•  2 May 2024
  •  ദീപം 57
  •  നാളം 8
വചനനാളം

അനുതാപം, ഏറ്റുപറയല്‍, ക്ഷമിക്കുന്ന സ്‌നേഹം

മാര്‍ച്ച്  10
നോമ്പുകാലം അഞ്ചാം ഞായര്‍
ഉത്പ 4:8-16  1 സാമു 24:1-8 
1 യോഹ 1:5-10   യോഹ 8:1-11

ന്നുപോയ കുറവുകളെയോര്‍ത്ത് അനുതപിക്കാനുള്ള കാലമാണ് നോമ്പുകാലം. ഇത് ഏറ്റുപറയലിന്റെയും ക്ഷമിക്കലിന്റെയും കാലമാണ്. ഈ നോമ്പുകാലചൈതന്യം സ്വീകരിക്കുകവഴി ഒരാള്‍ക്കു ലഭിക്കുന്നത് ദൈവികരക്ഷയുമാണ്. നോമ്പുകാലം അഞ്ചാം ഞായറിലെ വചനവായനകളെല്ലാം ഈയൊരു യാഥാര്‍ഥ്യത്തിലേക്കാണ് വായനക്കാരനെ നയിക്കുന്നത്. ഒന്നാംവായനയില്‍ (ഉത്പ. 4:8-16) സഹോദരനായ ആബേലിനെ വധിച്ച കായേന്റെ അനുതാപത്തെക്കുറിച്ചും, രണ്ടാം വായനയില്‍ (1 സാമു. 24:1-8) സാവൂളിനോടു പ്രതികാരം ചെയ്യാന്‍ വിസമ്മതിക്കുന്ന, അവനോടു ക്ഷമിക്കുന്ന സ്‌നേഹം കാണിക്കുന്ന ദാവീദിനെക്കുറിച്ചും, മൂന്നാം വായനയില്‍ (1 യോഹ. 1:5-10) ജീവിതത്തില്‍ വന്നുപോയ  പാപങ്ങള്‍ ഏറ്റുപറയുമ്പോള്‍ കൈവരുന്ന രക്ഷയെക്കുറിച്ചും, നാലാം വായനയില്‍ (യോഹ. 8:1-11) പാപിനിയായ സ്ത്രീക്കു രക്ഷ പ്രദാനം ചെയ്യുന്ന ഈശോയെക്കുറിച്ചും നാം ശ്രവിക്കുന്നു. അനുതാപം, പാപങ്ങളുടെ ഏറ്റുപറയല്‍, ക്ഷമിക്കുന്ന സ്‌നേഹം ഇവയാണ് ഈ ആഴ്ചയിലെ വായനകളുടെ മുഖ്യപ്രമേയങ്ങള്‍.
ഉത്പത്തി 4:8-16: ആദിമാതാപിതാക്കളായ ആദത്തിന്റെയും ഹവ്വായുടെയും മക്കളായ കായേന്റെയും ആബേലിന്റെയും കഥയിലൂടെ പാപത്തിനധീനമായ മനുഷ്യവര്‍ഗത്തിന്റെ ചരിത്രമാണിവിടെ അവതരിപ്പിക്കുന്നത്. പറുദീസായില്‍ ദൈവത്തെ നിഷേധിച്ച മനുഷ്യന്‍ അവന്റെ സഹോദരനെയും നിഷേധിക്കുമെന്നും അവനെതിരേ തിരിയുമെന്നും ഈ വചനഭാഗം ചൂണ്ടിക്കാണിക്കുന്നു. കായേന്റെ സഹോദരവധവും തുടര്‍ന്നുള്ള അവന്റെ അനുതാപവുമാണ് ഇന്നത്തെ വചനവായനയുടെ പശ്ചാത്തലം.
കായേനും ആബേലും സഹോദരങ്ങളാണ്. കായേന്‍ എന്ന വാക്കിന്റ അര്‍ഥം 'സമ്പാദിക്കുക, നേടിയെടുക്കുക' എന്നാണ്. ആബേല്‍ എന്ന നാമത്തിന്റെ അര്‍ഥം 'ശ്വാസം, നീരാവി' എന്നുമാണ്. കായേന്‍ കര്‍ഷകനും ആബേല്‍ ആടുമേയ്ക്കുന്നവനുമാണ്. കായേന്‍ അക്രമത്തിന്റെ പ്രതീകവും ആബേല്‍ പീഡിപ്പിക്കപ്പെടുന്ന നീതിമാന്റെ പ്രതീകവുമാണ്. സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധത്തെയും, അവര്‍ പരസ്പരം നല്‍കേണ്ട സംരക്ഷണത്തെയുംകുറിച്ച് ഈ വചനഭാഗം പഠിപ്പിക്കുന്നുണ്ട്.
സഹോദരന്‍ സഹോദരനെ സംരക്ഷിക്കേണ്ടത് ഉത്തരവാദിത്വമാണ്. പ്രലോഭനങ്ങള്‍ക്കു മനുഷ്യന്‍ വശംവദനാകാതെ പ്രലോഭനത്തെ കീഴടക്കേണ്ടത് അവന്റെ കടമയാണ്, ധര്‍മമാണ്. കായേന്‍ സഹോദരനോടുള്ള അനിഷ്ടംമൂലം അവനെ സംരക്ഷിക്കാതെ അവന്റെ ജീവന്‍ നശിപ്പിക്കാന്‍ തുനിഞ്ഞു. കായേന്‍ പ്രലോഭനങ്ങള്‍ക്കു കീഴടങ്ങി. അത് അവനെ സഹോദരന്റെ കൊലപാതകിയാക്കി. സഹോദരബന്ധം  മുറിയപ്പെട്ട സംഭവമാണിത്. 'നമുക്കു വയലിലേക്കു പോകാം' എന്ന കായേന്റെ  വാക്കു വഞ്ചനയുടേതായിരുന്നു. സഹോദരനായ ആബേലിനെ വധിക്കാനുള്ള കായേന്റെ തീരുമാനം ആലോചിച്ചുറപ്പിച്ചതായിരുന്നു. അവന്റെ തെറ്റിന്റെ ആഴവും ഗൗരവവും ഇതു വര്‍ധിപ്പിക്കുന്നുണ്ട്.
'നിന്റെ സഹോദരന്‍ ആബേല്‍ എവിടെ' എന്ന (4:9) കായേനോടുള്ള ദൈവത്തിന്റെ ചോദ്യം 'ഒരുവന് തന്റെ സഹോദരനെ കാത്തുസൂക്ഷിക്കാനും, സംരക്ഷിക്കാനും ഉത്തരവാദിത്വമുണ്ടെന്ന്' അനുസ്മരിപ്പിക്കുന്നതാണ്. നോമ്പുകാലം സഹോദരങ്ങളെ വളരെ പ്രത്യേകമായി സംരക്ഷിക്കാനുള്ള കാലമാണ്. അവരുടെ ജീവന്‍ നഷ്ടപ്പെട്ടുപോകാതെ - ആത്മീയമായും ഭൗതികമായും - അവരെ കാത്തുസൂക്ഷിക്കാനുള്ള സാഹോദര്യധര്‍മം എല്ലാ സഹോദരങ്ങള്‍ക്കുമുണ്ട്.
സഹോദരന്റെ ജീവനു കാവല്‍നില്‍ക്കാതെ, അതു നഷ്ടപ്പെടുത്തിക്കളയുന്നവനു ലഭിക്കുന്ന ശിക്ഷ ശാപമായിക്കും: ഭൂമി അവനു ഫലം കൊടുക്കുകയില്ല; അസ്വസ്ഥനായി അവന്‍ അലഞ്ഞുതിരിയും. ശാപഗ്രസ്തനായവന്‍ സമൂഹത്തില്‍നിന്നു ഭ്രഷ്ടു കല്പിക്കപ്പെട്ടവനാണ്. ഇസ്രയേലിലെ ഇതരഗോത്രസംസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍ ശപിക്കപ്പെട്ടവന്‍ എല്ലാവരാലും പുറത്താക്കപ്പെട്ടവനാണ്. ആഹാരമോ പാര്‍പ്പിടമോ കുടിവെള്ളംപോലുമോ അത്തരക്കാര്‍ക്കു ലഭ്യമായിരുന്നില്ല. അതാണു ശിക്ഷയുടെ കാഠിന്യം.
താങ്ങാന്‍ വയ്യാത്തതിലധികം ശിക്ഷ ലഭിക്കുന്ന കായേന്‍ തന്റെ ശിക്ഷകളെയോര്‍ത്തു സങ്കടപ്പെടുന്നുണ്ട്. ദൈവസന്നിധിയില്‍നിന്ന് അകറ്റപ്പെടുന്നത് അവനെ വിഷമിപ്പിക്കുന്നുണ്ട്. അനുതാപത്തിന്റെ ഒരു സൂചനയുണ്ടിവിടെ (4:14). കായേന്റെ ശിക്ഷ ഇളവു ചെയ്യുന്നില്ലെങ്കിലും ആശ്വാസത്തിന്റെ ചില വചനങ്ങള്‍ കര്‍ത്താവു നല്‍കുന്നുണ്ട്. തെറ്റില്‍ വീഴുന്നവന്‍ അനുതപിച്ചു തിരിച്ചുവന്നാല്‍ കരുണാമയനായ കര്‍ത്താവ് അവനെ സ്വീകരിക്കും; അവന്റെമേല്‍ കൃപ ചൊരിയും; അല്ലാത്തപക്ഷം പാപി നിത്യശിക്ഷയ്ക്ക് അര്‍ഹനാകും.
1 സാമുവല്‍ 24:1-8: മൂവായിരം പേരടങ്ങുന്ന സൈന്യവുമായി സാവൂള്‍രാജാവ് ദാവീദിനെ പിടിക്കാന്‍ യാത്രയാകുമ്പോള്‍ സാവൂളിനെ നിഷ്പ്രയാസം വധിക്കാന്‍ അവസരം കിട്ടിയ ദാവീദ് അവനെ നിരുപാധികം വിട്ടയയ്ക്കുന്നതും ദാവീദ് തന്റെ നിരപരാധിത്വം സാവൂളിന്റെ മുന്നില്‍ തെളിയിക്കുന്നതുമാണ് ഈ വചനഭാഗത്തിന്റെ പശ്ചാത്തലം. കര്‍ത്താവിന്റെ അഭിഷിക്തന്‍ എന്ന നിലയില്‍ സാവൂളിനെ ദാവീദു ബഹുമാനിക്കുന്നതും പ്രതികാരം ചെയ്യാന്‍ ദാവീദ് വിസമ്മതിക്കുന്നതും ദാവീദിന്റെ കീര്‍ത്തി വര്‍ധിപ്പിക്കുന്നുണ്ട്.
ദാവീദിനോട് അനുയായികള്‍ പറഞ്ഞു: ''ഞാന്‍ നിന്റെ ശത്രുവിനെ  നിന്റെ കൈയില്‍ ഏല്പിക്കും, നിനക്കിഷ്ടമുള്ളതെല്ലാം നിനക്ക് അവനോടു ചെയ്യാം എന്നു കര്‍ത്താവ് അങ്ങയോടു പറഞ്ഞിരിക്കുന്ന ആ ദിവസം ഇതാണ്'' (24:4). എന്‍ഗേദിയിലെ പാറകളിലെ ഗുഹയ്ക്കുള്ളില്‍ വസിച്ചിരുന്ന ദാവീദ് സാവൂളിനു നേരേ കൈ ഉയര്‍ത്തിയില്ല. കാരണം, ഇത് കര്‍ത്താവിനിഷ്ടമില്ലായെന്ന ദാവീദിന്റെ തിരിച്ചറിവാണ്. തനിക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാമെന്നിരിക്കിലും അതാണോ കര്‍ത്താവിന്റെ ഇഷ്ടമെന്നു തേടുന്ന ദാവീദ് നീതിമാനാണ്; ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ ഉടമയാണ്.
സാവൂളിന്റെ മേലങ്കിയുടെ ഒരു ഭാഗം മുറിച്ചെടുത്തതിനെയോര്‍ത്തുപോലും ദുഃഖിച്ചവനാണ് ദാവീദ്. 'സാവൂള്‍ കര്‍ത്താവിന്റെ അഭിഷിക്തന്‍' ആണെന്ന തിരിച്ചറിവാണ് ദാവീദിനെ ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചത്. കര്‍ത്താവിന്റെ അഭിഷിക്തനെതിരേ കൈ ഉയര്‍ത്താതിരുന്ന ദാവീദ് സാവൂളിനെയും ബഹുമാനിച്ചു. കര്‍ത്താവിനെയും ആദരിച്ചു. ദാവീദ് സാവൂളിനെ വിളിക്കുന്നതുപോലും 'എന്റെ യജമാനനായ രാജാവേ' എന്നാണ് (24:8) ദാവീദിന്റെ ആദരവാണിതു സൂചിപ്പിക്കുന്നത്.
സാവൂള്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ദാവീദ് സാഷ്ടാംഗം വീണു വിധേയത്വം കാണിച്ചു (24:86). ഖദാദ് എന്ന ഹീബ്രുവാക്കിന്റെ അര്‍ഥം 'കുനിയുക' എന്നാണ്. ഇതു വിനയത്തിന്റെ അടയാളമാണ്. ഒരു എളിമപ്പെടുത്തലാണിത്. ഷക്കാഹ് എന്ന ഹീബ്രുവാക്കിന്റെ അര്‍ഥം 'സാഷ്ടാംഗം പ്രണമിക്കുക' എന്നാണ്. ഇതു വിധേയത്വത്തിന്റെ ബാഹ്യപ്രകടനമാണ്. ഒരു തരത്തിലുള്ള ആദരിക്കലാണിത്. രാജത്വത്തോടുള്ള ദാവീദിന്റെ ബഹുമാനവും ആദരവുമാണിത്. 
1 യോഹന്നാന്‍ 1:5-10: എഫേസോസിലും ഇതരസമീപപ്രദേശങ്ങളിലുമായി വസിക്കുന്ന വിശ്വാസിസമൂഹത്തെ ലക്ഷ്യമാക്കിക്കൊണ്ട് യോഹന്നാന്‍ ശ്ലീഹാ എഴുതുന്ന ഒന്നാമത്തെ ലേഖനത്തില്‍ 'ദൈവപുത്രന്റെ നാമത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും നിത്യജീവനുണ്ട്' എന്ന സത്യം ശ്ലീഹാ പഠിപ്പിക്കുന്നു (5:13). ഈ നിത്യജീവന്‍ കരഗതമാക്കാനുള്ള വിവിധ മാനദണ്ഡങ്ങള്‍ ശ്ലീഹാ ലേഖനത്തില്‍ ഉള്‍ച്ചേര്‍ക്കുന്നുമുണ്ട്. ക്രിസ്തീയസന്തോഷം എല്ലാവര്‍ക്കും ലഭിക്കുന്നതിനുവേണ്ടിയാണ് (1:4) തന്റെ ശ്ലൈഹികമിശിഹാനുഭവം യോഹന്നാന്‍ എല്ലാവര്‍ക്കുമായി പങ്കുവയ്ക്കുന്നതും.
ദൈവം പ്രകാശമാണെന്നും ആ പ്രകാശത്തില്‍ എപ്രകാരം ചരിക്കണമെന്നുമുള്ള പ്രബോധനമാണ് ഇന്നത്തെ വായനയില്‍ (1:5-10) നാം ശ്രവിക്കുന്നത്. 1. ഈശോയോടു കൂട്ടായ്മയുണ്ടെന്നു പറഞ്ഞിട്ട് അന്ധകാരത്തില്‍ നടക്കരുത്. 2. നമുക്കു പാപമില്ലെന്നു പറഞ്ഞ് ആത്മവഞ്ചന ചെയ്യരുത്. 3. നാം പാപം ചെയ്തിട്ടില്ലായെന്നു വ്യാജം പറയുന്നവരാകരുത്. 4. സഭയുടെ സ്‌നേഹക്കൂട്ടായ്മയില്‍ പങ്കുചേര്‍ന്നുകൊണ്ട് പ്രകാശത്തില്‍ സഞ്ചരിക്കുക 5. ജീവിതവിശുദ്ധീകരണത്തിനായി പാപങ്ങള്‍ ഏറ്റുപറയുക.
അന്ധകാരം എന്നര്‍ഥം വരുന്ന ഗ്രീക്കുഭാഷയിലെ സ്‌കോത്തോസ് എന്നത് അസാന്മാര്‍ഗികജീവിതത്തെയും അവിശ്വാസജീവിതത്തെയും സൂചിപ്പിക്കുന്നുണ്ട്. ക്രിസ്തീയകൂട്ടായ്മയിലുള്ളവര്‍ സന്മാര്‍ഗത്തില്‍ ചരിക്കുന്നവരും ഈശോയില്‍ അടിയുറച്ചു വിശ്വസിക്കുന്നവരുമായിരിക്കണമെന്നതാണ് നിത്യജീവന്‍ ലഭിക്കാനുള്ള ഒരു മാനദണ്ഡം.
നാം പാപികളാണെന്ന് അംഗീകരിക്കുകയും, പാപങ്ങള്‍ ഏറ്റുപറയുകയും ചെയ്താല്‍ മിശിഹാ നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുകയും നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും. 'കുമ്പസാരിക്കുക, ഏറ്റുപറയുക' എന്നര്‍ഥം വരുന്ന 'ഹോമോലോഗെയോ' എന്ന ക്രിയാപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. തെറ്റുകള്‍ ഏറ്റുപറയുക എന്നത് യഥാര്‍ഥ അനുതാപത്തിന്റെ ബാഹ്യപ്രകടനമാണ്. നിത്യജീവന്‍ പ്രാപിക്കാനുള്ള മറ്റൊരു മാനദണ്ഡം നമ്മുടെ പാപാവസ്ഥയെ അംഗീകരിക്കുകയും പാപങ്ങള്‍ ക്ഷമിക്കുന്ന മിശിഹായുടെ മുമ്പാകെ അവ ഏറ്റുപറയുകയും ചെയ്യുക എന്നതാണ്. മിശിഹാ വിശ്വസ്തനും നീതിമാനുമാകയാല്‍ അവിടുന്നു നമ്മെ വിശുദ്ധീകരിക്കും.
യോഹന്നാന്‍ 8:1-11: ഫരിസേയരും സദുക്കായരും ഈശോയെ വാക്കില്‍ക്കുടുക്കാന്‍വേണ്ടി പലപ്പോഴും ശ്രമിക്കുന്നവരാണ്. ഇന്നത്തെ സുവിശേഷത്തില്‍ ഈശോയില്‍ കുറ്റമാരോപിക്കാന്‍വേണ്ടി നിയമജ്ഞരും ഫരിസേയരുംകൂടി പാപിനിയായ ഒരു സ്ത്രീയെ ഈശോയുടെ അടുക്കലേക്കു കൊണ്ടുവരികയാണ്. മോശയുടെ നിയമത്തിനെതിരായോ റോമാസാമ്രാജ്യത്തിന്റെ നിയമത്തിനെതിരായോ ഈശോയെക്കൊണ്ടു സംസാരിപ്പിക്കാന്‍ വെമ്പല്‍കൊള്ളുന്ന ശത്രുപക്ഷത്തിന് ഈശോ ഒരു പുതിയ പാഠം പഠിപ്പിച്ചു നല്‍കുകയാണിവിടെ.
ഫരിസേയരുടെ കെണി: വ്യഭിചാരത്തില്‍ പിടിക്കപ്പെടുന്നവരെ  കല്ലെറിഞ്ഞു കൊല്ലണമെന്നതാണ് മോശയുടെ നിയമം (നിയമ. 22:22-23). എന്നാല്‍, വധശിക്ഷ നല്‍കാനുള്ള അധികാരം അന്നത്തെ കാലത്ത് റോമന്‍ അധികാരിയില്‍മാത്രം നിക്ഷിപ്തമായിരുന്ന ഒന്നാണ്. ഈ സാഹചര്യത്തിലാണ് ഫരിസേയരും നിയമജ്ഞരും ഈശോയോടു ചോദ്യം ചോദിക്കുന്നത്: മോശയുടെ നിയമപ്രകാരം വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഇവളെ കല്ലെറിഞ്ഞുകൊല്ലണം. എന്താണ് നിന്റെ അഭിപ്രായം? കല്ലെറിയേണ്ട എന്നു പറഞ്ഞാല്‍ ഈശോ മോശയുടെ നിയമത്തിനെതിരാകും; കല്ലെറിയണമെന്നു പറഞ്ഞാല്‍ ഈശോ റോമന്‍നിയമത്തിനെതിരാകും. യഹൂദനിയമം നടപ്പിലാക്കാന്‍ കൂട്ടുനിന്നാല്‍ റോമന്‍ അധികാരത്തിന്റെ തിരസ്‌കരണമാകും; റോമന്‍നിയമം അനുശാസിക്കുന്നതനുസരിച്ച് മറുപടി പറഞ്ഞാല്‍ യഹൂദനിയമത്തിന്റെ തിരസ്‌കരണമാകും.
''നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ'' (8:7). ഇതായിരുന്നു ഈശോയുടെ വിധി. തങ്ങള്‍ പാപം ചെയ്യാത്തവരാണെന്ന യഹൂദരുടെ കപടഭാവത്തിനുനേരേയുള്ള പ്രഖ്യാപനമായിരുന്നു ഇത്. എല്ലാവരും തങ്ങളുടെതന്നെ ഉള്ളിലേക്കു തിരിഞ്ഞുനോക്കാനുള്ള ഒരു ക്ഷണമായിരുന്നു ഇത്. പാപിനിയായ സ്ത്രീയെക്കാള്‍ കൂടുതല്‍ ഗൗരവതരമായ പാപങ്ങള്‍ക്കും പാപബോധമില്ലായ്മയ്ക്കും കപടതയ്ക്കും ഉടമകളല്ലേ തങ്ങളെന്ന് അവരെക്കൊണ്ടു ചിന്തിപ്പിക്കാനുള്ള വ്യക്തമായ പ്രസ്താവനയായിരുന്നു അത്.
മുഖം കുനിച്ചു നിലത്തെഴുതിക്കൊണ്ടിരിക്കുന്ന ഈശോയുടെ മുമ്പില്‍ തങ്ങളുടെ പാപങ്ങളോര്‍ത്തു ലജ്ജിച്ചു തല താഴ്ത്തി യഹൂദര്‍ നടന്നകന്നു. 'അപ്രത്യക്ഷമാകുക' എന്നര്‍ഥമുള്ള 'എക്‌സ്എര്‍ക്കോമായ്' എന്ന ക്രിയാപദമാണിവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈശോയുടെ മുമ്പില്‍ നില്‍ക്കാനുള്ള അവരുടെ അയോഗ്യതയാണ് അവരെ അപ്രത്യക്ഷരാക്കിയത്. തെറ്റുകള്‍ മനസ്സിലാക്കിയ പാപിനിയായ സ്ത്രീമാത്രമാണ് ഈശോയുടെ കരുണാര്‍ദ്രമായ മുഖത്തേക്കു നോക്കി അവിടെ അവശേഷിച്ചത്. അവള്‍ ദൈവകരുണ സ്വീകരിച്ചു. 

 

Login log record inserted successfully!