•  25 Jul 2024
  •  ദീപം 57
  •  നാളം 20
ബാലനോവല്‍

മിഠായി

ന്നു ദമയന്തിറ്റീച്ചറും ഷീജയും ഒരുമിച്ചാണു സ്‌കൂളിലേക്കു പോയത്. പോകാന്‍നേരം അവള്‍ ഭര്‍ത്താവിനോടു പറഞ്ഞു.
''ചേട്ടാ, സമയത്തിനു ഭക്ഷണം കഴിച്ചിട്ട് ഗുളിക കഴിക്കണം. വെറുതെ കിടന്നുറങ്ങരുത്. എന്തെങ്കിലും വായിച്ചുകൊണ്ടിരിക്കുക. ഇടയ്ക്ക് മുറ്റത്തിറങ്ങി അല്പനേരം നടന്നോളൂ.'' 
''ശരി ദമയന്തീ...''
''അച്ഛാ അമ്മ പറഞ്ഞതൊന്നും മറക്കല്ലേ...'' ഷീജ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു. 
''ഇല്ല മോളേ ഒന്നും മറക്കില്ല.'' നളനുണ്ണി സമ്മതിച്ചു.
''ഇടയ്ക്ക് അച്ഛനോടെന്തെങ്കിലും പറയാനുണ്ടെങ്കില്‍ നളദമയന്തിക്കഥയിലെ അരയന്നത്തെ  പറഞ്ഞുവിടാം...'' ഷീജ അങ്ങനെ പറഞ്ഞിട്ടു ചിരിച്ചു.
''വാ മോളേ സമയം പോയി. ഞാനെന്നും വൈകിച്ചെല്ലുന്നെന്നു സ്‌കൂളില്‍ പലര്‍ക്കും പരാതിയാ.''
''ഇല്ലമ്മേ, അച്ഛന്റെ രോഗവിവരമറിഞ്ഞതില്‍പ്പിന്നെ ആര്‍ക്കും പരാതിയില്ല.''
''എന്നാരാ നിന്നോടു പറഞ്ഞത്.''
''ആരും പറഞ്ഞില്ല. എനിക്കങ്ങനെ തോന്നി.''
''ശരി നീ വാ.'' ദമയന്തി നടന്നു. പിറകേ ശ്രീജയും.
ഭാര്യയുടെയും മോളുടെയും പോക്കു നോക്കി നളനുണ്ണിയുടെ ചുണ്ടിലൊരു പുഞ്ചിരി വിടര്‍ന്നു.
ദമയന്തിറ്റീച്ചറും ഷീജ റ്റി.കെ.യും. തന്റെ ആത്മാവാണു രണ്ടുപേരും. ദമയന്തിയില്ലെങ്കില്‍ നളനുണ്ണിയില്ല. ഷീജയില്ലെങ്കില്‍ നളനുണ്ണിയില്ല. അത്രയ്ക്കു സ്‌നേഹമുള്ളൊരു സ്ത്രീയാണു ദമയന്തിറ്റീച്ചര്‍. തന്നെ ശുശ്രൂഷിച്ച് അവളൊരു കോലമായി. സ്‌കൂളില്‍പ്പോകണമെന്നൊന്നും ദമയന്തിക്കു നിര്‍ബന്ധമില്ല. തന്നെ ഏതുനേരവും ശുശ്രൂഷിക്കണം എന്ന വിചാരം മാത്രം. ഭര്‍ത്താവിനെ ഇത്രയധികം സ്‌നേഹിക്കുന്ന ഭാര്യമാരുണ്ടോ? സ്‌കൂളില്‍ സമയത്തിനെത്തി ജോലി ചെയ്താലല്ലേ ശമ്പളം കിട്ടൂ. അവളുടെ ശമ്പളം മാത്രമാണു ജീവിതത്തിനാധാരം. വീട്ടുചെലവുകള്‍ നടക്കണം. തന്റെ മരുന്നിനുള്ള പണം വേണം. ക്യാന്‍സര്‍ മരുന്നുകള്‍ക്കു വലിയ വിലയാണ്. സാധാരണമരുന്നുകളെക്കാളും വില കൂടും അര്‍ബുദമരുന്നിന്. ദമയന്തിക്കീമാസത്തെ ശമ്പളം കിട്ടാറായി. അത്രയും ആശ്വാസം. ഒരു ദീര്‍ഘനിശ്വാസം വിട്ടിട്ട് നളനുണ്ണി ബഡ്ഡില്‍ക്കയറിക്കിടന്നു. 
അന്നു സ്‌കൂളിലെത്തിയ ദമയന്തിറ്റീച്ചര്‍ പ്രസന്നവദനയായിരുന്നു.
''ഭര്‍ത്താവിനെങ്ങനെയുണ്ട് റ്റീച്ചറെ?'' ശ്രീധരന്‍മാഷ് ചോദിച്ചു.
''വളരെ ആശ്വാസമുണ്ട് സാറെ.''
''അതാ ഇന്നു റ്റീച്ചറുടെ മുഖത്തൊരു പ്രസാദം.'' 
ദമയന്തിറ്റീച്ചര്‍ പുഞ്ചിരിച്ചതേയുള്ളൂ.
''റ്റീച്ചറിന്നു നേരത്തേ എത്തി അല്ലേ?'' ഭാനുമതിറ്റീച്ചര്‍ ചോദിച്ചു.
''എത്തി റ്റീച്ചര്‍. എന്നും വൈകിയല്ലേ എത്തുന്നത്. പുള്ളിക്കാരനല്പം സുഖമുള്ളതുകൊണ്ട് വീട്ടുപണിയൊക്കെ നേരത്തേ കഴിഞ്ഞു.''
''നന്നായി. ഷീജ എവിടെ?''
''ക്ലാസിലുണ്ട്. അവളെല്ലാക്കാര്യങ്ങളും പറഞ്ഞു അല്ലേ റ്റീച്ചറേ...''
''ഉവ്വ്. മോളു മിടുക്കിയാണു റ്റീച്ചറേ.''
''പാവമാ റ്റീച്ചറേ എന്റെ മോള്. അച്ഛനസുഖം കൂടിയാല്‍ എന്റെ കുട്ടിക്കു മനസ്സിനു വിഷമമാ.''
''ശരിയാ റ്റീച്ചറു പറഞ്ഞത്. നമ്മളെ കൂടുതല്‍ സ്‌നേഹിക്കുന്ന കുട്ടികള്‍ അങ്ങനെയാ. ഷീജ ഒരു ദിവസം ക്ലാസില്‍ തളര്‍ന്നുവീണു.''
''മനഃപ്രയാസംകൊണ്ടാണത്. അവളുടെ മനസ്സിന് പിടിച്ചുനില്‍ക്കാനുള്ള കരുത്തില്ല.'' ദമയന്തിറ്റീച്ചര്‍ ദുഃഖിതയായി.
''ഒന്നും സാരമില്ല റ്റീച്ചറേ. എല്ലാം നേരേയാവും. ഹസ്ബന്റിനു രോഗം കുറവുണ്ടല്ലോ... പ്രാര്‍ഥിക്കുക. ഈശ്വരനോട്...'' ഭാനുമതിറ്റീച്ചര്‍ പറഞ്ഞു.
''അതേ. ദൈവമാണു നമുക്കാശ്രയം.''
   *        *       *
നളനുണ്ണി എണീറ്റ് അടുക്കളയില്‍ച്ചെന്നു ഭക്ഷണമെടുത്തു. ചോറും കറികളും വിളമ്പിമൂടിവെച്ചിട്ടാണു ദമയന്തി സ്‌കൂളില്‍പ്പോയത്.
ഒരു പ്ലെയിറ്റില്‍ ചോറ്. സാമ്പാറ്. ചെറുപയര്‍ തോരന്‍. രണ്ടു പപ്പടം ചുട്ടത്. അത്രയുമായിരുന്നു വിഭവങ്ങള്‍. നളനുണ്ണി ഊണുകഴിച്ച് കൈകഴുകി. പാത്രങ്ങള്‍ കഴുകിവച്ചു. അതിനവള്‍ വഴക്കുപറയും. വയ്യാത്ത ആള്‍ എന്തിനാണ് ഊണു കഴിച്ച പാത്രങ്ങള്‍ കഴുകി വയ്ക്കുന്നത്... ഞാന്‍ പിന്നെയെന്തിനാണിവിടെ തടിപോലുള്ളത്... എന്നൊക്കെപ്പറഞ്ഞ് ദമയന്തി അരിശപ്പെടും.
''സാരമില്ല. ദമയന്തീ പോട്ടെ. നീ വരുമ്പോള്‍ കഴിച്ച പാത്രങ്ങളൊക്കെ ഉണങ്ങില്ലേ...''
''അതിനല്പം വെള്ളമൊഴിച്ചു വച്ചാല്‍ മതിയായിരുന്നല്ലോ.''
''നിനക്ക് എന്തിനും ഒരു ന്യായീകരണമുണ്ട്.'
''ചേട്ടാ അധികം ശരീരമനങ്ങാന്‍ പാടില്ല നിങ്ങള്‍ക്ക്.''
അവള്‍ സങ്കടപ്പെട്ടു പറയും.
താന്‍ അവളുടെയടുത്തു ചെന്നു കൈകള്‍ കൂട്ടിപ്പിടിച്ചു പറയും.
''ദമയന്തീ, നീയെന്നെ വല്ലാതെ സ്‌നേഹിക്കുന്നതുകൊണ്ട് നിനക്കങ്ങനെയൊക്കെത്തോന്നുന്നതാ.''
''ചേട്ടാ എനിക്കു പേടിയാ ശരീരം ഒരുപാടനങ്ങിയാല്‍ നിങ്ങള്‍ക്കസുഖം കൂടുമോ എന്നുള്ള പേടി...'' ദമയന്തി ഗദ്ഗദകണ്ഠയായി.
''ഇല്ല പൊന്നേ... എനിക്കങ്ങനെ അസുഖം കൂടത്തൊന്നുമില്ല.''
''എനിക്കും എന്റെ മോള്‍ക്കും നിങ്ങളേ ഉള്ളൂചേട്ടാ...''
ദമയന്തി സങ്കടപ്പെടും.
 
 
 (തുടരും)
Login log record inserted successfully!