപ്പെടുന്നില്ല എന്ന സത്യം മറച്ചുവച്ചിട്ടു കാര്യമില്ല. ജയിച്ചുകയറാന്‍വേണ്ടി ഏതു മാര്‍ഗവും സ്വീകരിക്കുന്നു, ആരുടെ സഹായവും തേടുന്നു. രക്ഷയില്ലാതെ വരുമ്പോള്‍ വര്‍ഗീയക്കാര്‍ഡിറക്കി കളിക്കുന്നു. വ്യക്തിഹത്യകളും വെല്ലുവിളികളും തെറിപ്പാട്ടുകളും തിരഞ്ഞെടുപ്പുവേളയില്‍ പതിവാണ്. മാധ്യമങ്ങള്‍ സജീവമായ ഇക്കാലത്ത് ഒളിച്ചുകളികള്‍ എളുപ്പമല്ല. അവസാനം വാക്കില്‍ കുടുങ്ങിയത,് വാക്കുകളുടെ മാസ്മരികമായ ശക്തിസൗന്ദര്യങ്ങള്‍ പ്രയോജനപ്പെടുത്തി, വൈകാരികമായി പ്രതികരിക്കുന്ന, സാധാരണക്കാരായ സമ്മതിദായകരെ സ്വാധീനിച്ചു തിരഞ്ഞെടുപ്പുവിജയം കൊയ്യുന്ന സാക്ഷാല്‍ നരേന്ദ്രമോദി തന്നെയാണ്.

രാജസ്ഥാനിലെ ഒരു തിരഞ്ഞെടുപ്പുയോഗത്തില്‍ അദ്ദേഹം മുസ്ലീംസമുദായത്തെ നുഴഞ്ഞുകയറ്റക്കാരെന്നും കുട്ടികള്‍ കൂടുതലുള്ളവരെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ സ്വത്തു മുഴുവന്‍ അവര്‍ക്കു വീതിച്ചു നല്‍കുമെന്നും ഹിന്ദുക്കളായ നിങ്ങളുടെ അമ്മപെങ്ങന്മാരുടെ താലിമാലപോലും പിടിച്ചുവാങ്ങി അവര്‍ക്കു നല്കുമെന്നും പറഞ്ഞ് ജനക്കൂട്ടത്തെ ആവേശംകൊള്ളിച്ചു. ആ പ്രസംഗത്തിനെതിരേ വലിയ തോതിലുള്ള വിമര്‍ശനമുയര്‍ന്നു. അതു വര്‍ഗീയവിഷം ചീറ്റുന്ന വിദ്വേഷപ്രസംഗമാണ്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. രാജ്യത്തെ ഒന്നിപ്പിക്കുന്നതിനുപകരം വിഭജിക്കുന്ന വാക്കുകളും ആശയങ്ങളുമാണ് ആ പ്രസംഗത്തില്‍ മുഴങ്ങിയത്. പ്രതീക്ഷിച്ചതിലധികം പ്രതിഷേധം പ്രസംഗത്തിനെതിരേ ഉണ്ടായതിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശില്‍ മുസ്ലീംഭൂരിപക്ഷമുള്ള  ഒരു തിരഞ്ഞെടുപ്പുയോഗത്തില്‍ അവരെ അനുകൂലിച്ചു സംസാരിക്കാന്‍ മോദി നിര്‍ബന്ധിതനായി. എങ്കിലും പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും മനസ്സിലിരുപ്പ് എല്ലാവര്‍ക്കും വ്യക്തമായി. അഹിന്ദുക്കള്‍ മതവിശ്വാസികളോ രാജ്യസ്‌നേഹികളോ രാജ്യത്തെ പൗരരോ ആണെന്ന് അംഗീകരിക്കാന്‍ പ്രധാനമന്ത്രിക്കും ഹിന്ദുത്വവാദികള്‍ക്കും വലിയ ബുദ്ധിമുട്ടാണ്.
മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഒരു പ്രസംഗത്തെ വളച്ചൊടിച്ചാണ് മോദി വിവാദപ്രസംഗം നടത്തിയത്. മന്‍മോഹന്റെ വാക്കുകള്‍ ഇങ്ങനെ: ''പട്ടികജാതി-പട്ടികവിഭാഗങ്ങള്‍ക്കുള്ള  ഘടകപദ്ധതികള്‍ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. വികസനത്തിന്റെ ഫലങ്ങളില്‍ തുല്യമായി പങ്കുചേരാന്‍ ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ചു മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്ക് അധികാരം ലഭിക്കുന്നുണ്ടെന്നുറപ്പാക്കാന്‍ നൂതനപദ്ധതികള്‍ അവിഷ്‌കരിക്കേണ്ടതുണ്ട്.'' മന്‍മോഹന്റെ ന്യൂനപക്ഷപരാമര്‍ശം മുസ്ലീംകളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റീസ് സച്ചാര്‍ കമ്മിറ്റിയുടെ പശ്ചാത്തലത്തിലാണെന്നു മനസ്സിലാക്കുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ മുസ്ലീംകളെ പ്രീണിപ്പിക്കാനല്ലെന്നു വ്യക്തമാകും. ഇനി മോദി പറഞ്ഞതു ശ്രദ്ധിക്കുക: ''രാജ്യത്തിന്റെ വിഭവങ്ങളില്‍ മുസ്ലീംകള്‍ക്ക് ആദ്യാവകാശമുണ്ടെന്നു കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനര്‍ഥം ധാരാളം കുട്ടികളുള്ളവര്‍ക്കും  നുഴഞ്ഞുകയറ്റക്കാര്‍ക്കും ഇടയില്‍ സ്വത്ത് വിതരണം ചെയ്യുമെന്നാണ്. നിങ്ങള്‍ക്കിതു സ്വീകാര്യമാണോ... അമ്മമാരേ, സഹോദരിമാരേ, അവര്‍ നിങ്ങളുടെ താലിമാലപോലും പിടിച്ചെടുക്കും. കോണ്‍ഗ്രസ് അത്രയും നിലവാരത്തിലേക്കു കൂപ്പുകുത്താം. നിങ്ങള്‍ കഷ്ടപ്പെട്ടു സമ്പാദിച്ച പണം നുഴഞ്ഞുകയറ്റക്കാരുടെ കൈകളിലേക്കു പോകുന്നതു നിങ്ങളെങ്ങനെ സഹിക്കും?'' 
നിലവാരം കുറഞ്ഞ രാഷ്ട്രീയക്കാര്‍പോലും പറയാന്‍ മടിക്കുന്ന കാര്യങ്ങളാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയായ നരേന്ദ്രമോദി നാലു വോട്ടിനുവേണ്ടി തിരഞ്ഞെടുപ്പുയോഗത്തില്‍ പ്രസംഗിച്ചത്. മന്‍മോഹന്‍സിങ് പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്ന നുണയാണ് അദ്ദേഹം പ്രസംഗത്തിനു പ്രമേയമാക്കിയത്. പ്രധാനമന്ത്രിക്കസേരയില്‍ ഇരിക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ മോദിയുടെ വാക്കുകള്‍ക്കു വലിയ പ്രാധാന്യവും സ്വാധീനവുമുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കത്തക്കവിധം ഭരണഘടനാസ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ സംസാരിക്കാന്‍ പാടില്ല. രാഹുല്‍ഗാന്ധിയെക്കുറിച്ച് എത്ര പരിഹാസത്തോടെയാണ് അദ്ദേഹം സംസാരിക്കാറുള്ളത്. കേരളത്തിലെത്തിയപ്പോള്‍ മുഖ്യമന്ത്രിയെയും മകളെയുംകുറിച്ചു സാധാരണരാഷ്ട്രീയക്കാരനെപ്പോലെ അദ്ദേഹം ആരോപണം ഉന്നയിച്ചു. സ്വര്‍ണക്കള്ളക്കടത്തുമുതല്‍ കരുവന്നൂര്‍ ബാങ്കുകൊള്ളയുള്‍പ്പെടെ എത്ര കേസുകളാണ് നിലവിലുള്ളത്! ഹേമന്ത് സോറനെയും കേജരിവാളിനെയും അറസ്റ്റു ചെയ്ത കേന്ദ്ര ഏജന്‍സികള്‍ എന്തുകൊണ്ടു കേരളത്തിലെത്തുന്നില്ല എന്ന സംശയമാണ് പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ സ്ഥിതിഗതികള്‍ അറിയുന്നവരുടെ മനസ്സിലുണ്ടാവുക.
2019 ലെ തിരഞ്ഞെടുപ്പുഫലം ആവര്‍ത്തിക്കില്ലെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പൊതുജനസ്വരവും അറിഞ്ഞ് ആധിപൂണ്ട പ്രധാനമന്ത്രി എങ്ങനെയും രണ്ട് വോട്ടു പിടിക്കാനുള്ള  ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം വില കുറഞ്ഞ പ്രസംഗങ്ങള്‍ നടത്തുന്നതെന്നാണ് രാഷ്ട്രീയനിരീക്ഷണം. മുസ്ലീംവിരോധം ഹിന്ദുക്കളുടെ മനസ്സില്‍ ആളിക്കത്തിച്ച് ഹിന്ദുവോട്ടുകളുടെ ഏകീകരണം സാധിക്കുകയെന്ന മോദിയുടെയും ആര്‍എസ്എസിന്റെയും അജണ്ട നല്ലവരായ ഹൈന്ദവര്‍പോലും അംഗീകരിക്കുന്നില്ല. വിദ്വേഷത്തിന്റെ കടകള്‍ പൂട്ടാനുള്ള രാഹുലിന്റെ യജ്ഞത്തില്‍ രാജ്യസ്‌നേഹികള്‍ പങ്കുചേരുകയാണ്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)