പൂഞ്ഞാര്‍വിഷയം ഒറ്റപ്പെട്ട സംഭവമല്ല. കുട്ടിക്കളിയായി ചിത്രീകരിച്ച് അതിന്റെ ഗൗരവം ലഘൂകരിച്ചു കാണാനാവുകയില്ല. ആരാധന നടക്കുന്ന സമയത്തു പള്ളിയങ്കണത്തില്‍ ഇരുചക്രവാഹനങ്ങളിലും കാറുകളിലുമായി മുപ്പതോളം പേര്‍ അതിക്രമിച്ചു കടന്ന് ആരാധനയ്ക്കു തടസ്സമാകത്തക്കവിധം വാഹനം ഇരപ്പിച്ചും അമിതവേഗത്തില്‍ ഓടിച്ചും ശല്യമുണ്ടാക്കുകയും ഭീതി പരത്തുകയും ചെയ്യുക എന്നത് അങ്ങേയറ്റം അപലപനീയവും കുറ്റകരവുമായ പ്രവൃത്തിയാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ഈ തെറ്റു ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ച പള്ളിയുടെ സഹവികാരിയെ ഭയപ്പെടുത്തി നിശ്ശബ്ദനാക്കാനും വാഹനമിടിപ്പിച്ച് അപായപ്പെടുത്താനും നടത്തിയ സമീപവാസികളായ സാമൂഹികവിരുദ്ധരുടെ ശ്രമം അടിച്ചമര്‍ത്തേണ്ടത് ഭരിക്കുന്ന സര്‍ക്കാരിന്റെ അടിയന്തര ഉത്തരവാദിത്വമാണ്. അതു നിര്‍വഹിക്കാത്തിടത്തോളം കാലം സര്‍ക്കാരിന്റെ നിശ്ശബ്ദത സാമൂഹികവിരുദ്ധശക്തികളുടെ കടന്നുകയറ്റത്തേക്കാള്‍ കുറ്റകരമാണെന്നു വ്യാഖ്യാനിക്കേണ്ടിവരും. നടത്തിയെന്നു പറയപ്പെടുന്ന അറസ്റ്റ് തൃപ്തികരമല്ലെന്നു ചിന്തിക്കുന്ന വ്രണിതസമൂഹത്തിന്റെ പ്രതികരണങ്ങളെ രാഷ്ട്രീയലാഭത്തിന്റെ പേരില്‍ കണ്ടില്ലെന്നു നടിച്ചാല്‍ അതു സര്‍ക്കാരിനും അതിനെ താങ്ങിനിറുത്തുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും മുന്നണിസംവിധാനത്തിനും തീരാനഷ്ടമാകും. കാരണം, നാട് ഒരു തിരഞ്ഞെടുപ്പിന്റെ മുറ്റത്തു കാത്തുനില്ക്കുകയാണ്.
പൂഞ്ഞാര്‍ പള്ളിക്കു നേരേയുണ്ടായ ആക്രമണം ആദ്യത്തേതല്ല. പള്ളിയുടെ അധീനതയിലുള്ള ഒരു സ്ഥലത്ത് പ്രതിഷ്ഠിച്ച വിശുദ്ധ കുരിശിന്റെ മുകളില്‍ ഒരുപറ്റം ആളുകള്‍ കയറിയിരിക്കുകയും സെല്‍ഫി എടുക്കുകയും അതു സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. കുരിശിനെ അവഹേളിച്ചതില്‍ വിശ്വാസികള്‍ക്ക് അമര്‍ഷവും സങ്കടവുമുണ്ട്. ഹീനമായ ആ പ്രവൃത്തിയെ ക്രൈസ്തവമതത്തോടും സമുദായത്തോടുമുള്ള ചിലരുടെ വെല്ലുവിളിയായി വ്യാഖ്യാനിക്കപ്പെട്ടു. ഇത്തരമൊരു പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ നിര്‍ഭാഗ്യകരമായ സംഭവവികാസങ്ങളെ അതീവപ്രാധാന്യത്തോടെ കാണുകയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മേല്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.
രാജ്യത്തു വര്‍ഗീയതയും ഭീകരവാദവും വര്‍ധിച്ചുവരുന്ന കാലമാണ്. ഇവ രണ്ടും രാജ്യത്തിനു വലിയ വെല്ലുവിളിയാണ്. വര്‍ഗീയത രണ്ടു വിധമുണ്ട്: ഭൂരിപക്ഷവര്‍ഗീയതയും ന്യൂനപക്ഷവര്‍ഗീയതയും. കേരളം ഈ രണ്ടു തിന്മകള്‍ക്കും ഇരയാണ്. അധികാരത്തിലെത്താനും അതു നിലനിര്‍ത്താനുമായി രാഷ്ട്രീയനേതൃത്വം കാലാകാലങ്ങളില്‍ മതങ്ങളെ ഉപയോഗിച്ചതിന്റെയും ദുരുപയോഗിച്ചതിന്റെയും ഫലമാണ് വര്‍ഗീയതയും ഭീകരവാദവും. ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യത്തിന്റെ സെക്കുലര്‍ സ്വഭാവം ഭരിക്കുന്നവര്‍ കാറ്റില്‍ പറത്തുമ്പോഴാണ് വര്‍ഗീയത ശക്തിപ്പെടുന്നത്. ഭരണകൂടത്തിനുമുമ്പില്‍ എല്ലാ മതങ്ങള്‍ക്കും തുല്യപരിഗണനയാണ്. മതങ്ങള്‍ തമ്മില്‍ പരസ്പരബഹുമാനത്തില്‍ കഴിയണം. മതം രാഷ്ട്രീയത്തിലോ രാഷ്ട്രീയം മതത്തിലോ ഇടപെടാന്‍ പാടില്ല. അതിനര്‍ഥം മതത്തെയും രാഷ്ട്രത്തെയും സംബന്ധിക്കുന്ന വിഷയങ്ങളില്‍ അഭിപ്രായപ്രകടനം പാടില്ല എന്നല്ല. മതത്തെ പ്രീണിപ്പിച്ചോ പീഡിപ്പിച്ചോ ഭരിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്.
മതവും രാഷ്ട്രീയവും തമ്മില്‍ ആരോഗ്യകരമായ അകലം ആവശ്യമത്രേ. എന്നാല്‍, ഈ അകലം നിസ്സംഗതയോ ശത്രുതയോ അല്ല. ഭരിക്കുന്നവര്‍ക്കു വിശ്വാസിയാകാം. എന്നാല്‍, ഭരണകര്‍ത്താവ് പൂജാരിയാകാനോ കാര്‍മികനാകാനോ പാടില്ല. അങ്ങനെ ചെയ്താല്‍ ആ മതത്തോടു ഭരണാധികാരിക്കു മമതയുണ്ടെന്ന വിമര്‍ശനമുണ്ടാകും. ഒരു മതത്തോടുള്ള പ്രത്യേക അടുപ്പം മറ്റു മതങ്ങളോടുള്ള അവഗണനയായും കരുതപ്പെടാന്‍ ഇടയാകും. പ്രധാനമന്ത്രി മോദി അത്തരത്തിലുള്ള വിമര്‍ശനത്തിനു വിധേയനാണ്. ഭരണഘടനയുടെ ഇരുപത്തിയഞ്ചാം ഖണ്ഡിക മതത്തില്‍ വിശ്വസിക്കാനുള്ള പൗരന്റെ അവകാശത്തെ സംബന്ധിച്ചാണ്. അതായത്, ഒരാള്‍ക്ക് അയാള്‍ ഇഷ്ടപ്പെടുന്ന മതത്തില്‍ വിശ്വസിക്കാം. അതിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ പങ്കെടുക്കാം. തന്റെ വിശ്വാസത്തിലേക്കു മറ്റുള്ളവരെ കൊണ്ടുവരാനുള്ള സദുദ്ദേശ്യത്തോടെ അവരുമായി വിശ്വാസം പങ്കുവയ്ക്കാം. പക്ഷേ, അങ്ങനെ ചെയ്യുമ്പോള്‍ പ്രീണനമോ ഭീഷണിയോ ഒന്നും പ്രയോഗിക്കാന്‍ പാടില്ല. വിശ്വാസം സ്വതന്ത്രമായ മനസ്സിന്റെ പ്രകാശനവും അനുഷ്ഠാനവുമായിരിക്കണം.
ഭാരതത്തിലെ ക്രൈസ്തവര്‍ക്കു രണ്ടായിരം വര്‍ഷത്തെ പാരമ്പര്യമുണ്ട്. അതുകൊണ്ട് അവര്‍ നുഴഞ്ഞുകയറ്റക്കാരോ വിദേശികളോ അല്ല. അവര്‍ ഈ രാജ്യത്തിന്റെ ഭാഗവും ഈ രാജ്യത്തിന്റെ അവകാശികളുമാണ്. അവര്‍ രാജ്യസ്‌നേഹികളും രാഷ്ട്രനിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുമാണ്. രാജ്യവിരുദ്ധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിന്റെ ചരിത്രം ക്രൈസ്തവര്‍ക്കില്ല. ദാരിദ്ര്യനിര്‍മാര്‍ജനം, വിദ്യാഭ്യാസസാംസ്‌കാരികപ്രവര്‍ത്തനം, ആരോഗ്യ ആതുരശുശ്രൂഷാപ്രവര്‍ത്തനം എന്നീ മേഖലകളില്‍ ക്രൈസ്തവരുടെ സംഭാവനകള്‍ നിസ്തുലമാണ്. അവരെ ചേര്‍ത്തുനിര്‍ത്തി വികസനത്തിന്റെ പങ്കാളികളാക്കുക.