•  5 Dec 2024
  •  ദീപം 57
  •  നാളം 39
വചനനാളം

കര്‍ത്താവ് നിന്റെ കൂടെയുണ്ട്

ഏപ്രില്‍ 21  ഉയിര്‍പ്പുകാലം നാലാം ഞായര്‍

ജോഷ്വാ 1:1-9  2 ദിന 15:1-7
2 കോറി 13:5-10  മത്താ 28:16-20

ര്‍ത്താവ് എന്റെ കൂടെയുണ്ട് എന്ന ചിന്ത ഏറെ ആശ്വാസകരവും ആനന്ദപ്രദവുമാണ്. കാരണം, കര്‍ത്താവു കൂടെയുണ്ടെങ്കില്‍ യാതൊരുവിധ ശക്തിക്കും നമ്മെ പരാജയപ്പെടുത്താനാവില്ല (റോമ. 8:31). ഉയിര്‍പ്പുകാലം നാലാം ഞായറാഴ്ചത്തെ വായനകളെല്ലാം നമ്മോടു സംസാരിക്കുന്നത്  ഈ ഒരു ഉറപ്പിനെക്കുറിച്ചാണ്: കര്‍ത്താവു നിന്റെ കൂടെയുണ്ട്. 
ഒന്നാമത്തെ വായനയില്‍ (ജോഷ്വാ 1:1-9) ജോഷ്വായുടെ കാനാന്‍പ്രവേശത്തില്‍ അവനോടുകൂടെ ആയിരിക്കുമെന്നു പറഞ്ഞ് ജോഷ്വായെ ശക്തിപ്പെടുത്തുന്ന കര്‍ത്താവിനെക്കുറിച്ചും, രണ്ടാം വായനയില്‍ (2 ദിന. 15:1-7) കര്‍ത്താവിനോടു ചേര്‍ന്നിരുന്നാല്‍ അവിടുന്നു നിങ്ങളുടെകൂടെ ഉണ്ടായിരിക്കുമെന്ന അസറിയായുടെ പ്രവചനത്തെക്കുറിച്ചും, മൂന്നാംവായനയില്‍ (2 കോറി. 13:5-10) ഈശോമിശിഹാ നമ്മളില്‍ വസിക്കുന്നുണ്ടെന്നും നാം അതിനനുസരിച്ചു ജീവിക്കേണ്ടതുണ്ടെന്ന പൗലോസ്ശ്ലീഹായുടെ വാക്കുകളെക്കുറിച്ചും, നാലാം വായനയില്‍ (മത്താ. 28:16-20) ശിഷ്യന്മാരെ പ്രേഷിതദൗത്യവുമായി അയയ്ക്കുമ്പോള്‍ യുഗാന്തംവരെ അവരോടുകൂടെ ഉണ്ടായിരിക്കുമെന്നു വാഗ്ദാനം ചെയ്യുന്ന മിശിഹായെക്കുറിച്ചും നാം ശ്രവിക്കുന്നു. മിശിഹായുടെ വാസമാണ് ഈ വായനകളുടെയെല്ലാം പ്രധാന പ്രമേയം.
ജോഷ്വാ 1:1-9: കാനാന്‍ദേശത്തേക്കു പ്രവേശിക്കാന്‍ കര്‍ത്താവായ ദൈവം ജോഷ്വായ്ക്കു നല്‍കുന്ന നിര്‍ദേശങ്ങളാണ് ഈ വായനയുടെ കേന്ദ്രം. ''ജോഷ്വാ'' എന്ന പേരിന്റെ അര്‍ഥം 'രക്ഷകന്‍' എന്നാണ്. 'യഹോവയാണ് രക്ഷ' എന്നാണ് ഈ വാക്കിന്റെ  പൂര്‍ണാര്‍ഥം. ഇസ്രായേല്‍ജനത്തിനു കാനാന്‍നാട്ടിലേക്കുള്ള യാത്രയില്‍ രക്ഷകനായ ദൈവത്തിന്റെ ശുശ്രൂഷകനായി, രക്ഷയിലേക്ക് അവരെ നയിക്കുന്നവനായി ഈ വ്യക്തി മാറ്റപ്പെടുകയാണ്. അതിനാല്‍, ജോഷ്വായ്ക്ക് ഈ പേര് അര്‍ഥവത്താണ്. കര്‍ത്താവിന്റെ രക്ഷ പ്രവൃത്തിപഥത്തിലെത്തിക്കുന്ന ഒരു ഉപകരണമാണ് ജോഷ്വാ. ഈ പദം ഗ്രീക്കുഭാഷയിലേക്കു വിവര്‍ത്തനം ചെയ്യുമ്പോള്‍ 'യെസൂസ്' എന്നാണ്. ഇതില്‍നിന്നാണ് യേശു, ഈശോ എന്നീ വാക്കുകള്‍ രൂപപ്പെടുന്നത്. ഈശോയാണ് യഥാര്‍ഥ രക്ഷകന്‍. പഴയനിയമചരിത്രത്തിലെ ജോഷ്വാ ആരാണ്? അദ്ദേഹം മോശയുടെ സഹകാരിയാണ്. മരുഭൂമിയാത്രയില്‍ മോശയോടു ചേര്‍ന്നുനിന്നു  പ്രവര്‍ത്തിച്ച വിശ്വസ്തനായ ദാസനാണ്. ഇസ്രയേല്‍ജനത്തിനിടയില്‍ അദ്ദേഹം പ്രിയപ്പെട്ടവനാണ്. കാര്യങ്ങള്‍ പക്വതയോടെ നിര്‍വഹിക്കുന്നവനാണ്. അക്കാരണത്താലാവണം കര്‍ത്താവു മോശയുടെ തുടര്‍ശുശ്രൂഷയ്ക്കായി ജോഷ്വായെ തിരഞ്ഞെടുത്ത് അയയ്ക്കുന്നത്. ഇത് ഒരു ദൈവവിളിതന്നെയാണ്. പ്രത്യേകനിയോഗം നിര്‍വഹിക്കേണ്ട ദൈവത്തിന്റെ വിളി. ദൈവത്തിന്റെ ദേശത്തേക്ക് എല്ലാവരെയും കൈപിടിച്ചു നടത്താനുള്ള വിളിയാണിത്. ജോഷ്വാ കര്‍ത്താവിനാല്‍ അയയ്ക്കപ്പെടുന്ന ഒരു അപ്പസ്‌തോലനാണ്.
ഇസ്രയേല്‍ജനത്തെ നയിക്കുമ്പോള്‍ ജോഷ്വായ്ക്കു കൂട്ടായിട്ടുള്ളതും അവന്റെ കൂടെയുള്ളതും ദൈവമായ കര്‍ത്താവാണ്. "I will be with you'' -  ഈ ഉറപ്പാണ് ദൈവം ജോഷ്വായ്ക്കു നല്‍കുന്നത്. ഒരിക്കലും അവനെ ഉപേക്ഷിക്കുകയില്ല എന്ന വാഗ്ദാനവും ദൈവം നല്‍കുന്നുണ്ട്. ഹീബ്രുഭാഷയിലെ അസാബ് എന്ന ക്രിയാപദത്തിന്റെ അര്‍ഥം ഉപേക്ഷിക്കുക എന്നാണ്. ദൈവം പറയുന്നു:      I will not forsake you.. ദൈവത്തിന്റെ കരുതലാണിത്. അപകടത്തിലും അത്യാഹിതങ്ങളിലും കൈവിടാത്തവനാണു ദൈവം. അവിടുന്നു കൂടെയുള്ളവനാണ്.
ജോഷ്വായോടു ദൈവം പറയുന്നുണ്ട്: ''ശക്തനും ധീരനുമായിരിക്കുക.'' ദൈവം കൂടെയുണ്ടെന്നും, അവിടുന്ന് ഒരിക്കലും അവനെ ഉപേക്ഷിക്കുകയില്ലായെന്നുമുള്ള ഉറപ്പാണ് ഇതിനു കാരണം. ദൈവം കൂടെയുള്ളപ്പോള്‍ ഒന്നിനെയും ഭയപ്പെടേണ്ടതില്ല. ദൈവത്തിന്റെ സഹവാസമാണ് ഒരുവന്റെ ബലവും ശക്തിയും. മൂന്നു പ്രാവശ്യം ദൈവം അരുള്‍ ചെയ്യുന്നുണ്ട്, 'ശക്തനും ധീരനുമായിരിക്കുക' എന്ന് (1:6,7,9). ദൈവം കൂടെയുണ്ടെന്നുള്ളതാണ് ഈ ആഹ്വാനത്തിന്റെ അടിസ്ഥാനം. ജോഷ്വായുടെ പ്രധാന ദൗത്യം വാഗ്ദത്തദേശം വീതിച്ചുകൊടുക്കുക (1:6) എന്നതാണ്.  എല്ലാ നിയമങ്ങളും അനുസരിക്കുക, അവയില്‍നിന്ന് ഇടംവലം തിരിയാതിരിക്കുക. ന്യായപ്രമാണം ഹൃദയത്തില്‍ സൂക്ഷിക്കുക, അവ പാലിക്കുക തുടങ്ങിയ കാര്യങ്ങളും ദൈവം ജോഷ്വായെ ഓര്‍മപ്പെടുത്തുന്നുണ്ട്. ദൈവം കൂടെയുള്ളവന്‍ അവിടുത്തോടു 'കൂടെ' ആയിരിക്കാന്‍വേണ്ടി ചെയ്യേണ്ട കാര്യങ്ങളാണിവ.
2 ദിനവൃത്താന്തം 15:1-7: അസറിയാപ്രവാചകന്റെ ആസായോടുള്ള വാക്കുകളാണ് രണ്ടാം വായനയില്‍ നാം ശ്രവിക്കുന്നത്. ആസാരാജാവിനോടൊപ്പം ഈ പ്രവചനം യൂദയാ-ബെഞ്ചമിന്‍ നിവാസികള്‍ക്കുംകൂടിയുള്ളതാണ്. അസറിയായുടെ പ്രവചനം ദൈവപ്രേരിതമാണ്: ''റൂവാഹ് എലോഹിം'' (=the spirit of God)  അസറിയായുടെമേല്‍ ആവസിച്ചു എന്നാണ് ഒന്നാം വാക്യം പറയുന്നത്. ഈ പ്രവചനം ദൈവനിവേശിതമാണ്; അതു മാനുഷികമല്ല.
അസറിയാപ്രവാചകന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്: ''നിങ്ങള്‍ കര്‍ത്താവിനോടു ചേര്‍ന്നിരിക്കുന്നിടത്തോളംകാലം അവിടുന്നു നിങ്ങളോടുകൂടെ ഉണ്ടായിരിക്കും'' (15:2). ദൈവം കൂടെയുണ്ടെന്നത് സത്യവും യാഥാര്‍ഥ്യവുമാണ്. എന്നാല്‍, നാം ദൈവത്തിന്റെ കൂടെയാണോ  എന്നതാണ് ആത്മശോധന ചെയ്യേണ്ടത്. രാജാവിനെയും ജനങ്ങളെയും ഒരു ആത്മശോധനയിലേക്കു നയിക്കുന്നതാണ് പ്രവാചകന്റെ വാക്കുകള്‍. ഇത് ഒരു ധ്യാനംതന്നെയാണ്. പ്രവാചകന്‍ ജനത്തെയും രാജാവിനെയും ഒരു ധ്യാനത്തിലേക്കു ക്ഷണിക്കുകയാണ്: ദൈവം കൂടെയുണ്ട്; എന്നാല്‍, ഞാന്‍ ദൈവത്തിന്റെ കൂടെയുണ്ടോ?
ദൈവാന്വേഷകരാകാനുള്ള ഒരു ക്ഷണവും ആഹ്വാനവും ഈ വചനത്തിലുണ്ട്. ദൈവത്തെ അന്വേഷിച്ചാല്‍ കണ്ടെത്തും എന്ന ഒരു ഉറപ്പ് ഈ പ്രവാചകവചനങ്ങളിലുണ്ട്. ദറാഷ്  എന്ന പദത്തിന്റെ അര്‍ഥം search എന്നാണ്. ഈ അന്വേഷണം ആഗ്രഹത്തോടെയുള്ള ഒരു തേടലാകണം. അപ്പോഴാണ് ദൈവത്തെ കണ്ടുമുട്ടാനും ദൈവാനുഭവം ലഭിക്കാനും സാധിക്കുന്നത്. മനുഷ്യന്റെയുള്ളില്‍ ദൈവത്തെ കണ്ടെത്താനുള്ള ഒരു ത്വരയുണ്ട്. അത് ഉണര്‍വുള്ളതാകുമ്പോള്‍ ദൈവത്തെ നാം കണ്ടെത്തും. കാരണം, ദൈവം നമ്മുടെകൂടെ ഉണ്ട് എപ്പോഴും.
2 കോറിന്തോസ് 13:5-10: ദൈവശാസ്ത്രപ്രബോധനങ്ങള്‍ നല്കുന്ന പൗലോസ് ശ്ലീഹാ തന്റെ സഭാംഗങ്ങള്‍ക്കു പ്രായോഗികനിര്‍ദേശങ്ങളും നല്‍കാറുണ്ട്. ചിലപ്പോഴൊക്കെ ചില മുന്നറിയിപ്പുകളും നല്‍കാറുണ്ട്. ഈ വായനയില്‍, കോറിന്തോസിലെ സഭാംഗങ്ങള്‍ക്കുള്ള ചില മുന്നറിയിപ്പുകളാണ് നാം ശ്രവിക്കുന്നത്. ഇതൊരു പഠിപ്പിക്കലാണ്.moral teaching തന്നെയാണിതും. ക്രൈസ്തവര്‍ ചരിക്കേണ്ട വഴിയാണ് ഇവ കാണിച്ചുതരുന്നതും.
കോറിന്തോസിലെ സഭാംഗങ്ങളോടു തങ്ങളെത്തന്നെ ഒന്നു പരിശോധിക്കാനാണ് ശ്ലീഹാ ആദ്യം പറയുന്നത്. ഗ്രീക്കുഭാഷയിലെ പെയ്‌റാസെത്തെ എന്ന പ്രയോഗം അര്‍ഥമാക്കുന്നത് ഒരു വിലയിരുത്തലാണ്. ഇത് ഒരു examination ആണ് - സ്വയം പരിശോധന. ഇതില്‍ വിജയം കണ്ടെത്താന്‍ സാധിക്കുന്നുണ്ടോയെന്നാണു ശ്ലീഹാ ചോദിക്കുന്നത്. പരിശോധിക്കേണ്ടത് സ്വന്തം ഹൃദയത്തിലും ജീവിതത്തിലും 'ഈശോ' ഉണ്ടോ എന്നുള്ളതാണ്. ഈശോമിശിഹാ എല്ലാവരിലും ഉണ്ട്. അവിടുന്നു കൂടെവസിക്കുന്നവനാണ്. എന്നാല്‍, അവിടുത്തെ ഞാന്‍ എന്റെ കൂട്ടത്തില്‍, എന്റെ ജീവിതത്തില്‍ കൂടെ കൂട്ടുന്നുണ്ടോ? ദൈവത്തില്‍നിന്നും ക്രിസ്ത്വനുഭവത്തില്‍നിന്നും മിശിഹായില്‍നിന്നും അകന്നുപോകുന്നവര്‍ക്കുള്ള ചോദ്യവും ഒരു താക്കീതുമാണിത്.
കോറിന്തോസുകാരുടെ ജീവിതത്തില്‍നിന്ന് എല്ലാത്തരത്തിലുമുള്ള തിന്മകള്‍ നീക്കിക്കളയണമെന്നും  ശ്ലീഹാ ഓര്‍മിപ്പിക്കുന്നുണ്ട്. പൗലോസിന്റെ പ്രാര്‍ഥനതന്നെ അതാണ്: തിന്മ പ്രവര്‍ത്തിക്കരുത് (13:7). കാക്കോസ് എന്ന ഗ്രീക്കുപദത്തിന്റെ അര്‍ഥം evil  എന്നാണ്. അത് ഒരാളുടെ ജീവിതത്തില്‍ നാശം വരുത്തുന്ന ഒന്നാണ്. നന്മ പ്രവര്‍ത്തിക്കാനുള്ള ഒരു ക്ഷണംകൂടി ഈ വാക്യത്തില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. കാലോസ്  എന്ന ഗ്രീക്കുപദത്തിന്റെ അര്‍ഥം  നന്മ (good) എന്നാണ്. ഈശോമിശിഹായുടെ മക്കള്‍ നന്മയുടെ മക്കളാകണമെന്ന ആഹ്വാനമാണിത്. കോറിന്തോസുകാരുടെ ജീവിതത്തിലെ kakos നിന്നു kalosലേക്കുള്ള ഒരു യാത്രയാണ് അര്‍ഥമാക്കുന്നത്.
മത്തായി 28:16-20: ഉത്ഥിതനായ മിശിഹാ തന്റെ ശിഷ്യന്മാരെ പ്രേഷിതദൗത്യവുമായി അയയ്ക്കുന്നുണ്ട്. അയയ്ക്കുമ്പോള്‍ അവിടുന്നു കൂടെയുണ്ടാകും എന്ന  വാഗ്ദാനവും ശിഷ്യര്‍ക്കു നല്‍കുന്നുണ്ട്. അതാണ് ശിഷ്യന്മാരുടെ പ്രേഷിതപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം: കര്‍ത്താവ് കൂടെയുണ്ട്.
പതിനൊന്നു ശിഷ്യന്മാരും മലയിലേക്കു പോയി എന്നാണ് വചനത്തില്‍ നാം വായിക്കുന്നത്. ഓറോസ് എന്ന പദം ഉയര്‍ന്ന പ്രദേശത്തെയാണു സൂചിപ്പിക്കുന്നത്. ഇതു പ്രതീകാത്മകാര്‍ഥത്തിലും ഉപയോഗിക്കാറുണ്ട്. ഇവിടുത്തെ അര്‍ഥം ദൈവികഇടം  എന്നാണ്. മല വെളിപ്പെടുത്തലിന്റെ ഇടമാണ്. ദൈവം തന്നെത്തന്നെ ഇവിടെ വെളിപ്പെടുത്തിക്കൊടുക്കുന്നുണ്ട്: താന്‍ സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും അധിപനാണ് എന്ന്. 
മിശിഹായ്ക്കു സാര്‍വത്രികാധികാരം ഉള്ളതിനാലാണ് ശ്ലീഹന്മാര്‍ക്കു സാര്‍വത്രികപ്രേഷിതദൗത്യവും നല്‍കുന്നത്. ലോകമെങ്ങുംപോയി സുവിശേഷം പ്രസംഗിക്കുവിന്‍ എന്നാണ് അവിടുന്ന് ആഹ്വാനം ചെയ്യുന്നത്. ''പാന്‍താ താ എത്ത്‌നെ'' എന്ന ഗ്രീക്കുപ്രയോഗത്തിന്റെ അര്‍ഥം മഹഹ all nations എന്നാണ് - എല്ലാ ജനതകളും  ഇതില്‍ ഉള്‍ക്കൊള്ളുന്നുണ്ട്; യഹൂദരും വിജാതീയരുമെല്ലാം. സുവിശേഷം സര്‍വജനത്തിനുംവേണ്ടിയുള്ളതാണ്. അതാരെയും ഒഴിവാക്കുന്നില്ല.
ഈ ശുശ്രൂഷ ചെയ്യുന്ന ശ്ലീഹന്മാര്‍ക്കു പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം 'മിശിഹാ കൂടെയുണ്ടാകും' എന്ന ഉറപ്പാണ്: യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. ഇത് അല്പകാലത്തേക്കുള്ള സഹവാസം അല്ല. '"To the end of Age' എന്ന പരാമര്‍ശവുംall the days എന്ന പ്രയോഗവും ശ്രദ്ധേയമാണ്. ദൈവം ഒരിക്കലും കൈവിടില്ല. അവസാനംവരെ കൂടെയുണ്ടാകുന്നതു ദൈവംതന്നെയാണ്. അവിടുന്നു കൂടെയുണ്ടെങ്കില്‍ ഞാന്‍ ഒന്നിനെയും ഭയപ്പെടേണ്ടതില്ല. ഒപ്പം, ഞാന്‍ അവിടുത്തോടുകൂടെ ആവണംതാനും.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)