മാര്‍ച്ച് 24
നോമ്പുകാലം ഏഴാം ഞായര്‍
ഉത്പ 49:8-12, 22-26 സഖ 9:9-12
റോമാ 11:13-24 മത്താ 21:1-17
നോമ്പുകാലം ഏഴാം ഞായറാഴ്ചയായ ഇന്ന് ഓശാനത്തിരുനാളാണ്. മിശിഹായുടെ വരവിനെക്കുറിച്ചു ധ്യാനിക്കുന്ന ദിവസമാണിത്. ഒന്നാമത്തെ വായനയില്‍ (ഉത്പ 49:8-12, 22-26) യൂദാഗോത്രത്തിന്റെ മഹത്ത്വത്തെക്കുറിച്ചും അവിടെനിന്നുദ്ഭവിക്കുന്ന രാജത്വത്തെക്കുറിച്ചും; രണ്ടാംവായനയില്‍ (സഖ. 9:9-12) സീയോനിലേക്കു കടന്നുവരുന്ന സമാധാനരാജാവിനെക്കുറിച്ചും; മൂന്നാം വായനയില്‍ (റോമാ 11:13-24) മിശിഹായാകുന്ന ഒലിവില്‍ ഒട്ടിച്ചേര്‍ക്കപ്പെടുന്ന വിശ്വാസിസമൂഹത്തെക്കുറിച്ചും; നാലാംവായനയില്‍ (മത്താ. 21:1-17) ഈശോമിശിഹായുടെ ജറുസലേമിലേക്കുള്ള രാജകീയപ്രവേശനത്തെക്കുറിച്ചും ജറുസലെം ദൈവാലയശുദ്ധീകരണത്തെക്കുറിച്ചും നാം ശ്രവിക്കുന്നു. രാജാവായ മിശിഹായാണ് വായനകളുടെയെല്ലാം പൊതുപ്രമേയം.
ഉത്പത്തി 49:8-12, 22-26: തന്റെ മരണക്കിടക്കയില്‍ കിടന്നുകൊണ്ട് യാക്കോബ് തന്റെ മക്കളെ അടുത്തുവിളിച്ച് അനുഗ്രഹിക്കുന്നതും ശാസിക്കുന്നതുമാണ് ഈ വചനഭാഗത്തിന്റെ പൊതുപശ്ചാത്തലം. യാക്കോബിന്റെ 'മരണപത്രിക' ആണിത്.
'യാക്കോബിന്റെ അനുഗ്രഹം' എന്ന പേരില്‍ അറിയപ്പെടുന്ന 49-ാം അധ്യായത്തില്‍ എട്ടു തുടങ്ങിയുള്ള വചനങ്ങളില്‍ യാക്കോബ് യൂദാഗോത്രത്തെ പുകഴ്ത്തിസംസാരിക്കുകയാണ്. ഗോത്രങ്ങള്‍ക്കിടയിലെ യൂദാ ഗോത്രത്തിന്റെ സവിശേഷതയും പ്രാധാന്യവും ഇവിടെ വിവരിക്കുന്നുണ്ട്.
നിന്റെ സഹോദരന്മാര്‍ നിന്നെ പുകഴ്ത്തും (49:8) എന്നാണ് യൂദായെക്കുറിച്ചു പറഞ്ഞിരിക്കുന്നത്. യദാ (yadah) എന്ന ഹീബ്രുപദത്തിന്റെ അര്‍ഥം ആരാധിക്കുക, പുകഴ്ത്തുക എന്നൊക്കെയാണ്. യൂദാഗോത്രത്തില്‍നിന്നു വരുന്ന മിശിഹായെ എല്ലാവരും ആരാധിക്കുമെന്ന ഒരു ധ്വനി ഇതില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. കുമ്പിടുക എന്നര്‍ഥമുള്ള ഹീബ്രുവിലെ ഷക്കാഹ് (shachah) എന്ന വാക്കും (49:8) ഇതുതന്നെയാണ് അര്‍ഥമാക്കുന്നത്.
ചെങ്കോല്‍ യൂദയായെ വിട്ടുപോവുകയില്ല (49:10). ദാവീദ് രാജാവിനെക്കുറിച്ചുള്ള പരാമര്‍ശമാണിതെന്നു പറയുന്നുണ്ടെങ്കിലും ഇതു മിശിഹായുടെ രാജത്വത്തെക്കുറിച്ചുള്ള ഒരു പ്രവചനംതന്നെയാണ്. ചെങ്കോല്‍, അധികാരദണ്ഡ് ഇവ കിംഗ്ഷിപ്പിനെയാണു സൂചിപ്പിക്കുന്നത്. ജനതകളെല്ലാം അനുസരിക്കുന്ന രാജാവ് മിശിഹാതന്നെയാണ്.
മിശിഹായുഗത്തിന്റെ സമൃദ്ധിയെക്കുറിച്ചാണ് 11,12 വാക്യങ്ങള്‍ പരാമര്‍ശിക്കുന്നത്. കഴുതയെ മുന്തിരിവള്ളിയിലും കഴുതക്കുട്ടിയെ മുന്തിരിച്ചെടിയിലും കെട്ടിയിടുമെന്ന പ്രയോഗം പ്രതീകാത്മകമാണ്. മുന്തിരിവള്ളിയിലോ, ചെടിയിലോ കെട്ടിയിടുമ്പോള്‍ കഴുത മുന്തിരിച്ചെടി കടിച്ചു നശിപ്പിച്ചെന്നുവരാം. ചെടി ഇല്ലായ്മ ചെയ്യപ്പെടും. എന്നാല്‍, അല്പം മുന്തിരിവള്ളികള്‍ നഷ്ടപ്പെട്ടാലും ഇല്ലായ്മ ചെയ്യാന്‍ വയ്യാത്തവിധമുള്ള സമൃദ്ധിയുണ്ടാകുമെന്ന സൂചനയാണിവിടെ. മിശിഹായുഗത്തില്‍ ഒന്നിനും കുറവുണ്ടാകുകയില്ല. ധാരാളമുള്ള വീഞ്ഞ് സമൃദ്ധിയുടെ അടയാളമാണ്. വസ്ത്രങ്ങള്‍പോലും വീഞ്ഞില്‍ കഴുകാന്‍ തക്കവിധമുള്ള മിശിഹായുഗത്തിന്റെ സമൃദ്ധിയാണിവിടെ പരാമര്‍ശിക്കുന്നത്.
സഖറിയ 9:9-12: 'ദൈവം ഓര്‍മിക്കുന്നു' എന്നാണ് സഖറിയ എന്ന വാക്കിന്റെ അര്‍ഥം. പ്രവാചകനായിരുന്ന സഖറിയായ്ക്ക് ദൈവത്തില്‍നിന്നു ലഭിച്ച അരുളപ്പാടുകള്‍ രേഖപ്പെടുത്തിയിരിക്കുന്നതാണ് ഈ പ്രവചനഗ്രന്ഥം. പുതിയ രാജാവിന്റെ വരവിനെക്കുറിച്ചും അദ്ദേഹം നടത്തുന്ന വിമോചനത്തെക്കുറിച്ചുമാണ് ഈ വചനഭാഗം പരാമര്‍ശിക്കുന്നത്.
മിശിഹായായി വരുന്ന ദാവീദിന്റെ വംശത്തില്‍നിന്നുള്ള പുതിയ രാജാവിനെക്കുറിച്ചുള്ള സഖറിയാപ്രവാചകന്റെ 'മിശിഹാപ്രവചനം' ആണിത്. പുതിയ രാജാവിന്റെ വരവ് ഏറെ സന്തോഷം നല്‍കുന്ന ഒന്നാണ്. 'ആനന്ദിക്കുക, ആഹ്ലാദിക്കുക' എന്നര്‍ഥം വരുന്ന ഹീബ്രുഭാഷയിലെ ഗീല്‍ (giyl)എന്ന പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. മിശിഹാ നല്‍കുന്നത് നിത്യസന്തോഷമാണ്.
പുതിയ രാജാവിന്റെ പ്രത്യേകതകള്‍: പ്രതാപവാന്‍, ജയശാലി, വിനീതന്‍. രാജാവാണെങ്കിലും അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ പ്രത്യേകത 'വിനയം' ആണ്. ഹമ്പിള്‍ എന്നര്‍ഥം വരുന്ന ഹീബ്രുഭാഷയിലെ അനി (ani) എന്ന വാക്കാണ് രാജാവിന്റെ ശൈലിയായി ഇവിടെ പറഞ്ഞിരിക്കുന്നത്. ലാളിത്യവും എളിമയും ശാന്തതയും നിറഞ്ഞ രാജാവായ മിശിഹായെക്കുറിച്ചുള്ള സൂചനയാണിത്. തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ രൂപം ധരിച്ചവനാണ് മിശിഹാ (ഫിലി 2:6-11). മിശിഹാ നീതിമാനുമാണ്. Righteous എന്നര്‍ഥം വരുന്ന ത്‌സദീഖ് (tsaddiq) ) എന്ന പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
ജനതകള്‍ക്കു സമാധാനം പ്രദാനം ചെയ്യുന്ന ഒരു രാജാവാണിത് (9:10). രഥത്തെയും പടക്കുതിരകളെയും വിച്ഛേദിക്കുന്ന പടവില്ല് ഒടിക്കുന്ന രാജാവ് എല്ലാവര്‍ക്കുമായി നല്‍കുന്നത് സമാധാനമാണ്. ഷലോം എന്ന ഹീബ്രുപദത്തിന്റെ അര്‍ഥം ശാന്തി, സൗഹൃദം, ശാന്തത, ക്ഷേമം, സമൃദ്ധി, ഐശ്വര്യം എന്നൊക്കെയാണ്. ഇവയെല്ലാം പ്രദാനം ചെയ്യുന്നവനാണ് മിശിഹാ.
റോമാ 11:13-24: യഹൂദരും വിജാതീയരും ഈശോമിശിഹായില്‍ ചേരുമ്പോള്‍ അവര്‍ക്കു രക്ഷ എപ്രകാരമാണു ലഭ്യമാകുന്നതെന്ന് പൗലോസ് ശ്ലീഹാ റോമാസഭയിലെ മക്കളെ പഠിപ്പിക്കുകയാണ്. ഈശോമിശിഹായോടു ചേര്‍ന്നുനില്‍ക്കുന്നവര്‍ രക്ഷ കരഗതമാക്കും; അവിടുത്തെ തിരസ്‌കരിക്കുന്നവര്‍ നിത്യരക്ഷ നഷ്ടമാക്കും. അവിശ്വാസികളായവര്‍ രക്ഷാപദ്ധതിയില്‍നിന്നു വിച്ഛേദിക്കപ്പെട്ടിട്ടില്ല; മിശിഹായില്‍ വിശ്വസിച്ചു തിരികെവരുമ്പോള്‍ അവര്‍ക്കും രക്ഷ സംലഭ്യമാകും.
വിജാതീയരെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഈ വചനഭാഗം ആരംഭിക്കുന്നത്. പൗലോസ് ശ്ലീഹായുടെ പ്രവര്‍ത്തനം വിജാതീയരക്ഷ എന്നതിനോടൊപ്പം യഹൂദരുടെ രക്ഷയും ലക്ഷ്യമാക്കുന്നുണ്ട്. പൗലോസിന്റെ കൂട്ടുകാരായ യഹൂദര്‍ വിജാതീയരുടെ രക്ഷയില്‍ അസൂയപ്പെടുന്നുണ്ട്. കാരണം, ഇസ്രായേലിനു ദൈവം വാഗ്ദാനം ചെയ്ത രക്ഷ ഇപ്പോള്‍ വിജാതീയരും കരസ്ഥമാക്കിയിരിക്കുന്നു. ഇപ്രകാരം കാണുമ്പോള്‍ യഹൂദരും മിശിഹായിലുള്ള വിശ്വാസത്തിലേക്കു തിരികെവന്ന് രക്ഷ പ്രാപിക്കുമെന്നാണു പൗലോസ് പറയുന്നത്. 'തന്റെ രക്തബന്ധത്തിലുള്ളവര്‍' എന്നാണ് പൗലോസ് യഹൂദരെ വിശേഷിപ്പിക്കുന്നത്. ഗ്രീക്കുഭാഷയിലെ 'മു തെന്‍ സാര്‍ക്കാ' എന്ന പ്രയോഗം ഇതാണു സൂചിപ്പിക്കുന്നത്. യഹൂദരും രക്ഷിക്കപ്പെടണം എന്ന ആഗ്രഹമാണ് വിജാതീയരുടെ അപ്പസ്‌തോലനുള്ളത്.
വേരിനു ശിഖരങ്ങളെ വിശുദ്ധീകരിക്കാനാവും എന്ന ഒരു പ്രതീകാത്മകചിത്രം ഒലിവുമരത്തിന്റെയും കാട്ടൊലിവുമരത്തിന്റെയും അവതരണത്തിലൂടെ പൗലോസ് നടത്തുന്നുണ്ട് (11:17-24). ഒലിവുമരം ദൈവജനമായ ഇസ്രായേലാണ്. ഒലിവുചെടിയില്‍നിന്നു മുറിച്ചുമാറ്റപ്പെട്ട ചില്ലകള്‍ മിശിഹായില്‍ വിശ്വസിക്കാതെ മാറിനില്‍ക്കുന്ന യഹൂദരാണ്. ഒലിവുമരത്തോട്-ദൈവജനമായ ഇസ്രായേലിനോട്- ദൈവം ഒട്ടിച്ചുപിടിപ്പിച്ച കാട്ടൊലിവിന്റെ മുകുളങ്ങളുമാണു വിജാതീയര്‍. കാട്ടൊലിവിന്റെ മുകുളങ്ങളായിരുന്ന വിജാതീയര്‍ ഒലിവുചെടിയോടു ചേര്‍ക്കപ്പെട്ടപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രയേലിന്റെ എല്ലാ അവകാശങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കും അര്‍ഹരായി. ഒലിവുചെടിയുടെ തായ്ത്തണ്ടിലൂടെ കാട്ടൊലിവായ വിജാതീയര്‍ രക്ഷ കരഗതമാക്കി.
ഈ തായ്ത്തണ്ടില്‍നിന്നു പിരിഞ്ഞുപോയ ഒലിവിന്‍ശിഖരങ്ങള്‍ - ഈശോയില്‍ വിശ്വസിക്കാത്ത യഹൂദര്‍ - തിരികെവരണമെന്നാണ് പൗലോസിന്റെ ആഗ്രഹം. അതു ന്യായവും യുക്തവുമാണ്. വീണുപോയവര്‍ മുറിച്ചു മാറ്റപ്പെട്ടവരല്ല, തായ്ത്തണ്ടാകുന്ന മിശിഹായോട് ഒട്ടിച്ചേര്‍ക്കപ്പെടേണ്ടവരാണ്. യഹൂദര്‍ ഈശോമിശിഹായിലുള്ള വിശ്വാസത്തിലേക്കു കടന്നുവരണമെന്നുള്ള ശ്ലീഹായുടെ ആഹ്വാനമാണിത്.
മത്തായി 21:1-17: ഇന്നത്തെ സുവിശേഷവായനയ്ക്ക് രണ്ടു ഭാഗങ്ങളുണ്ട്. 1. മിശിഹായുടെ രാജകീയപ്രവേശം 2. മിശിഹായുടെ ദൈവാലയശുദ്ധീകരണം. ഈശോ ആരാണെന്നും, അവിടുത്തെ തീക്ഷ്ണത എന്തിനെക്കുറിച്ചാണെന്നുമൊക്കെ അവതരിപ്പിക്കുന്ന വചനഭാഗമാണിത്.
ജറുസലേമിലേക്കുള്ള ഈശോയുടെ പ്രവേശനം പ്രവചനങ്ങളുടെ പൂര്‍ത്തീകരണം തന്നെയാണ് (21:4). സഖറിയാ പ്രവാചകന്റെയും (9:9) ഏശയ്യാപ്രവാചകന്റെയും (62:11) പ്രവചനങ്ങളില്‍ വ്യക്തമാക്കപ്പെടുന്ന വിനയാന്വിതനായ രാജാവാണ് മിശിഹാ. ദാവീദിന്റെ കഴുതയുടെ പുറത്തു യാത്രചെയ്ത് സോളമന്‍ നഗരത്തില്‍ പ്രവേശിച്ചതുപോലെയാണ് (1 രാജാ 1:32-40) ഈശോയും ജറുസലേം നഗരത്തിലേക്കു പ്രവേശിക്കുന്നതെങ്കിലും സോളമനെപ്പോലെ യുദ്ധവീരനായല്ല മിശിഹാ പ്രവേശിച്ചത്; മറിച്ച്, വിനയത്തോടെയാണ്. ഇതാണ് രാജാവായ മിശിഹായുടെ സവിശേഷത. സമാധാനം വിതയ്ക്കുന്നവനാണ് ഈശോ; യുദ്ധസാമഗ്രികള്‍ അവിടുത്തെ കൈകകളില്ല.
ഈശോയുടെ കടന്നുവരവില്‍ ജനം ഉറക്കെവിളിച്ചത് 'ദാവീദിന്റെ പുത്രനു ഹോസാന' (21:9) എന്നാണ്. 'ഹോസാന' എന്ന പദത്തിന്റെ അര്‍ഥം 'ഞങ്ങളെ രക്ഷിക്കണമേ' എന്നാണ്. ഇതൊരു പ്രാര്‍ഥനയും ഒപ്പം ആഹ്ലാദപ്രകടനവുമാണ്. 'ഉന്നതങ്ങളില്‍ ഹോസാന' എന്ന ജനത്തിന്റെ പാട്ട് 'അത്യുന്നതങ്ങളില്‍ വാഴുന്ന ദൈവം ഞങ്ങളെ രക്ഷിക്കട്ടെ' എന്നാണ് അര്‍ഥമാക്കുന്നത്. ഈശോമിശിഹായുടെ കടന്നുവരവ് രക്ഷയുടെ യുഗം തുറക്കുകയാണ്.
ഈശോ നടത്തുന്ന ശുദ്ധീകരണം ദൈവാലയത്തില്‍ (നാവോസ്) അല്ല; മറിച്ച്, ദൈവാലയാങ്കത്തില്‍ (ഹിയെറോണ്‍) ആണ്. temple courtyard എന്നര്‍ഥം വരുന്ന hieron എന്ന പദം 34 ഏക്കര്‍ വിസ്താരത്തില്‍ കിടക്കുന്ന ജറുസലെംദൈവാലയമുറ്റത്തെയാണു സൂചിപ്പിക്കുന്നത്. ദൈവാലയവും ദൈവാലയപരിസരവും വിശുദ്ധമാണ്. അതു കൊള്ളലാഭത്തിനും ചൂഷണത്തിനുമുള്ള ഇടമല്ല. ദൈവസാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന ഇടമാകണം ദൈവാലയമുറ്റങ്ങളും.