ആര്ത്തുപടര്ന്നു പന്തലിച്ചുവളര്‍ന്ന കാട്ടുപൊന്ത അതികഠിനമായ സൂര്യതാപത്താല്‍ കരിഞ്ഞുപോയി. വിനാശത്തിന്റെ ഒരുപാളി അടഞ്ഞെങ്കിലും ഇനിയുമുണ്ട് ഒരു കതകുകൂടി.
ആപത്തുകള്‍ക്കുമീതെ ആപത്തുകളുമായി തുറന്നുവന്ന കരാളവാതില്‍ പൂര്‍ണമായി ബന്ധിച്ചേ മതിയാകൂ സ്വജനങ്ങളുടെ ജീവനിപ്പോഴും തുലാസിലാണ്. അതുകൂടെ തടയുമ്പോള്‍മാത്രമേ ലക്ഷ്യത്തിലെത്താന്‍ സാധിക്കുകയുള്ളൂ.
എന്തുപായമാണ് അതിനുവേണ്ടി പ്രവര്‍ത്തിക്കേണ്ടത്, രാജാവിനോട് അക്കാര്യമെങ്ങനെയാണ് ഉണര്‍ത്തിക്കേണ്ടത്?
എസ്‌തേര്‍രാജ്ഞി ചിന്തയിലാണ്ടു.
തോഴിമാരുണ്ട് അല്പമകലെ. കിന്നാരങ്ങള്‍ പറഞ്ഞു ചിരിച്ചുകുഴയുന്നു.
മട്ടുപ്പാവില്‍ അസ്തമയസൂര്യന്റെ കിരണങ്ങള്‍ തഴുകിവീണ് എസ്‌തേര്‍ നില്ക്കുന്നതുകണ്ടാല്‍ രത്‌നഖചിതമായ ഒരു ശില്പമെന്നേ തോന്നുകയുള്ളൂ.
രാജ്ഞിയെത്തിരഞ്ഞ് മഹാരാജാവ് മട്ടുപ്പാവിലെത്തി. തോഴിമാര്‍ പുഞ്ചിരിയോടെ പിന്മാറി. അവിടെയിട്ടിരുന്ന പീഠത്തില്‍ രാജാവ് രാജ്ഞിയോടൊപ്പമിരുന്നു. എന്തെല്ലാമോ ചിന്തകളാല്‍ ആകുലയാണ് അവളെന്നു രാജാവു മനസ്സിലാക്കി.
''ഇനിയും നിനക്കു സന്തോഷമായില്ലേ എസ്‌തേര്‍?''
ഹാമാന്റെ വിധിയെ സൂചിപ്പിച്ച് അദ്ദേഹം ചോദിച്ചു.
അവള്‍ പ്രിയതമന്റെ നേരേനോക്കി.
ആ തിളങ്ങുന്ന കണ്ണുകളില്‍നിന്നു മറുപടി പറന്നുവന്ന് രാജാവിന്റെ കരളിലിറങ്ങി.
പിന്നെന്തേ ഇങ്ങനെ ചിന്തിച്ചിരിക്കാന്‍?
അതു ശ്രദ്ധിക്കാത്തതുപോലെ അവള്‍ ചോദിച്ചു:
''ഈ അസ്തമയം കാണാനെന്തു രസമാണല്ലേ?''
''നിന്നെപ്പോലെതന്നെ.''
രാജാവ് അവളുടെ കവിളില്‍നുള്ളി. കൂടുതല്‍ ആര്‍ദ്രതയോടെ അദ്ദേഹം ചോദിച്ചു:
''പറയൂ പ്രിയേ, എന്തെങ്കിലും വിഷമം നിന്നെ അലട്ടുന്നുണ്ടോ?''
അങ്ങുള്ളപ്പോഴോ? ഞാനെന്തിനു ദുഃഖിക്കണം?
എസ്‌തേറിന്റെ വാക്കുകള്‍ ലക്ഷ്യത്തില്‍ച്ചെന്നുകൊണ്ടു.
രാജാവിനതിഷ്ടമായി. അദ്ദേഹം ചിരിച്ചു. രാജ്ഞി ഭവ്യമായി ചോദിച്ചു:
ഞാനൊരു രഹസ്യം പറയുകയാണ്. അനുവദിക്കുമോ?
''നമ്മോടെന്തു പറയാനും ഒരനുവാദത്തിന്റെ ആവശ്യമുണ്ടോ നിനക്ക്?''
രാജാവ് പ്രോത്സാഹിപ്പിച്ചു.
ഞാനാരാണെന്നറിഞ്ഞാല്‍ അങ്ങെന്നെ വെറുക്കുമോ, തള്ളിക്കളയുമോ?
ഉത്കണ്ഠ തിക്കിത്തിരക്കിയെത്തുന്ന വാക്കുകളോടെ അവള്‍ പ്രിയനോടു ചേര്‍ന്നിരുന്നു.
''തള്ളിക്കളയുകയോ? നിന്നെ നമുക്കറിയാമല്ലോ പ്രിയേ...!''
നീ എസ്‌തേര്‍. നമ്മുടെ പട്ടമഹിഷി.
രാജാവ് കൂടുതല്‍ സൗമ്യനായി.
''ഞാനൊരു യഹൂദയാണ്, ഹദസ എന്നായിരുന്നു എന്റെ പേര്.''
ശങ്കയുണ്ടായിരുന്നെങ്കിലും എസ്‌തേര്‍ സത്യം വെട്ടിത്തുറന്നു പറഞ്ഞു.
''ആരായാലെന്ത്? നമ്മുടെ സ്‌നേഹമാണ്. നീയെനിക്കെന്നും എസ്‌തേര്‍തന്നെയാണ്.''
മഹാരാജാവിന്റെ വാത്സല്യം അവളുടെ മേലൊഴുകിവീണു.
അദ്ദേഹത്തോടു കൂടുതല്‍ ചേര്‍ന്നിരുന്നുകൊണ്ട് അവള്‍ കുറുകി.
''എന്റെ മഹാരാജാവ് എത്ര വലിയവനാണ്.''
അനുസരണയുള്ള ചെമ്മരിയാട്ടിന്‍കുട്ടിയെപ്പോലെ അവളൊതുങ്ങി. പിന്നെ പതിയെപ്പറയാന്‍ തുടങ്ങി:
''എന്റെ രാജാവിനെ രക്ഷിച്ച ഒരാളെക്കുറിച്ച് അങ്ങ് വായിച്ചറിഞ്ഞതല്ലേ?''
''മൊര്‍ദെക്കായിയല്ലേ?'
എന്താ അയാള്‍ക്കു പറ്റിയത്?
രാജാവ് ആകാംക്ഷയോടെ അവളെ നോക്കി.
എസ്‌തേര്‍ മൃദുവായി ചോദിച്ചു.
''അതാരെന്ന് അങ്ങേക്കറിയോ?''
''നമുക്കറിയാമല്ലോ, കൊട്ടാരം കാര്യവിചാരിപ്പുകാരന്‍.''
ഫലിതം പറയുപോലെ രാജാവു ചിരിച്ചു.
എസ്‌തേര്‍ അദ്ദേഹത്തിന്റെ മുഖത്തേക്കുറ്റുനോക്കി. ചിരിയില്‍ എന്തെങ്കിലും ദ്വയാര്‍ഥം പ്രതിഫലിക്കുന്നുണ്ടോ എന്നറിയാനായി. അപ്പോള്‍ അദ്ദേഹം അവളെ വലതുകരവലയത്തിലാക്കി ഇടതുകവിളില്‍ മുഖമാഴ്ത്തി.
എസ്‌തേര്‍ തുടര്‍ന്നു:
ആ മൊര്‍ദെക്കായ് എന്റെ അബ്ബയുടെ സഹോദരനാണ്. എന്റെ വളര്‍ത്തച്ഛനാണ്. കുട്ടിയായിരുന്നപ്പോള്‍ മുതല്‍ കാത്തുരക്ഷിച്ചവനാണ്. ഞാനവരെ അബ്ബയെന്നാണു വിളിക്കുന്നത്.
ഒറ്റശ്വാസത്തിലെന്നപോലെ അവള്‍ മുഴുവന്‍ കാര്യവും പറഞ്ഞൊപ്പിച്ചു.
മഹാരാജാവ് അവിശ്വസനീയതയോടെ അവളെ ശ്രദ്ധിച്ചു.
എന്നിട്ട് കോപംകലര്‍ന്ന മട്ടിലൊരു ചോദ്യം:
''എന്തേ എന്നിട്ടിതുവരെ നമ്മെ അറിയിച്ചില്ല?''
രാജ്ഞിയുടെ മുഖംകുനിഞ്ഞു.
അഹസ്വേരുസ് ആ മുഖം പിടിച്ചുയര്‍ത്തി. കണ്ണുകളില്‍ നനവു പടര്‍ന്നിരിക്കുന്നു.
എങ്കില്‍ നാളെമുതല്‍ നാമും അയാളെ അങ്ങനെയേ വിളിക്കു... അബ്ബാ!
എസ്‌തേര്‍ പൊട്ടിച്ചിരിച്ചുപോയി.
കൈചുരുട്ടി കൊച്ചുകുട്ടിയെപ്പോലെ രാജാവിന്റെ മാറത്തിടിച്ചു. കരവലയത്തിലാക്കാന്‍ ശ്രമിച്ച പ്രിയനെ വെട്ടിച്ച് ഊളിയിട്ടു കിലുങ്ങിക്കൊണ്ടോടി.
പിറ്റേന്ന് രാജസഭ കൂടി. സഭയിലേക്ക് മൊര്‍ദെക്കായി വിളിക്കപ്പെട്ടു.
സകലപ്രഭുക്കമാരും സേവകന്മാരും കേള്‍ക്കേ രാജാവു പ്രഖ്യാപിച്ചു:
''ഈ നില്ക്കുന്ന മൊര്‍ദെക്കായി നമ്മുടെ പട്ടമഹിഷിയുടെ പിതൃസഹോദരനാണ്.''
സഭയില്‍ അദ്ഭുതത്തിന്റെ ശീല്‍ക്കാരശബ്ദമുയര്‍ന്നു.
രാജ്ഞിയുടെ മുഖം സന്തോഷത്താല്‍ വിടര്‍ന്നു. മൊര്‍ദെക്കായി എസ്‌തേറിനെ നോക്കി മൃദുവായി ചിരിച്ചു.
രാജാവ് തുടര്‍ന്നു:
''വധിക്കപ്പെട്ട ഹാമാന്‍ വഹിച്ചിരുന്ന പദവികള്‍ ഇന്നുമുതല്‍ നാം മൊര്‍ദെക്കായിക്കു നല്കുന്നു.''
രാജാവ് മൊര്‍ദെക്കായിയെ സവിധത്തിലേക്കു വിളിപ്പിച്ചു. അയാള്‍ സാവധാനം നടന്ന് വേദിയിലേക്കു കയറി.
ഹാമാനു നല്കിയിരുന്ന മുദ്രമോതിരം രാജസഭ സാക്ഷിയാക്കി മൊര്‍ദെക്കായിയെ അണിയിച്ചു. അയാളെ കൈപിടിച്ച് പ്രധാന സചിവന്റെ പീഠത്തിലിരുത്തി.
രാജ്ഞിയുടെ മുഖം അഭിമാനപൂരിതമായി.
സഭാവാസികള്‍ രാജാവിന്റെ കാരുണ്യത്തെ മുക്തകണ്ഠം പ്രശംസിച്ചു. അവര്‍ക്കെല്ലാവര്‍ക്കും മൊര്‍ദെക്കായിയെ അത്രയ്ക്കിഷ്ടമായിരുന്നു.
എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്നവന്‍, യാതൊരു തലക്കനവുമില്ലാത്തവന്‍.
അധികാരമുണ്ടായിട്ടും അതിന്റെ ഗര്‍വുകള്‍ സഹപ്രവര്‍ത്തകരോടു കാണിക്കാത്തവന്‍.
ഹാമാന്റെ മണിമാളികയും സ്വത്തുക്കളും ജപ്തിചെയ്യാനും അവയെല്ലാം മഹാരാജ്ഞിയുടെ സ്വത്തായി വിളംബരംചെയ്യാനും ഉത്തരവായി.
സഭാവാസികള്‍ ആഹ്ലാദാരവങ്ങള്‍ മുഴക്കി..
'മഹാരാജാവ് നീണാള്‍ വാഴട്ടെ...'
സൗമ്യമായ സ്‌മേരത്തോടെ മൊര്‍ദെക്കായി രാജാവിനെയും സഭാവാസികളെയും വണങ്ങി.
സ്ഥാനാരോഹണത്തിനു
ശേഷം മൊര്‍ദെക്കായി രാജസഭയില്‍നിന്നു നേരത്തേ ജോലി ചെയ്ത സ്ഥലത്തേക്കു മടങ്ങി. അയാളുടെ പിന്നാലെ രാജ്ഞിയുടെ പ്രധാനഷണ്ഡനായ ഹഗായി ഓടിയെത്തി. കൊട്ടാരത്തില്‍ പലതരം ജോലിചെയ്യുന്നവരും അവനോടൊപ്പമുണ്ട്.
അവര്‍ക്കെല്ലാം മൊര്‍ദെക്കായിയെ വലിയ ഇഷ്ടമാണ്.
''പ്രധാനമന്ത്രിക്കു വണക്കം.''
ഹഗായിയുടെ അഭിവാദ്യം കേട്ട് മൊര്‍ദെക്കായ് തിരിഞ്ഞു നിന്നു.
''നീയെന്തിനാണ് ഹാഗായി ഇങ്ങനെ വന്ദനം പറയുന്നത്?
ഞാന്‍ പഴയ മൊര്‍ദെക്കായ് തന്നെയാണ്.''
അയാള്‍ സൗമ്യമായി ചിരിച്ചു.
എല്ലാവരും മൊര്‍ദെക്കായിയുടെ ചുറ്റും കൂടിനിന്നു.
''ഞങ്ങള്‍ക്കെല്ലാം വലിയ സന്തോഷമായി. ഇവിടെ ഒപ്പം ജോലി ചെയ്തിരുന്ന അങ്ങ് വലിയ സ്ഥാനത്തെത്തിയതില്‍.''
ഷണ്ഡന്‍ തുടര്‍ന്നു:
''എന്നാലും... അക്കാര്യം ആരോടും വെളിപ്പെടുത്താതിരു ന്നതു സങ്കടമായി.''
''എന്തു കാര്യം?''
മൊര്‍ദെക്കായ് സംശയിച്ചു.
''അങ്ങ് എസ്‌തേര്‍ മഹാരാജ്ഞിയുടെ പിതൃസഹോദരനാണെന്ന കാര്യം.''
പരിഭവത്തോയുടെയുള്ള വാക്കുകള്‍.
ആ സമയത്തൊക്കെ അറിയാതെ അടിയങ്ങള്‍ അങ്ങയോട് അനാദരവു കാണിച്ചിട്ടുണ്ടെങ്കില്‍ പൊറുക്കണം...
അവന്റെ ക്ഷമാപണം മൊര്‍ദെക്കായിയെ വേദനിപ്പിച്ചു.
''പദവികളൊക്കെ വരും പോകും. സ്‌നേഹമല്ലേ നമുക്ക് വലുത്. നമ്മള്‍ മനുഷ്യരല്ലേ ഹഗായി?''
കൂടിനിന്നവര്‍ക്കൊക്കെ സമാധാനമായി.
പുതിയ പ്രധാനസചിവന്റെ സൗമ്യമായ വാക്കും പ്രവൃത്തിയും അവരെ കൂടുതല്‍ സന്തുഷ്ടരാക്കി.
രാജ്യാധികാരത്തിന്റെ രണ്ടാംസ്ഥാനത്തെത്തിയിട്ടും, മഹാരാജ്ഞിയുടെ ബന്ധുവായിട്ടും ഗര്‍വൊട്ടുമില്ലാത്ത മഹാനുഭാവന്‍.
ആ സമയത്ത് രാജാവിന്റെ ഷണ്ഡനായ ഹാഥാന്‍ ഓടിവന്നറിയിച്ചു.
മഹാരാജ്ഞി കാണാന്‍ സമയം ചോദിച്ചിരിക്കുന്നു.. അറയില്‍ കാത്തിരിക്കുയാണ്.
കൂടിനിന്നവരെല്ലാം ഒഴിഞ്ഞുമാറി. മൊര്‍ദെക്കായ് ഹാഥാനോടൊപ്പം നടന്നു.
സ്വാതന്ത്ര്യത്തോടെ
യുള്ള നടത്തം.
കാര്യവിചാരിപ്പുകാരനായി
രുന്നിട്ടും സംശയിച്ചും ഭയന്നും നടന്നവഴികള്‍. രഹസ്യദൂതന്മാരിലൂടെ ഹാമാന്റെ ക്രൂരദൃഷ്ടികള്‍ പതിഞ്ഞിരുന്ന ഇടങ്ങള്‍, രാജ്ഞിയുടെ ഷണ്ഡനായ ഹഗായിയും അയാളൊന്നിച്ചുണ്ട്.
അവര്‍ മഹാരാജ്ഞിയുടെ മുറിയില്‍ പ്രവേശിച്ചു.
തോഴിമാരുടെ പരിചരണത്തില്‍ രാജകീയതല്പത്തില്‍ ശയിച്ചിരുന്ന മഹാരാജ്ഞി ചാടിയെഴുന്നേറ്റു.
''അബ്ബാ...''
ഒരു കൊച്ചുകുഞ്ഞിനെപ്പോലെ എസ്‌തേര്‍ ഓടിയെത്തി.
അയാള്‍ അവളെ വാത്സല്യപൂര്‍വം തലോടി.
''ഇങ്ങനെ പെരുമാറരുത്. നീ രാജ്യത്തിന്റെ മഹാരാജ്ഞിയാണ്.''
അവള്‍ തലകുലുക്കി നിഷേധിച്ചു.
''എന്നാലുമബ്ബാ, ഞാനിപ്പൊഴും അങ്ങയുടെ ഹദസയാണ്.''
കൊഞ്ചിക്കിലുങ്ങുന്ന മഹാറാണിയെക്കണ്ട് തോഴിമാര്‍ ചിരിച്ചു.
രാജ്ഞി മൊര്‍ദെക്കായിയെ അവിടെ ഒരു പീഠത്തിലിരുത്തി.
''അബ്ബാ... ഹാമാന്റെ വീട് ഞാനങ്ങേക്കു തരികയാണ്. ഇനിമുതല്‍ അവിടെ താമസിക്കണം.''
അയാള്‍ അമ്പരന്നു. രാജകീയപ്രതാപത്തോടെയുള്ള ആജ്ഞാശക്തിയുള്ള വാക്കുകള്‍.
''അതു വേണ്ട മോളേ...''
''വേണം. പുതുക്കിപ്പണിയാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുന്നുണ്ട്. അബ്ബതന്നെ അവിടെച്ചെന്ന് എങ്ങനെ വേണമെന്നു നിശ്ചയിച്ച് പണികളുടെ മേല്‍നോട്ടം വഹിക്കണം.''
അയാള്‍ ഒന്നും മിണ്ടിയില്ല.
കല്പന അനുസരിക്കുന്നുവെന്ന് മനസ്സ് ഉദീരണം ചെയ്തു.
(തുടരും)