•  30 May 2024
  •  ദീപം 57
  •  നാളം 12
ബാലനോവല്‍

മിഠായി

തു റിട്ടയാര്‍ഡ് ഹെഡ്‌കോണ്‍സ്റ്റബിള്‍ വാരിജാക്ഷന്റെ വീട്. വാരിജാക്ഷനും അയാളുടെ  ഭാര്യയും ഒരു മകനും അയാളുടെ ഭാര്യയുമാണിവിടെ താമസം. വാരിജാക്ഷന്‍സാറിനു രണ്ടുമക്കളാണ്. വേണുഗോപാലനും സുഗതനും. വേണുഗോപാലന്‍ മാറിത്താമസിക്കുന്നു. സുഗതനും ഭാര്യയും കൂടെയുണ്ട്. സുഗതനു തിരുവനന്തപുരത്തു ജോലിയാണ്; പോലീസില്‍ത്തന്നെ. മാസംതോറും വീട്ടില്‍ വരും. അയാള്‍ക്കു കുട്ടികളില്ല. കല്യാണം കഴിഞ്ഞിട്ടു വര്‍ഷം അഞ്ചായി. ചികിത്സകള്‍ പലതും ചെയ്തു. നോ രക്ഷ... സുഗതന്റെ ഭാര്യ അജിത ഗര്‍ഭിണിയായില്ല. വാരിജാക്ഷന്‍ സാറിന്റെ ഭാര്യ വാസന്തി അജിതയോടെന്നും വഴക്കാണ്.
''ഒരു മച്ചിയെയാണല്ലോ എന്റെ മകന്‍ കെട്ടിയത്. മൂശേട്ട...''
''ദേ അമ്മേ, എന്നെ വെറുതെ വഴക്കുപറഞ്ഞാലുണ്ടല്ലോ. ഞാനെന്റെ വീട്ടിപ്പോകും...'' അജിത പറയാറുണ്ട്.
''പോടീ. പിന്നെ നീയിങ്ങോട്ടു വരരുത്. എന്റെ മകനെ ഞാന്‍ വേറെ പെണ്ണുകെട്ടിക്കും...''
പക്ഷേ, സുഗതന്‍ ആളൊരു പാവമാണ്. ഒരു പോലീസുകാരന്റെ ശൂരതയും ക്രൂരതയുമൊന്നും അയാള്‍ക്കില്ല. ആളൊരു  ശാന്തന്‍.
''സുഗതാ, താനൊരു പോലീസുകാരനാകേണ്ട ആളല്ലായിരുന്നു. വല്ല അധ്യാപകനുമായാല്‍ മതിയായിരുന്നു...'' സഹപ്രവര്‍ത്തകര്‍ പറയും.
സുഗതന്‍ ചിരിക്കുകയേ ഉള്ളൂ.
അന്നൊരു തിങ്കളാഴ്ചയായിരുന്നു. സുഗതന്‍പോലീസ് തിരുവന്തപുരത്തുനിന്നു വന്നിട്ടുണ്ട്. അയാള്‍ പുറത്തുനിന്നു വിളിച്ചു:
''അജിതേ.''
''ദേ വരണു ചേട്ടാ.''
നനഞ്ഞ കൈ നൈറ്റിയില്‍ തുടച്ചിട്ട് അജിത ചെന്നു വാതില്‍ തുറന്നു.
''ചേട്ടനെപ്പം വന്നു?'' അവള്‍ സന്തോഷത്തോടെ സുഗതനെ നോക്കി ചോദിച്ചു.
''ദേ ഇപ്പളിങ്ങെത്തിയതേയുള്ളൂ. അമ്മയെവിടെ അജിതേ...''
''ദാ കുളിക്കുന്നു...'' 
''എന്താ നീയൊരു രസമില്ലാത്തതുപോലെ സംസാരിക്കുന്നത്?''
''നിങ്ങടമ്മയ്ക്ക് ഏതു നേരവും എന്നെ വഴക്കു പറഞ്ഞോണ്ടിരിക്കണം...''
''എന്തിനാ വഴക്ക്...''
''ഞാന്‍ പ്രസവിക്കാത്തതിന്.'' അജിത ചിരിച്ചു.
''അതിനു വഴക്കു പറഞ്ഞിട്ടെന്താ കാര്യം. ദൈവം കനിയണ്ടെ.''
''അതമ്മയോടൊന്നു പറഞ്ഞു കൊടുക്ക്.''
''നീ വാ പ്രായമായവര്‍ വല്ലതുമൊക്കെപ്പറയും നീയതു കാര്യമായിട്ടെടുക്കണ്ട.'' സുഗതന്‍ ഭാര്യയെ സമാധാനിപ്പിച്ചു.
പിന്നെ ആ വിഷയത്തെക്കുറിച്ച് അജിതയൊന്നും പറഞ്ഞില്ല. അവര്‍ ഭാര്യയും ഭര്‍ത്താവും സ്വന്തം മുറിയിലേക്കു പോയി.
''ചേട്ടന്‍ ഡ്രസ്സുമാറി കുളിക്കൂ. ഞാന്‍ ഭക്ഷണമെടുത്തുവയ്ക്കാം...'' അജിത അടുക്കളയിലേക്കു പോയി. അപ്പോഴേക്കും വാസന്തി കുളി കഴിഞ്ഞുവന്നു.
''ആരാടീ അപ്രത്ത്.''
''സുഗതന്‍ചേട്ടന്‍ വന്നു.''
''ഓ ഇനി നിനക്ക് സൊള്ളാനൊരാളായി.''
അജിത മറുപടി പറഞ്ഞില്ല, മൗനം ദീക്ഷിച്ചു. ഒരു മാസം കൂടിയാണ് തന്റെ ഭര്‍ത്താവു വരുന്നത്. അദ്ദേഹത്തിനു മനസ്സമാധാനം കൊടുക്കണം.
സമയം ഓടിയകലുകയാണ്. 
മണി ഒന്നര. പുറത്തു വെയില്‍ കത്തുന്നു.
സുഗതന്‍ വേഗം കുളികഴിഞ്ഞു ഡ്രസ്സുമാറി വന്നു. 
''മോനെപ്പ വന്നെടാ?'' വാസന്തി ചോദിച്ചു.
''ഇപ്പോ വന്നതേയുള്ളമ്മേ.''
''എടീ, വേഗം ചോറു വിളമ്പ് അവനു നന്നായി വിശക്കുന്നു
ണ്ടാവും.''
സുഗതന്‍ പോലീസ് വിഭവസമൃദ്ധമായ ഊണു കഴിച്ചു.
ഇനി നന്നായൊന്നുറങ്ങണം. അയാള്‍ എണീറ്റു കൈകഴുകി.
* * *
ഷീജ സ്‌കൂളില്‍ ഹാപ്പിയായിരുന്നു. നന്നായി പഠിക്കുന്ന കുട്ടിയാണവള്‍. മറ്റു കുട്ടികളോടു റ്റീച്ചര്‍മാര്‍ ചിലപ്പോള്‍ പറയാറുണ്ട്:
''ഷീജയെ കണ്ടുപഠിക്ക്.''
സഹപാഠികളായ മറ്റു കുട്ടികളോടൊക്കെ ഷീജയ്ക്കു വളരെ സ്‌നേഹമാണ്. നീന യു.പി., വന്ദന രാജേഷ്, മിനിമോള്‍ പി. അങ്ങനെ കുറെ കൂട്ടുകാരുണ്ട് ഷീജയ്ക്ക്. എല്ലാവര്‍ക്കും ഷീജ റ്റി.കെ. ചിലപ്പോള്‍ മിഠായി വാങ്ങിക്കൊടുക്കാറുണ്ട്. ദമയന്തിറ്റീച്ചര്‍ ചിലപ്പോള്‍ മകള്‍ക്ക് പത്തു രൂപ കൊടുക്കും.
''എന്തിനാമ്മേ രൂപ?'' ഷീജ ചോദിക്കും.
''മിഠായി വാങ്ങിച്ചോ കൂട്ടുകാര്‍ക്കും കൊടുക്കണം.''
''നല്ല അമ്മ.''
''കൂട്ടുകാര്‍ക്കൊക്കെ വല്ലപ്പഴും മിഠായി വാങ്ങിക്കൊടുത്താലേ അവരുടെ സ്‌നേഹം നിലനില്ക്കൂ.'' റ്റീച്ചര്‍ പറഞ്ഞു.
''അതു ശരിയാ അമ്മ പറഞ്ഞത്. ഇന്നാളു ഞാനവര്‍ക്കു മിഠായി കൊടുത്തപ്പോള്‍ അവരുടെ മുഖങ്ങളില്‍ എന്തു സന്തോഷമായിരുന്നെന്നോ...''
''അങ്ങനെയാണു മോളേ... നമ്മളാര്‍ക്കെങ്കിലും സ്‌നേഹപൂര്‍വം എന്തെങ്കിലും കൊടുത്താല്‍ അവര്‍ സന്തോഷിക്കും...''
റ്റീച്ചര്‍ പറഞ്ഞു.
അമ്മ കൊടുത്തു പത്തുരൂപാ ഷീജ സൂക്ഷിച്ചുവച്ചു. നാളെ കൂട്ടുകാര്‍ക്ക് മിഠായി വാങ്ങിക്കൊടുക്കണം. മിഠായിമധുരം നുണയുമ്പോള്‍ അവരുടെ മുഖങ്ങളില്‍ പുഞ്ചിരി വിടരും. അതു കാണുന്നതു തനിക്കു സന്തോഷമാണ്. ഷീജ മനസ്സില്‍ പറഞ്ഞു. 
''മോളേ ദേ അച്ഛന്‍ ഭക്ഷണം കഴിക്കാനിരുന്നു. നീ കൂടെ വന്നിരിക്ക്.'' റ്റീച്ചര്‍ വിളിച്ചു.
ഷീജ എണീറ്റുപോയി.
ചപ്പാത്തിയും വെജിറ്റബിള്‍ കറിയും. ദമയന്തിറ്റീച്ചര്‍ ഡൈനിങ് ടേബിളില്‍ വിളമ്പി.
അച്ഛനും മകളും ഇരുന്നു. നളനുണ്ണി അന്നു സന്തോഷവാനായിരുന്നു. 
''അസുഖം കുറവുണ്ടോ അച്ഛാ?'' ഷീജ ചോദിച്ചു. 
''കുറവുണ്ടു മോളേ നല്ല സുഖം തോന്നുന്നു.''
''നല്ല മരുന്നുകളാവും ഡോക്ടര്‍ തന്നത്.''
''അതെയതെ...'' നളനുള്ളി ചപ്പാത്തി മുറിച്ച് വെജിറ്റബിള്‍ക്കറിയില്‍ മുക്കിത്തിന്നു.
''നീയും കഴിക്കൂ ദമയന്തീ.''
ദമയന്തിറ്റീച്ചറും അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കാനിരുന്നു. 
 
    (തുടരും)
 
 
Login log record inserted successfully!